കാലിൽ സ്പ്രിങ്ങുള്ള സഞ്ചിമൃഗം
കാലിൽ സ്പ്രിങ്ങുള്ള സഞ്ചിമൃഗം
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
“ഞാൻ സ്കൂൾ വിട്ടുവരുന്നതും കാത്ത് വീട്ടുപടിക്കൽ ജോയ് ഇരിക്കുമായിരുന്നു,” ജോൺ ഓർമിക്കുന്നു. “ജോയ് എന്നു പറഞ്ഞത് എന്റെ ഓമന കംഗാരുവിനെക്കുറിച്ചാണേ. ഞാൻ ഗെയ്റ്റു തുറക്കേണ്ട താമസം, ഒരൊറ്റ ചാട്ടത്തിന് എന്റെ അരികിലെത്തിയിട്ട് മുൻകാലുകൾ കൊണ്ട് അവൻ എന്നെ കെട്ടിപ്പിടിക്കും. തിരിച്ച് ഞാനും അവനെ വാരിപ്പുണരും. ഇത്തരം സ്നേഹപ്രകടനങ്ങളിലൂടെ ഞങ്ങൾ പരസ്പരം പറയുന്നത് എന്താണെന്നോ? “നിന്നെ കണ്ടതുകൊണ്ട് എനിക്കെത്ര സന്തോഷമായെന്നോ!” എന്ന്. പിന്നെയാണു രസം. വീട്ടിലേക്കുള്ള നടപ്പാതയിൽ എന്നെ തനിയെ വിട്ടിട്ട് കുതിച്ചുചാടി ജോയ് എനിക്കു മുമ്പെ കുറച്ചുദൂരം പോകും. പോയ പോലെതന്നെ എന്റെ അടുത്ത് മടങ്ങിവരികയും ചെയ്യും. യജമാനനെ കാണുമ്പോൾ സന്തോഷം അടക്കാനാവാതെ ചാടിമറിയുന്ന ഒരു നായയെപ്പോലെയാണ് ജോയ് ആ സമയത്ത്. വീടിനുള്ളിൽ കയറുന്നതുവരെ അവൻ ഈ കളി തുടരുമായിരുന്നു.”
ജോണിന്റെ കുടുംബം ചെയ്തതുപോലെ, ഓസ്ട്രേലിയയുടെ നഗരപ്രദേശത്തിനു വെളിയിൽ ഉള്ള കുറ്റിക്കാടുകൾ നിറഞ്ഞ സ്ഥലങ്ങളിൽ താമസിക്കുന്നവർ കംഗാരുവിനെ ഇണക്കി വളർത്താറുണ്ട്. അവിടത്തെ നിയമം അത് അനുവദിക്കുന്നുണ്ട്. സാധാരണമായി, തീരെ കുഞ്ഞായിരിക്കുമ്പോൾത്തന്നെ അനാഥമാക്കപ്പെട്ട കംഗാരുക്കളെയാണ് ഇങ്ങനെ ഇണക്കി വളർത്തുന്നത്. റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടയിലോ മറ്റോ തള്ള കംഗാരു കൊല്ലപ്പെടുമ്പോൾ രക്ഷിച്ചെടുക്കുന്നതാണ് ഇവയെ. “ജോയ്” എന്നത് ജോൺ തന്റെ ഓമന കംഗാരുവിന് ഇട്ട പേരാണെങ്കിലും വാസ്തവത്തിൽ കംഗാരു കുഞ്ഞുങ്ങളെയെല്ലാം പൊതുവെ വിളിക്കുന്നത് അങ്ങനെയാണ്.
