ആർത്തിരമ്പുന്ന കടലുകൾ താണ്ടി ഒടുവിൽ പ്രശാന്തമായ കടലിൽ
ആർത്തിരമ്പുന്ന കടലുകൾ താണ്ടി ഒടുവിൽ പ്രശാന്തമായ കടലിൽ
ഹാൻസ് സ്റ്റൂം പറഞ്ഞപ്രകാരം
ഇരുന്നൂറിലധികം വർഷങ്ങളായി എന്റെ കുടുംബത്തിലെ ആണുങ്ങളെല്ലാം നാവികരാണ്. മുത്തച്ഛന്റെ പാത പിന്തുടർന്ന് കടൽജീവിതം തിരഞ്ഞെടുത്ത ഡാഡിയെപ്പോലെ ആകാനായിരുന്നു എന്റെ മോഹം.
1914-ൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത്, ഡാഡിയെ നിർബന്ധപൂർവം ജർമൻ നാവികസേനയിൽ ചേർത്തു. ബാൾട്ടിക്ക് കടലിലെ ഒരു മൈൻവാരിക്കപ്പലിലായിരുന്നു അദ്ദേഹത്തെ നിയമിച്ചത്. 1916 ആയപ്പോഴേക്കും അദ്ദേഹത്തെ ഒരു വാണിജ്യക്കപ്പലിലേക്കു മാറ്റി. യുദ്ധനടപടികളെല്ലാം അവസാനിക്കുന്നതുവരെ സ്വീഡനിൽനിന്ന് ഇരുമ്പയിര് ഇറക്കുമതിചെയ്യാൻ ഉപയോഗിച്ചത് ആ കപ്പലായിരുന്നു. 1919-ൽ, എനിക്ക് വെറും എട്ടു വയസ്സുണ്ടായിരുന്നപ്പോൾ ഡാഡി മരിച്ചു. നാവികനായിരുന്ന ഡാഡിയെക്കുറിച്ചുള്ള ഓർമകൾ എന്റെ ഉള്ളിൽ അണയാത്ത ആവേശമായി.
എന്റെ ഇഷ്ടപ്പെട്ട തൊഴിൽരംഗത്ത് കൂടുതൽ വൈദഗ്ധ്യം നേടിയെടുക്കാൻ എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു നാവിഗേഷൻ കോളെജിൽ ചേരണമെങ്കിൽ നാലു വർഷം കടലിൽ—അതിൽ 20 മാസം പായ്ക്കപ്പലുകളിൽ—ചെലവഴിക്കണമായിരുന്നു. അതുകൊണ്ട്, 15 വയസ്സുള്ള എന്നെയുംകൊണ്ട് അമ്മ എന്റെ ജന്മനാടായ ഷ്റ്റെറ്റിനിൽനിന്ന് (ഇപ്പോൾ അത് പോളണ്ടിലെ ഷ്ച്ചെറ്റ്സിനാണ്) ജർമനിയിലെ ഹാംബർഗിലെത്തി. ലൈസ് എന്ന കമ്പനിക്ക് സ്വന്തമായി നിരവധി പായ്ക്കപ്പലുകൾ ഉള്ള കാര്യം ഞങ്ങൾക്ക് അറിയാമായിരുന്നു. അതിൽ ഏതെങ്കിലും ഒന്നിൽ, ട്രെയ്നിയായിട്ട് എന്നെ എടുത്തേക്കും എന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ അവിടേക്കു പോയത്. അതിനുവേണ്ടി പണം മുടക്കാനുള്ള കഴിവൊന്നും ഞങ്ങൾക്കില്ലായിരുന്നു. എന്നാൽ, എന്റെ ഡാഡി ഒരു വിദഗ്ധ നാവികനായിരുന്നതിന്റെ പേരിൽ, പണമൊന്നും വാങ്ങാതെതന്നെ അവർ എന്നെ എടുത്തു.
1927-ൽ പാഡൂവ a എന്ന പായ്ക്കപ്പലിൽ ഞാൻ യാത്ര തിരിച്ചു. നാലു പായ്മരങ്ങൾ ഉണ്ടായിരുന്ന ഒരു സ്റ്റീൽ കപ്പലായിരുന്നു അത്. ചിലിയിൽനിന്ന് ഹാംബർഗിലേക്ക് വളം കൊണ്ടുവരാനായിരുന്നു ആ കപ്പൽ ഉപയോഗിച്ചിരുന്നത്. കപ്പലിന് ഒരു മോട്ടോർപോലും ഇല്ലായിരുന്നു, പായ്കൾ മാത്രം. അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെയുള്ള ആ യാത്രകൾ ഞങ്ങൾ ചെറുപ്പക്കാർക്കെല്ലാം ഹരം പകർന്ന അനുഭവങ്ങളായി.
