ഞാൻ ദിവസവും ആസ്പിരിൻ കഴിക്കണമോ?
ഞാൻ ദിവസവും ആസ്പിരിൻ കഴിക്കണമോ?
ഒരു ഡോക്ടർ വിവരിച്ച യഥാർഥ സംഭവമാണ് പിൻവരുന്നത്. സർവസാധാരണമായ, അതേസമയം വളരെ സങ്കടകരമായ ഒരു പ്രശ്നത്തെയാണ് അതു പ്രതിഫലിപ്പിക്കുന്നത്.
മുഴു കുടുംബവും ആകെ നിരാശരായിരുന്നു. ഇപ്പോൾ ഡോക്ടറും. “രക്തസ്രാവം ഉടനെ നിലച്ചില്ലെങ്കിൽ രക്തം കൊടുക്കേണ്ടിവരും,” ഡോക്ടർ പറഞ്ഞു.
ആ വ്യക്തിയുടെ വയറ്റിൽനിന്ന് കുറേശ്ശെയായി രക്തസ്രാവം തുടങ്ങിയിട്ട് ആഴ്ചകളായിരുന്നു. പ്രശ്നം ആമാശയവീക്കമാണെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. “നിങ്ങൾ മരുന്നുകൾ ഒന്നും കഴിക്കുന്നില്ലെന്ന് ഉറപ്പാണോ?” നിരാശനായ ഡോക്ടർ ചോദിച്ചു.
“ഉവ്വ്, ഡോക്ടറുടെ കുറിപ്പടി കൂടാതെതന്നെ കിട്ടുന്ന സന്ധിവീക്കത്തിനുള്ള ഈ സാധനം മാത്രമേ കഴിക്കുന്നുള്ളൂ,” അയാൾ മറുപടി പറഞ്ഞു.
അത് എന്താണെന്നറിയാൻ ഡോക്ടർക്കു തിടുക്കമായി. “ഒന്നു കാണട്ടെ,” ഡോക്ടർ പറഞ്ഞു. അതിലെ ഘടകപദാർഥങ്ങളുടെ ലിസ്റ്റ് ശ്രദ്ധാപൂർവം പരിശോധിച്ചപ്പോൾ തന്റെ ഊഹം ശരിയാണെന്ന് അദ്ദേഹത്തിനു മനസ്സിലായി, അസറ്റൈൽ സാലിസിലിക് ആസിഡ് (ആസ്പിരിൻ)! അതോടെ പ്രശ്നത്തിനു പരിഹാരമായി. ആസ്പിരിൻ അടങ്ങിയ ഗുളിക കഴിക്കുന്നതു നിറുത്തിയിട്ട് ഇരുമ്പുസത്ത് അടങ്ങിയ ഗുളികകളും വയറ്റിലെ പ്രശ്നങ്ങൾക്കുള്ള അൽപ്പം മരുന്നും കഴിച്ചപ്പോൾ രക്തസ്രാവം നിലയ്ക്കുകയും രക്തത്തിന്റെ അളവു ക്രമേണ സാധാരണ നിലയിലെത്തുകയും ചെയ്തു.
മരുന്നു കഴിക്കുന്നതിന്റെ ഫലമായുള്ള രക്തസ്രാവം
മരുന്നു കഴിക്കുന്നതിന്റെ ഫലമായി വയറ്റിൽനിന്ന് രക്തസ്രാവമുണ്ടാകുന്നത് ഇന്ന് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. പല മരുന്നുകളും ഇതിനു കാരണമായേക്കാമെങ്കിലും, വേദനയും സന്ധിവീക്കവും മാറാൻ വേണ്ടി കഴിക്കുന്ന മരുന്നുകളിൽനിന്നാണ് ഇത്തരം പ്രശ്നങ്ങൾ പ്രധാനമായും ഉണ്ടാകുന്നത്. നോൺസ്റ്റിറോയ്ഡൽ ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകൾ അഥവാ എൻഎസ്എഐഡിഎസ് എന്ന് അറിയപ്പെടുന്നവ ഇവയിൽ ഉൾപ്പെടുന്നു. ഓരോ രാജ്യത്തും വ്യത്യസ്ത പേരുകളിലായിരിക്കാം ഇവ അറിയപ്പെടുന്നത്.