അമ്മക്കംഗാരുവിനോടൊപ്പം ആയിരുന്നപ്പോഴത്തെ അതേ പ്രതീതി കംഗാരുക്കുഞ്ഞിന് ഉണ്ടായിരിക്കുന്നതിനു വേണ്ടുന്നതെല്ലാം ചെയ്യാൻ അവനെ എടുത്തുവളർത്തുന്നവർ സ്വാഭാവികമായും ആഗ്രഹിക്കും. അതിനുവേണ്ടി ആദ്യം അവർ ചെയ്യുന്ന കാര്യങ്ങളിലൊന്ന് അവന് ഒരു സഞ്ചി ഉണ്ടാക്കിക്കൊടുക്കുകയാണ്. വെയിലും മഴയും ഒന്നും ഏൽക്കാത്ത, എന്നാൽ അതേ സമയം നെരിപ്പോടിൽ
നിന്ന് ആവശ്യത്തിന് ചൂടു കിട്ടാൻ പാകത്തിനുള്ള ഒരു ഇടത്തായിരിക്കും അവർ അതു തൂക്കിയിടുക. (നല്ല കട്ടിയുള്ള തുണികൊണ്ട് ഉണ്ടാക്കിയ ഈ വലിയ സഞ്ചിയുടെ മുൻവശത്ത് ഒരൽപ്പം നീളത്തിൽ കീറിയിട്ടുണ്ടാകും, കംഗാരുക്കുഞ്ഞിന് ഇടയ്ക്കിടെ തല പുറത്തേക്കിട്ടു നോക്കുന്നതിനു വേണ്ടിയാണിത്.) പിന്നെ, അവർ അവനെ ആ സഞ്ചിക്കുള്ളിൽ കിടത്തും. നുണഞ്ഞിറക്കാൻ, അവനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇളംചൂടു പാൽ ഒരു കുപ്പിയിൽ നൽകും. ഇത്തരം പരിചരണം കൊണ്ട് ഒട്ടേറെ കംഗാരുക്കുഞ്ഞുങ്ങൾ അതിജീവിച്ചിട്ടുണ്ട്. അധികം താമസിയാതെ, അവൻ തന്റെ പുതിയ സഞ്ചിയുമായി നന്നേ ഇണങ്ങിച്ചേരും. അമ്മയുടെ ഉദരസഞ്ചിയിലേക്ക് എടുത്തു ചാടുന്നതുപോലെതന്നെ തലകുത്തി അവൻ അതിനുള്ളിലേക്കു ചാടാൻ തുടങ്ങും.ഒരു കംഗാരുവിനെ നിങ്ങൾ എങ്ങനെ വർണിക്കും?
ഉദരസഞ്ചിക്കുള്ളിൽ അഥവാ മാഴ്സൂപ്പിയത്തിനുള്ളിൽ കുഞ്ഞുങ്ങളെ വളർത്തുന്ന മൃഗങ്ങളെയാണു സഞ്ചിമൃഗങ്ങൾ (മാഴ്സൂപ്പിയലുകൾ) എന്നു വിളിക്കുന്നത്. ഏതാണ്ട് 260 സ്പീഷീസുകൾ ഉണ്ട് സഞ്ചിമൃഗങ്ങളിൽ. കംഗാരു, കോലാ, വാമ്പറ്റ്, ബാൻഡികൂറ്റ്, ഒപ്പോസം എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. സഞ്ചിമൃഗങ്ങളിൽ ഒപ്പോസമൊഴികെ ബാക്കിയെല്ലാറ്റിന്റെയും സ്വദേശം ഓസ്ട്രേലിയയും പരിസര പ്രദേശങ്ങളുമാണ്. അതുകൊണ്ടുതന്നെ, ആ പ്രദേശങ്ങൾ സന്ദർശിച്ച ആദ്യകാല യൂറോപ്യൻ പര്യവേക്ഷകർ ഈ അസാധാരണ മൃഗങ്ങളെ—പ്രത്യേകിച്ചും കംഗാരുവിനെ—തങ്ങളുടെ നാട്ടിലുള്ളവർക്ക് വർണിച്ചു കൊടുക്കാൻ എത്ര ബുദ്ധിമുട്ടിയിരിക്കും എന്നതു നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ബ്രിട്ടീഷ് പര്യവേക്ഷകനായ ക്യാപ്റ്റൻ ജയിംസ് കുക്ക് ആയിരുന്നു “കംഗാരു” എന്ന വാക്ക് ആദ്യമായി ഇംഗ്ലീഷിന്റെ എഴുത്തു ഭാഷയിൽ ഉപയോഗിച്ചത്. ‘ഗ്രേഹൗണ്ട് [എന്ന വേട്ടനായ്] മാനിനെപ്പോലെ അല്ലെങ്കിൽ മുയലിനെപ്പോലെ ചാടിയാൽ എങ്ങനെയിരിക്കുമോ’ അതുപോലെയാണ് കംഗാരു എന്നാണ് അദ്ദേഹം ആളുകൾക്കു വിവരിച്ചുകൊടുത്തത്. പിന്നീട്, ലണ്ടനിൽ ജീവനുള്ള ഒരു കംഗാരുവിനെ പ്രദർശിപ്പിച്ചപ്പോൾ ആളുകളുടെ ആവേശം മാനംമുട്ടെ ഉയർന്നു.
