“വൈവിധ്യങ്ങളുടെ നാട്”—ഒരു നാടകീയ ചരിത്രം
“വൈവിധ്യങ്ങളുടെ നാട്”—ഒരു നാടകീയ ചരിത്രം
ബ്രസീലിലെ ഉണരുക!ലേഖകൻ
“വൈവിധ്യങ്ങളുടെ നാട്.” ബ്രസീലിന് തികച്ചും അനുയോജ്യമായ ഒരു പേരാണ് അത്. കാലാവസ്ഥയിൽ തന്നെ വൈവിധ്യം പ്രകടമാണ്. പ്രധാനമായും ഒരു ഉഷ്ണമേഖലാ രാജ്യമായ അതിന്റെ തെക്ക് ഉപോഷ്ണമേഖലാ കാലാവസ്ഥയും ആമസോൺ പ്രദേശത്ത് ഭൂമധ്യരേഖാമേഖലാ കാലാവസ്ഥയും ആണ് അനുഭവപ്പെടുന്നത്. ബ്രസീലിന്റെ ചരിത്രത്തിന്റെയും ഒരു മുഖമുദ്രയാണു വൈവിധ്യം. 85,11,999 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയും 7,400 കിലോമീറ്റർ കടൽത്തീരവും ഉള്ള ഈ വലിയ രാജ്യം വ്യത്യസ്തമായ അനേകം സംസ്കാരങ്ങളിൽ പെട്ട ആളുകളുടെ വാസസ്ഥലം ആയിരുന്നിട്ടുണ്ട്.
500 വർഷം മുമ്പ് പോർച്ചുഗീസുകാർ ബ്രസീലിൽ കാലുകുത്തിയപ്പോൾ ആദ്യംതന്നെ അവരുടെ ശ്രദ്ധയിൽപ്പെട്ട ഗുണങ്ങളിൽ ഒന്നായിരുന്നു ആതിഥ്യമര്യാദ. ബ്രസീലുകാർ പോർച്ചുഗീസ് സന്ദർശകരെ ആലിംഗനം ചെയ്യുകയും അവരോടു സ്വതന്ത്രമായി ഇടപഴകുകയും ചെയ്തതിനെ കുറിച്ചു വിവരിച്ചുകൊണ്ട് പേറോ വാസ് ഡി കാമിന്യ 1500-ൽ പോർച്ചുഗീസ് രാജാവായ മാനുവൽ ഒന്നാമന് എഴുതുകയുണ്ടായി. എന്നാൽ പോർച്ചുഗീസുകാർ എന്തിനാണ് ബ്രസീലിൽ എത്തിയത്?
1500 മാർച്ച് 9-ന് പെഡ്രോ അൽവാരിസ് കബ്രാൾ ഇന്ത്യയിലെ കോഴിക്കോട്ട് ഒരു വ്യാപാര കേന്ദ്രം സ്ഥാപിക്കാനായി പോർച്ചുഗലിൽനിന്ന് ഒരു കപ്പൽപ്പടയുമായി പുറപ്പെട്ടു. എന്നാൽ, തന്റെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിനു മുമ്പ് കബ്രാൾ ഇന്നത്തെ ഒരു ബ്രസീലിയൻ സംസ്ഥാനമായ ബഹിയയുടെ തീരത്ത് ഇറങ്ങി. 1500 ഏപ്രിൽ 23-ന് ആയിരുന്നു അത്.
പോർച്ചുഗീസുകാർക്കു ബ്രസീലിനെ കുറിച്ചു നേരത്തേതന്നെ അറിയാമായിരുന്നെന്നും അതുകൊണ്ട് കബ്രാൾ അവിടെ ഇറങ്ങിയത് യാദൃച്ഛികമായിട്ട് ആയിരുന്നില്ലെന്നും ചില ഗവേഷകർ പറയുന്നു. a സംഗതി എന്തുതന്നെ ആയിരുന്നാലും, ബ്രസീലിൽനിന്നു ലഭിക്കുമായിരുന്നത് കടുത്ത നീലാരുണവർണത്തിലുള്ള ചായത്തിനു പേരുകേട്ട ബ്രസീൽവുഡ് മാത്രമായിരുന്നെന്ന് തോന്നിച്ചു. ഇതിനു തീർച്ചയായും വ്യാപാര സാധ്യത ഉണ്ടായിരുന്നെങ്കിലും ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങൾക്കായിരുന്നു അതിലും മൂല്യം.
പോർച്ചുഗൽ, ബ്രസീലിനെ പത്തു വർഷത്തേക്ക് പോർച്ചുഗലിലെ ഫെർനാൻഡോ ഡെ നൊരോന്യയ്ക്ക് പാട്ടത്തിനു കൊടുത്തു. അദ്ദേഹം ബ്രസീൽവുഡ് ശേഖരിക്കുകയും പോർച്ചുഗീസ് രാജാവിനു നികുതി കൊടുക്കുകയും ചെയ്തു. എന്നാൽ മറ്റു യൂറോപ്യൻ രാജ്യങ്ങളും
പശ്ചിമാർധഗോളവുമായി വാണിജ്യ ബന്ധം സ്ഥാപിക്കാൻ ആഗ്രഹിച്ചു. ഫ്രഞ്ച്-ഇംഗ്ലീഷ്-സ്പാനീഷ് നാവികരുടെ വർധിച്ചുകൊണ്ടിരുന്ന നിയമവിരുദ്ധ വ്യാപാരം തടയാനുള്ള പ്രാപ്തി നൊരോന്യയ്ക്ക് ഇല്ലായിരുന്നു. ബ്രസീൽ തങ്ങൾക്കു നഷ്ടപ്പെട്ടേക്കുമോ എന്ന ഭയത്താൽ 1532-ൽ പോർച്ചുഗീസുകാർ അവിടെ കോളനികൾ സ്ഥാപിക്കാൻ തുടങ്ങി. പഞ്ചസാര ഉത്പാദനം ബ്രസീലിലെ ലാഭകരമായ ആദ്യത്തെ ബിസിനസ്സായിത്തീർന്നു.18-ാം നൂറ്റാണ്ടിൽ സ്വർണ ഖനനവും രത്ന ഖനനവും തഴച്ചുവളരുന്ന ബിസിനസ്സുകൾ ആയിത്തീർന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴേക്കും റബർപ്പാൽ ഉത്പാദനം ആമസോൺ മേഖലയിലെ പ്രധാനപ്പെട്ട ഒരു വരുമാനമാർഗം ആയിത്തീർന്നിരുന്നു. b പിന്നീട്, റെയിൽ പാതയുടെ നിർമാണത്തിനും സാന്റോസ്, റിയോ ഡി ജനീറോ എന്നീ തുറമുഖങ്ങളുടെ ആധുനികവത്കരണത്തിനും വേണ്ട വരുമാനം പ്രദാനം ചെയ്തുകൊണ്ട് കാപ്പിക്കൃഷി ബ്രസീലിന്റെ നഗരവത്കരണത്തിൽ ഒരു സുപ്രധാന പങ്കുവഹിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും, ലോകത്തിലെ കാപ്പിക്കുരു ഉത്പാദനത്തിന്റെ പകുതിയും ബ്രസീലിൽ ആയിരുന്നു. സാവൊ പൗലോ ആയിരുന്നു ബ്രസീലിലെ മുഖ്യ സാമ്പത്തിക കേന്ദ്രം.
ദുഃഖകരമെന്നു പറയട്ടെ, ബ്രസീലിന്റെ ചരിത്രത്തിൽ അടിമത്തത്തിനും ഒരു പങ്കുണ്ട്. ആദ്യമൊക്കെ, പോർച്ചുഗലിൽ നിന്നു കുടിയേറി പാർത്തവർ ബ്രസീൽവുഡ് വെട്ടാനും ചുമക്കാനും തദ്ദേശീയരായ റെഡ് ഇൻഡ്യക്കാരെ ഉപയോഗിച്ചു. പിന്നീട് അവരെ കരിമ്പിൻ തോട്ടങ്ങളിലെ പണിക്ക് ഉപയോഗിച്ചു. അവരിൽ അനേകരും യൂറോപ്പിൽനിന്നു കടന്നുവന്ന രോഗങ്ങൾ ബാധിച്ചു മരിച്ചുവെന്നതാണ് ദാരുണമായ വസ്തുത. അവർക്കു പകരം ജോലി ചെയ്യാൻ, പോർച്ചുഗീസുകാർ ആഫ്രിക്കയിൽനിന്ന് അടിമകളെ കൊണ്ടുവന്നു.
അങ്ങനെ പല വർഷങ്ങൾകൊണ്ട് ലക്ഷക്കണക്കിന് ആഫ്രിക്കക്കാരാണ് ബ്രസീലിൽ അടിമകളായി എത്തിയത്. അവരോടൊപ്പം അവരുടെ സംസ്കാരവും ജനിതക പാരമ്പര്യവും ബ്രസീലിൽ എത്തി. സാമ്പാ പോലുള്ള ജനസമ്മിതി ആർജിച്ച സംഗീതങ്ങളിലും കേപോയേറയിലും (ഒരു ആയോധന കലാരൂപം) കറുത്ത ബീൻസിനോടൊപ്പം പന്നിയിറച്ചിയും സോസിജും ഉണക്കമാംസവും ചേർത്ത് ഉണ്ടാക്കുന്ന ഫേഷൂവാഡൂ പോലുള്ള വിഭവങ്ങളിലും അവരുടെ സ്വാധീനം പ്രകടമാണ്. അവസാനം 1888-ൽ, ബ്രസീലിൽ അടിമത്തം നിർത്തലാക്കി. അങ്ങനെ ഏകദേശം 7,50,000 പേർക്കു സ്വാതന്ത്ര്യം ലഭിച്ചു. അവർ മിക്കവരും തോട്ടങ്ങളിൽ പണിചെയ്തിരുന്നവർ ആയിരുന്നു.
19-ാം നൂറ്റാണ്ടു മുതൽ കോടിക്കണക്കിനു വിദേശികൾ ബ്രസീലിലേക്കു കുടിയേറി. ഇറ്റലിക്കാരും ജപ്പാൻകാരും ജർമൻകാരും പോളണ്ടുകാരും സ്പെയിൻകാരും, സ്വിറ്റ്സർലൻഡുകാരും സിറിയൻ-ലബനീസ് വംശജരും അതിൽപ്പെടുന്നു. ജീവിക്കാൻ വളരെ നല്ല സ്ഥലമാണ് ബ്രസീൽ. സസ്യ-ജന്തുജാലങ്ങളാൽ ധന്യമാണ് ഈ രാജ്യം. ഇവിടെ പ്രകൃതി വിപത്തുകൾ പൊതുവേ വിരളമാണ്. യുദ്ധമോ ഭൂകമ്പങ്ങളോ അഗ്നിപർവത സ്ഫോടനങ്ങളോ ചുഴലിക്കാറ്റുകളോ കടലാക്രമണങ്ങളോ ഇവിടെ ഇല്ല. ആ സ്ഥിതിക്ക്, ഇവിടത്തെ വിഖ്യാതമായ ചില സ്ഥലങ്ങൾ സന്ദർശിച്ചുകൊണ്ട് ബ്രസീലിനെ ഒന്ന് അടുത്തു പരിചയപ്പെടരുതോ? 500 വർഷം മുമ്പ് പോർച്ചുഗീസുകാരെ ഹഠാദാകർഷിച്ച അതേ അതിഥിസത്കാരവും പ്രകൃതി സൗന്ദര്യവും നിങ്ങൾ ഇവിടെ ആസ്വദിക്കും.
[അടിക്കുറിപ്പുകൾ]
a 1494-ൽ പോർച്ചുഗീസുകാരും സ്പെയിൻകാരും ടോർഡസിലാസ് ഉടമ്പടിയിൽ ഒപ്പുവെച്ചു. അത് അനുസരിച്ച് അവർ ദക്ഷിണ അറ്റ്ലാന്റിക്കിന്റെ പടിഞ്ഞാറുള്ള പ്രദേശം ഭാഗം ചെയ്തു. അതുകൊണ്ട്, പോർച്ചുഗലിനു നേരത്തേതന്നെ നിയമിച്ചു കിട്ടിയിരുന്ന പ്രദേശം കൈവശമാക്കാനാണ് കബ്രാൾ യാത്ര തിരിച്ചതെന്നു ചിലർ പറയുന്നു.
b 1997 മേയ് 22 ലക്കം ഉണരുക!യുടെ 14-17 പേജുകൾ കാണുക.
[16, 17 പേജുകളിലെ ഭൂപടം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ആമസോൺ പ്രദേശം
ബഹിയ സംസ്ഥാനം
ബ്രസീലിയ
റിയോ ഡി ജനീറോ
സാവൊ പൗലോ
സാന്റോസ്
ഇഗ്വാസൂ വെള്ളച്ചാട്ടം
[ചിത്രങ്ങൾ]
1.പെഡ്രോ അൽവാരിസ് കബ്രാൾ
2.ടോർഡസിലാസ് ഉടമ്പടി, 1494
3.കാപ്പിക്കുരു ചുമന്നുകൊണ്ടുപോകുന്നവർ
4.ഇഗ്വാസൂ വെള്ളച്ചാട്ടം, ബ്രസീലിൽനിന്ന് കാണപ്പെടുന്നത് അനുസരിച്ച്
5.ഇപ്പിഷൂന ഇൻഡ്യൻ
[കടപ്പാട്]
Culver Pictures
Courtesy of Archivo General de Indias, Sevilla, Spain
From the book Brazil and the Brazilians, 1857
FOTO: MOURA
[18-ാം പേജിലെ ചിത്രം]
1.ബ്രസീലിൽ ധാരാളം പൂമകളുണ്ട്
2.ആമസോൺ കാടുകളിലെ ഓർക്കിഡുകൾ
3.ബഹിയയിലുള്ള സാൽവഡോറിലെ പരമ്പരാഗത വേഷം
4.മാക്കത്തത്ത
5. റിയോ ഡി ജനീറോയിലെ കോപകബാനാ ബീച്ച്. ബ്രസീലിന് 7,000-ത്തിലേറെ കിലോമീറ്റർ വരുന്ന മനോഹരമായ കടൽത്തീരമുണ്ട്
[കടപ്പാട്]
Courtesy São Paulo Zoo
[19-ാം പേജിലെ ചിത്രം]
ബ്രസീലിയ—1960 മുതൽ ബ്രസീലിന്റെ തലസ്ഥാനം
[19-ാം പേജിലെ ചിത്രം]
സാവൊ പൗലോ—ബ്രസീലിന്റെ സാമ്പത്തിക സിരാകേന്ദ്രം
[കടപ്പാട്]
FOTO: MOURA
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© 1996 Visual Language