കാറ്റും കോളും നിറഞ്ഞ പ്രക്ഷുബ്ധമായ കടലിലൂടെ എത്രയോ വട്ടം ഞങ്ങൾ സഞ്ചരിച്ചിരിക്കുന്നു. അത്തരം സമയങ്ങളിൽ, കപ്പലിന്റെ പായ്കളെല്ലാം ചുരുട്ടിവെക്കും. തിരകൾ കപ്പലിനെ അമ്മാനമാടുമ്പോൾ, പായ്മരത്തിൽ കയറി പായ്കൾ ചുരുട്ടിവെക്കുക എളുപ്പമാണോ എന്നു ചോദിക്കാൻ തോന്നുന്നുണ്ടാകും, അല്ലേ? എനിക്ക് പേടിയുണ്ടായിരുന്നില്ല എന്നു പറഞ്ഞാൽ അതു നുണയായിപ്പോകും! പക്ഷേ, ഒന്നുണ്ട്. പായ്മരത്തിൽ കയറാനുള്ള ആജ്ഞ കിട്ടിയാൽ പിന്നെ മറ്റൊന്നും ഓർക്കാൻ ഞാൻ മെനക്കെടാറില്ല. നേരെ അതിനുമുകളിൽ കയറി എന്നോടു പറഞ്ഞത് അതുപടിയങ്ങു ചെയ്യും.
നിയന്ത്രണത്തിനും അതീതമായ ചില കാര്യങ്ങൾ
റോമൻ കത്തോലിക്കാ വിശ്വാസി ആയിരുന്നു എന്റെ അമ്മ. എന്നാൽ, ഡാഡിയുടെ മരണശേഷം താമസിയാതെ എർണസ്റ്റെ ബിബെൽഫൊർഷെർ അഥവാ ആത്മാർഥതയുള്ള ബൈബിൾ വിദ്യാർഥികളുമായി—യഹോവയുടെ സാക്ഷികൾ ജർമനിയിൽ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—അമ്മ സഹവസിക്കാൻ തുടങ്ങി. 1923-ൽ അമ്മ സ്നാപനമേറ്റു. കത്തോലിക്കാ മതത്തോട് എനിക്ക് ഒരിക്കലും പ്രത്യേകിച്ചൊരു പ്രതിപത്തി തോന്നിയിട്ടില്ല. പക്ഷേ അമ്മ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട്, ഞാനും ഇളയ സഹോദരി മാർഗോട്ടും അമ്മയുടെ കൂടെ ബൈബിൾ പഠന യോഗങ്ങൾക്കു പോകാൻ തുടങ്ങി.
1929-ൽ ഞാൻ പാഡൂവയിൽനിന്നു പോന്നു. പിന്നത്തെ മൂന്നുവർഷം പല ആവിക്കപ്പലുകളിലായി ഞാൻ ചെലവഴിച്ചു. അങ്ങനെ, വടക്കൻ യൂറോപ്പിലെ തുറമുഖങ്ങളിലും മധ്യധരണ്യാഴി പ്രദേശത്തും പോകാൻ എനിക്കു കഴിഞ്ഞു. ഒരു സമുദ്രയാത്രയ്ക്കിടയിൽ ഞാൻ ലോകം മുഴുവൻ ചുറ്റിസഞ്ചരിച്ചു. കടലിലെ ജീവിതം ശരിക്കും ആസ്വദിക്കുകയായിരുന്നു ഞാൻ. അതേസമയംതന്നെ, ഡാഡിയുടെ പാത പിന്തുടർന്നുകൊണ്ട് ഷ്റ്റെറ്റിനിലെ കോളെജിൽ ചേരാൻ ഞാൻ ദിനങ്ങളെണ്ണി കാത്തിരിക്കുക കൂടെയായിരുന്നു. ഒടുവിൽ, 1933-ൽ ചരക്കുകപ്പലിലെ ഡെക്ക് ഓഫീസറാകുന്നതിനു വേണ്ടിയുള്ള ഒരു
18 മാസ കോഴ്സിനു ഞാൻ ഷ്റ്റെറ്റിനിൽ ചേർന്നു. പക്ഷേ, തികച്ചും അപ്രതീക്ഷിതമായ ചില കാര്യങ്ങൾ എന്റെ പദ്ധതികളെല്ലാം കീഴ്മേൽ മറിച്ചു.ആ വർഷമായിരുന്നു ഹിറ്റ്ലർ അധികാരത്തിലേറിയത്. ദേശീയത്വ ചിന്തകൾ ജർമനിയിൽ എങ്ങും കത്തിപ്പടരുന്ന സമയം. “ഹെയ്ൽ ഹിറ്റ്ലർ” എന്ന് ആർത്തു വിളിക്കുന്നതിൽ വിദ്യാർഥികൾ അഭിമാനം കൊണ്ടിരുന്നു. എന്നാൽ, അമ്മയിൽനിന്നു ഞാൻ മനസ്സിലാക്കിയതനുസരിച്ച് എനിക്ക് അങ്ങനെ ചെയ്യാനാകില്ലായിരുന്നു. ഇക്കാര്യത്തിലെ എന്റെ ഈ നിലപാടിനുള്ള കാരണം വ്യക്തമാക്കാൻ എന്നെ വിളിപ്പിച്ചെങ്കിലും എന്റെ വിശദീകരണം അവർക്കു സ്വീകാര്യമായില്ല. എന്നെ സ്കൂളിൽനിന്നു പുറത്താക്കി. ഞങ്ങളുടെ പ്രിൻസിപ്പൽ വളരെ ദയാലുവായിരുന്നു. ഞാൻ ഒരു വർഷം അവിടെ പഠിച്ചതാണെന്നു കാണിച്ചുകൊണ്ടുള്ള ഒരു കത്ത് എനിക്കു നൽകാൻ അദ്ദേഹം സന്മനസ്സ് കാണിച്ചു. കോഴ്സ് പൂർത്തിയാക്കാത്തതുകൊണ്ട്, യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഒന്നുമില്ലാതെ എനിക്ക് അവിടെനിന്നു പോരേണ്ടിവന്നു. എന്റെ ലോകം എന്റെ കൺമുന്നിൽ തകർന്നടിയുകയാണെന്ന് എനിക്കു തോന്നി.
