ധാർമിക മൂല്യങ്ങൾ ഇന്ന്
ധാർമിക മൂല്യങ്ങൾ ഇന്ന്
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റൊമ്പത് ഏപ്രിൽ മാസത്തിലെ ഒരു തെളിഞ്ഞപ്രഭാതം. അന്തരീക്ഷത്തിൽ ഉയർന്നുകേട്ട വെടിയൊച്ചകൾ ലിറ്റിൽടൺ പട്ടണത്തിന്റെ പ്രശാന്തതയെ ഭഞ്ജിച്ചു. ഐക്യനാടുകളിലെ കൊളറാഡോയിൽ ഡെൻവറിനു സമീപം സ്ഥിതിചെയ്യുന്ന ഈ പട്ടണത്തിലെ ഒരു ഹൈസ്കൂളിലേക്ക് കറുത്ത മഴക്കോട്ടുകൾ ധരിച്ച രണ്ട് ആൺകുട്ടികൾ പാഞ്ഞുകയറി അധ്യാപകരുടെയും വിദ്യാർഥികളുടെയും നേർക്ക് തുരുതുരാ നിറയൊഴിച്ചു. അതിനെത്തുടർന്ന് അവർ ബോംബാക്രമണവും നടത്തി. ആക്രമണത്തിൽ പന്ത്രണ്ടു വിദ്യാർഥികളും ഒരു അധ്യാപകനും കൊല്ലപ്പെടുകയും 20-ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തങ്ങളുടെ തന്നെ ജീവിതം അവസാനിപ്പിച്ചുകൊണ്ടാണ് ഈ പൈശാചികമായ അരുംകൊലയ്ക്ക് അവർ വിരാമമിട്ടത്. വെറും 17-ഉം 18-ഉം വയസ്സ് പ്രായമുണ്ടായിരുന്ന ഈ ഘാതകർ ചില വിഭാഗങ്ങളോട് കടുത്ത വിദ്വേഷം വെച്ചുപുലർത്തിയിരുന്നവർ ആയിരുന്നു.
മുകളിൽ പരാമർശിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണു സങ്കടകരമായ യാഥാർഥ്യം. പത്രങ്ങൾ, റേഡിയോ, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങൾ ഇത്തരം സംഭവങ്ങൾ ലോകത്തിനു ചുറ്റും നടക്കുന്നതായി റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുന്ന നാഷണൽ സെന്റർ ഫോർ എഡ്യുക്കേഷൻ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത്, 1997-ൽ മാത്രം ആയുധങ്ങൾ ഉപയോഗിച്ചുള്ള ഏകദേശം 11,000 അക്രമപ്രവർത്തനങ്ങൾ അമേരിക്കൻ സ്കൂളുകളിൽ നടന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടു എന്നാണ്. ജർമനിയിലെ ഹാംബർഗിൽ, ആ വർഷം അക്രമപ്രവർത്തനങ്ങളിൽ 10 ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇവയിൽ ഉൾപ്പെട്ടിരിക്കുന്നതായി സംശയിക്കപ്പെടുന്നവരിൽ 44 ശതമാനവും 21-നു താഴെ മാത്രം പ്രായമുള്ളവരാണ്.
