ഒരു ചെറിയ ദ്വീപിൽനിന്ന് ഒരു വലിയ പാഠം
ഒരു ചെറിയ ദ്വീപിൽനിന്ന് ഒരു വലിയ പാഠം
ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ടുകിടക്കുന്ന ജനവാസമുള്ള സ്ഥലമാണ് റാപാനൂയി a. സമുദ്രത്തറയിൽനിന്ന് ഉയർന്നുവന്ന ഒരു അഗ്നിപർവത ശിഖരമാണ് ഈ ദ്വീപെന്നു പറയാവുന്നതാണ്. നൂറ്റിയെഴുപത് ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ദ്വീപിൽ മരങ്ങൾ ഇല്ലെന്നുതന്നെ പറയാം. ഈ മുഴു ദ്വീപും ഇന്ന് ഒരു ചരിത്ര സ്മാരകമാണ്. അതിന് ഒരു കാരണം മോഐ എന്നു വിളിക്കപ്പെടുന്ന അവിടുത്തെ ശിലാപ്രതിമകൾ ആണ്. അവിടെ ഒരുകാലത്തു നിലവിലിരുന്ന ഒരു ജീവസ്സുറ്റ സംസ്കാരത്തിന്റെ കരവേലയാണ് അവ.
അഗ്നിപർവത പാറയിൽ കൊത്തിയുണ്ടാക്കിയ ചില മോഐകൾ മണ്ണിനടിയിലാണ്, അവയുടെ ഭീമാകാരമായ തലകൾ മാത്രമേ പുറത്തു കാണാനുള്ളൂ. ചിലവ കൈകാലുകളും തലയും ഒന്നുമില്ലാതെ മണ്ണിനു മീതെയാണ്. ചില മോഐകൾക്കാണെങ്കിൽ ശിലകൊണ്ടുള്ള കേശാലങ്കാരം ഇപ്പോഴുമുണ്ട്. പുക്കാവോ എന്നാണ് അവ അറിയപ്പെടുന്നത്. എന്നാൽ ഈ പ്രതിമകളിൽ ഭൂരിപക്ഷവും പുരാതന നിരത്തുകളിലോ പൂർത്തിയാകാതെ കല്ലുവെട്ടു കുഴികളിലോ ചിതറിക്കിടക്കുന്നു. അതു കണ്ടാൽ, പണിക്കാർ ആയുധങ്ങൾ വലിച്ചെറിഞ്ഞിട്ട് പണിനിറുത്തി പോയതാണെന്നു തോന്നും. നേരെ നിൽക്കുന്നവയിൽ ചിലത് ഒറ്റയ്ക്കും മറ്റുള്ളവ നിരയായും നിൽക്കുന്നു. ചില നിരകളിൽ 15 എണ്ണം വരെയുണ്ട്. അവയുടെയെല്ലാം പിൻവശം സമുദ്രത്തിനു നേരെ തിരിഞ്ഞിരിക്കുന്നു. സ്വാഭാവികമായും, മോഐകൾ വളരെക്കാലം സന്ദർശകരെ അന്ധാളിപ്പിച്ചിട്ടുണ്ട്.
എന്നാൽ ഈ അടുത്തകാലത്ത്, മോഐകളെ കുറിച്ചും അവയ്ക്കു രൂപം നൽകിയ ജീവസ്സുറ്റ സംസ്കാരം നാശാവശിഷ്ടമായതിന്റെ കാരണത്തെക്കുറിച്ചും ഉള്ള രഹസ്യങ്ങൾ ശാസ്ത്രം മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. വെളിച്ചത്തു വരുന്ന വസ്തുതകൾക്കു ചരിത്രപരമായ മൂല്യം മാത്രമല്ല ഉള്ളത് എന്നതു ശ്രദ്ധേയമാണ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നത് അനുസരിച്ച്, അവ “ആധുനിക ലോകത്തിനു വിലപ്പെട്ട ഒരു പാഠം” നൽകുന്നു.
