ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പരിസ്ഥിതി സംരക്ഷണകേന്ദ്രം “പാൻറ്റാനൽ—വശ്യമനോഹരമായ ഒരു പരിസ്ഥിതി സംരക്ഷണകേന്ദ്രം” (സെപ്റ്റംബർ 8, 1999) എന്ന ലേഖനത്തിനു നന്ദി. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ആ പ്രദേശത്തേക്ക് ഞാനും ലേഖകനോടൊപ്പം മനസ്സുകൊണ്ടു യാത്രചെയ്തു. അവിടത്തെ ശാന്തതയും സമാധാനവും ഞാൻ മതിവരുവോളം ആസ്വദിച്ചു. ദൈവം മുഴുഭൂമിയിലും അത്തരം അവസ്ഥകൾ ആനയിക്കുന്ന നാളിനായി ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
എം. എ., ഇറ്റലി
പ്രമേഹം “നിങ്ങളുടെ മകൾക്ക് പ്രമേഹമുണ്ട്!” (സെപ്റ്റംബർ 22, 1999) എന്ന ലേഖനം ഞാൻ ഇപ്പോൾ രണ്ടാംവട്ടം വായിച്ചുകഴിഞ്ഞതേ ഉള്ളൂ. പത്തുമാസം മുമ്പു നടത്തിയ ഒരു പരിശോധനയിൽ എനിക്കു ടൈപ്പ് 1 പ്രമേഹമുണ്ട് എന്നു തെളിഞ്ഞിരുന്നു. നല്ല ആരോഗ്യമുള്ള പ്രകൃതമായിരുന്നു എന്റേത്. 17-ാം വയസ്സുമുതൽ ഞാൻ ഒരു പയനിയറായി [മുഴുസമയ ശുശ്രൂഷക] സേവിച്ചുവരികയായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളിലായി ജീവിതത്തിൽ എനിക്കു ധാരാളം പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിവന്നു. ഇപ്പോൾ എനിക്ക് ഒരു ഇൻസുലിൻ പമ്പ് ഉപയോഗിക്കേണ്ടതായിട്ടുണ്ട്. മാത്രമല്ല, ചികിത്സയ്ക്കു വളരെയേറെ പണം ആവശ്യമായതിനാൽ പയനിയറിങ് നിറുത്തേണ്ടതായും വന്നു. എന്നാൽ, മറ്റുള്ളവരും ഇതുപോലുള്ള പരിശോധനകൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് ഓർമിപ്പിക്കുന്ന ഇത്തരം ലേഖനങ്ങൾ അച്ചടിക്കുന്നതിൽ നിങ്ങൾക്കു വളരെയേറെ നന്ദി.
ബി. എഫ്., ഐക്യനാടുകൾ
എന്റെ മകന് രണ്ടാമത്തെ വയസ്സിൽ തുടങ്ങിയതാണ് പ്രമേഹം. ഇപ്പോൾ അവന് നാലു വയസ്സുണ്ട്. ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന സോണിയയുടെയും കുടുംബത്തിന്റെയും വികാരങ്ങൾ ഞങ്ങൾക്കും തോന്നിയിട്ടുള്ളവയാണ്. ഈ പ്രതിസന്ധിഘട്ടവുമായി പൊരുത്തപ്പെടാൻ ഞങ്ങളെ സഹായിച്ച, സ്നേഹമുള്ള ക്രിസ്തീയ സഹോദരങ്ങളോടു ഞങ്ങൾ എത്ര നന്ദിയുള്ളവരാണെന്നോ!
സി. ആർ., മൊൾഡോവ
ഈ വിഷയം സംബന്ധിച്ച് പ്രോത്സാഹജനകമായ നല്ല കുറെ വിവരങ്ങൾ വായിക്കാൻ കിട്ടിയിരുന്നെങ്കിൽ എന്നു കുറച്ചുകാലമായി ഞാൻ ആശിക്കുകയായിരുന്നു. എനിക്ക് ഇപ്പോൾ 17 വയസ്സുണ്ട്. 5-ാമത്തെ വയസ്സിൽ എനിക്കു പ്രമേഹം തുടങ്ങി. ഈ രോഗവുമായി പൊരുത്തപ്പെട്ടു ജീവിക്കുകയെന്നത് ചിലപ്പോൾ അങ്ങേയറ്റം വെല്ലുവിളികരമായിരുന്നിട്ടുണ്ട്. പ്രമേഹ സംബന്ധമായ സംശയങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതും അതിനെക്കുറിച്ചു കൂടുതൽ അറിവു പകരുന്നതുമായ ഇത്തരം ഒരു ലേഖനം, അതും ഇത്ര ലളിതമായ ഭാഷയിൽ, പ്രസിദ്ധീകരിച്ചതിനു നന്ദി. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊക്കെ നൽകാൻ പറ്റിയ ഒന്നുതന്നെയാണിത്.
