ജനിതക വ്യതിയാനത്തിന് വിധേയമാക്കിയ ഭക്ഷ്യവസ്തുക്കൾ— സുരക്ഷിതമോ?
ജനിതക വ്യതിയാനത്തിന് വിധേയമാക്കിയ ഭക്ഷ്യവസ്തുക്കൾ— സുരക്ഷിതമോ?
നിങ്ങൾ താമസിക്കുന്നിടത്ത് അതു ലഭ്യമാണെങ്കിൽ ഒരുപക്ഷേ, ഇന്നു രാവിലെയോ ഉച്ചയ്ക്കോ വൈകിട്ടോ നിങ്ങൾ അതു കഴിച്ചിട്ടുണ്ടായിരിക്കാം. അത് എന്നുദ്ദേശിച്ചത്, ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ (Genetically Modified [ജിഎം]) ഭക്ഷ്യവസ്തുക്കളെയാണ്. കീടപ്രതിരോധശേഷിയുള്ള ഉരുളക്കിഴങ്ങ്, പറിച്ചെടുത്ത് ഏറെക്കഴിഞ്ഞിട്ടും തെല്ലും വാട്ടം തട്ടാത്ത തക്കാളി എന്നിവയൊക്കെ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ജിഎം ഭക്ഷ്യപദാർഥങ്ങളുടെ പായ്ക്കറ്റുകളുടെ പുറത്ത് അങ്ങനെയൊരു സംഗതിയെക്കുറിച്ച് യാതൊരു പരാമർശവും കാണാറില്ല. കഴിക്കുമ്പോഴാകട്ടെ, നിങ്ങൾക്കു പ്രത്യേകിച്ച് ഒരു രുചിവ്യത്യാസവും അനുഭവപ്പെടുകയുമില്ല. അതുകൊണ്ട് നിങ്ങൾ അവ തിരിച്ചറിയാൻ വലിയ സാധ്യതയൊന്നുമില്ല.
നിങ്ങൾ ഈ വരികളിലൂടെ കണ്ണോടിക്കുമ്പോൾ, അർജന്റീന, ഐക്യനാടുകൾ, കാനഡ, ചൈന, ബ്രസീൽ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ സോയാബീൻസ്, ചോളം, റേപ്പ് വിത്ത്, ഉരുളക്കിഴങ്ങ് എന്നിവ വളരുന്നുണ്ട്. “1998 ആയപ്പോഴേക്കും, ഐക്യനാടുകളിൽ കൃഷിചെയ്തിരുന്ന ചോളത്തിന്റെ 25 ശതമാനവും സോയാബീൻസിന്റെ 38 ശതമാനവും പരുത്തിയുടെ 45 ശതമാനവും, കളനാശിനികളെ പ്രതിരോധിക്കുന്നതിനോ സ്വന്തമായി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നതിനോ ഉള്ള ശേഷി വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിൽ, ജനിതക വ്യതിയാനത്തിനു വിധേയമാക്കിയവയായിരുന്നു” എന്ന് ഒരു റിപ്പോർട്ട് പറയുന്നു. 1999-ന്റെ അവസാനമായതോടെ, ജിഎം വിളകൾ ലോകമെമ്പാടുമായി 10 കോടി ഏക്കർ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നുണ്ടായിരുന്നു, മുഴുവനും ഭക്ഷ്യവിളകൾ അല്ലായിരുന്നെങ്കിലും.
ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അത്തരം വിളകൾ ഉത്പാദിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ശാസ്ത്രീയ രീതികൾ പരിസ്ഥിതിക്ക് ഏതെങ്കിലും തരത്തിൽ ഭീഷണിയാകുന്നുണ്ടോ? യൂറോപ്പിൽ, ജിഎം ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള സംവാദം മുറുകിവരികയാണ്. ജിഎം ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തെ നഖശിഖാന്തം എതിർക്കുന്ന ഒരു ഇംഗ്ലണ്ടുകാരന്റെ അഭിപ്രായം കേൾക്കൂ: “ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ ഭക്ഷ്യവസ്തുക്കളെക്കുറിച്ച് എനിക്ക് ഇതേ പറയാനുള്ളൂ, അവ ഒട്ടും സുരക്ഷിതമല്ല, എന്നു മാത്രമല്ല അവയുടെ ഒരു ആവശ്യവുമില്ല.”
