യൂറോപ്പ് യഥാർഥത്തിൽ ഏകീകരിക്കപ്പെടുമോ?
യൂറോപ്പ് യഥാർഥത്തിൽ ഏകീകരിക്കപ്പെടുമോ?
യൂറോപ്പിന്റെ ഏകീകരണത്തിനുള്ള ശ്രമങ്ങൾ തകൃതിയായി നടക്കുന്നുണ്ട് എന്നു വിശ്വസിക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടുണ്ടെങ്കിൽ ഏതാനും യൂറോപ്യൻ രാജ്യങ്ങളുടെ അതിർത്തി കടന്നു സഞ്ചരിക്കുകയേ വേണ്ടൂ, നിങ്ങൾക്കതു ബോധ്യമാകും. യൂറോപ്യൻ യൂണിയനുള്ളിൽ (EU) ആളുകൾക്ക് ഇപ്പോൾ സ്വതന്ത്രമായി സഞ്ചരിക്കാം. യാത്രക്കാർക്ക് അതിർത്തിയിൽ കാത്തുകെട്ടിക്കിടക്കേണ്ടി വരുന്നില്ല എന്നുതന്നെ പറയാം. എന്നാൽ അവർ മാത്രമല്ല അതിന്റെ പ്രയോജനങ്ങൾ അനുഭവിക്കുന്നത്. ഇപ്പോൾ യൂറോപ്യൻ യൂണിയന്റെ അംഗ രാജ്യങ്ങളിലെ പൗരന്മാർക്ക് അതിനുള്ളിൽ എവിടെയും വിദ്യാഭ്യാസം ചെയ്യാനും ജോലി ചെയ്യാനും ബിസിനസ്സ് തുടങ്ങാനും സാധിക്കും. അതു ഫലത്തിൽ യൂണിയനിലെ ദരിദ്ര മേഖലകളെ സാമ്പത്തിക പുരോഗതിയിലേക്കു നയിച്ചിരിക്കുന്നു.
അതിർത്തികൾ മുറിച്ചുകടന്നു സഞ്ചരിക്കുന്നത് എളുപ്പമായി എന്നതു വലിയൊരു മാറ്റം തന്നെയാണ്. എങ്കിലും യൂറോപ്പ് ഏകീകൃതമായെന്നും ഇനിയും തടസ്സങ്ങളൊന്നുമില്ല എന്നും നാം നിഗമനം ചെയ്യണമോ? പ്രശ്നങ്ങൾ മുന്നിലുണ്ട് എന്നതാണു വസ്തുത. അവയിൽ ചിലതാകട്ടെ തികച്ചും ഭയാനകവും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമുമ്പ് ഏകീകരണത്തിനായി ഇതുവരെ നടത്തിയ മുന്നേറ്റങ്ങളിൽ ഒന്നിനെക്കുറിച്ചു നമുക്കു പരിചിന്തിക്കാം. ആളുകൾ ലോക ഐക്യത്തെക്കുറിച്ച് ഇത്രയധികം പ്രതീക്ഷ വെച്ചുപുലർത്തുന്നതിന്റെ കാരണം നന്നായി മനസ്സിലാക്കാൻ അതു നമ്മെ സഹായിച്ചേക്കാം.
പണപരമായ ഏകീകരണത്തിലേക്കുള്ള പടികൾ
അതിർത്തികളുമായി ബന്ധപ്പെട്ട ചെലവുകൾ സാധാരണഗതിയിൽ അതിഭീമമാണ്. യൂറോപ്യൻ യൂണിയനിലെ 15 അംഗരാഷ്ട്രങ്ങൾക്കുതന്നെ ഓരോ വർഷവും കസ്റ്റംസ് തീരുവയിനത്തിൽ പരസ്പരം കൊടുക്കേണ്ടിവന്നിരുന്നത് 1,200 കോടി യൂറോയാണ്. എന്നാൽ നിസ്സംശയമായും, യൂറോപ്പിന്റെ അതിർത്തികളിലെ ഈ പുതിയ സ്ഥിതിവിശേഷം സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുന്നതിന് ഉതകിയിരിക്കുന്നു. ഒരു പൊതു കമ്പോളത്തിനുള്ളിൽ, ഓരോ രാജ്യത്തുകൂടെയും സ്വതന്ത്രമായി പോകുകയും വരികയും ചെയ്യുന്ന യൂറോപ്യൻ യൂണിയനിലെ 37 കോടി ആളുകളെ കുറിച്ചു ചിന്തിക്കുമ്പോൾ, സാമ്പത്തിക മുന്നേറ്റം ശ്രദ്ധേയമായിരിക്കുമെന്നതു വ്യക്തമാണ്. അത്തരമൊരു പുരോഗതിക്കു കാരണമാക്കിയത് എന്താണ്?