സമ്മർദങ്ങൾ ഉരുണ്ടുകൂടുന്നു
എന്റെ നിഷ്പക്ഷ നിലപാട് നിമിത്തം, എന്നെ കുറ്റവാളികളുടെ ലിസ്റ്റിൽ പെടുത്തി. കപ്പലിൽ എന്നല്ല ഒരിടത്തും എനിക്കൊരു ജോലി കിട്ടുമായിരുന്നില്ല. അതുകൊണ്ട്, ഞാൻ വീട്ടിൽ താമസിച്ച് അമ്മയെ സഹായിച്ചു. മറ്റുള്ളവർക്കുവേണ്ടി പാചകം ചെയ്താണ് അമ്മ കഷ്ടിച്ച് അഹോവൃത്തിക്കുള്ള വക കണ്ടെത്തിയിരുന്നത്. ഞാനാണെങ്കിൽ, പാത്രങ്ങൾ കഴുകിയും പച്ചക്കറികൾ അരിഞ്ഞുകൊടുത്തുമെല്ലാം അമ്മയെ സഹായിച്ചു. രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിന് നാലു വർഷം മുമ്പ്, 1935-ൽ എന്റെ ജീവിതം മറ്റൊരു വഴിത്തിരിവിലെത്തി.
എന്റെ അമ്മാവൻ ഓസ്കാർ, ഡാൻസിഗിൽ (ഇപ്പോഴത്തെ ഗ്ഡാൻറ്റ്സ്ക്) ആണ് താമസിച്ചിരുന്നത്. എന്റെ കഷ്ടപ്പാടുകളെക്കുറിച്ചെല്ലാം അറിഞ്ഞപ്പോൾ, അദ്ദേഹം എന്നെ തന്റെ റെസ്റ്ററന്റിൽ ജോലി ചെയ്യാൻ വിളിച്ചു. അദ്ദേഹവും ഭാര്യ റോസ്ലും യഹോവയുടെ സാക്ഷികൾ ആയിരുന്നു. അവരുടെ ക്ഷണം ഞാൻ സന്തോഷപൂർവം സ്വീകരിച്ചു. ക്രമമായ അടിസ്ഥാനത്തിൽ ശമ്പളം തരാൻ അവർക്കു സാധിച്ചിരുന്നില്ലെങ്കിലും അവരോടൊപ്പം ആയിരുന്നപ്പോൾ എനിക്കു കുറെക്കൂടെ സുരക്ഷിതത്വം തോന്നിയിരുന്നു.
ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ, ഡാൻസിഗ് സർവരാജ്യസഖ്യത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു സ്വതന്ത്ര നഗരം ആയി. കടൽമാർഗം വാണിജ്യ ഇടപാടുകൾ നടത്താൻ പോളണ്ടിന് സൗകര്യം ഒരുക്കിക്കൊടുക്കാനായിരുന്നു അത്തരമൊരു നടപടി. പക്ഷേ, ഈസ്റ്റ് പ്രഷ്യ, ജർമനിയിൽനിന്ന് വേർപെട്ടുപോകുകയാണ് ഫലത്തിൽ ഇതുകൊണ്ടുണ്ടായത്. ഹിറ്റ്ലർക്കാണെങ്കിൽ, ഇതൊട്ടും സ്വീകാര്യമായിരുന്നില്ല. വാസ്തവത്തിൽ, ഹിറ്റ്ലർ പോളണ്ടിനെ ആക്രമിച്ചു കീഴടക്കിയതാണ് രണ്ടാം ലോകമഹായുദ്ധത്തിനു തിരികൊളുത്തിയതുതന്നെ.
ഞാൻ അമ്മാവന്റെയും അമ്മായിയുടെയും അടുത്തെത്തി ഏറെ കഴിയുന്നതിനുമുമ്പ്, അവരിരുവരും ഒരു ചെറുപ്പക്കാരന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. യഹോവയുടെ സാക്ഷികളിൽ ഒരാളായതിന്റെ പേരിൽ തടങ്കൽപ്പാളയത്തിൽ കഴിയേണ്ടിവന്ന ആളായിരുന്നു അദ്ദേഹം. അവിടെവെച്ച് നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ച് അദ്ദേഹം എന്നോടു വിവരിച്ചു. കുറച്ചുകാലം കൂടെ കഴിഞ്ഞപ്പോൾ, ഹിറ്റ്ലറിന് ഹെയ്ൽ വിളിക്കാത്തതിന് അമ്മാവനെയും അമ്മായിയെയും അറസ്റ്റുചെയ്തു. എന്നാൽ അവരെ വിട്ടയച്ചു. ഈ സമയത്ത്, ഗെസ്റ്റപ്പോ എന്നെയും ചോദ്യം ചെയ്തെങ്കിലും തടവിലാക്കിയില്ല.