ഭക്ഷ്യവസ്തുക്കൾക്ക് ജനിതകമായി വ്യതിയാനം വരുത്തുന്നത് എങ്ങനെയാണ്?
ഭക്ഷ്യ ജൈവ സാങ്കേതികവിദ്യ എന്ന ശാസ്ത്രശാഖയുടെ ഉത്പന്നമാണു ജിഎം ഭക്ഷ്യവസ്തുക്കൾ. ഭക്ഷ്യോത്പാദനത്തിനുവേണ്ടി സസ്യ-ജന്തുജാലങ്ങളെയും സൂക്ഷ്മാണുക്കളെയും ആധുനിക ജനിതകവിജ്ഞാനത്തിന്റെ സഹായത്തോടെ മെച്ചപ്പെടുത്തുകയാണ് ഈ ശാസ്ത്രശാഖ ചെയ്യുന്നത്. ജീവജാലങ്ങളെ മെച്ചപ്പെടുത്തുക എന്ന ആശയത്തിനു കൃഷിയോളം തന്നെ പഴക്കമുണ്ട്. കന്നുകാലികളെ തോന്നിയതുപോലെ ഇണചേരാൻ
അനുവദിക്കുന്നതിനു പകരം മെച്ചപ്പെട്ട കന്നുകാലികളെ ഉത്പാദിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിൽ, പറ്റത്തിലെ ഏറ്റവും നല്ല കാളയെയും പശുവിനെയും തിരഞ്ഞെടുത്ത് ഇണചേർത്ത ആദ്യത്തെ കർഷകൻ ജൈവ സാങ്കേതികവിദ്യ—അതിന്റെ ‘പ്രാകൃത’ രൂപം—ഉപയോഗിക്കുകയായിരുന്നു. അതുപോലെതന്നെ, മാവു പുളിച്ചുപൊങ്ങാൻ അതിൽ യീസ്റ്റ് ചേർത്ത ആദ്യത്തെ അപ്പക്കാരനും ഒരു ജീവിയെ ഉപയോഗിച്ചുകൊണ്ട് മെച്ചപ്പെട്ട ഉത്പന്നം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇപ്പറഞ്ഞ രണ്ടു പരമ്പരാഗത രീതികൾക്കും പൊതുവിൽ ഒരു സവിശേഷത ഉണ്ടായിരുന്നു, ഭക്ഷ്യപദാർഥങ്ങളിൽ വ്യതിയാനം വരുത്തുന്നതിന് അവ രണ്ടും സ്വാഭാവിക പ്രക്രിയകളാണ് ഉപയോഗപ്പെടുത്തിയത്.ഉത്പന്നങ്ങൾ നിർമിക്കുന്നതിനോ അവ മെച്ചപ്പെടുത്തുന്നതിനോവേണ്ടി ആധുനിക ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതും ജീവജാലങ്ങളെത്തന്നെയാണ്. എന്നാൽ, പരമ്പരാഗത രീതികളിൽ നിന്നു വ്യത്യസ്തമായി ആധുനിക ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച് ജീവജാലങ്ങളുടെ ജനിതക പദാർഥത്തിൽ നേരിട്ടു വ്യതിയാനം വരുത്തുകയാണു ചെയ്യുന്നത്, അതും അതീവ കൃത്യതയോടെ. ഇതുവഴി, യാതൊരു ബന്ധവുമില്ലാത്ത ജീവികൾക്കിടയിൽ ജീനുകൾ കൈമാറ്റം ചെയ്യുക സാധ്യമായിത്തീർന്നിരിക്കുന്നു. പരമ്പരാഗത രീതികളിലൂടെ സാധ്യമാകാത്ത സംയോജനങ്ങൾ സാധ്യമാക്കാൻ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. മറ്റു ജീവജാലങ്ങളുടെ സവിശേഷതകൾ—കൊടുംശൈത്യത്തെ അതിജീവിക്കാനുള്ള ഒരു മത്സ്യത്തിന്റെ കഴിവോ രോഗത്തെ പ്രതിരോധിക്കാനുള്ള വൈറസുകളുടെ ശേഷിയോ മണ്ണിലെ ബാക്ടീരിയയിൽ കാണുന്ന കീടപ്രതിരോധശേഷിയോ—ഒരു സസ്യത്തിന്റെ ജനിതകവ്യവസ്ഥയിലേക്കു മാറ്റാൻ പ്രജനകർക്ക് ഇന്നു സാധിക്കും.