യൂറോപ്യൻ യൂണിയൻ ഉടമ്പടി അഥവാ, മാസ്ട്രിക്റ്റ് ഉടമ്പടിയിൽ ഒപ്പുവെച്ചുകൊണ്ട് 1992 ഫെബ്രുവരിയിൽ ഗവൺമെന്റ് നേതാക്കൾ ഏകീകരണത്തിലേക്കുള്ള പാതയിൽ വലിയൊരു ചുവടുവെപ്പു നടത്തി. ആ
ഉടമ്പടിയാണ് പിന്നീട് യൂറോപ്പിനുള്ളിൽ ഒരു ഏകീകൃത കമ്പോളത്തിനും ഒരു കേന്ദ്ര ബാങ്കിനും ഒരു പൊതു കറൻസിക്കും ഉള്ള അടിസ്ഥാനമായത്. എങ്കിലും, മറ്റൊരു കടമ്പ കടക്കേണ്ടതുണ്ടായിരുന്നു: നാണയ വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ ഇല്ലാതാക്കുക. കാരണം, നാണയ വിനിമയ നിരക്കിലെ വ്യത്യാസം നിമിത്തം, ഒരു ദിവസം ലാഭകരമായിരുന്ന ബിസിനസ് അടുത്ത ദിവസം നഷ്ടമായിരുന്നേക്കാം.യൂറോപ്യൻ മോണിറ്ററി യൂണിയനു രൂപംകൊടുക്കുകയും (EMU) പൊതു കറൻസിയായി യൂറോ പ്രാബല്യത്തിൽ കൊണ്ടുവരുകയും ചെയ്തുകൊണ്ട് ഏകീകരണത്തിലേക്കുള്ള പാതയിലെ ഈ കടമ്പ മറികടന്നു. വിനിമയ വിലകൾ ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു എന്നു മാത്രമല്ല, വിനിമയ നിരക്കിലെ വ്യത്യാസങ്ങൾ നിമിത്തം ബിസിനസ്സിൽ നഷ്ടം ഉണ്ടാകുമെന്നു പേടിക്കേണ്ടതുമില്ല. ഇത് ബിസിനസ്സിനോടു ബന്ധപ്പെട്ട ചെലവുകൾ കുറയുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഉള്ള വാണിജ്യം വർധിക്കുന്നതിനും ഇടയാക്കിയിരിക്കുന്നു. അത് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആളുകളുടെ പക്കൽ ഇഷ്ടംപോലെ പണം വന്നുചേരുന്നതിനും ഇടയാക്കിയേക്കാം. അത് തീർച്ചയായും എല്ലാവർക്കും പ്രയോജനകരം ആയിരിക്കുമല്ലോ.
ഒരു പൊതു നാണയം സ്വീകരിക്കുന്നതിലേക്കു വഴിതെളിച്ച മറ്റൊരു സുപ്രധാന ഘടകം 1998-ൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് നിലവിൽ വന്നു എന്നതായിരുന്നു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ സ്ഥിതിചെയ്യുന്ന ഈ സ്വാശ്രയ ബാങ്കാണ് അതിലെ അംഗങ്ങളായ ഗവൺമെന്റുകളുടെമേൽ പണപരമായ അധീശത്വം പുലർത്തുന്നത്. യൂറോസോൺ എന്നു വിളിക്കപ്പെടുന്ന 11 അംഗരാജ്യങ്ങളിൽ a പണപ്പെരുപ്പം കുറച്ചു നിറുത്താനും യൂറോയ്ക്കും ഡോളറിനും യെന്നിനും ഇടയിലുള്ള വിനിമയ നിരക്കിലെ വ്യതിയാനങ്ങൾ സ്ഥിരമാക്കി നിറുത്താനും ഈ ബാങ്ക് ശ്രമിക്കുന്നു.