ഡോക്ടറുടെ കുറിപ്പടി കൂടാതെതന്നെ ലഭിക്കുന്ന പല മരുന്നുകളിലും ആസ്പിരിൻ ഉണ്ട്. ആസ്പിരിന്റെ ദിവസേനയുള്ള ഉപയോഗം പലരാജ്യങ്ങളിലും അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. എന്തുകൊണ്ട്?
ആസ്പിരിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടുന്നു
“പതിവായി ആസ്പിരിൻ കഴിക്കുന്നത് ജീവൻ രക്ഷിക്കുന്നു” എന്ന് 1995-ൽ ഹാർവാർഡ് ഹെൽത്ത് ലെറ്റർ റിപ്പോർട്ടു ചെയ്തു. അന്നുമുതൽ ലോകവ്യാപകമായി ആവർത്തിച്ചു നടത്തപ്പെട്ട അനേകം പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഗവേഷകർ ഈ നിഗമനത്തിലെത്തി: “എന്നെങ്കിലും ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ ഉണ്ടായിട്ടുള്ളവരോ ആൻജൈന [ഹൃദയപേശികൾക്ക് വേണ്ടത്ര ഓക്സിജൻ ലഭിക്കാത്തതു നിമിത്തമുള്ള നെഞ്ചുവേദന] ഉള്ളവരോ ഹൃദയധമനിയിലെ ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ളവരോ ആയ മിക്കവാറും എല്ലാവരും, ആസ്പിരിനോട് അലർജി ഇല്ലാത്ത പക്ഷം, ദിവസവും ഒരു ആസ്പിരിൻ ഗുളികയോ അല്ലെങ്കിൽ അതിന്റെ പകുതിയോ കഴിക്കണം.” a
50 വയസ്സിനുമേൽ പ്രായമുള്ളവരും ഹൃദയാഘാത സാധ്യതയുള്ളവരുമായ സ്ത്രീപുരുഷന്മാർ ദിവസവും ആസ്പിരിൻ കഴിക്കുന്നതു നല്ലതാണെന്ന് മറ്റു ചില ഗവേഷകരും അവകാശപ്പെടുന്നു. മാത്രമല്ല, ദിവസവും ആസ്പിരിൻ കഴിക്കുന്നത് വൻകുടലിൽ കാൻസർ ബാധിക്കാനുള്ള സാധ്യത കുറച്ചേക്കുമെന്നും കൂടിയ അളവിൽ ദീർഘകാലം അതു കഴിക്കുന്നത് പ്രമേഹ രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
ആസ്പിരിൻ എങ്ങനെയാണ് ഈ ഫലങ്ങൾ ഉളവാക്കുന്നത്? അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിയില്ലെങ്കിലും, തെളിവുകൾ അനുസരിച്ച്, ആസ്പിരിൻ രക്തത്തിലെ പ്ലേറ്റ്ലെറ്റുകൾ പരസ്പരം ഒട്ടിപ്പിടിക്കാതിരിക്കാൻ സഹായിക്കുന്നു, അങ്ങനെ രക്തം കട്ടയാകുന്നതിനെ തടയുന്നു. അത്, ഹൃദയത്തിലേക്കും തലച്ചോറിലേക്കുമുള്ള ചെറിയ ധമനികളിൽ തടസ്സമുണ്ടാകുന്നതു തടയാൻ സഹായിക്കുകയും അങ്ങനെ സുപ്രധാന അവയവങ്ങൾക്കു കേടു സംഭവിക്കാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
ആസ്പിരിന് ഈ പ്രയോജനങ്ങളൊക്കെ ഉണ്ടെന്നു കരുതപ്പെടുന്ന സ്ഥിതിക്ക് എന്തുകൊണ്ടാണ് എല്ലാവരും അതു കഴിക്കാത്തത്? അതിനെക്കുറിച്ച് അറിയപ്പെടാത്ത ധാരാളം കാര്യങ്ങൾ ഇനിയുമുണ്ടെന്നുള്ളതാണ് ഒരു കാരണം. ഏതളവിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത് എന്ന കാര്യംപോലും വ്യക്തമല്ല. ഒരു സാധാരണ ഗുളിക ദിവസം രണ്ടുനേരം കഴിക്കാം എന്നതു മുതൽ ഒന്നിടവിട്ട ദിവസം, ഒരു ബേബി ആസ്പിരിൻ മാത്രമേ കഴിക്കാവൂ എന്നതു വരെയുള്ള വ്യത്യസ്തങ്ങളായ അനേകം അഭിപ്രായങ്ങൾ നിലവിലുണ്ട്. സ്ത്രീകൾ കഴിക്കേണ്ട അളവിനു വ്യത്യാസമുണ്ടായിരിക്കണമോ? ഡോക്ടർമാർക്ക് ഉറപ്പില്ല. എൻട്രിക്-കോട്ടഡ് ആസ്പിരിൻ (ആമാശയത്തിലൂടെ കടന്നുപോകുമ്പോൾ മാറ്റത്തിനു വിധേയമാകാതിരിക്കുകയും കുടലിൽ എത്തിയ ശേഷം മാത്രം വിഘടിക്കുകയും ചെയ്യുന്ന ആസ്പിരിൻ ഗുളിക) കുറെയൊക്കെ പ്രയോജനപ്രദമാണെന്നു കരുതപ്പെടുന്നു. എന്നാൽ ബഫേർഡ് ആസ്പിരിന്റെ (അമ്ലഹാരിയായ ആസ്പിരിൻ) പ്രയോജനം ഇപ്പോഴും ഒരു വിവാദവിഷയമാണ്.
