ഒരു പക്ഷിക്ക് ഒരു തടവുകാരനെ എന്താണു പഠിപ്പിക്കാൻ കഴിയുക?
ഒരു പക്ഷിക്ക് ഒരു തടവുകാരനെ എന്താണു പഠിപ്പിക്കാൻ കഴിയുക?
ദക്ഷിണാഫ്രിക്കയിലെ ഉണരുക! ലേഖകൻ
പോൾസ്മോർ ജയിലിലെ അന്തേവാസികളുടെ മനസ്സു മൃദുവാക്കുന്നതിൽ പക്ഷികൾ ഒരു പങ്കുവഹിക്കുന്നുണ്ടെന്നു ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ പ്രസിദ്ധീകരിക്കുന്ന സൺഡേ ട്രിബ്യൂൺ റിപ്പോർട്ടുചെയ്യുന്നു. സ്വന്തം തടവറയിൽവെച്ചു പക്ഷിക്കുഞ്ഞുങ്ങളെ—കോക്കടിയെലുകളെയോ ലവ്ബേർഡ്സിനെയോ—വളർത്തിവലുതാക്കുന്ന ഒരു പരിപാടിയിൽ ഇപ്പോൾ 14 കുറ്റവാളികൾ പങ്കെടുക്കുന്നുണ്ട്.
ഈ പരിപാടി എങ്ങനെയാണു നടപ്പാക്കപ്പെടുന്നത്? ഓരോ അന്തേവാസിക്കും അവരുടെ തടവറയ്ക്കുള്ളിൽ ഒരു താത്കാലിക ഇൻക്യുബേറ്റർ കൊടുക്കുന്നു. ഒപ്പം, മുട്ട വിരിഞ്ഞു പുറത്തിറങ്ങിയിട്ട് അധികമാകാത്ത ഒരു പക്ഷിക്കുഞ്ഞിനെയും. തികച്ചും നിസ്സഹായാവസ്ഥയിൽ ആയിരിക്കുന്ന ഈ ജീവിക്ക് ഒന്നോ രണ്ടോ മണിക്കൂർ ഇടവിട്ട് അവർ കൈകൊണ്ട് ആഹാരം നൽകണം. രാവും പകലും നീളുന്ന ഈ ശുശ്രൂഷ അഞ്ച് ആഴ്ചക്കാലത്തേക്കാണ്. അതിനുശേഷം തടവറയ്ക്കുള്ളിൽത്തന്നെ, ഈ പക്ഷിയെ ഒരു കൂട്ടിൽ ഇടും. വലുതാകുമ്പോൾ അതിനെ പൊതുജനങ്ങൾക്കു വിൽക്കും. ചില അന്തേവാസികൾ പക്ഷികളുമായി വളരെ അടുപ്പത്തിലാകുന്നതുകൊണ്ട് അവയെ പിരിയേണ്ടിവരുമ്പോൾ അവർ പൊട്ടിക്കരയുന്നു.
ശിലാഹൃദയരായ ചില കുറ്റവാളികൾ പോലും നിത്യേന പക്ഷികളോടു സംസാരിക്കാനും അവയെ പരിപാലിക്കാനും തുടങ്ങിയതുമുതൽ ശ്രദ്ധേയമായ വിധത്തിൽ ആർദ്രതയും മൃദുലതയും ഉള്ളവരായിത്തീർന്നിരിക്കുന്നു. ഒരു അന്തേവാസി ഇങ്ങനെ പറഞ്ഞു: “ഞാൻ പക്ഷികളെ ഇണക്കിയെടുക്കുന്നു, അവ തിരിച്ച് എന്നെയും.” പക്ഷികൾ ക്ഷമയും ആത്മനിയന്ത്രണവും തന്നെ പഠിപ്പിച്ചു എന്നാണു മറ്റൊരാളുടെ അഭിപ്രായം. മോഷണക്കുറ്റക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന ഒരാൾ പറയുന്നത്, ഒരു മാതാവോ പിതാവോ ആയിരിക്കുക എന്നത് “വലിയ ഒരു ഉത്തരവാദിത്വമാണ്” എന്നു താൻ തിരിച്ചറിഞ്ഞത് ഒരു പക്ഷിയെ പരിപാലിക്കാൻ തുടങ്ങിയപ്പോഴാണ് എന്നാണ്. കുട്ടികളോടൊപ്പം ആയിരുന്ന കാലത്ത് അവരെ ഇതുപോലെ നോക്കിയില്ലല്ലോ എന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വിഷമം.
പക്ഷികളെ ഇങ്ങനെ വളർത്തുന്നതുകൊണ്ടു തടവുകാർക്കു മറ്റൊരു ഗുണം കൂടിയുണ്ട്. “തടവിൽ ആയിരിക്കുമ്പോൾ നേടിയെടുക്കുന്ന ഈ തൊഴിൽ വൈദഗ്ധ്യം, വെളിയിൽ വരുമ്പോൾ ഒരു മൃഗഡോക്ടറുടെയോ പക്ഷിവളർത്തലുകാരന്റെയോ അടുത്ത് ഒരു ജോലി കണ്ടെത്താൻ അവരെ സഹായിക്കും” എന്ന് ഈ പരിപാടിയുടെ സൂത്രധാരനായ വികസ് ഗ്രെസ്സെ പറയുന്നു.