കൊടുങ്കാറ്റുകൾക്കുശേഷം—ഫ്രാൻസിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
കൊടുങ്കാറ്റുകൾക്കുശേഷം—ഫ്രാൻസിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ
ഫ്രാൻസിലെ ഉണരുക! ലേഖകൻ
കുറച്ചു വിറകെടുത്തുകൊണ്ടുവരാൻ കതകു തുറന്നതായിരുന്നു ഫ്രാൻസ്വാസ്. “എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല,” അവർ പറയുന്നു. “വാതിൽപ്പടി വരെ വെള്ളം കയറിയിരുന്നു. ഒരു വൻതിര വീടിനുനേരെ അടിച്ചുവരുന്നത് ഞാൻ കണ്ടു.” അവരുടെ ഭർത്താവ് ടൈയെറീ കഴുത്തറ്റം വെള്ളത്തിലൂടെ നീന്തിച്ചെന്ന് ഗരാജിൽനിന്ന് ഒരു ഏണി കൊണ്ടുവന്നു. പേടിച്ചരണ്ട മുഴു കുടുംബവും വീടിന്റെ മച്ചിലേക്കു കയറി. ടൈയെറീ മേൽക്കൂരയിൽ ഒരു ദ്വാരമുണ്ടാക്കി. ആ ദമ്പതികളും അവരുടെ മൂന്നുമക്കളും നനഞ്ഞുകുതിർന്ന ആ അവസ്ഥയിൽ രക്ഷാപ്രവർത്തകർക്കായി നീണ്ട നാലു മണിക്കൂർ കാത്തിരുന്നു. ഒടുവിൽ ഫ്രഞ്ച് പോലീസിന്റെ ഒരു ഹെലിക്കോപ്റ്റർ അവരെ കണ്ടെത്തി രക്ഷിച്ചു.
കോരിച്ചൊരിയുന്ന മഴയെ തുടർന്ന് നദികൾ കരകവിഞ്ഞപ്പോൾ ചിറകളും പാലങ്ങളും തകർന്നുവീണു. ചേറുനിറഞ്ഞ തിരമാലകൾ—ചിലതിനാണെങ്കിൽ 10 മീറ്റർ വരെ ഉയരമുണ്ടായിരുന്നു—കണ്ണിൽ കണ്ടതിനെയെല്ലാം അടിച്ചൊഴുക്കിക്കൊണ്ടുപോയി. ആ ദുരന്തത്തിൽ 30-ലധികം പേർ മരിച്ചു—കാറിൽ കുടുങ്ങിപ്പോകുകയോ ഉറങ്ങിക്കിടക്കെ മുങ്ങിപ്പോകുകയോ ചെയ്തതായിരുന്നു അവർ. രക്ഷപ്പെട്ട ഒരു സ്ത്രീ നവംബർ മാസത്തിലെ ആ ഭീകര രാത്രിയെ “ലോകാവസാന”ത്തോട് ഉപമിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ, 329 പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെട്ട ഒരു മേഖലയെ മൊത്തം ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
കൂടുതൽ ഭീകരമായ ദുരന്തങ്ങൾ ആഞ്ഞടിക്കുന്നു
തെക്കുപടിഞ്ഞാറൻ പ്രദേശത്തെ ആളുകളുടെ ശ്വാസം ഒന്നു നേരെ വീണില്ല, അതിനുമുമ്പു തന്നെ അവർക്ക് അടുത്ത ദുരന്തത്തെ നേരിടേണ്ടിവന്നു. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെ അന്തരീക്ഷമർദം തീരെ കുറഞ്ഞുപോയതിന്റെ ഫലമായി ചുഴലിക്കാറ്റിന്റെയത്ര ശക്തിയുള്ള കാറ്റടിക്കാൻ തുടങ്ങി. 1999, ഡിസംബർ 26-ാം തീയതി ആദ്യത്തെ കൊടുങ്കാറ്റുണ്ടായി. അടുത്ത ദിവസം രാത്രി, ഫ്രാൻസിന്റെ തെക്കു ഭാഗത്തു വീണ്ടും കൊടുങ്കാറ്റ് സംഹാരതാണ്ഡവമാടി. മണിക്കൂറിൽ 200 കിലോമീറ്ററിലും കൂടുതൽ വേഗത്തിൽ കാറ്റു വീശിയതായി