ആ പാഠം ഭൂമിയുടെ, വിശേഷിച്ചും അതിലെ പ്രകൃതി വിഭവങ്ങളുടെ, ഉപയോഗത്തെ സംബന്ധിച്ചുള്ളതാണ്. ഒരു ചെറിയ ദ്വീപിനെക്കാൾ തീർച്ചയായും വളരെയേറെ സങ്കീർണവും ജീവശാസ്ത്രപരമായി വൈവിധ്യമാർന്നതുമാണ് ഭൂമി. എന്നാൽ, റാപാനൂയിയുടെ പാഠം നാം അവഗണിക്കണമെന്ന് അത് അർഥമാക്കുന്നില്ല. അതുകൊണ്ട്, നമുക്കിപ്പോൾ ഏതാനും നിമിഷം റാപാനൂയിയുടെ ചരിത്രത്തിന്റെ ചില മുഖ്യ സവിശേഷതകൾ പുനരവലോകനം ചെയ്യാം. നമ്മുടെ വിവരണം ആരംഭിക്കുന്നത് പൊ.യു. ഏതാണ്ട് 400-ലാണ്. ആ ദ്വീപിൽ താമസമാക്കിയ ആദ്യ കുടുംബങ്ങൾ തങ്ങളുടെ നൗകയിൽ അവിടെ എത്തിച്ചേർന്നത് അന്നാണ്. മുകളിൽ വട്ടമിട്ടു പറന്നിരുന്ന നൂറുകണക്കിനു കടൽപ്പക്ഷികൾ മാത്രമായിരുന്നു അതിനു സാക്ഷ്യം വഹിച്ചത്.
പറുദീസാ തുല്യമായ ഒരു ദ്വീപ്
വൈവിധ്യമാർന്ന സസ്യജാലങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും പനകൾ, ഹൗഹൗ വൃക്ഷം, റ്റൊറോമിറോ വൃക്ഷങ്ങൾ, കുറ്റിച്ചെടികൾ, ഓഷധികൾ, പന്നൽച്ചെടികൾ, പുല്ലുകൾ എന്നിവ നിറഞ്ഞ വനങ്ങളാൽ അലങ്കൃതമായിരുന്നു ആ ദ്വീപ്. മൂങ്ങ, കൊക്ക്, റയിൽപ്പക്ഷി, തത്ത എന്നിവ ഉൾപ്പെടെ കുറഞ്ഞത് ആറു വർഗങ്ങളിലുള്ള കരപ്പക്ഷികൾ എങ്കിലും ഈ വിദൂര ദ്വീപിൽ ധാരാളമായി ഉണ്ടായിരുന്നു. റാപാനൂയി “കടൽപ്പക്ഷികളുടെ, പോളിനേഷ്യയിലെയും ഒരുപക്ഷേ മുഴു പസഫിക്കിലെയും ഏറ്റവും വലിയ പ്രജനനസ്ഥലം” കൂടെ ആയിരുന്നെന്ന് ഡിസ്കവർ മാസിക പറയുന്നു.
കുടിയേറിപ്പാർത്തവർ തങ്ങളുടെ വിശിഷ്ട ഭോജ്യങ്ങളായ കോഴികളെയും ഭക്ഷ്യയോഗ്യമായ എലികളെയും ദ്വീപിലേക്കു കൊണ്ടുവന്നിരിക്കണം. ചേമ്പ്, ചേന, മധുരക്കിഴങ്ങ്, വാഴ, കരിമ്പ് എന്നിവയും അവർ കൊണ്ടുവന്നു. മണ്ണ് വളക്കൂറുള്ളതായിരുന്നു. അതുകൊണ്ട് അവർ ഉടനടി അവിടം വെട്ടിത്തെളിച്ച് കൃഷി ആരംഭിച്ചു. ജനസംഖ്യ വർധിച്ചതിനനുസരിച്ച് കൂടുതൽ കൂടുതൽ മരങ്ങൾ വെട്ടിമാറ്റി കൃഷിയിടങ്ങളാക്കി. എന്നാൽ റാപാനൂയിയുടെ വിസ്തീർണം വളരെ കുറവായിരുന്നു. വളരെയേറെ വനപ്രദേശം ഉണ്ടായിരുന്നെങ്കിലും മരങ്ങൾ കുറവായിരുന്നു.