ഇതേസമയം ഷ്റ്റെറ്റിനിൽ, ഞാൻ ജർമൻ സൈന്യത്തിൽ ചേരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പേപ്പറുകൾ അമ്മയ്ക്കു കിട്ടി. ഉടനടി, അൽപ്പം തന്ത്രപരമായ രീതിയിൽ അമ്മ എനിക്ക് ഒരു കത്തെഴുതി. വടക്കൻ സ്വീഡനിൽ താമസിക്കുന്ന നവോമി അമ്മായിയെ സന്ദർശിക്കണമെന്നായിരുന്നു അതിന്റെ ഉള്ളടക്കം. അമ്മ എന്താണ് പറയാൻ ഉദ്ദേശിച്ചത് എന്നെനിക്കു മനസ്സിലായി—ഉടൻ ജർമനി വിടുക!
നാസി പീഡനം
കാര്യങ്ങൾ കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിത്തീരുകയായിരുന്നു. അമ്മാവനെയും അമ്മായിയെയും വീണ്ടും അറസ്റ്റു ചെയ്തു. ഇപ്രാവശ്യം അവരെ ഷ്റ്റുറ്റ്ഹോഫിലെ തടങ്കൽപ്പാളയത്തിലേക്കാണ് കൊണ്ടുപോയത്. ഡാൻസിഗിൽനിന്ന് ബസിൽ രണ്ടു മണിക്കൂർ യാത്രയുണ്ട് ഷ്റ്റുറ്റ്ഹോഫിലേക്ക്. 1945-ൽ രണ്ടാം ലോകമഹായുദ്ധം തീരുന്നതുവരെ അവർക്ക് അവിടെ കഴിയേണ്ടിവന്നു. ദുഃഖകരമെന്നു പറയട്ടെ, അമ്മാവൻ ഒരു കപ്പലിൽ വെച്ച് മരണമടഞ്ഞതായി പിന്നീടു ഞാൻ മനസ്സിലാക്കി. മുന്നേറിക്കൊണ്ടിരുന്ന
റഷ്യൻ സൈന്യത്തിൽനിന്നു രക്ഷപ്പെടാൻ അമ്മാവനുൾപ്പെടെയുള്ള തടങ്കൽപ്പാളയത്തിലെ അന്തേവാസികളെയും കൊണ്ടു പടിഞ്ഞാറേക്കു തിരിച്ചതായിരുന്നു ആ കപ്പൽ. അമ്മായിക്ക് പക്ഷേ കുഴപ്പമൊന്നും സംഭവിച്ചില്ല. പിന്നീട് അവർ ഒരു മുഴുസമയ സുവിശേഷക ആയിത്തീർന്നു.അമ്മാവനെയും അമ്മായിയെയും ഷ്റ്റുറ്റ്ഹോഫിലേക്കു പിടിച്ചുകൊണ്ടുപോയ സമയത്ത് ഷ്റ്റെറ്റിനിൽ, എന്റെ അമ്മയും അറസ്റ്റിലായി. അമ്മയ്ക്ക് ഏഴുമാസം തടവിൽ കഴിയേണ്ടിവന്നു. അപ്പോഴേക്കും എന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു, യഹോവയുടെ സാക്ഷികളായ ഒരു ദമ്പതികളുടെ പുത്രനാണ് അവളെ വിവാഹം ചെയ്തത്. അമ്മ തടവിലായിരുന്ന അതേ സമയത്തുതന്നെ അവളും തടവിലായിരുന്നു. അവളുടെ ഭർത്താവിനെയും മകളെയും തടങ്കൽപ്പാളയത്തിലേക്ക് അയച്ചു. അവിടെ വെച്ച് ഭർത്താവു മരിച്ചു. മകൾക്കാണെങ്കിൽ ബെൽസൻ ഉൾപ്പെടെ, ക്രൂരതയ്ക്ക് കുപ്രസിദ്ധിയാർജിച്ച ചില തടങ്കൽപ്പാളയങ്ങളിൽ എട്ടുവർഷം കഴിയേണ്ടിവന്നു.
ഒരിക്കൽ, സൈനികർക്കു വെടിയുണ്ടകൾ സൂക്ഷിക്കുന്നതിനുള്ള കാർട്രിജ് ബെൽറ്റുകൾ തുന്നിക്കൊടുക്കാൻ തയ്യാറാകാഞ്ഞതുകൊണ്ട് എന്റെ അനന്തിരവൾക്കും മറ്റു ചില സാക്ഷികൾക്കും നവംബർ മാസത്തിലെ കൊടുംതണുപ്പത്ത് വെളിയിൽ രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണിവരെ നിൽക്കേണ്ടിവന്നു, അതും തീരെ നേർത്ത വസ്ത്രങ്ങൾ ധരിച്ച്. അവരുടെ ആഹാരം ഒരു കഷണം റൊട്ടിയും ഒരു ജഗ്ഗ് വെള്ളവും മാത്രമായി വെട്ടിക്കുറച്ചു. മൂന്നു ദിവസം കൂടുമ്പോൾ, എരിവുള്ള ഒരുതരം സൂപ്പും കൊടുക്കുമായിരുന്നു. വിരിച്ചു കിടക്കാൻ മെത്തയോ എന്തിന്, വൈക്കോൽ പോലുമില്ലാതെ വെറും കോൺക്രീറ്റ് തറയിൽ ആണ് അവർ കിടന്നുറങ്ങിയിരുന്നത്. ഇത് ആറാഴ്ച തുടർന്നു. അവരെല്ലാവരും പക്ഷേ ഇതിനെ അതിജീവിച്ചത് ക്യാമ്പിന്റെ അധികൃതരെ അത്ഭുതപ്പെടുത്തി.