രേഖപ്പെടുത്തപ്പെട്ടു. ഔദ്യോഗിക രേഖയനുസരിച്ച് കുറഞ്ഞപക്ഷം 17-ാം നൂറ്റാണ്ടിനു ശേഷം ഫ്രാൻസിൽ ഇതുപോലൊരു കൊടുങ്കാറ്റ് വീശിയിട്ടില്ല.കൊടുങ്കാറ്റുണ്ടായ സമയത്തെ സംഭവങ്ങളെ കുറിച്ച് ഏലെൻ പറയുന്നു: “ഞാനാകെ ഭയന്നുപോയി. എന്റെ ഭർത്താവ് മോട്ടോർസൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പുറത്ത് മരക്കൊമ്പുകൾ കാറ്റത്തു അങ്ങോട്ടുമിങ്ങോട്ടും പറക്കുന്നത് എനിക്കു കാണാമായിരുന്നു. അദ്ദേഹത്തിന് ഒരിക്കലും ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞിനെ കാണാൻ കഴിയില്ല എന്നു ഞാൻ കരുതി. അദ്ദേഹം വന്നെത്തേണ്ടതാമസം വീട്ടിൽ വെള്ളം കയറാൻ തുടങ്ങി. ഞങ്ങൾക്കു ജനലിലൂടെ പുറത്തേക്കു ചാടേണ്ടി വന്നു.”
ഫ്രാൻസിൽ കുറഞ്ഞത് 90 പേരെങ്കിലും മരിച്ചു. ചിലർ മുങ്ങിമരിച്ചപ്പോൾ മരങ്ങളോ കെട്ടിടങ്ങളുടെ ഓടോ പുകക്കുഴലുകളോ ഒക്കെ ദേഹത്തു വീണാണ് മറ്റു ചിലർ മരിച്ചത്. സൈനികരും അല്ലാത്തവരുമായ അനേകം രക്ഷാപ്രവർത്തകർ ഉൾപ്പെടെ നൂറുകണക്കിനു പേർക്കു സാരമായ പരിക്കേറ്റു. കൊടുങ്കാറ്റ് ഫ്രാൻസിന്റെ അയൽരാജ്യങ്ങളെയും വെറുതെ വിട്ടില്ല. ജർമനി, ബ്രിട്ടൻ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലായി 40-ലധികം പേർ മരിച്ചു.
ദുരന്തം വരുത്തിയ ദുരിതങ്ങൾ
ഫ്രാൻസിന്റെ 96 ഭരണപ്രവിശ്യകളിൽ 69 എണ്ണത്തെയും “ദുരന്തബാധിത പ്രദേശങ്ങൾ” ആയി പ്രഖ്യാപിച്ചു. ഏതാണ്ട് 7,000 കോടി ഫ്രാങ്ക്സിന്റെ (1,100 കോടി ഡോളർ) നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. നാശത്തിനിരയായ ചില പട്ടണങ്ങളിലും ഗ്രാമങ്ങളിലും തുറമുഖങ്ങളിലുമൊക്കെ യുദ്ധം കഴിഞ്ഞ ഒരു പ്രതീതിയായിരുന്നു. മരങ്ങളോ വൈദ്യുതപോസ്റ്റുകളോ വീണ് റോഡ്-റെയിൽ ഗതാഗതം സ്തംഭിച്ചു. ശക്തമായ കാറ്റിൽ കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി, ക്രെയിനുകൾ നിലംപതിച്ചു. കപ്പലുകൾ കരയിലേക്കു ചുഴറ്റിയെറിയപ്പെട്ടു. ഫലവൃക്ഷത്തോപ്പുകളും ഹരിതഗൃഹങ്ങളും നശിച്ചു. അതോടെ വാണിജ്യാടിസ്ഥാനത്തിൽ തോട്ടക്കൃഷി നടത്തുന്ന ആയിരക്കണക്കിനു പേർക്ക് തങ്ങളുടെ ഉപജീവനമാർഗം നഷ്ടമായി.