കാഴ്ചയ്ക്ക് മാനിന്റേതുപോലിരിക്കുന്ന തലയാണു കംഗാരുവിനുള്ളത്. യഥേഷ്ടം അനക്കാവുന്ന വലിയ ചെവികളും അതിനുണ്ട്. ചെറുതെങ്കിലും നല്ല ബലമുള്ള മുൻകാലുകൾ (കൈകൾ) കണ്ടാൽ മനുഷ്യന്റെ കൈപോലെ തോന്നും, പ്രത്യേകിച്ചും അത് നിവർന്നുനിൽക്കുമ്പോൾ. കൂടാതെ, കംഗാരുവിന് കരുത്തുറ്റ മാംസപേശികളുള്ള വലിയ ഇടുപ്പും നീണ്ടു തടിച്ച വളഞ്ഞ വാലും വലിയ പാദങ്ങളും—ഇവയുള്ളതുകൊണ്ടാണ് അവയ്ക്കു “മാക്രോപോഡിഡേ” (“വലിയ പാദം” എന്നർഥം) എന്ന പേരു വീഴാൻ തന്നെ കാരണം—ഉണ്ട്.
മാക്രോപോഡിഡേയുടെ 55-ഓളം വരുന്ന സ്പീഷീസുകൾക്ക് വ്യത്യസ്ത വലിപ്പമാണ് ഉള്ളത്, ഒരു എലിയുടെ വലിപ്പം മുതൽ ഒരു മനുഷ്യന്റെയത്ര വലിപ്പം വരെ. ഇവയ്ക്കെല്ലാം കുറിയ മുൻകാലുകളും ചാടിച്ചാടി നടക്കാൻ പറ്റിയ തരത്തിലുള്ള നീണ്ട പിൻകാലുകളുമാണ് ഉള്ളത്. ചെമന്ന കംഗാരു, ചാരനിറത്തിലുള്ള കംഗാരു, വാലറൂ അഥവാ യൂറോ എന്നിവയാണ് ഇവർക്കിടയിലെ ഭീമന്മാർ. ചെമന്ന ഒരു ആൺ കംഗാരുവിന് 77 കിലോ തൂക്കവും മൂക്ക് മുതൽ വാലിന്റെ അറ്റം വരെ 2 മീറ്ററിലധികം നീളവും ഉണ്ടായിരുന്നു. താരതമ്യേന വലിപ്പം കുറഞ്ഞ കംഗാരു സ്പീഷീസുകളെ വാലബികൾ എന്നാണു പറയുക.