ഉദാഹരണത്തിന്, താൻ കൃഷിചെയ്തുണ്ടാക്കുന്ന ആപ്പിളും ഉരുളക്കിഴങ്ങും മുറിക്കുമ്പോഴോ ചതയുമ്പോഴോ തവിട്ടുനിറം വരാൻ പാടില്ല എന്ന് ഒരു കർഷകൻ വിചാരിക്കുന്നു എന്നിരിക്കട്ടെ. കർഷകന്റെ ഈ മോഹം സാധിച്ചുകൊടുക്കാൻ ഇന്നു ഗവേഷകർക്കു കഴിയും. തവിട്ടുനിറത്തിന് ഉത്തരവാദിയായ ജീനിനെ മാറ്റി തത്സ്ഥാനത്ത് തവിട്ടുനിറത്തെ തടയുന്ന, വ്യതിയാനം വരുത്തിയ ഒരു ജീൻ സ്ഥാപിച്ചാണ് അവർ അതു ചെയ്യുക. അതുപോലെ, ഒരു ബീറ്റ്റൂട്ട് കർഷകന് ഒരു മോഹം, കുറച്ചുകൂടെ നല്ല വിളവ് ലഭിക്കുന്നതിന് നടീൽ കുറെ നേരത്തെയാക്കണം എന്ന്. സാധാരണഗതിയിൽ ആണെങ്കിൽ അദ്ദേഹത്തിന് അതു സാധിക്കില്ല, കാരണം തണുപ്പുള്ള കാലാവസ്ഥയിൽ ബീറ്റ്ചെടികൾ തണുത്തുറഞ്ഞുപോകും. ഇവിടെയും രക്ഷയ്ക്കെത്തുക ജൈവ സാങ്കേതികവിദ്യയാണ്. ഐസുപോലെ തണുത്ത വെള്ളത്തിൽ ഒരു കുഴപ്പവും കൂടാതെ ജീവിക്കുന്ന മത്സ്യങ്ങളുടെ ജീനുകൾ ബീറ്റ്ചെടികളിലേക്കു മാറ്റിവെക്കുക വഴി ഇതു സാധിച്ചെടുക്കാവുന്നതേയുള്ളൂ. ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്ന ജിഎം ബീറ്റ്ചെടികൾക്കു -6.5 ഡിഗ്രി സെൽഷ്യസ്—സാധാരണഗതിയിൽ ഒരു ബീറ്റ്ചെടിക്ക് താങ്ങാൻ കഴിയുന്ന തണുപ്പിന്റെ ഇരട്ടിയിലധികം വരും ഇത്—താപനിലയിൽ പോലും അതിജീവിക്കാൻ കഴിയും.
ഏക-ജീൻ കൈമാറ്റം കൊണ്ട് ഇതുപോലുള്ള സവിശേഷതകളൊക്കെ
നേടിയെടുക്കാൻ കഴിയും. എന്നാൽ, വളർച്ചാ നിരക്ക്, വരൾച്ചയെ ചെറുക്കാനുള്ള കഴിവ് തുടങ്ങി കൂടുതൽ സങ്കീർണമായ സവിശേഷതകളിൽ മാറ്റം വരുത്തുക എന്നതു തികച്ചും വ്യത്യസ്തമായ ഒരു സംഗതിയാണ്. ജീനുകളുടെ മുഴു ഗണങ്ങളെയും വിദഗ്ധമായി കൈകാര്യം ചെയ്യാൻ ആധുനിക ശാസ്ത്രത്തിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതെങ്ങനെയാണ്, ജീനുകളിൽ പലതിനെയും ഇനിയും കണ്ടുപിടിച്ചിട്ടുകൂടിയില്ല.ഒരു പുതിയ ഹരിത വിപ്ലവമോ?