റാപാനൂയിയുടെ ചരിത്രം
റാപാനൂയിയുടെ ചരിത്രത്തെ കുറിച്ചു നമുക്ക് അറിയാവുന്ന കാര്യങ്ങൾ പ്രധാനമായും മൂന്ന് അന്വേഷണ മേഖലകളിൽ അധിഷ്ഠിതമാണ്: പൂമ്പൊടി അപഗ്രഥനം, പുരാവസ്തുശാസ്ത്രം, പുരാജീവിവിജ്ഞാനം. പൂമ്പൊടി അപഗ്രഥനത്തിൽ, കുളങ്ങളിലെയും ചതുപ്പുകളിലെയും ഊറൽമണ്ണിൽനിന്നു പൂമ്പൊടിയുടെ സാമ്പിളുകൾ ശേഖരിക്കുന്നത് ഉൾപ്പെടുന്നു. നൂറ്റാണ്ടുകളോളം
ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള സസ്യങ്ങൾ ഉണ്ടായിരുന്നെന്നും അവ എത്ര സമൃദ്ധമായി ഉണ്ടായിരുന്നെന്നും ഈ സാമ്പിളുകൾ വെളിപ്പെടുത്തുന്നു. ഊറൽ മണ്ണിൽ പൂമ്പൊടി എത്ര ആഴത്തിലാണോ കിടക്കുന്നത് അത്രയ്ക്ക് പുരാതനമായിരിക്കും അതു പ്രതിനിധാനം ചെയ്യുന്ന കാലഘട്ടം.പുരാവസ്തുശാസ്ത്രവും പുരാജീവിവിജ്ഞാനവും പാർപ്പിടങ്ങൾ, പാത്രങ്ങൾ, മോഐകൾ, ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്ന ജന്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റാപാനൂയിയുടെ രേഖകളെല്ലാം ചിത്രലിപിയിൽ ഉള്ളവ ആയതിനാൽ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ട് യൂറോപ്യന്മാർ എത്തിച്ചേർന്നതിനു മുമ്പുള്ള തീയതികൾ ഏകദേശ തീയതികളാണ്, നൽകിയിരിക്കുന്ന അനുമാനങ്ങളിൽ പലതും തെളിയിക്കാനുമാവില്ല. തന്നെയുമല്ല, താഴെ വിവരിച്ചിരിക്കുന്ന ചില സംഭവവികാസങ്ങൾ തൊട്ടടുത്ത കാലഘട്ടത്തിലേക്കുകൂടെ വ്യാപിക്കുന്നവ ആയിരിക്കാം. തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്ന എല്ലാ തീയതികളും പൊതുയുഗത്തിലേതാണ്.
400 പോളിനേഷ്യൻ കുടിയേറ്റക്കാർ എത്തുന്നു. അവരുടെ എണ്ണം 20-നും 50-നും ഇടയ്ക്ക്. 8,000 കിലോഗ്രാമിലധികം ഭാരം വഹിക്കാൻ കഴിയുന്ന, സാധ്യതയനുസരിച്ച് 15 മീറ്ററോ അതിൽക്കൂടുതലോ നീളമുള്ള, ഇരട്ട നൗകകളിൽ ആയിരിക്കണം അവർ എത്തിയത്.
800 ഊറൽ മണ്ണിലെ വൃക്ഷപ്പൂമ്പൊടിയുടെ അളവ് കുറയുന്നു. വനനശീകരണം നടക്കുന്നുണ്ടെന്ന് അതു സൂചിപ്പിക്കുന്നു. വെട്ടിത്തെളിച്ച സ്ഥലങ്ങളിൽ പുല്ലു പിടിക്കുന്നതിന്റെ ഫലമായി പുൽപ്പൂമ്പൊടി വർധിക്കുന്നു.
900-1300 ഈ കാലഘട്ടത്തിൽ ഭക്ഷണത്തിനായി പിടിച്ച ജന്തുക്കളുടെ എല്ലുകളിൽ ഏതാണ്ട് മൂന്നിലൊന്ന് ഡോൾഫിന്റേതാണ്. പുറങ്കടലിൽനിന്നു ഡോൾഫിനുകളെ പിടിച്ചുകൊണ്ടുവരാനായി ദ്വീപുവാസികൾ വലിയ പനയുടെ തടികൊണ്ട് ഉണ്ടാക്കിയ കൂറ്റൻ നൗകകൾ ഉപയോഗിക്കുന്നു. ഇപ്പോഴേക്കും, മോഐകളുടെ നിർമാണവും വ്യാപകമായിരിക്കുന്നു. അവയെ മാറ്റാനും നിവർത്തി നിറുത്താനും വേണ്ട ഉപകരണങ്ങൾ ഉണ്ടാക്കാൻ മരങ്ങൾ ഉപയോഗിക്കുന്നു. കൃഷിയുടെ വ്യാപനവും വിറകിന്റെ ആവശ്യകതയും നിമിത്തം വനനശീകരണം തുടരുന്നു.