മരത്തിൽ കഴിയുന്ന കംഗാരുക്കളെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? വിശ്വസിച്ചാലും ഇല്ലെങ്കിലും, കംഗാരുക്കുടുംബത്തിൽ കുറെ “കുരങ്ങന്മാരും” ഉണ്ട്. മരക്കംഗാരുക്കൾ എന്നാണ് ഇവയെ പറയുക. ന്യൂ ഗിനിയയിലെയും വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെയും ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഇവയുടെ താമസം. താരതമ്യേന ചെറിയ കാലുകൾ ഉള്ള ചുണക്കുട്ടന്മാരായ ഈ കംഗാരുക്കൾക്ക് വൃക്ഷങ്ങൾതോറും അനായാസം ചാടിനടക്കാൻ കഴിയും. ഒരൊറ്റ ചാട്ടത്തിൽ 9 മീറ്ററോളം ഇവ പിന്നിടും. മുഖ്യമായും ചെടികളും ഷഡ്പദങ്ങളുടെ ലാർവകളുമൊക്കെ തിന്ന് അവ രാത്രി സമയങ്ങളിൽ നിലത്താണ് കഴിച്ചുകൂട്ടുന്നത്.
കുറഞ്ഞ ചെലവിൽ—വേഗവും ചാരുതയും ഒത്തിണങ്ങി
മന്ദഗതിയിൽ സഞ്ചരിക്കുമ്പോൾ കംഗാരുവിനെ കാണാൻ ഒരു ചന്തവുമില്ല. മുന്നോട്ടു നീങ്ങുന്നതിന് പിൻകാലുകൾ ഉയർത്തുമ്പോൾ അതിന്റെ ശരീരത്തിന്റെ ഭാരം മുഴുവൻ വാലും കുറിയ മുൻകാലുകളും ചേർന്നാണു താങ്ങുന്നത്. ആ സമയം അതിനെ കണ്ടാൽ ഏതാണ്ട് ഒരു മുക്കാലിയെ പോലിരിക്കും. ഇങ്ങനെയാണെങ്കിലും പക്ഷേ, അതു വേഗത്തിൽ സഞ്ചരിക്കുന്നതു കാണാൻ എന്തൊരു ഭംഗിയാണെന്നോ! മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചു ചാടിച്ചാടി മുന്നോട്ടു നീങ്ങുമ്പോൾ ആ വലിയ ബലമുള്ള വാൽ കൊണ്ട് ബാലൻസ് ചെയ്താണ് അതിന്റെ പോക്ക്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നതനുസരിച്ച് “പരമാവധി വേഗത്തിൽ പായുമ്പോൾ ഒരു മണിക്കൂർ കൊണ്ട് 60 കിലോമീറ്ററിലുമധികം ദൂരം താണ്ടാൻ അതിനു കഴിയും.” ആഞ്ഞുകുതിച്ചുള്ള ഒരൊറ്റ ചാട്ടത്തിൽ ഒരു വലിയ കംഗാരു പിന്നിടുന്ന ദൂരം കേൾക്കണോ? 9 മുതൽ 13.5 വരെ മീറ്റർ! ശരിക്കും ഒരു പറക്കൽ തന്നെ!
വേഗത്തിൽ പായുന്ന കാര്യത്തിൽ മാത്രമല്ല അതിനു വേണ്ടിവരുന്ന ഊർജം കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്ന കാര്യത്തിലും അവർ മിടുക്കരാണ്. ഓസ്ട്രേലിയയിലെ മെൽബണിലുള്ള മൊനാഷ് സർവകലാശാലയിലെ പ്രൊഫസർ ഊവെ പ്രോസ്കെ പറയുന്നത് പതിയെ സഞ്ചരിക്കുന്നതിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് കംഗാരുക്കൾ കൂടുതൽ ലാഭകരമായി ഓക്സിജൻ ഉപയോഗിക്കുന്നത് എന്നാണ്. “മണിക്കൂറിൽ 20 കിലോമീറ്ററോ അതിലധികമോ വേഗത്തിൽ ചാടിച്ചാടി പോകുമ്പോൾ കംഗാരുവിനു വേണ്ടിവരുന്ന ഊർജം അതേ വേഗത്തിൽ ഓടുന്ന, അതേ ഭാരമുള്ള, നാൽക്കാലികളായ പ്ലാസന്റൽ സസ്തനികൾക്കു [മാനിനെയോ നായയെയോ പോലെ പൂർണവളർച്ചയെത്തിയ ശേഷം ജനിക്കുന്ന സസ്തനികൾ] വേണ്ടിവരുന്നതിനെക്കാൾ കുറവാണ്” എന്നും പ്രോസ്കെ കണക്കാക്കി. അങ്ങേയറ്റം കാര്യക്ഷമമായി ഊർജം ഉപയോഗപ്പെടുത്തുന്നതുകൊണ്ട് അൽപ്പം പോലും തളരാതെ ദീർഘ ദൂരം സഞ്ചരിക്കാൻ അവയ്ക്കു കഴിയും. എന്നാൽ, ഇങ്ങനെ ‘ചെലവുചുരുക്കി’ സഞ്ചരിക്കാൻ കംഗാരുവിനു കഴിയുന്നത് എങ്ങനെയാണ്?