അങ്ങനെ, പണത്തോടുള്ള ബന്ധത്തിൽ ഏകീകരണത്തിലേക്കു വലിയ ചുവടുവെപ്പുകൾതന്നെ നടത്തിയിട്ടുണ്ടെന്നുള്ളതു സത്യമാണ്. എന്നുവരികിലും, പണപരമായ കാര്യങ്ങൾ യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ നിലവിലിരിക്കുന്ന വലിയ അനൈക്യത്തെയും വെളിവാക്കുന്നു.
പണപരമായ കൂടുതൽ കാര്യങ്ങൾ
യൂറോപ്യൻ യൂണിയനിലെ ഏറ്റവും ദരിദ്ര രാജ്യങ്ങൾക്ക് അവരുടേതായ പരാതികളും ഉണ്ട്. സമ്പന്ന രാജ്യങ്ങൾ സമ്പത്ത് തങ്ങളുമൊത്തു വേണ്ടത്ര പങ്കിടുന്നില്ലെന്ന് അവർ വിചാരിക്കുന്നു. യൂറോപ്പിലെ ദരിദ്ര രാജ്യങ്ങൾക്കു കൂടുതൽ സാമ്പത്തിക സഹായം നൽകേണ്ടതാണെന്ന് അംഗരാഷ്ട്രങ്ങൾക്കെല്ലാം അറിയാം. എങ്കിൽപ്പോലും, അതു ചെയ്യാതിരിക്കുന്നതിനു തങ്ങൾക്കു ന്യായമായ കാരണങ്ങളുണ്ടെന്നു സമ്പന്ന രാജ്യങ്ങളും കരുതുന്നു.
ജർമനിയുടെ കാര്യംതന്നെയെടുക്കുക. യൂറോപ്പിന്റെ ഏകീകരണത്തിനുവേണ്ടി പണമിറക്കുന്നതിൽ ജർമനിക്ക് തുടക്കത്തിൽ ഉണ്ടായിരുന്ന ഉത്സാഹം കെട്ടുപോയിരിക്കുന്നു. ജർമനിയുടെ സാമ്പത്തിക ബാധ്യതകൾ വർധിച്ചതാണ് അതിനുള്ള കാരണം. പൂർവ, പശ്ചിമ ജർമനികളെ ഏകീകരിക്കാനുള്ള ശ്രമങ്ങൾക്കായിതന്നെ വൻതുക ചെലവഴിക്കേണ്ടിവന്നു—ഒരു വർഷം ഏകദേശം
10,000 കോടി ഡോളർ. ദേശീയ ബഡ്ജറ്റിന്റെ നാലിൽ ഒന്നു വരുമത്! അത്തരം സംഭവവികാസങ്ങൾ നിമിത്തം, ജർമനിയുടെ ദേശീയ കടബാധ്യത കുതിച്ചുയർന്നിരിക്കുന്നു. അതിന്റെ ഫലമായി ഇഎംയു-വിൽ അംഗത്വം ലഭിക്കുന്നതിനുവേണ്ട യോഗ്യതയിൽ എത്തിച്ചേരാൻ ജർമനിക്കു കിണഞ്ഞു ശ്രമിക്കേണ്ടിവന്നു.യൂറോപ്യൻ യൂണിയനിൽ ചേരാൻ ശ്രമിക്കുന്ന പുതിയ അംഗങ്ങൾ
ചുരുങ്ങിയ കാലംകൊണ്ട്, അതായത് ഇന്നത്തെ യൂറോപ്യൻ കറൻസികളുടെ സ്ഥാനം യൂറോ കറൻസി ഏറ്റെടുക്കുന്ന 2002-ന് മുമ്പ്,
ഇഎംയു-വിൽ അംഗങ്ങളായിട്ടില്ലാത്ത ഇയു രാജ്യങ്ങൾക്ക് തങ്ങളുടെ മുന്നിലുള്ള കടമ്പകൾ കടന്നുകയറാൻ കഴിയുമെന്നാണ് ഒറ്റ കറൻസിയെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ. ബ്രിട്ടനും ഡെന്മാർക്കും സ്വീഡനും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നപക്ഷം പൗണ്ടിന്റെയും ക്രോണറിന്റെയും ക്രോണോറിന്റെയും സ്ഥാനവും യൂറോ ഏറ്റെടുക്കുന്നതായിരിക്കും.