1200-1500 പ്രതിമ നിർമാണം അതിന്റെ ഉച്ചകോടിയിൽ എത്തുന്നു. മോഐകളും അവയെ പ്രതിഷ്ഠിക്കാനുള്ള ആചാരപരമായ തട്ടുകളും ഉണ്ടാക്കാനായി റാപാനൂയി വളരെയേറെ ഊർജവും മറ്റു വിഭവങ്ങളും ഉപയോഗിക്കുന്നു. പുരാവസ്തുശാസ്ത്രജ്ഞയായ ജോ ആൻ വാൻ റ്റിൽബർഗ് ഇങ്ങനെ എഴുതുന്നു: “ഒന്നിനൊന്നു വലുപ്പത്തിൽ കൂടുതൽ കൂടുതൽ പ്രതിമകൾ ഉണ്ടാക്കാൻ റാപാനൂയിയുടെ സാമൂഹിക ഘടന ആളുകൾക്കു ശക്തമായ പ്രോത്സാഹനമേകി.” റ്റിൽബർഗ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഏകദേശം 800 മുതൽ 1300 വരെ വർഷങ്ങൾക്കൊണ്ട് അവർ ഏതാണ്ട് 1,000 പ്രതികമൾ ഉണ്ടാക്കി. . . . ജനസംഖ്യ ഏറ്റവും കൂടുതലായിരുന്നപ്പോഴത്തെ കണക്കനുസരിച്ച് ഏഴു മുതൽ ഒമ്പതു വരെ ആളുകൾക്ക് ഒരു പ്രതിമ വീതം ഉണ്ടായിരുന്നു.”
ശവസംസ്കാര-കാർഷിക ആചാരങ്ങളിൽ മോഐകൾ ഒരു പങ്കുവഹിച്ചിരുന്നെങ്കിലും അവയെ ആരാധിച്ചിരുന്നില്ലെന്നു തോന്നുന്നു. അവയെ ആത്മാക്കളുടെ വാസസ്ഥലമായി വീക്ഷിച്ചിരുന്നിരിക്കാം. അവ അവയുടെ നിർമാതാക്കളുടെ ശക്തിയുടെയും സ്ഥാനത്തിന്റെയും വംശപരമ്പരയുടെയും പ്രതീകവുമായിരുന്നെന്നു തോന്നുന്നു.
1400-1600 ജനസംഖ്യ അതിന്റെ ഉച്ചകോടിയിലെത്തുന്നു, ഏകദേശം 7,000-ത്തിനും 9,000-ത്തിനും ഇടയ്ക്ക്.
ശേഷിച്ച വനഭൂമിയും അപ്രത്യക്ഷമാകുന്നു. പരാഗണത്തിനും വിത്തു വിതരണത്തിനും സഹായിച്ചിരുന്ന തദ്ദേശ പക്ഷികൾക്കു വംശനാശം സംഭവിച്ചതാണ് ഇതിന്റെ ഒരു കാരണം. “തദ്ദേശീയ കരപ്പക്ഷികളുടെ എല്ലാ വർഗങ്ങൾക്കും ഒന്നൊഴിയാതെ വംശനാശം സംഭവിച്ചു” എന്ന് ഡിസ്കവർ പറയുന്നു. എലികളും വനനശീകരണത്തിന് ഇടയാക്കി; അവ പനങ്കുരുക്കൾ തിന്നുതീർത്തെന്ന് തെളിവുകൾ പ്രകടമാക്കുന്നു.താമസിയാതെ മണ്ണൊലിപ്പ് ഒരു വലിയ പ്രശ്നമായിത്തീരുന്നു, അരുവികൾ വറ്റുന്നു, ജലം ദുർലഭമാകുന്നു. 1500-ഓട് അടുത്ത് ഡോൾഫിൻ എല്ലുകൾ പ്രത്യക്ഷപ്പെടാതാകുന്നു. കടലിൽ പോകുന്ന നൗകകൾ ഉണ്ടാക്കാൻ മാത്രം വലിപ്പമുള്ള വൃക്ഷങ്ങൾ ഇല്ലാതെ വന്നതായിരിക്കണം കാരണം. ദ്വീപിൽനിന്ന് രക്ഷപ്പെടാൻ യാതൊരു മാർഗവും ഇല്ലാതാകുന്നു. ആളുകൾക്ക് ആഹാരം കുറഞ്ഞതോടെ കടൽപ്പക്ഷികൾ തുടച്ചുനീക്കപ്പെടുന്നു. കൂടുതൽ കോഴികളെ അവർ കൊന്നുതിന്നുന്നു.