കണങ്കാലിലെ മാംസപേശികളെ ഉപ്പൂറ്റിയിലെ അസ്ഥിയുമായി ബന്ധിക്കുന്ന നീണ്ട, ബലിഷ്ഠമായ സ്നായുക്കളിലാണ് (ആക്കിലെസ് സ്നായുക്കൾ) അതിന്റെ രഹസ്യം കുടികൊള്ളുന്നത്. “സ്പ്രിങ്ങുകൾ ഘടിപ്പിച്ച പാദങ്ങളാണ് കംഗാരുക്കൾക്കുള്ളത് എന്നു വേണമെങ്കിൽ പറയാം,” പ്രോസ്കെ തുടരുന്നു. ചാടിച്ചാടി മുന്നോട്ടു നീങ്ങുന്നതിന് ഇടയിൽ ഓരോതവണയും പിൻകാലുകൾ നിലത്തുകുത്തുമ്പോൾ ഈ സ്നായുക്കൾ വലിയും. എന്നാൽ കാലുകൾ പൊങ്ങുമ്പോൾ ഇവ ചുരുങ്ങുകയും ചെയ്യും. ഇക്കാര്യത്തിൽ, മനുഷ്യന്റെ കണങ്കാലിലെ പേശികളുമായി ബന്ധിക്കപ്പെട്ടിരിക്കുന്ന സ്നായുക്കളെ പോലെ തന്നെയാണ് ഇവയും. കംഗാരുക്കൾ പല വേഗത്തിൽ സഞ്ചരിക്കുമെങ്കിലും ഓരോ സെക്കൻഡിലും തുല്യ എണ്ണം ചാട്ടമാണ് നടത്തുന്നത് (ചെമന്ന കംഗാരുവിന്റെ കാര്യത്തിൽ ഇത്, സെക്കൻഡിൽ ഏതാണ്ട് 2 തവണ ആണ്), വേഗത്തിൽ പോകേണ്ടതുണ്ടെങ്കിൽ അവ ചാട്ടത്തിന്റെ എണ്ണം കൂട്ടുന്നതിനു പകരം ഓരോ ചാട്ടത്തിലും പിന്നിടുന്ന ദൂരം കൂട്ടുക മാത്രമാണു ചെയ്യുക. കംഗാരു പേടിച്ചുപോകുന്ന അവസരങ്ങൾ മാത്രമാണ് ഇതിനൊരു അപവാദം. അത്തരം സമയങ്ങളിൽ, മെച്ചമായ ത്വരണത്തിനു വേണ്ടി, നീട്ടിച്ചാടുന്നതിനു പകരം അടുപ്പിച്ചടുപ്പിച്ച് പെട്ടെന്നുള്ള കുറെ ചാട്ടങ്ങൾ നടത്തുന്നു.