സംഹാരരൂപംപൂണ്ട കൊടുങ്കാറ്റ് ഏതാനും മണിക്കൂറുകൊണ്ട് ഫ്രാൻസിന്റെ വനങ്ങളിലും പാർക്കുകളിലും വൻതോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിവെച്ചു. അങ്ങനെ ലക്ഷക്കണക്കിന് ഏക്കർ പ്രദേശത്തെ മരങ്ങൾ നശിച്ചു. ഫ്രഞ്ച് നാഷണൽ ഫോറസ്റ്റ് ഓഫീസിന്റെ കണക്കുപ്രകാരം അവയുടെ എണ്ണം ഏകദേശം 30 കോടിയാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രൗഢഗംഭീര വൃക്ഷങ്ങൾ പോലും കടപുഴകി. അവയിൽ ചിലത് വെറും തീപ്പെട്ടിക്കൊള്ളികൾ പോലെയാണ് ഒടിഞ്ഞുവീണത്. കാറ്റ് ആക്വിറ്റേനിലെയും ലൊറേനിലെയും വനങ്ങളിലെ ഒട്ടനവധി മരങ്ങൾ പിഴുതെറിഞ്ഞു.
യഹോവയുടെ സാക്ഷികളിൽ ഒരുവനായ ബെർണാർ—അദ്ദേഹം ഒരു ഫോറസ്റ്റ് വാർഡനാണ്—ഇങ്ങനെ പറയുന്നു: “കൊടുങ്കാറ്റ് കഴിഞ്ഞ് പിറ്റേ ദിവസം ഞാൻ വനത്തിൽ ചെന്നു. ഞെട്ടിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. അത്തരമൊരു കാഴ്ച കണ്ടാൽ ആരുടെയും മനസ്സൊന്നു പിടയും! ഇവിടെ എന്റെ സഭയിലുള്ളവരിൽ 80 ശതമാനവും ഈ വനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. എല്ലാവരെയും, പ്രത്യേകിച്ച് പ്രായമായവരെ ഈ സംഭവം വല്ലാതെ പിടിച്ചുലച്ചിരിക്കുന്നു.”
വേഴ്സൈലെസ് കൊട്ടാര വളപ്പിലെ 10,000 മരങ്ങൾ കടപുഴകി. “ഉദ്യാനം മുമ്പത്തേതുപോലെ ആകണമെങ്കിൽ ഇനി രണ്ടു നൂറ്റാണ്ടു പിടിക്കും” എന്ന് മുഖ്യ ഉദ്യാനപാലകരിൽ ഒരാൾ പറയുന്നു.വൈദ്യുത കമ്പികൾ പൊട്ടിവീണതോടെ ഫ്രാൻസിലെ ജനതയുടെ ആറിലൊന്നിലധികം അന്ധകാരത്തിലായി. പൊതുജനസേവന ഏജൻസികൾ പ്രശംസനീയമായ ശ്രമങ്ങൾ നടത്തിയെങ്കിലും രണ്ടാഴ്ച കഴിഞ്ഞിട്ടും പതിനായിരക്കണക്കിനാളുകൾക്ക് വൈദ്യുതിയോ ടെലിഫോൺ സൗകര്യമോ ഇല്ലാതെ കഴിയേണ്ടിവന്നു. ചില കൊച്ചു ഗ്രാമങ്ങൾക്ക് പുറംലോകവുമായുള്ള എല്ലാ ബന്ധവും നഷ്ടപ്പെട്ടു. കിണറ്റിൽനിന്നു വെള്ളം കോരാനും മെഴുകുതിരി ഉപയോഗിക്കാനുമൊക്കെ നിർബന്ധിതരായിത്തീർന്നപ്പോൾ, 21-ാം നൂറ്റാണ്ടിന്റെ പടിവാതിൽക്കലായിരുന്ന ജനങ്ങൾക്ക് കാലചക്രം തിരിഞ്ഞ് നൂറുവർഷം പുറകോട്ടു പോയി നിന്നതായി തോന്നി.