രാഷ്ട്രീയക്കാരുടെയും ഗവൺമെന്റ് ഉദ്യോഗസ്ഥരുടെയും ഇടയിൽ അഴിമതി
ഒരു പുതുമയേ അല്ലാതായിരിക്കുന്നു. 1997-ൽ യൂറോപ്യൻ യൂണിയനിൽ 6,020 കോടി രൂപയുടെ അഴിമതി നടന്നതായി യൂറോപ്യൻ യൂണിയൻ കമ്മീഷണർ ആനീറ്റ ഗ്രാഡിൻ 1998-ൽ വെളിപ്പെടുത്തുകയുണ്ടായി. പാർക്കിങ് ടിക്കറ്റുകൾ—പാർക്കിങ് നിയമങ്ങൾ തെറ്റിക്കുന്നവർ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ നൽകുന്ന ടിക്കറ്റ്—റദ്ദാക്കുന്നതുമുതൽ കാർഷിക ആവശ്യങ്ങൾക്കും മറ്റുമുള്ള യൂറോപ്യൻ യൂണിയൻ സബ്സിഡികൾ ഒപ്പിച്ചെടുക്കുന്നതു വരെയുള്ള കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കള്ളക്കടത്തും കള്ളപ്പണം വെളുപ്പിക്കലുമെല്ലാം വൻതോതിൽ ആണു നടന്നത്. അതിനെക്കുറിച്ച് ഒരക്ഷരം പോലും വെളിയിൽ വിടാതിരിക്കുന്നതിന് കുറ്റവാളി സംഘടനകൾ യൂറോപ്യൻ യൂണിയനിലെ ജോലിക്കാർക്കു കീശനിറയെ പണം നൽകുകയും ചെയ്തു. 1999-ൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ മൊത്തം രാജിവെച്ചു.എന്നാൽ, സമൂഹത്തിന്റെ ഏറ്റവും ഉയർന്നതട്ടിൽ ഉള്ളവർ മാത്രമല്ല വഞ്ചന കാണിക്കുന്നത്. നിയമാനുസൃതമല്ലാതെ ജോലി ചെയ്യുന്നവരെക്കുറിച്ച് യൂറോപ്യൻ യൂണിയൻ കമ്മീഷൻ തയ്യാറാക്കിയ ഒരു റിപ്പോർട്ട്, രജിസ്റ്റർ ചെയ്യുകയോ നികുതി അടയ്ക്കുകയോ ചെയ്യാത്ത ബിസിനസ്സ് സംരംഭങ്ങൾക്ക് ലഭിക്കുന്ന വരുമാനം യൂറോപ്യൻ യൂണിയന്റെ ‘മൊത്ത വാർഷിക ദേശീയ ഉത്പാദന’ത്തിന്റെ 16 ശതമാനം വരും എന്ന കാര്യം വെളിപ്പെടുത്തി. റഷ്യയിലാണെങ്കിൽ, ഇത് മൊത്ത വാർഷിക ദേശീയ ഉത്പാദനത്തിന്റെ 50 ശതമാനമാണ്. ഇനി ഐക്യനാടുകളിൽ, തൊഴിലാളികൾ പണമോ വസ്തുവകകളോ മോഷ്ടിക്കുന്നതിനാൽ അവിടത്തെ കമ്പനികൾക്ക് പ്രതിവർഷം 17,20,000 കോടി രൂപ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ‘തട്ടിപ്പു പരിശോധനയ്ക്കുള്ള അംഗീകൃത സമിതി’ പ്രസ്താവിക്കുകയുണ്ടായി.
കുട്ടികളെയും പ്രായപൂർത്തിയാകാത്തവരെയും നിയമവിരുദ്ധ ലൈംഗികപ്രവർത്തനങ്ങൾക്ക് ഇരയാക്കുന്ന ബാലരതിപ്രിയരിൽ അനേകരുടെയും ഇഷ്ടമാധ്യമം ആയിത്തീർന്നിരിക്കുകയാണ് ഇന്റർനെറ്റ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെടുന്നതിനെ കുറിച്ചുള്ള ഉത്കണ്ഠ ഏറിവരികയാണ് എന്ന് ‘കുട്ടികളെ രക്ഷിക്കൽ’ എന്ന സംഘടനയുടെ സ്വീഡനിലെ വക്താവ് പറയുന്നു. അത്തരം ചിത്രങ്ങളും വിവരണങ്ങളും മറ്റും പ്രത്യക്ഷപ്പെടുന്ന ഇന്റർനെറ്റ് വെബ്സൈറ്റുകളെ കുറിച്ച് ഈ സംഘടനയുടെ നോർവേയിലെ ശാഖയ്ക്ക് വ്യത്യസ്ത ഉറവിടങ്ങളിൽ നിന്നു സൂചനകൾ ലഭിക്കുകയുണ്ടായി. 1997-ൽ, അത്തരം 1,883 സൂചനകൾ ലഭിച്ചെങ്കിൽ തൊട്ടടുത്ത വർഷം അത് ഏകദേശം 5,000 ആയി കുതിച്ചുയർന്നു. ഇത്തരം വെബ്സൈറ്റുകളിലെ അറപ്പുളവാക്കുന്ന തരം വിവരങ്ങളിൽ അധികവും ഉത്പാദിപ്പിക്കപ്പെടുന്നത് പ്രാദേശിക അധികാരികൾക്കോ ഗവൺമെന്റുകൾക്കോ അതു നിയന്ത്രിക്കാൻ കഴിയാത്ത രാജ്യങ്ങളിലാണ്.
പഴയകാലം മെച്ചപ്പെട്ടതായിരുന്നോ?
ഇന്നത്തെ ലോകത്തിൽ ധാർമിക മൂല്യങ്ങൾ തകർന്നുവീഴുന്നത് വേദനയോടെ നോക്കിക്കാണുന്നവരിൽ പലരും തങ്ങളുടെ മാതാപിതാക്കളുടെയോ മുത്തശ്ശീമുത്തച്ഛന്മാരുടെയോ കാലത്തുണ്ടായിരുന്ന ഒരുമയെയും സ്നേഹത്തെയും കുറിച്ചൊക്കെ വാത്സല്യത്തോടെ ഓർമിക്കാൻ ഇടയുണ്ട്. അന്നുണ്ടായിരുന്ന ആളുകൾ എത്ര സമാധാനത്തോടെയാണ് കഴിഞ്ഞിരുന്നത് എന്നും സത്യസന്ധതയ്ക്കും മറ്റു ധാർമിക മൂല്യങ്ങൾക്കും സമൂഹത്തിലെ എല്ലാവരുടെയും ഇടയിൽ എത്ര ഉയർന്ന സ്ഥാനമാണ് ഉണ്ടായിരുന്നത് എന്നുമൊക്കെ അവർ കേട്ടിട്ടുണ്ടായിരിക്കാം. കഠിനാധ്വാനികളായിരുന്ന ആളുകൾ പരസ്പരം സഹായിച്ചിരുന്ന, കുടുംബബന്ധങ്ങൾ വളരെയധികം ശക്തമായിരുന്ന, കുട്ടികൾക്ക് അച്ഛനമ്മമാരുടെ തണലിൽ സുരക്ഷിതത്വം തോന്നിയിരുന്ന, കൃഷിപ്പണിയിലും മറ്റും അവർ അച്ഛനമ്മമാരെ സഹായിച്ചിരുന്ന ഒരു കാലത്തെക്കുറിച്ച് പ്രായമുള്ള ആളുകൾ പറഞ്ഞ് അവർക്ക് അറിവുണ്ടായിരുന്നേക്കാം.
ഇതു പിൻവരുന്ന ചോദ്യങ്ങൾ ഉയർത്തുന്നു: പണ്ടത്തെ ആളുകളുടെ ധാർമിക മൂല്യങ്ങൾ ഇന്നുള്ളവരുടേതിനെക്കാൾ യഥാർഥത്തിൽ മെച്ചമായിരുന്നോ? അതോ, ഗതകാലത്തെക്കുറിച്ച് ഓർമിക്കുമ്പോൾ നമ്മുടെ ഉള്ളിൽ അലയടിച്ചുയരുന്ന വികാരങ്ങൾ, വസ്തുതകൾ അവ്യക്തമായിക്കാണാൻ നമ്മെ നിർബന്ധിക്കുകയാണോ? ചരിത്രകാരന്മാരും മറ്റു സാമൂഹിക വിശകലന വിദഗ്ധരും ഈ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയുന്നുവെന്നു നമുക്കു ശ്രദ്ധിക്കാം.
[3-ാം പേജിലെ ചതുരം]
ധാർമിക മൂല്യങ്ങൾ എന്നുവെച്ചാൽ . . .
മാനുഷ പെരുമാറ്റത്തോടുള്ള ബന്ധത്തിലെ തെറ്റും ശരിയും സംബന്ധിച്ച തത്ത്വങ്ങളെയാണ് ഈ ലേഖനങ്ങളിൽ “ധാർമിക മൂല്യങ്ങൾ” എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. സത്യസന്ധത, വിശ്വസ്തത, ലൈംഗികകാര്യങ്ങളിലും മറ്റുമുള്ള ഉന്നത നിലവാരങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.