രക്ഷപ്പെടൽ—പക്ഷേ എന്തിലേക്ക്?
അമ്മാവനെയും അമ്മായിയെയും രണ്ടാം വട്ടവും അറസ്റ്റുചെയ്തതോടെ, എത്രയും പെട്ടെന്ന് ഡാൻസിഗ് വിടുന്നതാണ് ബുദ്ധി എന്നെനിക്കു മനസ്സിലായി. കാരണം ഗെസ്റ്റപ്പോ എന്നെയും തിരഞ്ഞ് എത്തുമെന്ന് എനിക്കറിയാമായിരുന്നു. അമ്മാവൻ എനിക്കു കുറച്ചു തുക കടം തന്നിട്ടുണ്ടായിരുന്നു. അതുംകൊണ്ട്, ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തുള്ള ഹൾ ലക്ഷ്യമാക്കി പോകുന്ന ഒരു പോളീഷ് കപ്പലിൽ ഞാൻ കയറിപ്പറ്റി. കപ്പലിറങ്ങിയ എനിക്ക് അവിടെ മൂന്നു മാസം താമസിക്കുന്നതിനുള്ള അനുമതി കിട്ടി, സാധാരണഗതിയിൽ ഒരു വിദേശിക്ക് അനുവദിച്ചുകൊടുക്കുന്ന കാലയളവ്.
ഉടനടി, ഞാൻ ലണ്ടനിലെ 34 ക്രാവെൻ ടെറെസിലേക്കു പോയി. വാച്ച് ടവർ സൊസൈറ്റിയുടെ ഇംഗ്ലണ്ടിലെ ബ്രാഞ്ച് ഓഫീസിന്റെ മേൽവിലാസമായിരുന്നു അത്. അവിടെവെച്ച്, ഞാൻ അന്നത്തെ ബ്രാഞ്ച് മേൽവിചാരകനായിരുന്ന പ്രൈസ് ഹ്യൂസിനെ കണ്ടുമുട്ടി. ഇംഗ്ലണ്ടിന്റെ കിഴക്കൻ തീരത്തുള്ള ലിവർപൂളിൽ താമസിക്കുന്ന ഒരു ബന്ധുവായ സ്റ്റാൻലി റോജേഴ്സിന്റെ കൂടെ താമസിക്കാനുള്ള ക്രമീകരണങ്ങൾ അദ്ദേഹം എനിക്ക് ചെയ്തുതന്നു. സ്റ്റാൻലി എന്നോടു വളരെ ദയയോടെയാണ് ഇടപെട്ടത്.
1937-ലെ വസന്തകാലത്ത് യഹോവയോടുള്ള സമർപ്പണത്തിന്റെ പ്രതീകമായി ലിവർപൂളിൽവെച്ച് ഞാൻ സ്നാനപമേറ്റു. എന്നാലും, കടൽജീവിതത്തോടള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിരുന്നില്ല. അതുകൊണ്ട്, ഞാൻ ലിവർപൂൾ നാവിഗേഷൻ കോളെജിൽ ചേർന്നു. രണ്ടുമാസത്തിനുശേഷം, ഡെക്ക് ഓഫീസർ ആകുന്നതിനുള്ള ലൈസൻസ് എനിക്കു കിട്ടി. ഇതിനിടെ, ഇംഗ്ലണ്ടിൽ താമസിക്കുന്നതിന് എനിക്ക് അനുവദിച്ചുകിട്ടിയിരുന്ന സമയം തീർന്നുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട്, ലിവർപൂളിൽ ഉള്ള എന്റെ സുഹൃത്തുക്കൾ അവരുടെ പാർലമെന്റ് അംഗവുമായി ബന്ധപ്പെട്ടു. അങ്ങനെ, എനിക്കു മൂന്നു മാസം കൂടെ നീട്ടിക്കിട്ടി, കാര്യങ്ങളൊക്കെ ഒന്നു ശരിയാക്കുന്നതിന് അത്യാവശ്യം വേണ്ട സമയം.