ജാഗ്രത പാലിക്കേണ്ടത് എന്തുകൊണ്ട്?
സാങ്കേതികമായി, ആസ്പിരിൻ ഒരു പ്രകൃതിദത്ത വസ്തുവാണെങ്കിലും—വില്ലോ മരത്തിന്റെ തൊലിയിൽനിന്നാണ് അമേരിക്കൻ ഇൻഡ്യക്കാർക്ക് ആസ്പിരിന്റെ ഘടകങ്ങൾ ലഭിച്ചത്—അതിനു പല പാർശ്വഫലങ്ങളുമുണ്ട്. ചിലരിൽ രക്തസ്രാവത്തിന് ഇടയാക്കുന്ന ആസ്പിരിന് മറ്റു പല പ്രശ്നങ്ങളും സൃഷ്ടിക്കാനാകും. ഉദാഹരണത്തിന്, ചിലരിൽ അത് അലർജിക്ക് കാരണമാകുന്നു. ചുരുക്കിപ്പറഞ്ഞാൽ, ആസ്പിരിൻ ദിവസവും ഉപയോഗിക്കുന്നത് എല്ലാവർക്കും നല്ലതല്ല.
ഹൃദയാഘാതത്തിനോ മസ്തിഷ്കാഘാതത്തിനോ സാധ്യതയുള്ളവർ അല്ലെങ്കിൽ അതിന് ഇടയാക്കുന്ന ശീലങ്ങളും മറ്റുമുള്ളവർ ദിവസവും ആസ്പിരിൻ ഉപയോഗിക്കുന്നതിന്റെ വരുംവരായ്കളെ കുറിച്ചു ഡോക്ടറോടു ചോദിക്കണം. തനിക്കു രക്തസ്രാവ പ്രശ്നങ്ങളോ ആസ്പിരിൻ അലർജിയോ ഉദര-കുടൽ സംബന്ധമായ പ്രശ്നങ്ങളോ ഒന്നും ഇല്ലെന്നു രോഗി തീർച്ചയായും ഉറപ്പുവരുത്തണം. ചികിത്സ ആരംഭിക്കുന്നതിനു മുമ്പ്, ഉണ്ടാകാൻ സാധ്യതയുള്ള മറ്റു പ്രശ്നങ്ങളെയും മരുന്നിന്റെ പാർശ്വഫലങ്ങളെയും കുറിച്ച് ഡോക്ടറോടു ചോദിച്ചു മനസ്സിലാക്കണം.
ആ കാര്യം നിങ്ങളുടെ ഡോക്ടറോടു പറയാൻ മറക്കരുത്. അത്തരം മരുന്നുകൾ ശസ്ത്രക്രിയയ്ക്കു മുമ്പായി നിർത്തുന്നതായിരിക്കും മിക്കപ്പോഴും ബുദ്ധി. ലബോറട്ടറിയിൽ പോയി രക്തത്തിന്റെ അളവു പതിവായി പരിശോധിക്കുന്നതുപോലും പ്രയോജനകരമായിരുന്നേക്കാം.