1600-1722 വൃക്ഷങ്ങളുടെ അഭാവവും ആവർത്തിച്ചാവർത്തിച്ചുള്ള കൃഷിയും മണ്ണൊലിപ്പും നിമിത്തം ഒട്ടുംതന്നെ വിളവു കിട്ടാതാകുന്നു. അത് കടുത്ത പട്ടിണിക്ക് ഇടയാക്കുന്നു. റാപാനൂയിക്കാർ രണ്ട് ശത്രു സഖ്യങ്ങളായിത്തീരുന്നു. സാമൂഹിക വ്യവസ്ഥ ആകെ താറുമാറായതിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. നരഭോജനം പോലും തുടങ്ങിയിരിക്കാം. ഇത് ഇപ്പോൾ യോദ്ധാക്കളുടെ കാലമാണ്. സംരക്ഷണത്തിനായി ആളുകൾ ഗുഹകളിൽ അഭയം തേടുന്നു. 1700-ഓടെ ജനസംഖ്യ ഏതാണ്ട് 2,000-മായി കുറയുന്നു.
1722 ഡച്ച് പര്യവേക്ഷകനായ യാക്കോപ് റോച്ചെവേൻ റാപാനൂയി ദ്വീപ് കണ്ടുപിടിക്കുന്നു. ഈ ദ്വീപ് കണ്ടുപിടിക്കുന്ന ആദ്യത്തെ യൂറോപ്പുകാരനാണ് അദ്ദേഹം. ഒരു ഈസ്റ്റർ ദിനത്തിലാണ് അദ്ദേഹം അവിടെ എത്തുന്നത്. അതുകൊണ്ട് അദ്ദേഹം അതിനെ ഈസ്റ്റർ ദ്വീപ് എന്നു വിളിക്കുന്നു. ഈ ദ്വീപിനെ കുറിച്ച് ഒറ്റനോട്ടത്തിൽ തനിക്കുണ്ടായ അഭിപ്രായം അദ്ദേഹം രേഖപ്പെടുത്തുന്നു: “തരിശായി കിടക്കുന്ന [ഈസ്റ്റർ ദ്വീപ്] കണ്ടപ്പോൾത്തന്നെ അവിടെ എങ്ങുമില്ലാത്തത്ര ദാരിദ്ര്യവും പട്ടിണിയുമാണെന്നു മനസ്സിലായി.”
1770 ഏതാണ്ട് ഈ സമയം ആയപ്പോഴേക്കും, റാപാനൂയിലെ ശത്രു കുലങ്ങളിൽ അവശേഷിച്ചവർ പരസ്പരം പ്രതിമകൾ മറിച്ചിടാൻ തുടങ്ങുന്നു. ബ്രിട്ടീഷ് പര്യവേക്ഷകനായ ക്യാപ്റ്റൻ ജയിംസ് കുക്ക് 1774-ൽ അവിടം സന്ദർശിക്കുമ്പോൾ അദ്ദേഹം കാണുന്നത് മറിച്ചിടപ്പെട്ട അനേകം പ്രതിമകളാണ്.
1804-63 മറ്റു സംസ്കാരങ്ങളുമായുള്ള ബന്ധം വർധിക്കുന്നു. അടിമത്തവും—പസഫിക് പ്രദേശത്ത് ഇപ്പോൾ അത് സർവസാധാരണമാണ്—രോഗങ്ങളും ആളുകളെ ദുരിതത്തിലാഴ്ത്തുന്നു. റാപാനൂയിയിലെ പരമ്പരാഗത സംസ്കാരം ഫലത്തിൽ അസ്തമിക്കുന്നു.
1864 എല്ലാ മോഐകളും മറിച്ചിടപ്പെടുന്നു, പലതും ശിരച്ഛേദം ചെയ്യപ്പെടുന്നു.
1872 തദ്ദേശവാസികളായി 111 പേർ മാത്രം ദ്വീപിൽ ശേഷിക്കുന്നു.