പരിമിതമായ അളവിലാണെങ്കിലും കാർഷിക വിളകളിൽ ജനിതക വ്യതിയാനം വരുത്താൻ കഴിഞ്ഞതിനാൽ, ജൈവ സാങ്കേതികവിദ്യയുടെ പിന്തുണക്കാർ തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. ജിഎം വിളകൾ ഒരു പുതിയ ഹരിത വിപ്ലവം സൃഷ്ടിക്കുമെന്ന് അവർ പറയുന്നു. ദിവസം ഏതാണ്ട് 2,30,000 എന്ന കണക്കിൽ പെരുകിക്കൊണ്ടിരിക്കുന്ന ലോകജനസംഖ്യയ്ക്ക് “കൂടുതൽ ആഹാരം പ്രദാനം ചെയ്യുന്നതിനുള്ള ഒരു മികവുറ്റ ഉപകരണമായിരിക്കും” ജനിതക എൻജിനീയറിങ് എന്ന് ജൈവ സാങ്കേതികവിദ്യാ രംഗത്തെ ഒരു പ്രമുഖ കമ്പനി പ്രഖ്യാപിക്കുന്നു.
ഭക്ഷ്യോത്പാദനത്തിന്റെ ചെലവു കുറയ്ക്കുന്നതിൽ ജിഎം വിളകൾ സഹായകമാണെന്ന് ഇതിനോടകം തന്നെ തെളിഞ്ഞിരിക്കുന്നു. സ്വാഭാവികമായിത്തന്നെ കീടനാശിനി ഉത്പാദിപ്പിക്കാൻ ഭക്ഷ്യവിളകളെ പ്രാപ്തമാക്കുന്ന ഒരു ജീൻ അവയിൽ ചേർക്കാൻ ജൈവ സാങ്കേതികവിദ്യക്കു കഴിഞ്ഞിട്ടുണ്ട്. ഇത്, ഏക്കറുകണക്കിനു കൃഷിഭൂമികളിൽ വിഷ രാസവസ്തുക്കൾ തളിക്കേണ്ട ആവശ്യംതന്നെ ഇല്ലാതാക്കുന്നു. ജൈവ സാങ്കേതികവിദ്യ ഉപയോഗിച്ച്, വളരെ ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ ബീൻസും ധാന്യങ്ങളും മറ്റും ഇപ്പോൾ വികസിപ്പിച്ചെടുത്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങൾക്ക് ഇത് കുറച്ചൊന്നും അല്ല പ്രയോജനം ചെയ്യാൻ പോകുന്നത്. ഇത്തരം “സൂപ്പർസസ്യങ്ങൾ”ക്ക് അവയുടെ പ്രയോജനകരമായ പുതിയ ജീനുകളെയും സവിശേഷതകളെയും പിൻവരുന്ന തലമുറകളിലേക്കു കൈമാറാൻ കഴിയും എന്നതിനാൽ ജനസംഖ്യാപെരുപ്പം കൊണ്ടു കഷ്ടപ്പെടുന്ന ദരിദ്ര രാഷ്ട്രങ്ങളിലെ വളക്കൂറ് അധികം ഇല്ലാത്ത കൃഷിയിടങ്ങളിൽ അവ കൂടുതൽ വിളവ് ഉത്പാദിപ്പിക്കും.
“ലോകത്തിലെ കർഷകരുടെ അവസ്ഥ മെച്ചപ്പെടുത്താൻ കഴിയുന്നത് വളരെ നല്ല ഒരു കാര്യമാണ്,” ജൈവ സാങ്കേതികവിദ്യാ രംഗത്തെ ഒരു പ്രമുഖ കമ്പനിയുടെ പ്രസിഡന്റ് പറയുന്നു. “ഞങ്ങൾ അത് ചെയ്യും. നൂറ്റാണ്ടുകളായി, അഭികാമ്യമായ ഗുണവിശേഷങ്ങളോടുകൂടിയ രണ്ടു വ്യത്യസ്ത സസ്യങ്ങളെ ‘മുഴുവനായി’ ഉപയോഗപ്പെടുത്തിക്കൊണ്ട് സസ്യ പ്രജനകർ സാധിച്ചെടുത്തിരുന്നത് കേവലം തന്മാത്രാതലത്തിലും ഏക-ജീൻ തലത്തിലും ജൈവ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഞങ്ങൾ നേടിയെടുക്കും. കർഷകരുടെ പ്രത്യേക ആവശ്യങ്ങൾ സാധിച്ചുകൊടുക്കുന്ന മെച്ചപ്പെട്ട ഉത്പന്നങ്ങൾ മുമ്പെന്നത്തെക്കാളും വേഗത്തിൽ ഞങ്ങൾ ഉണ്ടാക്കിയെടുക്കും.”
എന്നിരുന്നാലും, ലോകത്തിലെ ഭക്ഷ്യ-ദൗർലഭ്യങ്ങൾക്കുള്ള പരിഹാരമാർഗമായി ജനിതക എൻജിനീയറിങ്ങിനെ ഉയർത്തിക്കാണിക്കുന്നതിലെ ഈ അമിതാവേശം, കാർഷിക വിളകളോടുള്ള ബന്ധത്തിൽ നടത്തിവരുന്ന ഗവേഷണങ്ങളെ പ്രതികൂലമായി ബാധിക്കുന്നു എന്നാണു കാർഷിക ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഈ ഗവേഷണങ്ങൾക്ക് ജനിതക എൻജിനീയറിങ്ങിന്റെ അത്രയും ആകർഷണീയത ഇല്ലന്നേ ഉള്ളൂ. വാസ്തവത്തിൽ അവ അതിനെക്കാളേറെ ഫലപ്രദമാണ്. എന്നുമാത്രമല്ല ദരിദ്ര രാഷ്ട്രങ്ങൾക്കു പ്രയോജനം ചെയ്യുന്നതുമാണ്. “ഭക്ഷ്യപ്രശ്നങ്ങൾക്ക് ഇതിലും ഫലപ്രദമായ ഒട്ടേറെ പരിഹാരങ്ങൾ നിലവിൽ ഉള്ളപ്പോൾ പൂർണമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സാങ്കേതിക വിദ്യയുടെ പിന്നാലെ പോകുന്നത് ഒട്ടും ശരിയല്ല” എന്നു കാർഷിക വിളകളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കുന്നതിൽ വിദഗ്ധനായ ഹാൻസ് ഹെറൺ പറയുന്നു.
ധാർമിക പ്രശ്നങ്ങൾ
കാർഷിക വിളകളെയും മറ്റു ജീവജാലങ്ങളെയും ജനിതക വ്യതിയാനത്തിനു വിധേയമാക്കുന്നതു മനുഷ്യന്റെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഭീഷണി ഉയർത്താൻ സാധ്യതയുണ്ട് എന്നതിനു പുറമേ, ധാർമികവും സദാചാരപരവുമായ ആശങ്കകൾക്കും അതു വഴിതെളിക്കുന്നുവെന്നു ചിലർ കരുതുന്നു. ശാസ്ത്രജ്ഞനും ആക്റ്റിവിസ്റ്റും ആയ ഡഗ്ലസ് പാറിന്റെ അഭിപ്രായം ഇതാണ്: “ജനിതക എൻജിനീയറിങ്ങിലൂടെ മനുഷ്യൻ, ഭൂഗ്രഹത്തോടുള്ള