ഭാവി പ്രശ്നങ്ങളിൽനിന്നു നമ്മെത്തന്നെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം ബൈബിളിലെ പിൻവരുന്ന സദൃശവാക്യത്തിനു ചെവികൊടുക്കും: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) വൈദ്യശാസ്ത്രപരമായ ഈ സംഗതിയിൽ നമുക്കു വിവേകമുള്ളവരായിരിക്കാം, അങ്ങനെ നമ്മുടെ ആരോഗ്യത്തെ അപകടപ്പെടുത്താതിരിക്കാം.
മുമ്പു പ്രസ്താവിച്ചതുപോലെ, ആസ്പിരിനും ആസ്പിരിൻപോലുള്ള മരുന്നുകളും രക്തസ്രാവത്തിന് ഇടയാക്കിയേക്കാം. ആ രക്തസ്രാവം ഒരുപക്ഷേ അത്ര പെട്ടെന്നൊന്നും തിരിച്ചറിഞ്ഞെന്നു വരില്ല. എന്നാൽ, അതു സാവധാനം കൂടിക്കൂടി വരുന്നു. മറ്റു മരുന്നുകളുടെ കാര്യത്തിലും ശ്രദ്ധാപൂർവമായ പരിചിന്തനം ആവശ്യമാണ്, വിശേഷിച്ചും മറ്റ്ആന്റി-ഇൻഫ്ളമേറ്ററി മരുന്നുകളുടെ കാര്യത്തിൽ. അവയിൽ ഏതെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കിൽ
[അടിക്കുറിപ്പ്]
a ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സ ശുപാർശ ചെയ്യുന്നില്ല.
[20, 21 പേജുകളിലെ ചതുരം/ചിത്രം]
ദിവസവും ആസ്പിരിൻ കഴിക്കുന്നതിനെ കുറിച്ചു ചിന്തിച്ചേക്കാവുന്നവർ
●ഹൃദയധമനീ രോഗമോ ഉൾവ്യാസം കുറഞ്ഞുപോയ കരോട്ടിഡ് ധമനികളോ (കഴുത്തിലെ പ്രധാന രക്തക്കുഴലുകൾ) ഉള്ളവർ
●ത്രോംബോട്ടിക് മസ്തിഷ്കാഘാതമോ (രക്തം കട്ടപിടിക്കുന്നതുകൊണ്ട് ഉണ്ടാകുന്നത്) ക്ഷണിക ഇസ്ക്കീമിക് സ്തംഭനമോ (ക്ഷണികമായ, മസ്തിഷ്കാഘാതം പോലുള്ള ഒന്ന്) ഉണ്ടായിട്ടുള്ളവർ
●ഹൃദയ-രക്തക്കുഴൽ സംബന്ധമായ രോഗങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന പിൻവരുന്ന ഒന്നോ അതിലേറെയോ സംഗതികൾ ബാധകമായിരിക്കുന്ന 50 വയസ്സിനുമേൽ പ്രായമുള്ള പുരുഷന്മാർ: പുകവലി, ഉയർന്ന രക്തസമ്മർദം, പ്രമേഹം, കൊഴുപ്പിന്റെ മൊത്തം അളവ് കൂടുതൽ, എച്ച്ഡിഎൽ കൊഴുപ്പ് കുറവ്, പൊണ്ണത്തടി, കടുത്ത മദ്യപാനം, കുടുംബത്തിൽ മറ്റാർക്കെങ്കിലും ചെറുപ്പത്തിലേ ഹൃദ്രോഗമോ (55 വയസ്സിനു മുമ്പുള്ള ഹൃദയാഘാതം) മസ്തിഷ്കാഘാതമോ ഉള്ളത്, വ്യായാമരഹിത ജീവിതരീതി.
●മേൽവിവരിച്ചവയിൽ രണ്ടോ അതിലധികമോ സംഗതികൾ ബാധകമായിരിക്കുന്ന 50 വയസ്സിനുമേൽ പ്രായമുള്ള സ്ത്രീകൾ.
ഈ കാര്യത്തിൽ എന്തെങ്കിലും തീരുമാനം എടുക്കുന്നതിനു മുമ്പ് ഡോക്ടറുടെ ഉപദേശം ആരായേണ്ടതാണ്.
ഉറവിടം: കൺസ്യൂമർ റിപ്പോർട്ട്സ് ഓൺ ഹെൽത്ത്