1888-ൽ റാപാനൂയി ചിലിയുടെ ഒരു പ്രവിശ്യ ആയിത്തീർന്നു. റാപാനൂയിയിൽ ഇപ്പോൾ വ്യത്യസ്ത സംസ്കാരങ്ങളിൽപ്പെട്ട ഏകദേശം 2100 ആളുകളുണ്ട്. മുഴു ദ്വീപിനെയും ചിലി ഒരു ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചിരിക്കുന്നു. റാപാനൂയിയുടെ തനതായ സ്വഭാവവും ചരിത്രവും നിലനിറുത്താനായി അനേകം പ്രതിമകൾ പുനഃപ്രതിഷ്ഠിച്ചിരിക്കുന്നു.
ഇന്നത്തേക്ക് ഒരു പാഠം
റാപാനൂയിക്കാർ തങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നു തിരിച്ചറിയുകയും ദുരന്തം ഒഴിവാക്കാനായി യത്നിക്കുകയും ചെയ്യാതിരുന്നത് എന്തുകൊണ്ടാണ്? വ്യത്യസ്ത ഗവേഷകർ അതേക്കുറിച്ചു പറയുന്നത് ശ്രദ്ധിക്കുക.
“വനം . . . ഒറ്റ ദിവസംകൊണ്ട് അപ്രത്യക്ഷമായതല്ല. അതു സാവധാനം, പതിറ്റാണ്ടുകൾക്കൊണ്ടാണ് ഇല്ലാതായത്. . . . പടിപടിയായുള്ള വനനശീകരണത്തിന്റെ അപകടങ്ങളെ കുറിച്ചു മുന്നറിയിപ്പു നൽകാൻ ശ്രമിച്ചിട്ടുള്ള ദ്വീപുവാസികൾ സ്ഥാപിത താത്പര്യക്കാരായ ശിൽപ്പ നിർമാതാക്കളുടെയും ഉദ്യോഗസ്ഥ മേധാവികളുടെയും പ്രമാണിമാരുടെയും മുന്നിൽ നിഷ്പ്രഭരായി തീർന്നിരിക്കണം.”—ഡിസ്കവർ.
“തങ്ങളുടെ ആത്മീയ-രാഷ്ട്രീയ ആശയങ്ങൾ പ്രകടിപ്പിക്കാൻ അവർ തിരഞ്ഞെടുത്ത മാർഗത്തിന് അവർ കനത്ത വില ഒടുക്കേണ്ടിവന്നു, അതായത് ആ ദ്വീപ്, പല വിധങ്ങളിലും, മുമ്പുണ്ടായിരുന്ന പ്രാകൃതിക നിജസ്ഥിതിയുടെ ഒരു നിഴൽ മാത്രമായിത്തീർന്നു.”—ഈസ്റ്റർ ദ്വീപ്—പുരാവസ്തുശാസ്ത്രവും പരിസ്ഥിതിശാസ്ത്രവും സംസ്കാരവും (ഇംഗ്ലീഷ്).
“അനിയന്ത്രിത വളർച്ചയും പരിസ്ഥിതിയെ മുതലെടുക്കാനുള്ള ത്വരയും കാര്യങ്ങളെ ആപത്കരമായ ഒരു ഘട്ടത്തിൽക്കൊണ്ടെത്തിക്കുന്നത് കേവലം വ്യവസായവത്കൃത ലോകത്തിന്റെ ഒരു പ്രത്യേകതയല്ല, മറിച്ച് അത് മാനുഷ സ്വഭാവമാണെന്ന് റാപാനൂയിക്ക് സംഭവിച്ച സംഗതി നമ്മെ ഓർമിപ്പിക്കുന്നു.”—നാഷണൽ ജിയോഗ്രാഫിക്.
ആ ‘മാനുഷ സ്വഭാവ’ത്തിനു മാറ്റം വരുത്താത്തപക്ഷം ഇന്ന് എന്തായിരിക്കും ഫലം? ശൂന്യാകാശത്തിലെ ഒരു ദ്വീപായ ഭൂമിയിൽ, പരിസ്ഥിതിക്കു താങ്ങാനാവാത്ത ഒരു ജീവിതരീതി മനുഷ്യവർഗം തുടർന്നാൽ എന്താണു സംഭവിക്കുക? ഒരു എഴുത്തുകാരൻ പറയുന്നതനുസരിച്ച് റാപാനൂയിയെ അപേക്ഷിച്ച് നമുക്കു വലിയൊരു നേട്ടമുണ്ട്. “നാശാവശിഷ്ടമായ മറ്റു സമുദായങ്ങളുടെ ചരിത്രങ്ങൾ” ആകുന്ന മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ നമുക്കുണ്ടെന്നുള്ളതാണ് ആ നേട്ടം.