അവന്റെ ഇടപെടലിലെ ഒരു അടിസ്ഥാന പരിധിതന്നെ മറികടന്നിരിക്കുന്നു, അതേ, അവൻ ജീവന്റെ പ്രകൃതിയെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്.” ദ ബയോടെക് സെഞ്ച്വറി എന്ന തന്റെ പുസ്തകത്തിൽ ജെറിമി റിഫ്കിൻ ഇപ്രകാരം പറയുന്നു: “ജീവശാസ്ത്രപരമായ എല്ലാ അതിർവരമ്പുകളും ഭേദിക്കാൻ കഴിഞ്ഞാൽ പിന്നെ, ഇഷ്ടാനുസരണം മാറ്റിമറിക്കാൻ കഴിയുന്ന ജനിതകവിവരങ്ങൾ ആയിട്ടുമാത്രം നാം സ്പീഷീസുകളെ കണ്ടുതുടങ്ങും. ഇത് പ്രകൃതിയോടുള്ള നമ്മുടെ ബന്ധത്തിനും നാം അതിനെ ഏതുവിധത്തിൽ പ്രയോജനപ്പെടുത്തുന്നു എന്നതിനും തികച്ചും വ്യത്യസ്തമായ ഒരു മാനം നൽകും.” അതുകൊണ്ട് അദ്ദേഹം ഇങ്ങനെ ചോദിച്ചു: “ഓരോ ജീവിയുടെയും തനതായുള്ള സവിശേഷതകൾക്കൊന്നും ഒരു വിലയുമില്ലേ? അതോ, പ്രയോജനം മാത്രം മുൻനിറുത്തി തോന്നിയതുപോലെ മാറ്റിമറിക്കാൻ കഴിയുന്ന ഉപഭോഗവസ്തുക്കളാണോ അവ? ഭാവി തലമുറകളോടുള്ള നമ്മുടെ കടപ്പാട് എന്താണ്? നമ്മോടൊപ്പം ഈ ഗ്രഹം പങ്കിടുന്ന ജീവജാലങ്ങളോട് നമുക്കു യാതൊരു ഉത്തരവാദിത്വവും തോന്നുന്നില്ലേ?
ഇംഗ്ലണ്ടിലെ ചാൾസ് രാജകുമാരൻ ഉൾപ്പെടെ മറ്റു ചിലരുടെ വാദം, യാതൊരു ബന്ധവുമില്ലാത്ത സ്പീഷീസുകൾക്കിടയിൽ ജീനുകൾ കൈമാറ്റം നടത്തുമ്പോൾ “നാം ദൈവത്തിന്റേതു മാത്രമായ അധികാരമണ്ഡലങ്ങളിൽ കൈകടത്തുകയാണ്” എന്നാണ്. ദൈവമാണ് “ജീവന്റെ ഉറവ്” എന്നു ബൈബിൾ വിദ്യാർഥികൾ ഉറപ്പായും വിശ്വസിക്കുന്നു. (സങ്കീർത്തനം 36:9) എന്നിരുന്നാലും, ശതകോടിക്കണക്കിന് ആളുകളെ പുലർത്താൻ നമ്മുടെ ഗ്രഹത്തെ സഹായിച്ചിരിക്കുന്ന സസ്യ-ജന്തുജാലങ്ങളുടെ നിർധാരണ പ്രജനനത്തെ ദൈവം കുറ്റം വിധിക്കുന്നു എന്നതിനു യഥാർഥ തെളിവൊന്നുമില്ല. ആധുനിക ജൈവ സാങ്കേതികവിദ്യ മനുഷ്യർക്കും പരിസ്ഥിതിക്കും ഹാനികരമായ ഫലങ്ങൾ ഉളവാക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ജൈവ സാങ്കേതികവിദ്യ വാസ്തവത്തിൽ ‘ദൈവത്തിന്റെ അധികാരമണ്ഡലങ്ങളിലേക്ക്’ അതിക്രമിച്ചു കടക്കുകതന്നെ ചെയ്യുന്നുണ്ടെങ്കിൽ, മനുഷ്യരോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും പുറത്ത് അത്തരം പുരോഗതികളെ നിഷ്ഫലമാക്കാൻ അവനു കഴിയും.
[26-ാം പേജിലെ ചതുരം]
അപകടസാധ്യതകളോ?
കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് ജൈവ സാങ്കേതികവിദ്യാ രംഗത്തു മുന്നേറ്റങ്ങൾ സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ, ആ രംഗത്ത് വേണ്ടുന്ന നിയമങ്ങളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്താനുള്ള സാവകാശം കിട്ടുന്നില്ല. അപ്രതീക്ഷിതമായ ഭവിഷ്യത്തുകൾ ഉണ്ടാകുന്നതു തടയാൻ ഗവേഷണങ്ങൾക്കു സാധിക്കുകയില്ല. ലോകത്തിലെ കർഷകർക്ക് ഉണ്ടായേക്കാവുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി, പരിസ്ഥിതി വിനാശം, മനുഷ്യന്റെ ആരോഗ്യത്തിനു നേരെ ഉയർന്നുവന്നേക്കാവുന്ന ഭീഷണികൾ എന്നിവ പോലെ ഉദ്ദേശിക്കാത്ത പരിണതഫലങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പു നൽകുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. ജിഎം ആഹാരസാധനങ്ങൾ സുരക്ഷിതമാണെന്നു തെളിയിക്കാൻ ദീർഘകാല അടിസ്ഥാനത്തിലോ വൻതോതിലോ ഉള്ള പരീക്ഷണങ്ങൾ ഒന്നും നിലവിലില്ല എന്ന് ഗവേഷകർ മുന്നറിയിപ്പു നൽകുന്നു. ഇതുമൂലം ഉണ്ടായേക്കാവുന്ന അപകടങ്ങൾ അവർ അക്കമിട്ടുനിരത്തുന്നു.
●അലർജി. അലർജിക്കിടയാക്കുന്ന മാംസ്യം ഉത്പാദിപ്പിക്കുന്ന ഒരു ജീൻ ചോളത്തിൽ എത്തിച്ചേർന്നു എന്നിരിക്കട്ടെ. ഭക്ഷ്യ അലർജികൾ ഉള്ളവർക്ക് അതു വലിയ അപകടം വരുത്തിവെക്കും എന്നതിനു സംശയമില്ല. ജനിതകവ്യതിയാനത്തിനു വിധേയമാക്കിയ ഭക്ഷ്യപദാർഥങ്ങളിൽ കുഴപ്പക്കാരായ മാംസ്യങ്ങൾ വല്ലതും ഉണ്ടെങ്കിൽ, ആ കമ്പനികൾ ഭക്ഷ്യ-നിയന്ത്രണ ഏജൻസികളെ വിവരം ധരിപ്പിക്കേണ്ടതാണ്. എങ്കിലും, അറിഞ്ഞുകൂടാത്തതരം അലർജികാരികൾ ഭക്ഷണസാധനങ്ങളിൽ കടന്നുകൂടാൻ ഇടയുണ്ടെന്നു ചില ഗവേഷകർ ഭയപ്പെടുന്നു.
●വിഷാംശത്തിന്റെ അളവ് വർധിപ്പിക്കുന്നു. സസ്യങ്ങളെ ജനിതക വ്യതിയാനത്തിനു വിധേയമാക്കുന്നത് അവയിലെ പ്രകൃതിദത്ത വിഷങ്ങൾ പ്രതീക്ഷിക്കാത്ത വിധങ്ങളിൽ വർധിക്കുന്നതിന് ഇടയാക്കിയേക്കാമെന്നു ചില വിദഗ്ധർ കരുതുന്നു. ഒരു ജീൻ പ്രവർത്തനം ആരംഭിക്കുമ്പോൾ, ഉദ്ദേശിച്ച ഫലങ്ങൾ പുറപ്പെടുവിക്കുന്നതിനു പുറമേ അത് പ്രകൃതിദത്ത വിഷങ്ങളും ഉത്പാദിപ്പിച്ചേക്കാം.