പൊതുകെട്ടിടങ്ങളും പ്രഭുമന്ദിരങ്ങളും കത്തീഡ്രലുകളുമൊന്നും കൊടുങ്കാറ്റിന്റെ കരാളഹസ്തങ്ങളിൽനിന്നു രക്ഷപ്പെട്ടില്ല. നിരവധി ആരാധനാലയങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു—യഹോവയുടെ സാക്ഷികളുടെ 15 രാജ്യഹാളുകളും ഇതിൽ പെടുന്നു. ചില സ്ഥലങ്ങളിൽ മെഴുകുതിരിയുടെയോ മണ്ണെണ്ണവിളക്കിന്റെയോ അരണ്ട വെളിച്ചത്തിൽ യോഗങ്ങൾ നടത്തേണ്ടിവന്നു.
യഹോവയുടെ സാക്ഷികളുടെ ഏകദേശം 2,000 കുടുംബങ്ങൾക്ക് ഏതെങ്കിലുമൊക്കെ തരത്തിലുള്ള നാശനഷ്ടങ്ങൾ ഈ കൊടുങ്കാറ്റു മൂലം ഉണ്ടായി. ചിലരുടെ വീട്ടുവളപ്പിലെ മരങ്ങൾ കടപുഴകി, വീടിന്റെ ഓടുകൾ പറന്നുപോയി. മറ്റു ചിലരുടെ വീടുകൾ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിലംപൊത്തി. സാക്ഷികളിൽ ചിലർക്കു പരിക്കേറ്റു. വളരെ സങ്കടകരമായ ഒരു സംഗതി ഷറാന്റ് നദീപ്രദേശത്ത് ഉണ്ടായി. അവിടെ 77 വയസ്സുള്ള ഒരു സാക്ഷി, തന്റെ ഭാര്യ നിസ്സഹായയായി നോക്കിനിൽക്കെ മുങ്ങിമരിച്ചു. മറ്റു പലരും മരണത്തെ മുഖാമുഖം കണ്ടു. 70 വയസ്സുള്ള ഷിൽബർ പറയുന്നു: “ഞാൻ മരിക്കാഞ്ഞത് ഒരു വലിയ അത്ഭുതമാണ്. കതകു തള്ളിത്തുറന്ന് വെള്ളം അതീവ ശക്തിയോടെ അകത്തേക്ക് ഇരച്ചുകയറി. കണ്ണടച്ചുതുറക്കുംമുമ്പ് വീട്ടിൽ അഞ്ചടിപ്പൊക്കത്തിൽ വെള്ളം കയറിയിരുന്നു. അലമാരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടു മാത്രമാണ് ഞാൻ രക്ഷപ്പെട്ടത്.”
ആവശ്യമായ സഹായം എത്തിക്കുന്നു
കൊടുങ്കാറ്റുകളെ തുടർന്ന് ഫ്രാൻസിലും യൂറോപ്പിലെല്ലായിടത്തുമുള്ള ജനങ്ങളുടെയിടയിൽ അസാധാരണമായ ഒരു ഐക്യം ഉടലെടുത്തു. ലെ മിഡീ ലിബ്രെ എന്ന വർത്തമാനപ്പത്രം ഇങ്ങനെ അഭിപ്രായപ്പെട്ടു: “താനേ ചെയ്യുന്നതായാലും സൗഹൃദത്തിന്റെ പേരിൽ ചെയ്യുന്നതായാലും മനസ്സാക്ഷിപരമായ കാരണങ്ങളാൽ ചെയ്യുന്നതായാലും ശരി, സഹായം കടമയായി വീക്ഷിക്കപ്പെടുന്ന സമയങ്ങളുണ്ട്.”
ഓരോ തവണയും കൊടുങ്കാറ്റുകൾക്കു ശേഷം ഉടനെതന്നെ, പ്രാദേശിക സഭകളിലെ അംഗങ്ങളെയും
ദുരന്തത്താൽ ബാധിക്കപ്പെട്ട മറ്റുള്ളവരെയും സഹായിക്കാൻ യഹോവയുടെ സാക്ഷികൾ രക്ഷാപ്രവർത്തന കമ്മിറ്റികൾ രൂപീകരിച്ചു. സാധാരണഗതിയിൽ രാജ്യഹാളുകളുടെ നിർമാണ ചുമതല വഹിക്കുന്ന മേഖല നിർമാണക്കമ്മിറ്റികൾ സന്നദ്ധസേവകരുടെ കൂട്ടങ്ങൾ സംഘടിപ്പിച്ചു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിൽ നവംബറിൽ കൊടുങ്കാറ്റ് ആഞ്ഞടിച്ചതിനു ശേഷം 3,000 സാക്ഷികൾ രക്ഷാപ്രവർത്തനങ്ങൾക്കായി മുന്നോട്ടു വന്നു. അകത്തേക്ക് അടിച്ചുകയറിയ വെള്ളവും ചേറും നീക്കി വീടു വൃത്തിയാക്കാൻ ദുരന്തത്തിനിരയായവരെ സഹായിച്ചുകൊണ്ട് അവർ ശുചീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തു. ചില ഗ്രാമങ്ങളിൽ ആദ്യം എത്തിയ സന്നദ്ധസേവകരിൽ യഹോവയുടെ സാക്ഷികളുണ്ടായിരുന്നു. അവർ സ്കൂളുകൾ, പോസ്റ്റ് ഓഫീസുകൾ, ടൗൺഹാളുകൾ, വൃദ്ധസദനങ്ങൾ എന്നിങ്ങനെയുള്ള പൊതു കെട്ടിടങ്ങൾ, എന്തിന് ഒരിടത്ത് ഒരു സെമിത്തേരി പോലും വൃത്തിയാക്കുകയുണ്ടായി. അനേകം സന്ദർഭങ്ങളിലും യഹോവയുടെ സാക്ഷികളും ദുരിതാശ്വാസ സംഘടനകളും തോളോടുതോൾചേർന്ന് പ്രവർത്തിച്ചു.മതവിശ്വാസങ്ങളൊന്നും കണക്കിലെടുക്കാതെ എല്ലാവർക്കും സഹായം വെച്ചുനീട്ടി. “ഗ്രാമത്തിലെ പുരോഹിതനെ ഞങ്ങൾ സഹായിച്ചു. അദ്ദേഹത്തിന്റെ വീടിന്റെ ബേസ്മെന്റ് ഞങ്ങൾ വൃത്തിയാക്കിക്കൊടുത്തു”
എന്ന് ഒരു സാക്ഷി പറയുന്നു. തങ്ങൾക്കു ലഭിച്ച സഹായത്തെ മറ്റുള്ളവർ എങ്ങനെ വീക്ഷിച്ചു എന്നതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “അവരെ സഹായിക്കാനായി സ്വർഗത്തിൽനിന്ന് ഇറങ്ങി വന്നവരായിട്ടാണ് ആളുകൾ ഞങ്ങളെ കണ്ടത്.” ഒരു ഉദ്യോഗസ്ഥൻ ഇപ്രകാരം പറഞ്ഞു: “അവർ സുവിശേഷം അനുസരിക്കുകയും അയൽക്കാരെ സഹായിക്കുകയും ചെയ്യുന്ന രീതിയായി ഇതിനെ കാണാം. തങ്ങളുടെ മതത്തിനും സുവിശേഷങ്ങൾക്കും ചേർച്ചയിൽ അവർ ജീവിച്ചു കാണിച്ചു.” സാക്ഷിയായ ഒരു സന്നദ്ധസേവക ഇങ്ങനെ അഭിപ്രായപ്പെട്ടു: “മുന്നോട്ടു ചെന്നു സഹായിക്കാൻ ഹൃദയം പ്രേരിപ്പിക്കുന്നു. നമ്മുടെ അയൽക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ശരിക്കും സന്തോഷമുള്ള കാര്യമാണ്.”ഡിസംബറിൽ ഒന്നിനുപുറകെ ഒന്നായി ആഞ്ഞടിച്ച രണ്ടു കൊടുങ്കാറ്റുകൾക്കു ശേഷം അനേകം സാക്ഷിക്കുടുംബങ്ങൾക്ക് കുറെ ദിവസത്തേക്കു തങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളുമായി യാതൊരു സമ്പർക്കവും പുലർത്താനായില്ല. സഞ്ചാര മേൽവിചാരകന്മാരുടെയും പ്രാദേശിക മൂപ്പന്മാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്രമീകരിക്കപ്പെട്ടു. ചിലയിടത്തൊക്കെ റോഡുകൾ നിറയെ തടസ്സങ്ങളായിരുന്നു; ടെലിഫോൺ ലൈനുകളെല്ലാം പൊട്ടിക്കിടന്നു. അതുകൊണ്ട് ഏതാനും കിലോമീറ്റർ അകലെയുള്ള സുഹൃത്തുക്കളുമായിപ്പോലും സമ്പർക്കം പുലർത്താൻ ഒരു നിർവാഹവുമില്ലായിരുന്നു. മരം വീഴാനുള്ള സാധ്യതയുണ്ടായിരുന്നിട്ടും ചില സാക്ഷികൾ കൊടുങ്കാറ്റു നാശം വിതച്ച വനാന്തരങ്ങളിലൂടെ സൈക്കിളിലും കാൽനടയായുമൊക്കെ യാത്രചെയ്ത് തങ്ങളുടെ സഭയിലെ ഒറ്റപ്പെട്ടു പോയ അംഗങ്ങളെ സഹായിച്ചു. ഒരിക്കൽക്കൂടി, സന്നദ്ധസേവകർ സ്കൂളുകളും ലൈബ്രറികളും ക്യാമ്പുകളും അയൽവീടുകളും വൃത്തിയാക്കിക്കൊണ്ടും വനപാതകളിലെ തടസ്സങ്ങൾ നീക്കിക്കൊണ്ടും കഠിനവേല ചെയ്തു.
‘ഒരു സ്നേഹകുമിളയ്ക്കുള്ളിൽ’
ദുരന്തത്തിനിരയായ പലരെയും, പ്രത്യേകിച്ച് പ്രായമായവരെയും കൊച്ചുകുട്ടികളെയും ഈ അനുഭവം ആകെ തളർത്തിക്കളഞ്ഞു. തങ്ങളുടെ വീടും പ്രിയപ്പെട്ടവരുമൊക്കെ നഷ്ടപ്പെട്ടവർക്ക് സാധാരണ ജീവിതത്തിലേക്കു മടങ്ങാൻ ഇനിയും ഏറെക്കാലം വേണ്ടിവരും. അതിന് അവർക്കു സ്വന്തക്കാരുടെയും സുഹൃത്തുക്കളുടെയും സഹായവും ആവശ്യമാണ്. ഓഡ് പ്രദേശത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് അടിയന്തിര മാനസിക വൈദ്യചികിത്സയ്ക്കായി രൂപീകരിച്ച ഒരു കമ്മിറ്റിയിലെ ഡോക്ടർ ഗബ്രിയെൽ കോട്ടെൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ദുരന്തത്തിനിരയായവർക്ക് അവരുടെ അതേ മതസമുദായത്തിൽപ്പെട്ടവർ നൽകുന്ന ഏതു പിന്തുണയും വളരെ വിലപ്പെട്ടതാണ്.”
ഇത്തരം സഹായം നൽകുന്നതിനെ ധാർമികവും തിരുവെഴുത്തുപരവുമായ ഒരു കടമയായിട്ടാണ് യഹോവയുടെ സാക്ഷികൾ വീക്ഷിക്കുന്നത്. അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ പറഞ്ഞു: ‘[സത്യക്രിസ്തീയ സമുദായത്തിന്റെ] ശരീരത്തിൽ ഭിന്നത വരരുത്. അവയവങ്ങൾ അന്യോന്യം ഒരുപോലെ കരുതേണ്ടതാണ് . . . ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു.’—1 കൊരിന്ത്യർ 12:25, 26.
കൊടുങ്കാറ്റുണ്ടായ സമയത്ത് എട്ടു മാസം ഗർഭിണിയായിരുന്ന ഏലെൻ ഇപ്പോൾ ഏതാനും മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. അവൾ ഇങ്ങനെ പറയുന്നു: “ശക്തമായ കാറ്റും മഴയും ശമിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ഡസനോളം ക്രിസ്തീയ സഹോദരീസഹോദരന്മാർ ഞങ്ങളുടെ വീട്ടിലെത്തി. എല്ലാം വൃത്തിയാക്കാൻ അവർ സഹായിച്ചു. വന്നവരുടെ കൂട്ടത്തിൽ കൊടുങ്കാറ്റിനാൽ ബാധിക്കപ്പെട്ട സഹോദരങ്ങളും ഉണ്ടായിരുന്നു. എത്ര വലിയ സഹായമാണ് അവർ ചെയ്തുതന്നത്! അവരുടെ ഉള്ളിൽനിന്ന്, പൂർണഹൃദയത്തോടെയാണ് അവർ അതു ചെയ്തത്.”