അതേസമയം, ആറു യൂറോപ്യൻ രാജ്യങ്ങൾ—എസ്തോണിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, സൈപ്രസ്, സ്ലോവേനിയ, ഹംഗറി—ഇയു-വിൽ ചേരാനുള്ള പ്രയത്നത്തിലാണ്. മറ്റ് അഞ്ചു രാജ്യങ്ങൾ കൂടി തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കുന്നു. ബൾഗേറിയ, ലാത്വിയ, ലിത്വാനിയ, സ്ലൊവാക്യ, റൊമേനിയ എന്നിവയാണ് അവ. ഇവർക്കെല്ലാം അംഗത്വം കൊടുക്കുന്നത് ഇയു-വിനെ സംബന്ധിച്ചിടത്തോളം ചെലവുള്ള കാര്യമാണ്. 2000-ത്തിനും 2006-നും ഇടയ്ക്കുള്ള വർഷങ്ങളിൽ പൂർവ യൂറോപ്പിൽ നിന്നുള്ള പത്ത് നവാഗതരെ സഹായിക്കാനായി ഇയു 8,000 കോടി യൂറോ നൽകേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
എന്നിരുന്നാലും, ഇയു-വിൽ അംഗത്വം ലഭിക്കുന്നതിനുവേണ്ട
യോഗ്യതകളിൽ എത്തിച്ചേരാൻ വേണ്ടുന്ന പണം ഈ രാജ്യങ്ങൾ തനിയെ സ്വരുക്കൂട്ടേണ്ടതുണ്ട്. ഇതാകട്ടെ ഇയു-വിൽ നിന്നു ലഭിക്കാൻ പോകുന്ന സഹായധനത്തിന്റെ പല മടങ്ങ് വരും. ഉദാഹരണത്തിന്, റോഡുകളുടെയും റെയിൽവേയുടെയും വികസനത്തിനായി ഹംഗറി 1,200 കോടി യൂറോ ചെലവിടേണ്ടിവരും. ജലശുദ്ധീകരണത്തിനു മാത്രമായി ചെക്ക് റിപ്പബ്ലിക് 340 കോടി യൂറോ ചെലവഴിക്കണം. പുറന്തള്ളുന്ന സൾഫറിന്റെ അളവു നിയന്ത്രിക്കാനായി പോളണ്ട് 300 കോടി യൂറോ മുടക്കണം. എങ്കിലും, അംഗത്വം ലഭിച്ചാലുള്ള പ്രയോജനങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ തുകയൊന്നും ഒരു പ്രശ്നമേ അല്ല എന്നാണ് ഇതിൽ ചേരാനിരിക്കുന്ന രാജ്യങ്ങൾക്കു തോന്നുന്നത്. ഇയു രാജ്യങ്ങളുമായുള്ള അവരുടെ വാണിജ്യം വർധിക്കുമെന്നതാണ് ഒരു കാരണം. എങ്കിലും ഇവർക്കു കുറച്ചുനാൾ കാത്തിരിക്കേണ്ടി വന്നേക്കാം. ഇയു സ്വന്തം സാമ്പത്തിക കാര്യങ്ങൾ നേരെയാക്കിയശേഷം മതി പുതിയ അംഗങ്ങളെ സ്വീകരിക്കുന്നത് എന്നാണ് ഇപ്പോൾ പൊതുവെയുള്ള അഭിപ്രായം.നീരസം, ദേശീയത്വം, തൊഴിലില്ലായ്മ
