മരണത്തിലേക്ക് ഒരു ചുവടുവെപ്പ്
മരണത്തിലേക്ക് ഒരു ചുവടുവെപ്പ്
“എനിക്കിപ്പോഴും രണ്ടു കാലുമുള്ളതായി ഞാൻ ചിലപ്പോഴൊക്കെ സ്വപ്നം കാണാറുണ്ട്. . . . വർഷങ്ങൾക്കു മുമ്പായിരുന്നു ആ സംഭവം. ഞാനന്നു കൊച്ചുകുട്ടിയായിരുന്നു. കൂട്ടുകാരുമൊത്ത് വീടിനടുത്തുള്ള ഒരു സ്ഥലത്തു കളിക്കാൻ പോയതാണ്. പെട്ടെന്നു ‘ഭും’ . . . എന്റെ വലത്തെ കാൽ ചിന്നിച്ചിതറി പോയി.”—സോങ് കൊസാൽ, 12, കംബോഡിയ.
കുഴിബോംബുകൾ പൊട്ടിത്തെറിച്ച് ഓരോ ദിവസവും ശരാശരി 70-തോളം പേർ കൊല്ലപ്പെടുകയോ അംഗഹീനരാക്കപ്പെടുകയോ ചെയ്യുന്നു. ഇരകളിൽ ഭൂരിപക്ഷവും സൈനികരല്ല മറിച്ച് സാധാരണ ജനങ്ങളാണ്. കാലിമേയ്ക്കുന്നവർ, വെള്ളമെടുക്കാൻ പോകുന്ന സ്ത്രീകൾ, കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾ തുടങ്ങിയവർ തന്നെ. ഉദാഹരണത്തിന്, കവർചിത്രത്തിൽ കാണുന്ന എട്ടു വയസ്സുകാരി റുക്കിയയ്ക്ക് കൈ നഷ്ടപ്പെട്ടത് ഒരു കുഴിബോംബു പൊട്ടിത്തെറിച്ചാണ്. അവളുടെ ആന്റിയും മൂന്നു സഹോദരന്മാരും ആ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.
ഒരു കുഴിബോംബു പാകി, 50 വർഷം കഴിഞ്ഞാലും അതിനു പ്രവർത്തനക്ഷമമായിരിക്കാൻ കഴിയും. “യുദ്ധ സമയത്തു കൊന്നൊടുക്കുന്നതിനെക്കാൾ കൂടുതൽ പേരെ യുദ്ധാനന്തരം കൊന്നൊടുക്കുന്ന ഏക ആയുധം” എന്നു ദ ഡിഫൻസ് മോണിറ്റർ അതിനെ വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ലോകമെമ്പാടുമായി എന്തുമാത്രം കുഴിബോംബുകൾ പാകിയിട്ടുണ്ടെന്ന് ആർക്കുമറിയില്ല. കുറഞ്ഞത് 6 കോടി എങ്കിലും ഉണ്ടെന്നു സൂചിപ്പിക്കുന്ന കണക്കുകൾ സാധാരണമായി കേൾക്കാറുണ്ട്. ധാരാളം കുഴിബോംബുകൾ നീക്കം ചെയ്യപ്പെടുന്നുണ്ട് എന്നതു ശരിതന്നെ. എന്നാൽ ഐക്യരാഷ്ട്ര സംഘടന ഈ അടുത്തകാലത്ത്, അതായത് 1997-ൽ റിപ്പോർട്ടു ചെയ്തത് ഇങ്ങനെയാണ്: “ഒരു കുഴിബോംബു നീക്കുമ്പോൾ പകരം 20 എണ്ണം പാകിയിരിക്കും. 1994-ൽ ഏകദേശം 1,00,000 കുഴിബോംബുകൾ നീക്കം ചെയ്യപ്പെടുകയുണ്ടായി. എന്നാൽ തത്സ്ഥാനത്തു വന്നതോ 20 ലക്ഷവും.”
ഇന്നത്തെ പല സൈനിക തലവന്മാരും ആക്രമണത്തിനു മിക്കപ്പോഴും കുഴിബോംബുതന്നെ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടാണ്? അവ വരുത്തിവെക്കുന്ന സാമ്പത്തിക, സാമൂഹിക നഷ്ടങ്ങൾ എന്തൊക്കെ? അതിജീവകരുടെ പിന്നീടുള്ള ജീവിതത്തെ അതെങ്ങനെയാണു ബാധിക്കുന്നത്? കുഴിബോംബുകളെ പേടിക്കാതെ നടക്കാൻ കഴിയുന്ന ഒരു കാലം നമുക്കു സ്വപ്നം കാണാൻ കഴിയുമോ?
[3-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© ICRC/David Higgs
Copyright Nic Dunlop/Panos Pictures