വെള്ളപ്പൊക്കത്തിൽ വീടു തകർന്നുപോയ ഓഡെറ്റ് തന്റെ ക്രിസ്തീയ സഹോദരങ്ങളെ കുറിച്ചു പറഞ്ഞത് ഇങ്ങനെയാണ്: “അവർ എന്നെ വളരെയധികം ആശ്വസിപ്പിച്ചു. എനിക്കെന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകളില്ല. അവർ എനിക്കായി ചെയ്ത സംഗതികൾ എന്റെ ഹൃദയത്തെ വളരെയധികം സ്പർശിച്ചിരിക്കുന്നു.” വിലമതിപ്പു നിറഞ്ഞുതുളുമ്പിയ ഒരു ഹൃദയത്തിൽനിന്ന് മറ്റൊരു സഹോദരി പറഞ്ഞ വാക്കുകളിൽ അനേകരുടെ വികാരങ്ങൾ പ്രതിഫലിച്ചിട്ടുണ്ട്: “നമ്മൾ ശരിക്കും ഒരു സ്നേഹകുമിളയ്ക്കുള്ളിൽ ആണ്!”
“കറുത്ത വേലിയേറ്റം”
ഡിസംബർ മാസം പകുതിയോടെ, അതായത് കൊടുങ്കാറ്റ് ഉണ്ടാകുന്നതിനു തൊട്ടുമുമ്പ് ഏറിക്കാ എന്ന സൂപ്പർടാങ്കർ ഫ്രാൻസിന്റെ പടിഞ്ഞാറൻ തീരത്തുനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ആഴക്കടലിൽ മുങ്ങിപ്പോയി. ബ്രിട്ടനി മുതൽ വെൻഡി വരെയുള്ള 400 കിലോമീറ്ററോളം വരുന്ന തീരരേഖയെ മലീമസമാക്കിക്കൊണ്ട് അതിലുണ്ടായിരുന്ന 10,000 ടൺ എണ്ണ വെള്ളത്തിലേക്കു മറിഞ്ഞു. തുടർന്നുവന്ന കൊടുങ്കാറ്റ് ഈ പാരിസ്ഥിതിക ദുരന്തത്തെ കൂടുതൽ വഷളാക്കി. അനേകം ചെറിയ എണ്ണപ്പാടകൾ രൂപംകൊള്ളുന്നതിന് അത് ഇടയാക്കിയതിനാൽ മലിനീകരണം വ്യാപിക്കുകയും എണ്ണ നീക്കംചെയ്യുക കൂടുതൽ ബുദ്ധിമുട്ടായിത്തീരുകയും ചെയ്തു. പാറകളിലും മണ്ണിലും ഒട്ടിപ്പിടിച്ച കൊഴുത്ത എണ്ണ നീക്കംചെയ്യുന്നതിൽ സഹായിക്കാൻ പ്രായഭേദമന്യേ ആയിരക്കണക്കിനു സന്നദ്ധസേവകർ ഫ്രാൻസിന്റെ എല്ലാ ഭാഗങ്ങളിൽനിന്നും എത്തിച്ചേർന്നു.