യൂറോപ്പിനകത്തും പുറത്തും ഏകീകരണത്തിനുള്ള ഇത്ര വലിയ ശ്രമങ്ങളെല്ലാം നടത്തിയിട്ടും, ഈ ഭൂഖണ്ഡത്തിലെ സംഭവവികാസങ്ങളെപ്രതി ആശങ്കയും നിലനിൽക്കുന്നുണ്ട്. ശിഥിലമായിക്കൊണ്ടിരിക്കുന്ന ബാൾക്കൻ പ്രദേശത്ത് നടക്കുന്നതുപോലുള്ള വംശീയ സംഘട്ടനങ്ങൾ—ബോസ്നിയയിലെ യുദ്ധവും കോസവയിലെ പോരാട്ടവും—എങ്ങനെ ഒതുക്കണം എന്നത് വലിയ തലവേദനയാണ്. യൂറോപ്പിലും മറ്റിടങ്ങളിലുമുള്ള ഇത്തരം സംഘട്ടനങ്ങളെ നേരിടേണ്ട വിധം സംബന്ധിച്ച് ഇയു-വിലെ അംഗരാജ്യങ്ങൾക്ക് മിക്കപ്പോഴും ഭിന്നാഭിപ്രായമാണ് ഉള്ളത്. ഇയു, സ്റ്റേറ്റുകളുടെ ഒരു ഫെഡറേഷൻ അല്ലാത്തതിനാലും അതിന് ഒരു പൊതു വിദേശകാര്യ നയം ഇല്ലാത്തതിനാലും, ദേശീയ താത്പര്യങ്ങൾക്കാണ് ഒട്ടുമിക്കപ്പോഴും പ്രാമുഖ്യത. വ്യക്തമായും, ‘യൂറോപ്യൻ ഐക്യനാടുകൾ’ക്കുള്ള വലിയൊരു പ്രതിബന്ധം ദേശീയ താത്പര്യങ്ങളാണ്.
യൂറോപ്പ് മറ്റൊരു നിർണായക പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്—കുതിച്ചുയരുന്ന തൊഴിലില്ലായ്മ. തൊഴിലറിയാവുന്നവരിൽ ശരാശരി 10 ശതമാനം തൊഴിൽരഹിതരാണ്. അതായത്, 1.6 കോടിയിലധികം ആളുകൾ തൊഴിൽരഹിതരാണെന്നാണ് ഇതു കാണിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ പല അംഗരാഷ്ട്രങ്ങളിലും യുവജനങ്ങൾ—ഇയു-വിന്റെ മൊത്തം ജനസംഖ്യയുടെ നാലിലൊന്ന് ചെറുപ്പക്കാരാണ്—ഒരു തൊഴിൽ കണ്ടെത്താനായി വിഫല ശ്രമം നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, യൂറോപ്പ് നേരിടുന്ന അതിരൂക്ഷമായ പ്രശ്നം തൊഴിലില്ലായ്മയാണെന്ന് അനേകരും കരുതുന്നതിൽ അതിശയിക്കാനില്ല! തൊഴിൽ കമ്പോളം നവീകരിക്കാൻ ഇതുവരെ നടത്തിയിട്ടുള്ള ശ്രമങ്ങൾ വിജയിച്ചിട്ടുമില്ല.
എന്നാൽ ഏകീകരണത്തിന് ഇനിയും വലിയൊരു തടസ്സമുണ്ട്.
ആരാണ് ഉത്തരവാദി?