എന്നാൽ, മനുഷ്യവർഗം ഈ മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നുണ്ടോ? വൻ തോതിലുള്ള വനനശീകരണവും ഭൂമിയിലെ ജീവരൂപങ്ങളുടെ ഞെട്ടലുളവാക്കുന്ന തോതിലുള്ള, അനുസ്യൂതമായ വംശനാശവും നാം അതിനു ശ്രദ്ധ കൊടുക്കുന്നില്ലെന്നു സൂചിപ്പിക്കുന്നു.
സൂ ബുക്ക് എന്ന പുസ്തകത്തിൽ ലിൻഡ കോബ്നർ ഇങ്ങനെ എഴുതുന്നു: “ഒന്നോ രണ്ടോ അമ്പതോ ജീവി വർഗങ്ങൾ ഉന്മൂലനം ചെയ്യപ്പെടുന്നത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ ഉളവാക്കും. വംശനാശത്തിന്റെ ഭവിഷ്യത്തുകൾ എന്തെല്ലാമാണെന്നു നാം മനസ്സിലാക്കുന്നതിനു മുമ്പുതന്നെ വംശനാശം മാറ്റങ്ങൾ ഉളവാക്കുന്നു.”നശീകരണ വാസനയുള്ള ഒരു വ്യക്തി ഒരു വിമാനത്തിൽനിന്ന് ഒരു പ്രാവശ്യം ഒരു ബോൾട്ട് വീതം നീക്കം ചെയ്യുന്നുവെന്നിരിക്കട്ടെ. ഏത് ബോൾട്ടാണ് വിമാനം തകരാൻ ഇടയാക്കുന്നതെന്ന് അയാൾ അറിയുന്നില്ല. എന്നാൽ, ആ നിർണായക ബോൾട്ടു നഷ്ടപ്പെടുന്ന നിമിഷംതന്നെ വിമാനത്തിന്റെ നാശം ഉറപ്പാക്കപ്പെടുന്നു, തൊട്ടടുത്ത പറക്കലിൽ അതു തർന്നുവീഴുന്നില്ലെങ്കിൽ പോലും. സമാനമായി, മനുഷ്യർ ഭൂമിയുടെ ജീവനുള്ള “ബോൾട്ടുക”ളെ വർഷന്തോറും 20,000 ജീവി വർഗങ്ങൾ എന്ന തോതിൽ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്, അവൻ അതിൽനിന്നു പിന്മാറുന്ന യാതൊരു ലക്ഷണവുമില്ല! പൂർവസ്ഥിതി കൈവരിക്കുക അസാധ്യമായിത്തീരുന്ന ഘട്ടം ഏതാണെന്ന് ആർക്കാണ് അറിയാവുന്നത്? അത് മുൻകൂട്ടി അറിഞ്ഞാൽതന്നെ, അതു മനുഷ്യന്റെ സ്വഭാവത്തിനു മാറ്റം വരുത്തുമോ?
ഈസ്റ്റർ ദ്വീപ്—ഭൗമ ദ്വീപ് (ഇംഗ്ലീഷ്) എന്ന പുസ്തകം ഈ ശ്രദ്ധേയമായ അഭിപ്രായ പ്രകടനം നടത്തി: “[റാപാനൂയിയിലെ] അവസാനത്തെ മരം വെട്ടിവീഴ്ത്തിയ വ്യക്തിക്ക് അത് അവസാനത്തെ മരമാണെന്നു കാണാൻ കഴിയുമായിരുന്നു. എന്നിട്ടും അയാൾ (അല്ലെങ്കിൽ അവൾ) അതു വെട്ടിവീഴ്ത്തി.”