ഈ അപകടം വലിയതോതിലുള്ള സാമുദ്രിക പരിസ്ഥിതി മലിനീകരണം വരുത്തിവെച്ചു. ചിപ്പി, കക്കാ വ്യവസായങ്ങളെ അതു ഗുരുതരമായി ബാധിച്ചു. പക്ഷിശാസ്ത്രജ്ഞരുടെ കണക്കുകളനുസരിച്ച് 4,00,000 കടൽപ്പക്ഷികളെങ്കിലും ഇതിന്റെ ഫലമായി—പഫിൻ, മുങ്ങാങ്കോഴി, ഗാനെറ്റ് എന്നിവയും വിശേഷിച്ചും ഗിലെമോട്ടും—ചത്തൊടുങ്ങി. 1978 മാർച്ചിൽ, ആമോകോ കാഡിസ് എന്ന എണ്ണക്കപ്പൽ ബ്രിട്ടനി തീരത്തിനു സമീപം കടൽത്തട്ടിൽ ഉറച്ചുപോയപ്പോൾ ചത്ത പക്ഷികളുടെ എണ്ണത്തിന്റെ പത്തിരട്ടിയാണ് ഇത്. അയർലൻഡ്, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് എന്നിവിടങ്ങളിൽനിന്ന് ശൈത്യകാലം ചെലവഴിക്കുന്നതിന് ഫ്രാൻസിന്റെ തീരങ്ങളിൽ എത്തിയതായിരുന്നു മിക്ക പക്ഷികളും. റോഷ്ഫോർട്ട് പക്ഷിസംരക്ഷക സമിതിയുടെ ഡയറക്ടർ ഇങ്ങനെ പറഞ്ഞു: “ഇതൊരു എണ്ണ ദുരന്തമാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും വിപത്കരമായ ഒന്നുതന്നെ. . . . അപൂർവ പക്ഷികളുടെ എണ്ണം തീരെ കുറയുകയോ ഫ്രാൻസിന്റെ തീരങ്ങളിൽനിന്ന് അവ പൂർണമായും അപ്രത്യക്ഷമാകുകയോ ചെയ്തേക്കുമെന്നു ഞങ്ങൾ ഭയപ്പെടുന്നു.”
[കടപ്പാട്]
© La Marine Nationale, France
[15-ാം പേജിലെ ചിത്രം]
ഹെലിക്കോപ്റ്ററുകൾ നൂറുകണക്കിനാളുകളുടെ രക്ഷയ്ക്കെത്തി. ക്യൂഷാക് ദോദിലെ ഒരു ദൃശ്യം
[കടപ്പാട്]
B.I.M.
[15-ാം പേജിലെ ചിത്രം]
നാശം വിതയ്ക്കപ്പെട്ട മുന്തിരിത്തോപ്പുകളുടെ നടുവിലൂടെ പോകുന്ന ഒരു റെയിൽപ്പാളം ഇപ്പോൾ ഉപയോഗയോഗ്യമല്ലാതെ കിടക്കുകയാണ്
[കടപ്പാട്]
B.I.M.
[15-ാം പേജിലെ ചിത്രം]
കൊടുങ്കാറ്റിൽ നൂറുകണക്കിനു കാറുകൾ തകർക്കപ്പെട്ടു
[16-ാം പേജിലെ ചിത്രം]
വിൽഡെനിയിൽ, ഈ മനുഷ്യൻ ഏഴു മണിക്കൂറ് കുടുങ്ങിപ്പോയി
[കടപ്പാട്]
J.-M Colombier
[16, 17 പേജുകളിലെ ചിത്രങ്ങൾ]]
ക്രൂസ് പ്രവിശ്യയിലെ പൈൻ മരങ്ങൾ തീപ്പെട്ടിക്കൊള്ളികൾ പോലെ ഒടിഞ്ഞുവീണു
[കടപ്പാട്]
© Chareyton/La Montagne/MAXPPP
[16, 17 പേജുകളിലെ ചിത്രം]
വേഴ്സൈലെസ് കൊട്ടാര ഉദ്യാനങ്ങളിൽ മാത്രം 10,000 മരങ്ങൾ കടപുഴകി
[കടപ്പാട്]
© Charles Platiau/Reuters/MAXPPP
[17-ാം പേജിലെ ചിത്രം]
പിറ്റേ ദിവസം രാവിലെ നോർമാൻഡിയിലെ സെൻ-പ്യെർ-സ്യൂർ-ദിവിലെ ഒരു കാഴ്ച
[കടപ്പാട്]
© M. Daniau/AFP
[18-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾ ലാ റെദോർത്തിലെ ഒരു വൃദ്ധസദനവും (മുകളിൽ) റെസാക്ക് ദോദിലെ ടൗൺഹാളും (വലത്ത്) വൃത്തിയാക്കുന്നു