നീന്തലിന്റെ കാര്യത്തിലും കംഗാരുക്കൾ ബഹുസമർഥരാണ്. നീന്തുന്നതിന് ശക്തിയേറിയ കാലുകൾ മാത്രമല്ല അവ ഉപയോഗിക്കുന്നത്. കൂടുതൽ ഊക്കോടെ നീന്തുന്നതിന് അവ വാൽ ഒരുവശത്തുനിന്നു മറ്റേ വശത്തേക്ക് ആട്ടുകയും ചെയ്യുന്നു. ഈ നീന്തൽ വൈദഗ്ധ്യം അവ ഉപയോഗപ്പെടുത്തുന്ന ഒരു സന്ദർഭം, നായ്ക്കൾ അവയെ പിന്തുടരുമ്പോഴാണ്. നായ്ക്കളിൽ നിന്നു രക്ഷപ്പെടാൻ അവ കുളത്തിലേക്കോ നദിയിലേക്കോ എടുത്തുചാടും. ഇനി, പിന്നാലെ ചാടാൻ നായ ധൈര്യം കാട്ടിയാലോ, കംഗാരു അവനെ ദൃഢപേശികളുള്ള മുൻകാലുകൾ കൊണ്ട്—ഈ കാലുകൾക്ക് കൂർത്ത നഖത്തോടു കൂടിയ അഞ്ചുവിരലുകൾ ഉള്ള പത്തിയാണുള്ളത്—നിമിഷങ്ങൾക്കുള്ളിൽ വെള്ളത്തിനടിയിലേക്ക് ആഴ്ത്തിക്കളയും. തുടക്കത്തിൽ പരാമർശിച്ച ജോണിന് രണ്ടു നായ്ക്കൾ ഉണ്ടായിരുന്നു. കുടുംബവക സ്ഥലത്തുണ്ടായിരുന്ന ഒരു ജലസംഭരണിയിൽ വെച്ച് ഒരു ആൺ കാട്ടുകംഗാരുവുമായി ഏറ്റുമുട്ടിയ അവ, അതിന്റെ ചവിട്ടേറ്റ് മുങ്ങിച്ചാകാൻ തുടങ്ങിയതാണ്.
സഞ്ചിമൃഗങ്ങളുടെ പിറവിയിലെ അത്ഭുതം
വളർച്ചയെത്തിയ കംഗാരുവിന്റേത് നല്ല ആരോഗ്യമുള്ള, കരുത്തുറ്റ ശരീരമാണെങ്കിലും
ജനിച്ചുവീഴുമ്പോഴത്തെ സ്ഥിതി അതല്ല. അൽപ്പം പോലും വികസിച്ചിട്ടില്ലാത്ത, അതീവ ദുർബലമായ ശരീരമായിരിക്കും അപ്പോൾ അവയുടേത്. ഏതാനും ഗ്രാം മാത്രം തൂക്കവും ഏതാണ്ട് രണ്ടര സെന്റിമീറ്റർ നീളവും ഉള്ള അവയെ ആ സമയത്ത് കണ്ടാൽ പിങ്ക് നിറത്തിലുള്ള ഒരു പുഴുവിനെപ്പോലിരിക്കും. ജനിക്കുന്ന സമയത്ത് അവയ്ക്ക് ദേഹത്ത് ഒരൊറ്റ രോമം പോലുമുണ്ടാകില്ല. എന്നുമാത്രമല്ല, തികച്ചും അന്ധരും ബധിരരുമായിരിക്കും അവ. എന്നാലും, വളരെ നേരത്തെ വികാസം പ്രാപിച്ച, കൂർത്ത നഖങ്ങളോടുകൂടിയ മുൻകാലുകളുടെയും പിന്നെ ഘ്രാണശക്തിയുടെയും സഹായത്താൽ ഇത്തിരിപ്പോന്ന ഈ “പുഴു” സഹജവാസനയാൽ അമ്മയുടെ ശരീരത്തിലുള്ള രോമത്തിലൂടെ ഇഴഞ്ഞ് സഞ്ചിയിലെത്തിച്ചേരും. സഞ്ചിക്കുള്ളിൽ എത്തിയാൽ പിന്നെ അതിനുള്ളിലെ നാലു മുലഞെട്ടുകളിൽ ഒന്നിലേക്ക് വായ് കൊണ്ട് സ്വയം