പാഡൂവ എന്ന പായ്ക്കപ്പലിൽ എനിക്കുണ്ടായിരുന്ന അനുഭവപരിചയത്തിന്റെ പേരിൽ, നാവിഗേഷൻ കോളെജിലെ നാവികവിദ്യ പരിശീലകൻ എന്നിൽ പ്രത്യേക താത്പര്യമെടുത്തു. എന്റെ അവസ്ഥ മനസ്സിലാക്കിയ അദ്ദേഹം ബ്ലൂ ഫണൽ കപ്പൽക്കമ്പനിയെ സമീപിച്ചുനോക്കാൻ അഭിപ്രായപ്പെട്ടു. അവിടെവെച്ച്, ഞാൻ കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളായ ലോറൻസ് ഹോൾട്ടിനെ പരിചയപ്പെട്ടു. രണ്ടുവർഷങ്ങൾക്കു ശേഷം, ലിവർപൂളിൽ ആ കമ്പനിയുടെ കപ്പലുകളൊന്നിൽ ഞാൻ വീണ്ടും അദ്ദേഹത്തെ കണ്ടുമുട്ടിയപ്പോൾ, എനിക്ക് ചീഫ് ഡെക്ക് ഓഫീസറിന്റെ ലൈസൻസ് കിട്ടിയോ എന്നദ്ദേഹം ആരാഞ്ഞു. അതിന് എനിക്ക് കപ്പലിന്റെ ബ്രിഡ്ജിൽ (കപ്പിത്താൻ നിന്ന് ഉത്തരവുകൾ കൊടുക്കുന്ന ഇടുങ്ങിയ ‘പ്ലാറ്റ്ഫാറം’) രണ്ടാഴ്ചത്തെ പരിചയം കൂടി വേണം എന്നു ഞാൻ പറഞ്ഞു. അതുകൊണ്ട് അദ്ദേഹം എനിക്ക് ഈജിപ്റ്റിലെ സയിദ് തുറമുഖത്തേക്ക് പോകാനുള്ള ക്രമീകരണങ്ങൾ ചെയ്തുതന്നു.
1939 ജൂലൈ 7-ാം തീയതി ലിവർപൂളിൽ മടങ്ങിയെത്തുമ്പോൾ ചീഫ് ഡെക്ക് ഓഫീസറുടെ പരീക്ഷ കൂടെ എഴുതണമെന്ന് എനിക്കു പരിപാടിയുണ്ടായിരുന്നു. പക്ഷേ, അതു സാധിച്ചില്ല. കാരണം, അപ്പോഴേക്കും യുദ്ധം തുടങ്ങാറായിരുന്നു. എന്നെ ലണ്ടനിൽ ഉള്ള ഒരു കപ്പലിലേക്കു വിട്ടു. എന്നാൽ, ഗവൺമെന്റ് അധികൃതർ എന്നെ കണ്ടുപിടിച്ചപ്പോൾ, ഒരു കപ്പലിലും യാത്ര ചെയ്യാൻ പാടില്ലെന്ന് അവർ എനിക്ക് ഉടനടി വിലക്കേർപ്പെടുത്തി. തന്നെയുമല്ല ജർമൻകാരനായതിനാൽ, അവർക്കെന്നെ അപരിചിതനായ ഒരു ശത്രുവെന്ന നിലയിൽ ജയിലിൽ പിടിച്ചിടണം എന്നുമുണ്ടായിരുന്നു. എന്നാൽ, മി. ഹോൾട്ട് ഇടപെട്ടതുകൊണ്ട് അവർ എന്നെ ലിവർപൂളിൽ ഒരു തോട്ടക്കാരനായി പണിയെടുക്കാൻ വിട്ടു. പക്ഷേ, 1940 മേയിൽ എന്നെ അറസ്റ്റു ചെയ്തു. ജൂണിൽ, എട്രിക് എന്ന ആവിക്കപ്പലിൽ എന്നെ കാനഡയിലേക്ക് അയച്ചു.
കാനഡയിലേക്ക്
എട്രിക്കിൽ ഏതാണ്ട് 5,000 ജർമൻകാരുണ്ടായിരുന്നു. അതിൽ പകുതിപ്പേർ അഭയാർഥികളും ബാക്കിയുള്ളവർ യുദ്ധത്തടവുകാരുമായിരുന്നു. അഭയാർഥികളുടെ കൂട്ടത്തിൽ മുൻ ജർമൻ കൈസറുടെ (കൈസർ വില്യം) പൗത്രനായിരുന്ന കൗണ്ട് ഫൊൺ ലിങ്കെനും ഉണ്ടായിരുന്നു. ഞങ്ങളുടെ തപാൽ ഉരുപ്പടികളെല്ലാം പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. അതുകൊണ്ട്, ഇംഗ്ലണ്ടിലെ രാജമാതാവായ മേരി രാജ്ഞിക്ക്, “പ്രിയപ്പെട്ട മേരി അമ്മായിക്ക്” എന്ന സംബോധനയോടു കൂടിയ കത്ത് ഫൊൺ ലിങ്കെൻ എഴുതിയതുകണ്ടപ്പോൾ, രഹസ്യപ്പോലീസ് ഉദ്യോഗസ്ഥൻ അതിനെ ചോദ്യം ചെയ്തു. പക്ഷേ, ഫൊൺ ലിങ്കെൻ അങ്ങനെ സംബോധന ചെയ്തതിൽ യാതൊരു തെറ്റുമില്ലായിരുന്നു—ഇംഗ്ലണ്ടിലെയും ജർമനിയിലെയും രാജകുടുംബങ്ങൾ തമ്മിൽ അടുത്ത
ബന്ധമുണ്ടായിരുന്നു. യുദ്ധം എത്ര മൗഢ്യവും നിരർഥകവും ആണെന്ന് ഈ സംഭവം എന്നെ ഒന്നുകൂടി ബോധ്യപ്പെടുത്തി.നേരത്തെ പരാമർശിച്ച സ്റ്റാൻലി റോജേഴ്സ്, രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള കാലത്ത് കാനഡയിൽ ഒരു പിൽഗ്രം (യഹോവയുടെ സാക്ഷികളുടെ ഇടയിലെ സഞ്ചാരമേൽവിചാരകർ അന്ന് അറിയപ്പെട്ടിരുന്നത് ഈ പേരിലാണ്) ആയി സേവിച്ചിരുന്നു. അദ്ദേഹം കാനഡയിലെ സാക്ഷികളുമായി ബന്ധപ്പെട്ടു. തുടർന്ന് അവർ കത്തിലൂടെയും മറ്റും ഞങ്ങളുമായി ബന്ധം പുലർത്തി. അവരിൽനിന്നു ലഭിച്ച ആ കത്തുകളും പാഴ്സലുകളും ഞങ്ങളെ എന്തുമാത്രമാണ് സാന്ത്വനപ്പെടുത്തിയതെന്നോ! ഏതാണ്ട് രണ്ടരവർഷം എട്ടു തടങ്കൽപ്പാളയങ്ങളിലായി എനിക്കു കഴിയേണ്ടിവന്നു. മരം കൊണ്ടുള്ള മേശകളും ബെഞ്ചുകളും ഉണ്ടാക്കുകയായിരുന്നു അവിടത്തെ എന്റെ പ്രധാന പണി.
ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയും സ്വാതന്ത്ര്യവും!
രണ്ടാം ലോകമഹായുദ്ധം അവസാനിക്കാറായപ്പോൾ, എന്നെ ഇംഗ്ലണ്ടിലേക്ക് മടക്കി അയച്ചു, ഐൽ ഓഫ് മാനിലെ ഒരു തടങ്കൽപ്പാളയത്തിലേക്ക്. അവിടെ, വാച്ച് ടവർ സൊസൈറ്റിയുടെ ലണ്ടൻ ബ്രാഞ്ച് ഓഫീസിൽനിന്നുള്ള ജോൺ ബാർ—ഇപ്പോൾ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ അംഗമാണ്—എന്നെ സന്ദർശിച്ചു. ഏതാനും പ്രാദേശിക സാക്ഷികളും കൂടെയുണ്ടായിരുന്നു. 1944-ൽ എന്നെ വിട്ടയച്ചു. ഞാൻ സ്റ്റാൻലിയുടെ അടുത്തേക്ക് മടങ്ങിപ്പോയി. ഇതേസമയം, സ്റ്റാൻലി നിറ്റാ തോമസിനെ വിവാഹം ചെയ്ത് ബിർക്കിൻഹെഡിൽ (ലിവർപൂളിന് എതിരായി മെർസി നദീതീരത്ത് സ്ഥിതിചെയ്യുന്ന ഒരു തുറമുഖപട്ടണമാണിത്
) താമസമാക്കിയിരുന്നു. അവിടെവെച്ചാണ് ഞാൻ നിറ്റായുടെ അനുജത്തി ഒലീവിനെ കണ്ടുമുട്ടുന്നത്. പിറ്റേവർഷം ഞങ്ങൾ വിവാഹിതരായി.
അനുമതി കിട്ടിയപ്പോൾ, ഞാനും ഒലീവും കൂടെ എന്റെ അമ്മയെ കാണാൻ ജർമനിയിലേക്ക് തിരിച്ചു. ഒരിക്കൽ എനിക്കു സുപരിചിതമായിരുന്ന നഗരങ്ങൾ തകർന്നുതരിപ്പണമായിക്കിടക്കുന്ന കാഴ്ച എനിക്കു സഹിക്കാവുന്നതിനപ്പുറമായിരുന്നു. ലൈസിന്റെ ഹാംബർഗിലെ ഓഫീസിലേക്കു ഞങ്ങൾ പോയി. പാഡൂവയിൽ 1928-ലെയും 29-ലെയും എന്റെ അവസാനത്തെ രണ്ടു കപ്പൽയാത്രകളിലെ കപ്പിത്താനായിരുന്ന ക്യാപ്റ്റൻ പെനിങ്ങിനെ ഞാൻ അവിടെവെച്ച് കണ്ടുമുട്ടി. യുദ്ധ സമയത്ത് അദ്ദേഹം സജീവമായി സൈനികസേവനത്തിൽ ഏർപ്പെട്ടിരുന്നു. യുദ്ധത്തിൽ, തന്റെ രണ്ട് ആൺമക്കളെയും നഷ്ടപ്പെട്ട അദ്ദേഹം ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നെ വളരെയധികം ദുഃഖിപ്പിച്ചു.
ഞാൻ കാനഡയിൽ ആയിരുന്നപ്പോഴും ബ്ലൂ ഫണൽ കപ്പൽക്കമ്പനി എന്നിൽ താത്പര്യം എടുത്തിരുന്നു. ഞാൻ മടങ്ങിയെത്തിയപ്പോൾ അവർ സന്തോഷപൂർവം എന്നെ വീണ്ടും ജോലിക്ക് എടുത്തു. ഒടുവിൽ, 1947-ൽ എനിക്ക് ചീഫ് ഡെക്ക് ഓഫീസർ ആകാനായി. അതിന്റെ പിറ്റേ വർഷം, ഒലീവ് ഒരു മുഴുസമയ സുവിശേഷക ആയിത്തീർന്നു.
ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്തുന്നു
ഞാൻ വീണ്ടും കടലിലേക്കു മടങ്ങി. കപ്പൽയാത്രകൾക്കിടയിൽ, വിദൂര പൗരസ്ത്യ ദേശങ്ങളിൽ മിഷനറിമാരായി സേവിക്കുന്ന അനേകം സാക്ഷികളെ ഞാൻ കണ്ടുമുട്ടുകയുണ്ടായി. എന്നാൽ, 1947-ൽ ലണ്ടനിൽ വെച്ചുനടന്ന ഒരു കൺവെൻഷൻ എന്റെ മനസ്സിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. യഹോവയെ മുഴുസമയം സേവിക്കാനുള്ള തീരുമാനം എടുക്കാൻ ആ കൺവെൻഷൻ എന്നെ സഹായിച്ചു. ഈ തീരുമാനം എന്റെ തൊഴിലുടമകളെ വല്ലാതെ നിരാശപ്പെടുത്തി. എന്നാലും, 1952-ൽ അവർ എനിക്ക് അംശകാലാടിസ്ഥാനത്തിൽ ഓഫീസ് ജോലി നൽകി. അങ്ങനെ ഒലീവിനോടൊപ്പം മുഴുസമയ സുവിശേഷ ഘോഷണത്തിൽ ഏർപ്പെടാൻ എനിക്കു സാധിച്ചു. കടൽജീവിതം എന്നും എനിക്കൊരാവേശമായിരുന്നു. എന്നാൽ ഇപ്പോൾ ആ അഭിവാഞ്ഛയുടെ സ്ഥാനം അതിനെക്കാൾ തീവ്രമായ മറ്റൊന്നു കൈയടക്കിയിരിക്കുന്നു.
ഒന്നിച്ചുള്ള സുവിശേഷ ഘോഷണം ഞാനും ഒലീവും ഏറെ ആസ്വദിച്ചിരുന്നു. ധാരാളം ആളുകളെ ബൈബിൾ സത്യത്തിന്റെ സൂക്ഷ്മ പരിജ്ഞാനത്തിലേക്കു നയിക്കുന്നതിനുള്ള പദവി ഞങ്ങൾക്കു ലഭിച്ചിട്ടുണ്ട്. (2 കൊരിന്ത്യർ 3:2, 3) പിന്നിട്ട വർഷങ്ങളിൽ, ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിലും സർക്കിട്ട് സമ്മേളനങ്ങളിലും കൂടുതലായ പദവികൾ ആസ്വദിക്കുന്നതിനും എനിക്കു കഴിഞ്ഞിരിക്കുന്നു. ബിർക്കിൻഹെഡിന് അടുത്തുള്ള വിരാൽ ഉപദ്വീപിലെ സഭയിൽ ഒരു മൂപ്പനായി സേവിക്കുകയാണ് ഞാനിപ്പോൾ.
എന്റെ പ്രിയപ്പെട്ട ഒലീവ് 1997-ൽ മരണമടഞ്ഞു. പിന്തിരിഞ്ഞുനോക്കുമ്പോൾ, ജീവിതത്തിന്റെ ആദ്യ വർഷങ്ങളിൽ ആർത്തിരമ്പുന്ന കടലുകൾ എനിക്കു താണ്ടേണ്ടി വന്നിട്ടുണ്ട് എന്നു ഞാൻ തിരിച്ചറിയുന്നു. എന്നാൽ, കാലക്രമത്തിൽ യഹോവയുടെ മാർഗനിർദേശത്തിൻ കീഴിൽ, സ്നേഹമയിയായ എന്റെ ഭാര്യയോടൊപ്പം പ്രശാന്തമായ കടലിലൂടെ 50-ലധികം വർഷം യാത്ര ചെയ്യാൻ എനിക്കു സാധിച്ചിരിക്കുന്നു. അതായത്, ഏറ്റവും മഹത്തായ സേവനത്തിൽ, യഹോവയുടെ സേവനത്തിൽ ഏർപ്പെടാനുള്ള പദവി എനിക്കു ലഭിച്ചിരിക്കുന്നു.
[അടിക്കുറിപ്പ്]
a 1946-ൽ സോവിയറ്റ് യൂണിയന് കൈമാറിയ പാഡൂവയ്ക്ക് പിന്നീട് ക്രുസെൻഷ്റ്റേൺ എന്ന പേരു നൽകപ്പെട്ടു.
[18-ാം പേജിലെ ചിത്രം]]
മാതാപിതാക്കളോടൊപ്പം, 1914-ൽ
[18, 19 പേജുകളിലെ ചിത്രങ്ങൾ]
എന്റെ ജർമൻ ഡിസ്ചാർജ് ബുക്ക്. നാലു പായ്മരങ്ങൾ ഉള്ള “പാഡൂവ” എന്ന കപ്പലിൽ ഞാൻ നടത്തിയ യാത്രകളുടെ വിവരണവും ഇതിലുണ്ട്
[21-ാം പേജിലെ ചിത്രം]
ഭാര്യ ഒലീവിനോടൊപ്പം, 1974-ൽ ലണ്ടൻ കൺവെൻഷനിൽവെച്ച്