കെ. ഡബ്ലിയൂ., കാനഡ
അപകടകരമല്ലേ? “സ്ത്രീകൾ വലിയ പങ്കു വഹിച്ചു” (ജൂൺ 22, 1999) എന്ന മനോഹരമായ ആ ലേഖനം ഞാൻ വായിച്ചു. സ്ത്രീകളായ ആ നിർമാണ തൊഴിലാളികൾ കണ്ണുകളെ സംരക്ഷിക്കുന്ന തരത്തിലുള്ള യാതൊന്നും ധരിച്ചുകാണാഞ്ഞതിൽ എനിക്കു ശരിക്കും അതിശയം തോന്നി.
ആർ. എൽ., ഐക്യനാടുകൾ
കണ്ണുകളെ സംരക്ഷിക്കുന്നതിനുവേണ്ടവ ധരിച്ചുതന്നെയാണ് ഈ സ്വമേധയാ പ്രവർത്തകർ ജോലിചെയ്തത്. എന്നാൽ, ഫോട്ടോയ്ക്കു വേണ്ടി പോസ് ചെയ്തപ്പോൾ, അവ മാറ്റാൻ അവരോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങൾ കൂടുതൽ നന്നായി കാണാൻ വേണ്ടിയായിരുന്നു അത്.—പത്രാധിപർ
അനീതി “യുവജനങ്ങൾ ചോദിക്കുന്നു . . . അനീതി നിറഞ്ഞ ചുറ്റുപാടുമായി എനിക്ക് എങ്ങനെ പൊരുത്തപ്പെടാൻ കഴിയും?” (സെപ്റ്റംബർ 22, 1999) എന്ന ലേഖനത്തിനു നന്ദി. ഈ ചെറു പ്രായത്തിനുള്ളിൽ എനിക്കു സഹിക്കേണ്ടിവന്ന അന്യായത്തിനും അക്രമത്തിനും ഒരു കയ്യും കണക്കുമില്ല. ആഴത്തിലുള്ള വൈകാരിക ക്ഷതങ്ങളാണ് അവ എനിക്കു സമ്മാനിച്ചത്. ഇതുമൂലം, കഴിഞ്ഞ എട്ടുവർഷമായി ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പയനിയർ ശുശ്രൂഷ നിർവഹിക്കാൻ എനിക്കു ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ട്. “സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാൻ നിങ്ങളാൽ ആകുന്നതു ചെയ്യുക” എന്ന വാക്കുകൾ എനിക്ക് ആശ്വാസം പകർന്നു. സ്നേഹം തുളുമ്പുന്നവയായിരുന്ന ആ വാക്കുകൾ. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു നിങ്ങൾക്കു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു.
എ. ജി., ഇറ്റലി
സംഗീതം വർഷങ്ങളായി ഞാൻ ക്രിസ്തീയ സഭയിലെ ഒരു മൂപ്പനായി സേവിക്കുന്നു. ഞാൻ യുവജനങ്ങളിൽ എല്ലായ്പോഴും പ്രത്യേകം താത്പര്യമെടുത്തിട്ടുണ്ട്. എന്നാൽ ഈ അടുത്തകാലത്ത്, ചിലതരം ആധുനിക സംഗീതങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് ഞാൻ നൽകിയ ബുദ്ധിയുപദേശങ്ങൾ അവഗണിക്കപ്പെടുന്നതു കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി. എന്നാൽ, “സംഗീതം—നിങ്ങൾ വിചാരിച്ചേക്കാവുന്നതിലും ശക്തം” (ഒക്ടോബർ 8, 1999) എന്ന പരമ്പരയിൽ, യുവജനങ്ങൾ മനസ്സിലാക്കണമെന്നു ഞാൻ ആഗ്രഹിച്ച വിവരങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ചിലതരം സംഗീതങ്ങളുടെ ഹാനികരമായ ഫലങ്ങളെക്കുറിച്ചുള്ള, പുറമേ നിന്നുള്ളവരുടെ ഉദ്ധരണികൾ ഒന്നാന്തരമായിരുന്നു. ഞാൻ സഭയിലെ യുവപ്രായക്കാരുമായി ഇവ പങ്കുവെക്കും.
ഡി. എച്ച്., ബൊളീവിയ
ഒരു ഗായികയും പ്രാഥമിക വിദ്യാലയത്തിലെ സംഗീത അധ്യാപികയും ആയ ഞാൻ സംഗീതത്തെക്കുറിച്ച് നിങ്ങൾ ഈ അടുത്തയിടെ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ ശരിക്കും ആസ്വദിച്ചു. നിങ്ങൾക്കു നന്ദി!
കെ. എഫ്., ഐക്യനാടുകൾ