ഒരു ഏകീകൃത യൂറോപ്പ് യാഥാർഥ്യമാക്കുന്നതിൽ വലിയൊരു വിലങ്ങുതടിയായി നിൽക്കുന്നതു പരമാധികാരമാണ്. ദേശീയ പരമാധികാരം തങ്ങൾ എത്രത്തോളം ഉപേക്ഷിക്കുമെന്നതു സംബന്ധിച്ച് അംഗരാഷ്ട്രങ്ങൾ യോജിപ്പിൽ എത്തേണ്ടിയിരിക്കുന്നു. ഇയു-വിന്റെ ലക്ഷ്യം ദേശീയാതീതമായ ഒരു ഭരണക്രമം സ്ഥാപിക്കുക എന്നതാണ്. അതു സാക്ഷാത്കരിക്കപ്പെടാത്തപക്ഷം, യൂറോയെ പ്രാബല്യത്തിലാക്കിയത് വെറുമൊരു “താത്കാലിക വിജയം” ആയിരിക്കുമെന്നാണ് ല മോൺട് അഭിപ്രായപ്പെടുന്നത്. ചില അംഗരാഷ്ട്രങ്ങൾക്കു തങ്ങളുടെ അധികാരം ഉപേക്ഷിക്കുകയെന്ന ആശയംതന്നെ ഉൾക്കൊള്ളാനാകുന്നില്ല. ഉദാഹരണത്തിന്, ഒരു ഇയു അംഗരാഷ്ട്രത്തിന്റെ തലവൻ ഇപ്രകാരം പറഞ്ഞു: ‘നേതൃനിരയിലായിരിക്കാനേ ഞങ്ങൾ ശീലിച്ചിട്ടുള്ളു, അല്ലാതെ ആരുടെയെങ്കിലും പിന്നിൽ ആയിരിക്കാനല്ല.’
കാലക്രമത്തിൽ, വലിയ രാജ്യങ്ങൾ തങ്ങളെ നിയന്ത്രിക്കുമെന്നും സ്വന്തം താത്പര്യങ്ങൾക്കു ഭീഷണിയാകുന്ന തീരുമാനങ്ങൾ സ്വീകരിക്കാൻ അവർ മടിക്കുമെന്നും ഇയു-വിലെ ചെറിയ രാജ്യങ്ങൾ ഭയപ്പെടുന്നത് നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ. ഉദാഹരണത്തിന്, ഏതെല്ലാം രാജ്യങ്ങളിൽ ഇയു ഏജൻസികളുടെ ആസ്ഥാനങ്ങൾ ഉണ്ടായിരിക്കണം എന്നതു സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ എന്തായിരിക്കുമെന്നു ചെറിയ രാജ്യങ്ങൾ ഉത്കണ്ഠപ്പെടുന്നു. ഇതൊരു സുപ്രധാന തീരുമാനമാണ്. കാരണം, അത്തരം ഏജൻസികൾ ഏതു രാജ്യങ്ങളിലാണോ ഉള്ളത് അവിടത്തെ തൊഴിൽ അവസരങ്ങളെ അതു വൻതോതിൽ വർധിപ്പിക്കുന്നു.
ഏകീകരണത്തിനു ഭീഷണി ഉയർത്തുന്ന ഈ പ്രതിബന്ധങ്ങൾ അതായത്, സാമ്പത്തിക അസമത്വം, യുദ്ധം, തൊഴിലില്ലായ്മ, ദേശീയവാദം എന്നിവ ഉള്ളതിനാൽ യൂറോപ്പിന്റെ ഏകീകരണം അസാധ്യമാണെന്നു തോന്നിയേക്കാം. എങ്കിൽപ്പോലും ഇക്കാര്യത്തിൽ അസാധാരണമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഇനി എന്തുമാത്രം പുരോഗതിയാണ് വരുത്താനുള്ളത് എന്ന് ഒരു നിശ്ചയവുമില്ല. യൂറോപ്പിനെ ഏകീകരിക്കാൻ ശ്രമിക്കുന്നവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ മുഖ്യമായും എല്ലാ മാനുഷ ഗവൺമെന്റുകളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ തന്നെയാണ്.
വംശീയ പോരാട്ടങ്ങൾ, തൊഴിലില്ലായ്മയുടെ പെരുപ്പം, ദാരിദ്ര്യം, യുദ്ധം എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ഒരു ഗവൺമെന്റ് എന്നെങ്കിലും ഉണ്ടാകുമോ? ആളുകൾ യഥാർഥ ഐക്യത്തിൽ ജീവിക്കുന്ന ഒരു ലോകത്തെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാകുമോ? ഇതേക്കുറിച്ചുള്ള അടുത്ത ലേഖനത്തിലെ ചർച്ച നിങ്ങളെ അതിശയിപ്പിച്ചേക്കാം.
[അടിക്കുറിപ്പ്]
a അയർലൻഡ്, ഇറ്റലി, ഓസ്ട്രിയ, ബെൽജിയം, ഫിൻലൻഡ്, ഫ്രാൻസ്, ജർമനി, നെതർലൻഡ്സ്, പോർച്ചുഗൽ, ലക്സംബർഗ്, സ്പെയിൻ എന്നിവയാണ് ആ രാജ്യങ്ങൾ. പല കാരണങ്ങളാൽ ഗ്രീസ്, ഗ്രേറ്റ് ബ്രിട്ടൺ, ഡെന്മാർക്ക്, സ്വീഡൻ എന്നിവയെ അതിൽ ഉൾപ്പെടുത്തിയിട്ടില്ല.
[6-ാം പേജിലെ ചതുരം]
യൂറോ ഇതാ വരുന്നു!
യൂറോപ്യൻ യൂണിയൻ അംഗങ്ങളുടെ പക്കൽ ഇപ്പോഴുള്ള ദേശീയ നാണയങ്ങളും ബാങ്ക് നോട്ടുകളും 2002 വരെ അപ്രത്യക്ഷമാകില്ലെങ്കിലും, കറൻസി കൂടാതെയുള്ള ഇടപാടുകൾ യൂറോ ഉപയോഗിച്ച് ആരംഭിച്ചുകഴിഞ്ഞു. യൂറോയിലേക്കുള്ള ഈ മാറ്റം ബാങ്കുകളെ സംബന്ധിച്ചിടത്തോളം വലിയൊരു സംരംഭമാണ്. എന്നിരുന്നാലും, ഓരോ അംഗരാഷ്ട്രത്തിന്റെയും ദേശീയ കറൻസിയും യൂറോയും തമ്മിലുള്ള വിനിമയ നിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. സ്റ്റോക്ക് എക്സ്ചേഞ്ചുകളും യൂറോയിലാണു വിലകൾ കാണിക്കുന്നത്. പല കടകളും വ്യാപാരസ്ഥാപനങ്ങളും തങ്ങളുടെ ഉത്പന്നങ്ങൾക്കു വിലയിടുന്നത് ഇപ്പോൾ യൂറോയിലും തങ്ങളുടെ രാജ്യത്തെ കറൻസിയിലുമാണ്.
അത്തരം വ്യാപാര ഇടപാടുകൾ വൻതോതിലുള്ള പൊരുത്തപ്പെടുത്തൽ ആവശ്യമാക്കിത്തീർക്കുന്നു. പ്രത്യേകിച്ചും, തങ്ങൾക്കു പരിചിതമായ ഡോയിഷ് മാർക്കും ഫ്രാങ്കും ലിറയുമൊക്കെ ഉപയോഗിച്ചു ശീലിച്ച വൃദ്ധർക്ക്. ക്യാഷ് രജിസ്റ്ററുകൾ, ഓട്ടോമാറ്റിക് ടെല്ലർ മെഷീനുകൾ എന്നിവയിൽ പോലും മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. യൂറോയിലേക്കുള്ള മാറ്റം കഴിവതും സുഗമമാക്കാൻ, യൂറോയുടെ വരവിനെക്കുറിച്ചും അതിന്റെ ഉപയോഗത്തെക്കുറിച്ചും പൊതുജനങ്ങൾക്കു വിവരങ്ങൾ നൽകുന്നതിനുള്ള ഔദ്യോഗിക പ്രചാരണപരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്.
എന്തെല്ലാം തടസ്സങ്ങളുണ്ടെങ്കിലും, യൂറോ പ്രാബല്യത്തിൽ വരാൻ പോകുകയാണ്. യൂറോയുടെ നാണയമടിക്കലും നോട്ടടിയും തുടങ്ങിക്കഴിഞ്ഞു. ഇതു വലിയൊരു ജോലിതന്നെയാണ്. 1.5 കോടിയോളം ആളുകൾ താമസിക്കുന്ന നെതർലൻഡ്സ് പോലുള്ള ചെറിയൊരു രാജ്യത്തുപോലും, 2002 ജനുവരി 1 ആകുമ്പോഴേക്കും 280 കോടി നാണയങ്ങളും 38 കോടി ബാങ്ക് നോട്ടുകളും നിർമിക്കുന്നതിന് കമ്മട്ടങ്ങളും അച്ചടിശാലകളും 3 വർഷം നിറുത്താതെ പ്രവർത്തിക്കേണ്ടതുണ്ട്. ഈ പുതിയ ബാങ്ക് നോട്ടുകളെല്ലാം ഒന്നിനു മുകളിൽ ഒന്നായി അടുക്കിവെച്ചാൽ, അതിന് 20 കിലോമീറ്ററോളം ഉയരം കാണും!
[7-ാം പേജിലെ ചതുരം]
യൂറോപ്യൻ കമ്മീഷൻ പ്രതിസന്ധിയിൽ
യൂറോപ്യൻ യൂണിയന്റെ (ഇയു) കാര്യനിർവാഹക സമിതിയായ യൂറോപ്യൻ കമ്മീഷൻ 1999-ന്റെ തുടക്കത്തിൽ കനത്ത ഒരു തിരിച്ചടിയിൽ നിന്നു കഷ്ടിച്ചു രക്ഷപ്പെട്ടു. ആ കമ്മീഷന്റെ പേരിൽ വഞ്ചന, അഴിമതി, സ്വജനപക്ഷപാതം എന്നിവ ആരോപിക്കപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് അന്വേഷണം നടത്താൻ ഒരു കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ആറ് ആഴ്ച നീണ്ടുനിന്ന അന്വേഷണത്തിനു ശേഷം, യൂറോപ്യൻ കമ്മീഷൻ വഞ്ചനയും ദുർഭരണവും നടത്തിയെന്നത് ശരിയാണെന്നു പ്രസ്തുത കമ്മിറ്റി കണ്ടെത്തി. എന്നിരുന്നാലും, കമ്മീഷനിലെ അംഗങ്ങൾ തങ്ങളുടെ കീശ വീർപ്പിച്ചതായുള്ള യാതൊരു തെളിവും അന്വേഷണ കമ്മിറ്റിക്കു ലഭിച്ചില്ല.
ഈ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന ശേഷം, 1999 മാർച്ചിൽ യൂറോപ്യൻ കമ്മീഷൻ ഒന്നടങ്കം രാജിവെച്ചു. അത് തികച്ചും അപ്രതീക്ഷിതമായ ഒരു നടപടിയായിരുന്നു. തന്നിമിത്തം യൂറോപ്യൻ യൂണിയൻ കടുത്ത പ്രതിസന്ധിയിലുമായി. ടൈം മാസിക അതിനെ ‘യൂറോപ്പിനേറ്റ ഒരു കനത്ത പ്രഹരം’ എന്നാണു വിശേഷിപ്പിച്ചത്. ഈ പ്രതിസന്ധി യൂറോപ്പ് ഏകീകരണത്തെ എങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
[5-ാം പേജിലെ ചിത്രം]
യൂറോപ്പിലെ അതിർത്തികൾ കടക്കുക എന്നത് ഇപ്പോൾത്തന്നെ വളരെ എളുപ്പമായിത്തീർന്നിരിക്കുന്നു
[7-ാം പേജിലെ ചിത്രം]
ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലുള്ള യൂറോപ്യൻ സെൻട്രൽ ബാങ്ക് സ്ഥാപിതമായത് 1998-ലാണ്