നിരാശയെ തരണം ചെയ്യാൻ കഴിയുന്ന വിധം
ബൈബിളിന്റെ വീക്ഷണം
നിരാശയെ തരണം ചെയ്യാൻ കഴിയുന്ന വിധം
കുറച്ചൊക്കെ നിരാശ തോന്നാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ ചിലരെ സംബന്ധിച്ചിടത്തോളം, ജീവിച്ചിരിക്കുന്നതിനെക്കാൾ ഭേദം മരിക്കുന്നതാണെന്നു തോന്നുന്ന ഘട്ടത്തോളം രൂക്ഷമായിത്തീരുന്നു നിരാശ.
ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർ പോലും നിരാശയ്ക്ക് ഇടയാക്കുന്ന പ്രശ്നങ്ങളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും ഒഴിവുള്ളവരല്ലെന്നു ബൈബിൾ പ്രകടമാക്കുന്നു. ദൃഷ്ടാന്തത്തിന്, ഏലീയാവിന്റെയും ഇയ്യോബിന്റെയും കാര്യം ചിന്തിക്കുക. ഇരുവരും ദൈവവുമായി ഒരു നല്ല ബന്ധം ആസ്വദിച്ചിരുന്നു. എന്നിട്ടും, ദുഷ്ടരാജ്ഞിയായ ഈസേബെലിന്റെ അടുത്തുനിന്നു പ്രാണരക്ഷാർഥം ഒളിച്ചോടിയ ശേഷം ഏലീയാവ് “മരിപ്പാൻ ഇച്ഛിച്ചു.” (1 രാജാക്കന്മാർ 19:1-4) നീതിമാനായ ഇയ്യോബിനാകട്ടെ അറപ്പുളവാക്കുന്ന രോഗവും തന്റെ പത്തു മക്കളുടെ മരണവും ഉൾപ്പെടെ ദുരന്തങ്ങളുടെ ഒരു പരമ്പരതന്നെ ഉണ്ടായി. (ഇയ്യോബ് 1:13-19; 2:7, 8) നിരാശ നിമിത്തം അവൻ ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ വേദനയെക്കാൾ മരണമാണു ഭേദം.” (ഇയ്യോബ് 7:15, ഓശാന ബൈബിൾ) വിശ്വസ്തരായ ഈ ദൈവദാസന്മാർക്കു കടുത്ത മനോവിഷമം അനുഭവപ്പെട്ടെന്നു വ്യക്തം.
ഇന്ന്, വേദനാജനകമായ വാർധക്യ പ്രശ്നങ്ങൾ, വിവാഹ പങ്കാളിയുടെ മരണം, കടുത്ത സാമ്പത്തിക വൈഷമ്യങ്ങൾ എന്നിവ ചിലരെ നിരാശരാക്കിയേക്കാം. ഇനിയും, നിരന്തര സമ്മർദം, വേദനാപൂർണമായ അനുഭവങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമകൾ, കുടുംബ പ്രശ്നങ്ങൾ എന്നിവ മറ്റു ചിലരിൽ നടുക്കടലിൽ അകപ്പെട്ടുപോയിരിക്കുന്നതു പോലെയുള്ള ഒരു തോന്നൽ ഉളവാക്കിയിരിക്കുന്നു. ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “താൻ വിലകെട്ടവനാണെന്ന്, താൻ മരിച്ചാലും ആർക്കും ഒരു നഷ്ടവുമില്ലെന്നും മറ്റും ഒരുവനു തോന്നുന്നു. ചിലപ്പോഴൊക്കെ താങ്ങാനാവാത്തത്ര ഏകാന്തത അനുഭവപ്പെടുന്നു.”
ചിലരുടെ കാര്യത്തിൽ സാഹചര്യം മെച്ചപ്പെട്ടേക്കാം. അങ്ങനെ കടുത്ത സമ്മർദത്തിന് അയവു വരുന്നു. എന്നാൽ സാഹചര്യം മെച്ചപ്പെടുന്നില്ലെങ്കിലോ? നിരാശയെ തരണം ചെയ്യാൻ ബൈബിളിനു നമ്മെ എങ്ങനെ സഹായിക്കാനാകും?
ബൈബിളിനു സഹായിക്കാനാകും
ഏലീയാവിനെയും ഇയ്യോബിനെയും അവരുടെ കഷ്ടപ്പാടുകളിൽ താങ്ങിനിറുത്താനുള്ള പ്രാപ്തിയും ശക്തിയും യഹോവയ്ക്കുണ്ടായിരുന്നു. (1 രാജാക്കന്മാർ 19:10-12; ഇയ്യോബ് 42:1-6) ആ തിരിച്ചറിവ് ഇന്നു നമുക്ക് എത്ര ആശ്വാസപ്രദമാണ്! ബൈബിൾ ഇങ്ങനെ പ്രസ്താവിക്കുന്നു: “ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏററവും അടുത്ത തുണയായിരിക്കുന്നു.” (സങ്കീർത്തനം 46:1; 55:22) നിരാശ നമ്മെ കീഴടക്കുന്നതായി നമുക്കു തോന്നിയേക്കാം, എങ്കിലും തന്റെ നീതിയുള്ള വലങ്കൈകൊണ്ട് നമ്മെ താങ്ങുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 41:10) ഈ സഹായം നമുക്ക് എങ്ങനെ പ്രയോജനപ്പെടുത്താനാകും?
പ്രാർഥനയിലൂടെ, “സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം [നമ്മുടെ] ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കു”മെന്നു ബൈബിൾ വിശദീകരിക്കുന്നു. (ഫിലിപ്പിയർ 4:6, 7) നമ്മുടെ പ്രശ്നത്തിൽനിന്നു കരകയറാൻ യാതൊരു മാർഗവുമില്ലെന്നു നൈരാശ്യം നിമിത്തം നമുക്കു തോന്നിയേക്കാം. എന്നാൽ നാം “പ്രാർത്ഥനയിൽ ഉററിരി”ക്കുന്നെങ്കിൽ, സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തി പ്രദാനം ചെയ്തുകൊണ്ട് നമ്മുടെ ഹൃദയത്തെയും മനസ്സിനെയും കാക്കാൻ യഹോവയ്ക്കു കഴിയും—റോമർ 12:13; യെശയ്യാവു 40:28-31; 2 കൊരിന്ത്യർ 1:3, 4; ഫിലിപ്പിയർ 4:13.
നമ്മുടെ ആവശ്യം വ്യക്തമായി എടുത്തു പറഞ്ഞു പ്രാർഥിക്കുന്നതു പ്രയോജനകരമാണ്. നമ്മുടെ മനസ്സിലുള്ളതു വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ബുദ്ധിമുട്ടു തോന്നിയാൽ പോലും, ഉൾപ്പെട്ടിരിക്കുന്ന പ്രശ്നത്തെ കുറിച്ചു നമുക്ക് എന്തു തോന്നുന്നുവെന്നും പ്രശ്നത്തിന്റെ മൂലകാരണമായി നാം കരുതുന്നത് എന്താണെന്നും യഹോവയോടു പറയാൻ നമുക്കു സ്വാതന്ത്ര്യം തോന്നണം. ഓരോ ദിവസവും സഹിച്ചുനിൽക്കാനുള്ള ശക്തിക്കായി നാം അവനോടു യാചിക്കണം. നമുക്ക് ഈ ഉറപ്പുണ്ട്: “തന്റെ ഭക്തന്മാരുടെ ആഗ്രഹം [യഹോവ] സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.”—സങ്കീർത്തനം 145:19.
പ്രാർഥിക്കുന്നതിനു പുറമേ, ഒറ്റപ്പെടാതിരിക്കാൻ നാം ശ്രദ്ധിക്കുകയും വേണം. (സദൃശവാക്യങ്ങൾ 18:1) തങ്ങളുടെ ഊർജവും സമയവും മറ്റുള്ളവരെ സഹായിക്കാൻ ഉപയോഗിച്ചുകൊണ്ട് ചിലർ ശക്തി ആർജിച്ചിരിക്കുന്നു. (സദൃശവാക്യങ്ങൾ 19:17; ലൂക്കൊസ് 6:38) മരിയയുടെ a ദൃഷ്ടാന്തം പരിചിന്തിക്കുക. അവൾ ഒരു കാൻസർ രോഗിയാണെന്നു മാത്രമല്ല ഒറ്റ വർഷം കൊണ്ട് അവൾക്ക് എട്ടു കുടുംബാംഗങ്ങളെ നഷ്ടമാകുകയും ചെയ്തു. കിടക്കയിൽ നിന്ന് എഴുന്നേറ്റ് ദിനചര്യകളിൽ ഏർപ്പെടാൻ മരിയ വളരെ ശ്രമം ചെയ്യേണ്ടിയിരുന്നു. അവൾ മിക്കവാറും എല്ലാ ദിവസവും പുറത്തുപോയി മറ്റുള്ളവരെ ബൈബിൾ പഠിപ്പിച്ചു. കൂടാതെ ക്രിസ്തീയ യോഗങ്ങൾക്കും പതിവായി ഹാജരായിരുന്നു. എന്നിരുന്നാലും വീട്ടിൽ മടങ്ങി വരുമ്പോൾ മരിയയ്ക്കു വീണ്ടും കടുത്ത നിരാശ അനുഭവപ്പെടുമായിരുന്നു. എന്നാൽ, മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ഇപ്പോൾ മരിയയ്ക്കു സഹിച്ചുനിൽക്കാൻ സാധിക്കുന്നു.
എന്നാൽ, പ്രാർഥിക്കാനോ ഒറ്റപ്പെട്ടുപോകുന്നത് ഒഴിവാക്കാനോ നമുക്കു ബുദ്ധിമുട്ട് അനുഭവപ്പെടുന്നെങ്കിലോ? അപ്പോൾ നാം മറ്റുള്ളവരുടെ സഹായം തേടണം. “സഭയിലെ മൂപ്പന്മാ”രിലേക്കു തിരിയാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (യാക്കോബ് 5:13-16) ദീർഘകാലമായി കടുത്ത വിഷാദരോഗത്തെ നേരിടാൻ ശ്രമിക്കുന്ന ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു വിശ്വാസമുള്ള ഒരുവനോടു സംസാരിക്കുന്നതു ചില അവസരങ്ങളിൽ മനസ്സിന് അയവും ശാന്തതയും കിട്ടാനും തദ്വാരാ യുക്തിസഹമായി ചിന്തിക്കാനും സഹായിക്കുന്നു.” (സദൃശവാക്യങ്ങൾ 17:17) ദീർഘകാലമായുള്ള കടുത്ത നിരാശ വൈദ്യസഹായം ആവശ്യമുള്ള ഒരു പ്രശ്നമാണെന്നു തോന്നുന്നെങ്കിൽ ഉചിതമായ ചികിത്സ തേടേണ്ടത് ആവശ്യമായിരുന്നേക്കാം. b—മത്തായി 9:12.
അനായാസ പോംവഴികൾ ഒന്നും ലഭ്യമല്ലെങ്കിലും, പ്രശ്നങ്ങൾ തരണംചെയ്യുന്നതിനു നമ്മെ സഹായിക്കാൻ ദൈവത്തിനുള്ള പ്രാപ്തിയെ നാം ഒരിക്കലും താഴ്ത്തിമതിക്കരുത്. (2 കൊരിന്ത്യർ 4:8, NW) പ്രാർഥനയിൽ ഉറ്റിരിക്കുന്നതും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുന്നതും വിദഗ്ധ സഹായം തേടുന്നതും സ്ഥിരത വീണ്ടെടുക്കാൻ നമ്മെ സഹായിക്കും. കടുത്ത നിരാശയുടെ മൂല കാരണങ്ങൾക്കു ദൈവം പൂർണമായി അറുതി വരുത്തുമെന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. നൈരാശ്യം പോലുള്ള ‘മുൻകാര്യങ്ങൾ ആരും ഓർക്കുകയില്ലാത്ത’ ദിനത്തിനായി കാത്തിരിക്കവെ, ദൈവത്തിൽ ആശ്രയിക്കാൻ ക്രിസ്ത്യാനികൾ ദൃഢനിശ്ചയമുള്ളവരാണ്.—യെശയ്യാവു 65:17; വെളിപ്പാടു 21:5.
[അടിക്കുറിപ്പുകൾ]
a പേര് യഥാർഥമല്ല.
b ഉണരുക! ഏതെങ്കിലും ഒരു പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല. തങ്ങൾ സ്വീകരിക്കുന്ന ഏതൊരു ചികിത്സയും ബൈബിൾ തത്ത്വങ്ങൾക്കു വിരുദ്ധമല്ലെന്നു ക്രിസ്ത്യാനികൾ ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് 1988 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 25-9 പേജുകൾ കാണുക.