“നാം നമ്മുടെ മതം മാറണം”
ഈസ്റ്റർ ദ്വീപ്—ഭൗമ ദ്വീപ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “പ്രത്യാശയ്ക്ക് എന്തെങ്കിലും വകയുണ്ടാകണമെങ്കിൽ നാം നമ്മുടെ മതം മാറണം. സർവശക്തരെന്ന് നാം കരുതുന്ന നമ്മുടെ ഇന്നത്തെ ദൈവങ്ങളായ സാമ്പത്തിക വളർച്ച, ശാസ്ത്രവും സാങ്കേതിക വിദ്യയും, ജീവിതനിലവാരത്തിന്റെ അനുസ്യൂത ഉയർച്ച, മത്സരത്തിന് നൽകപ്പെടുന്ന അംഗീകാരം എന്നിവ ഈസ്റ്റർ ദ്വീപിലെ ഭീമാകാരമായ പ്രതിമകൾ പോലെയാണ്. ഏറ്റവും വലിയ പ്രതിമ ഉണ്ടാക്കാനായി ഓരോ ഗ്രാമവും അതിന്റെ അയൽ ഗ്രാമത്തോടു മത്സരിച്ചു. . . . വിഭവങ്ങൾ ഉപയോഗിച്ചുതീർത്തുകൊണ്ട്, . . . വിവേകശൂന്യമായി പ്രതിമകൾ കൊത്തിയുണ്ടാക്കുകയും അവയെ സ്ഥലംമാറ്റുകയും ഉയർത്തുകയും ചെയ്യാൻ അവർ ഒന്നിനൊന്നു ശ്രമിച്ചു.”
ജ്ഞാനിയായ ഒരു വ്യക്തി ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (യിരെമ്യാവു 10:23) എങ്ങനെ ‘കാലടികളെ നേരെ ആക്കാ’നാകുമെന്ന് നമുക്കു കാണിച്ചു തരാൻ കഴിയുന്ന ഏക വ്യക്തി നമ്മുടെ സ്രഷ്ടാവാണ്. പരിതാപകരമായ അവസ്ഥയിൽനിന്ന് നമ്മെ ഉയർത്താൻ കഴിയുന്ന ഏക വ്യക്തിയും അവനാണ്. താൻ അതു ചെയ്യുമെന്ന് തന്റെ വചനമായ ബൈബിളിൽ അവൻ വാഗ്ദാനം ചെയ്യുന്നു. നല്ലതും മോശവുമായ അനേകം പുരാതന സംസ്കാരങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ബൈബിളിൽ കാണാവുന്നതാണ്. ഈ ഇരുണ്ട കാലങ്ങളിൽ ഈ പുസ്തകത്തിനു തീർച്ചയായും നമ്മുടെ ‘പാതെക്ക് ഒരു പ്രകാശ’മായിരിക്കാൻ കഴിയും.—സങ്കീർത്തനം 119:105.
കാലക്രമത്തിൽ ആ പാത, സമാധാനവും സമൃദ്ധിയും കളിയാടുന്ന ഒരു പറുദീസയിലേക്ക് അനുസരണമുള്ള മനുഷ്യരെ കൊണ്ടെത്തിക്കും—റാപാനൂയി എന്നു വിളിക്കപ്പെടുന്ന ദക്ഷിണ പസഫിക്കിലെ ആ കൊച്ചു ദ്വീപ് ഉൾപ്പെടുന്ന ഒരു പുതിയ ലോകത്തിലേക്കു തന്നെ.—2 പത്രൊസ് 3:13.
[അടിക്കുറിപ്പ്]
a ആ ദ്വീപിലെ നിവാസികൾ തങ്ങളുടെ ദ്വീപിനെയും തങ്ങളെത്തന്നെയും റാപാനൂയി എന്നാണ് വിളിക്കുന്നതെങ്കിലും ആ ദ്വീപ് ഈസ്റ്റർ ദ്വീപ് എന്നും അതിലെ നിവാസികൾ ഈസ്റ്റർ ദ്വീപുവാസികൾ എന്നുമാണ് പരക്കെ അറിയപ്പെടുന്നത്.
[23-ാം പേജിലെ ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഈസ്റ്റർ ദ്വീപ്
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[23-ാം പേജിലെ ചിത്രം]
]റാപാനൂയിക്കാർ “ഏതാണ്ട് 1,000 പ്രതിമകൾ ഉണ്ടാക്കി”
[25-ാം പേജിലെ ചിത്രം]
വിദൂര ദ്വീപുകൾ ഉൾപ്പെടെ മുഴു ഭൂമിയും ഒരു പറുദീസ ആയിത്തീരും