●ആന്റിബയോട്ടിക്കുകളോടുള്ള പ്രതിരോധശേഷി. സസ്യങ്ങളെ ജനിതക വ്യതിയാനത്തിനു വിധേയമാക്കുന്ന സമയത്ത് ശാസ്ത്രജ്ഞർ ‘മാർക്കർ ജീനുകൾ’ ഉപയോഗിക്കാറുണ്ട്. അഭികാമ്യമായ ജീൻ സസ്യത്തിൽ വിജയകരമായി സ്ഥാപിക്കാൻ കഴിഞ്ഞുവോ എന്നു നിർണയിക്കുന്നതിനു വേണ്ടിയാണ് ഇത്. ഈ ‘മാർക്കർ ജീനുകളിൽ’ മിക്കവയും ആന്റിബയോട്ടിക്കുകളോടു പ്രതിരോധശേഷി പ്രദാനം ചെയ്യുന്നവയാണ്. ആന്റിബയോട്ടിക്കുകൾ ഫലിക്കാതെ പോകുക എന്ന പ്രശ്നത്തിന് ആക്കംകൂട്ടാൻ ഇത് ഇടയാക്കുമെന്നു വിമർശകർ പറയുന്നു. എന്നിരുന്നാലും, ഉപയോഗിക്കുന്നതിനുമുമ്പ് ഈ ‘മാർക്കർ ജീനുകളുടെ’ ഘടനയിൽ വ്യത്യാസം വരുത്തുന്നുണ്ടെന്നും അതുകൊണ്ട് അത്തരം ഒരു അപകടത്തെക്കുറിച്ച് ആകുലപ്പെടേണ്ടതേ ഇല്ലെന്നുമാണ് മറ്റു ശാസ്ത്രജ്ഞരുടെ അഭിപ്രായം.
●“സൂപ്പർകളകൾ” പെരുകും. ജനിതക വ്യതിയാനത്തിനു വിധേയമാക്കിയ വിളകൾ നട്ടുകഴിഞ്ഞാൽ പിന്നെ അവയിലെ ജീനുകൾ—ഇവ കളനാശിനികളോടു പ്രതിരോധശേഷിയുള്ളവയാണ്—വിത്തുകളിലൂടെയും പൂമ്പൊടിയിലൂടെയുമെല്ലാം കളവർഗത്തിൽ പെട്ട അവയുടെ ബന്ധുക്കളിൽ എത്തിച്ചേരുകയും അങ്ങനെ കളനാശിനികളൊന്നും ഏൽക്കാത്തതരം “സൂപ്പർകളകൾ” ജന്മമെടുക്കുകയും ചെയ്യും എന്നതാണ് ഏറ്റവും വലിയ ഭയങ്ങളിലൊന്ന്.
●മറ്റു ജീവികൾക്കു ഹാനികരം. ജിഎം ചോളച്ചെടിയിൽ നിന്നുള്ള പൂമ്പൊടി പറ്റിയിരുന്ന ഇലകൾ തിന്ന മൊണാർക്ക് ചിത്രശലഭപ്പുഴുക്കൾ, രോഗംപിടിച്ചു ചത്തതായി കോർനെൽ സർവകലാശാലയിലെ ഗവേഷകർ 1999 മേയിൽ റിപ്പോർട്ടുചെയ്യുകയുണ്ടായി. ഈ പഠനത്തിന്റെ സാധുതയെ ചിലർ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും, ഉദ്ദേശിക്കാത്ത മറ്റു സ്പീഷീസുകൾക്ക് ചെടികളുടെ കീടപ്രതിരോധശേഷി ദ്രോഹം വരുത്തിവെക്കുമോ എന്ന ആശങ്കയുണ്ട്.
●സുരക്ഷിതമായ കീടനാശിനികൾ ഉപയോഗശൂന്യമാകും. ഏറ്റവും വിജയകരമെന്നു തെളിഞ്ഞ ചില ജിഎം വിളകളിൽ, കീടങ്ങൾക്കു വിഷകരമായ ഒരുതരം മാംസ്യം ഉത്പാദിപ്പിക്കുന്ന ഒരു ജീനുണ്ട്. എന്നാൽ, കീടങ്ങൾ ഈ ജീൻ ഉത്പാദിപ്പിക്കുന്ന വിഷവുമായി സമ്പർക്കത്തിൽ വരുന്നത്, അവയിൽ പ്രതിരോധശേഷി വളർത്തുമെന്നും അങ്ങനെ കീടനാശിനികൾകൊണ്ടു യാതൊരു ഫലവുമില്ലാതായിത്തീരുമെന്നും ജീവശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു.