കുഴിബോംബു വിമുക്തമായ ഒരു ഭൂമി
കുഴിബോംബു വിമുക്തമായ ഒരു ഭൂമി
കുഴിബോംബുകൾ ഉയർത്തുന്ന പ്രശ്നം പരിഹരിക്കാൻ ആർക്കാണു കഴിയുക? നാം കണ്ടുകഴിഞ്ഞതു പോലെ രൂഢമൂലമായ മുൻവിധി, അസഹിഷ്ണുത, വിദ്വേഷം, അത്യാഗ്രഹം എന്നിവ വേരോടെ പിഴുതുമാറ്റാൻ മനുഷ്യനെക്കൊണ്ടാവില്ല. എന്നിരുന്നാലും നിലനിൽക്കുന്ന ഒരു പരിഹാരം കൊണ്ടുവരാൻ നമ്മുടെ സ്രഷ്ടാവിനു കഴിയും എന്നു ബൈബിൾ പഠിക്കുന്നവർ മനസ്സിലാക്കുന്നു. എന്നാൽ അവൻ അത് എങ്ങനെയാണു ചെയ്യുക?
സമാധാനം കളിയാടുന്ന ഒരു സമൂഹം കെട്ടിപ്പടുക്കൽ
യുദ്ധം ചെയ്യുന്നതു മനുഷ്യരാണ്, ആയുധങ്ങളല്ല. അതുകൊണ്ടു സമാധാനം കളിയാടണമെങ്കിൽ മനുഷ്യവർഗത്തെ വംശങ്ങളും ഗോത്രങ്ങളും രാഷ്ട്രങ്ങളുമായി വിഭജിച്ചിരിക്കുന്ന വിദ്വേഷം തുടച്ചുനീക്കപ്പെടേണ്ടതുണ്ട്. ദൈവം തന്റെ രാജ്യം മുഖാന്തരം അതു ചെയ്യുമെന്നു വാഗ്ദാനം ചെയ്യുന്നു. ഇന്ന് ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിനാളുകൾ ആ രാജ്യം വരുന്നതിനു വേണ്ടി പ്രാർഥിക്കുന്നുണ്ട്.—മത്തായി 6:9, 10.
ബൈബിൾ യഹോവയെ “സമാധാനം നൽകുന്ന ദൈവം” എന്നു വിളിക്കുന്നു. (റോമർ 15:33, NW) ദൈവം നൽകുന്ന സമാധാനം ഏതെങ്കിലും ഉടമ്പടികളിലോ നിരോധനങ്ങളിലോ അല്ലെങ്കിൽ സുസജ്ജമായ ഒരു ശത്രുരാഷ്ട്രം തിരിച്ചടിക്കുമെന്ന ഭയത്തിലോ അടിസ്ഥാനപ്പെട്ടതല്ല. മറിച്ച്, ആളുകളുടെ ചിന്താരീതിയിലും സഹമനുഷ്യരോടുള്ള മനോഭാവത്തിലുമുള്ള ഒരു മാറ്റമാണ് അതിൽ ഉൾപ്പെട്ടിരിക്കുന്നത്.
സൗമ്യതയുള്ളവരെ യഹോവ തന്റെ സമാധാന വഴികൾ അഭ്യസിപ്പിക്കും. (സങ്കീർത്തനം 25:9) ജീവിച്ചിരിക്കുന്നവർ ‘എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകുന്ന, അവരുടെ മക്കളുടെ സമാധാനം വലുതായിരിക്കുന്ന’ ഒരു സമയം വരുമെന്ന് അവന്റെ വചനമായ ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 54:13, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാന്തരം) ഒരളവുവരെ ഇത് ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്. തികച്ചും ഭിന്ന പശ്ചാത്തലങ്ങളിൽനിന്ന് ഉള്ളവരുടെ ഇടയിൽപ്പോലും സമാധാനം ഉന്നമിപ്പിക്കുന്നവരെന്ന നിലയിൽ ലോകവ്യാപകമായി യഹോവയുടെ സാക്ഷികൾ അറിയപ്പെടുന്നു. ബൈബിളിന്റെ ഉന്നത തത്ത്വങ്ങൾ പഠിക്കുമ്പോൾ, ആളുകളെ ഭിന്നിപ്പിക്കുന്ന ഘടകങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഐക്യത്തിൽ കഴിയാൻ വ്യക്തികൾ കഠിനശ്രമം ചെയ്യുന്നു. ബൈബിൾ വിദ്യാഭ്യാസം അവരുടെ മനോഭാവത്തിനു സമൂല മാറ്റം വരുത്തുന്നു. അതേ, വിദ്വേഷത്തിൽ നിന്നു സ്നേഹത്തിലേക്കുള്ള ഒരു മാറ്റം.—യോഹന്നാൻ 13:34, 35; 1 കൊരിന്ത്യർ 13:4-8.
എന്നാൽ ആയുധനിർമാർജനത്തിന് ഈ വിദ്യാഭ്യാസം മാത്രം മതിയാകുന്നില്ല. ആഗോള സഹകരണവും അതിന് അത്യാവശ്യമായ ഒരു ഘടകമാണ് എന്നതു പണ്ടു മുതൽക്കേ അറിവുള്ളതാണ്. ഉദാഹരണത്തിന്, കുഴിബോംബു ഭീഷണി ഉണ്ടാകുന്നതു തടയുന്നതിനും ഉള്ള ഭീഷണി ഇല്ലാതാക്കുന്നതിനും വേണ്ടി സാർവദേശീയസമുദായം ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നു റെഡ്ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റി ശുപാർശ ചെയ്യുന്നു.
എന്നാൽ അതിനെക്കാളും വളരെയധികം ചെയ്യുമെന്നു യഹോവ വാഗ്ദാനം ചെയ്യുന്നു. പ്രവാചകനായ ദാനീയേൽ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; . . . അതു [ഇപ്പോൾ നിലവിലുള്ള] ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
മനുഷ്യനു ചെയ്യാൻ സാധിക്കാത്തതു ദൈവരാജ്യം സാധിക്കും. ഉദാഹരണത്തിന്, സങ്കീർത്തനം 46:9-ൽ ഈ പ്രാവചനിക വാക്കുകൾ കാണാം: “അവൻ [യഹോവ] ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു; അവൻ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.” മനുഷ്യർക്കു തങ്ങളുടെ സ്രഷ്ടാവുമായും സഹമനുഷ്യരുമായും യഥാർഥത്തിൽ സമാധാനം ആസ്വദിക്കാൻ കഴിയുന്ന ഒരു ചുറ്റുപാടായിരിക്കും ദൈവരാജ്യത്തിൻ കീഴിൽ ഉണ്ടായിരിക്കുക.—യെശയ്യാവു 2:4; സെഫന്യാവു 3:9; വെളിപ്പാടു 21:3-5; 22:2.
കഴിഞ്ഞ ലേഖനത്തിന്റെ മുഖവുരയിൽ പരാമർശിച്ച ഔഗൂസ്റ്റൂ ബൈബിളിന്റെ ഈ സന്ദേശത്തിൽ സാന്ത്വനം കണ്ടെത്തുന്നു. ബൈബിളിന്റെ അത്ഭുതകരമായ വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കാൻ യഹോവയുടെ സാക്ഷികളായ അവന്റെ മാതാപിതാക്കൾ അവനെ സഹായിക്കുന്നു. (മർക്കൊസ് 3:1-5) തന്നെ വികലാംഗനാക്കിയ ആ കുഴിബോംബു സ്ഫോടനത്തിന്റെ വേദനാജനകമായ ഫലങ്ങൾ സഹിക്കുകയല്ലാതെ അവനു വേറെ നിവൃത്തിയൊന്നുമില്ല എന്നതു ശരിതന്നെ. എന്നിരുന്നാലും പറുദീസ ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ വാഗ്ദാനം യാഥാർഥ്യമായിത്തീരുന്ന ദിവസത്തിനായി ഔഗൂസ്റ്റൂ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. “അന്നു” യെശയ്യാ പ്രവാചകൻ മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ, “കുരുടന്മാരുടെ കണ്ണു തുറന്നുവരും; . . . മുടന്തൻ മാനിനെപ്പോലെ ചാടും.”—യെശയ്യാവു 35:5, 6.
വരാൻപോകുന്ന ആ പറുദീസയിൽ കുഴിബോംബുകൾ യാതൊരു ഭീഷണിയും ഉയർത്തുകയില്ല. മനുഷ്യർക്കു ഭൂമിയിലെവിടെയും സുരക്ഷിതമായി വസിക്കാൻ കഴിയും. പ്രവാചകനായ മീഖാ ആ അവസ്ഥ വർണിക്കുന്നത് ഇപ്രകാരമാണ്: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.”—മീഖാ 4:4.
തന്റെ വചനമായ ബൈബിളിൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ വാഗ്ദാനങ്ങളെ കുറിച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടുകയോ ഈ മാസികയുടെ 5-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിൽ എഴുതുകയോ ചെയ്യുക.
[8, 9 പേജുകളിലെ ചിത്രം] ]
ദൈവരാജ്യത്തിൻ കീഴിൽ കുഴിബോംബു ഭീഷണി ഉണ്ടായിരിക്കുകയില്ല