ഒട്ടിച്ചേരും. പെട്ടെന്നുതന്നെ, കുഞ്ഞിന്റെ വായിൽ ഈ മുലഞെട്ടിന്റെ അഗ്രഭാഗം വീർത്തുവരും. ഏതാനും ആഴ്ചത്തേക്കു കുഞ്ഞിനെ അവിടെത്തന്നെ ബലമായി ഉറപ്പിച്ചുനിർത്താൻ ഇതു സഹായിക്കും. ചാടിച്ചാടി, വളരെ വേഗത്തിലാണല്ലോ അമ്മ കംഗാരുവിന്റെ പോക്ക്. അപ്പോൾ കുഞ്ഞിന് ഇങ്ങനെയൊരു പിടിയുള്ളത് എന്തുകൊണ്ടും നല്ലതാണ്! കുഞ്ഞ് മുലഞെട്ടിനോട് അത്ര ദൃഢമായി പറ്റിച്ചേർന്നിരിക്കുന്നതുകൊണ്ട് അതിൽനിന്നാണ് കുഞ്ഞ് വളർന്നുവന്നത് എന്നാണ് ആദ്യമൊക്കെ ആളുകൾ ധരിച്ചിരുന്നത്!കുറച്ചുകാലം കഴിയുമ്പോൾ കംഗാരുക്കുഞ്ഞിന് അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങാൻ പറ്റുന്നയത്ര വളർച്ചയൊക്കെയാകും. ആദ്യമൊക്കെ താത്കാലികമായി മാത്രമേ അവൻ പുറത്തിറങ്ങൂ. എന്നാൽ, ഏഴു മുതൽ പത്തു വരെ മാസങ്ങൾ പിന്നിട്ടുകഴിയുമ്പോൾ—അവന്റെ മുലകുടി പൂർണമായും മാറുമ്പോൾ—പിന്നെ അവൻ അമ്മയുടെ ഉദരസഞ്ചിയിൽ കയറുകയേയില്ല. ഇനി, കംഗാരുവിന്റെ പുനരുത്പാദനത്തിലെ മറ്റൊരു അതിശയം കാണുന്നതിന് കംഗാരുക്കുഞ്ഞ് ആദ്യമായി അമ്മയുടെ ഒരു മുലഞെട്ടിലേക്ക് വായ് കൊണ്ട് ഒട്ടിച്ചേർന്ന ആ സമയത്തേക്കു നമുക്കൊന്നു തിരിച്ചുപോകാം.
കംഗാരുക്കുഞ്ഞ് തന്റെ അമ്മയുടെ ഒരു മുലഞെട്ടിൽ പറ്റിച്ചേർന്നു കഴിഞ്ഞ് ഏതാനും ദിവസങ്ങൾ കഴിയുമ്പോൾത്തന്നെ അമ്മക്കംഗാരു വീണ്ടും ഇണചേരും. അതിന്റെ ഫലമായി രൂപംകൊള്ളുന്ന ഭ്രൂണം ഗർഭപാത്രത്തിനുള്ളിൽ ഏതാണ്ട് ഒരാഴ്ചത്തേക്കു വളരും. പിന്നെ, അതിന്റെ വളർച്ച നിലയ്ക്കും. പക്ഷേ അപ്പോഴും, അമ്മയുടെ ഉദരസഞ്ചിക്കുള്ളിലെ കുഞ്ഞിന്റെ വളർച്ച നിർവിഘ്നം തുടരുന്നുണ്ടാകും. മുലകുടി മാറുന്നതിന് മുമ്പ് കംഗാരുക്കുഞ്ഞ് തത്കാലത്തേക്ക് അമ്മയുടെ ഉദരസഞ്ചിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഗർഭപാത്രത്തിനുള്ളിലെ ഭ്രൂണം വീണ്ടും വളരാൻ തുടങ്ങും. 30 ദിവസത്തിനു ശേഷം അമ്മയുടെ ഉദരസഞ്ചിയിലെത്തുന്ന ഇവനും ഒരു മുലഞെട്ടിൽ കടിച്ചുതൂങ്ങും, പക്ഷേ ആദ്യത്തെ കുഞ്ഞ് നുകർന്ന ആ മുലഞെട്ടിൽ അല്ലെന്നു മാത്രം.
കംഗാരു-ജീവശാസ്ത്രത്തിലെ മറ്റൊരു അത്ഭുതമാണ് ഇത്. അമ്മക്കംഗാരു തന്റെ ഇളയ കുഞ്ഞിനു കൊടുക്കുന്ന പാലും മൂത്ത കുഞ്ഞിനു കൊടുക്കുന്ന പാലും വ്യത്യസ്തമാണ്. ഇതിനെക്കുറിച്ച് സയന്റിഫിക്ക് അമേരിക്കൻ ഇങ്ങനെ പറയുകയുണ്ടായി: “വ്യത്യസ്ത സ്തനഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഈ രണ്ടുതരം പാലും അളവിന്റെ കാര്യത്തിലും ഘടനയുടെ കാര്യത്തിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരേ ഹോർമോണുകൾതന്നെ ഉൾപ്പെട്ടിരുന്നിട്ടും എങ്ങനെയാണ് ഇതു സാധ്യമാകുന്നത് എന്നുള്ളത് ഇന്നും ഒരു അത്ഭുതമാണ്.”
കംഗാരുവിനെ കാണണമെങ്കിൽ എവിടെ ചെല്ലണം?
കംഗാരുവിനെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണണമെന്നുണ്ടെങ്കിൽ ഓസ്ട്രേലിയയിലെ, നഗരങ്ങളിൽ നിന്നും ദൂരെയുള്ള കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങളിൽ ചെല്ലേണ്ടിവരും. ചെറിയ ചെടികളും പുല്ലും തേടിനടക്കുന്ന കംഗാരുക്കളെ ഒറ്റയ്ക്കൊറ്റയ്ക്കോ ചെറുതോ വലുതോ ആയ കൂട്ടങ്ങളായോ അവിടെ നിങ്ങൾക്കു കാണാൻ കഴിയും. ഈ കൂട്ടങ്ങളെ മോബുകൾ എന്നാണു പറയുക. ബൂമർമാർ എന്നറിയപ്പെടുന്ന വലിയ ആൺ കംഗാരുക്കളാണ് അവയുടെ മേധാവികൾ. കംഗാരുക്കൾ മുഖ്യമായും രാത്രിയിലാണു തീറ്റ തേടുന്നത്. പകൽനേരത്ത് ചൂട് തുടങ്ങിയാൽ പിന്നെ അവ തണലത്തു വിശ്രമിക്കുകയാവും ചെയ്യുക. (അവയുടെ നിറം ചുറ്റുപാടുകളുമായി നന്നായി ഇണങ്ങിപ്പോകുന്നതു കൊണ്ട് അപ്പോൾ അവയെ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്). അതുകൊണ്ട് അവയെ കാണാൻ ഏറ്റവും പറ്റിയ സമയം ഒന്നുകിൽ നേരം വെളുത്ത ഉടനെ അല്ലെങ്കിൽ ഇരുട്ടുവീണു തുടങ്ങുമ്പോൾ ആണ്. തണുപ്പുകൂടുന്ന സമയങ്ങളിൽ പക്ഷേ അവ പകൽ മുഴുവൻ ചാടിച്ചാടി നടന്നേക്കാം. എന്തുതന്നെയാണെങ്കിലും, അവയെ കാണാൻ വരുമ്പോൾ കൂട്ടത്തിൽ ഒരു ടെലിഫോട്ടോ ലെൻസും ബൈനോക്കുലറും കരുതാൻ മറക്കേണ്ട. കാരണം, കാട്ടുകംഗാരുക്കൾ വല്ലാത്ത നാണംകുണുങ്ങികളാണ്.
ഓസ്ട്രേലിയയിലെയും മറ്റു ചില രാജ്യങ്ങളിലെയും മിക്കവാറും എല്ലാ മൃഗശാലകളിലും വന്യമൃഗ സംരക്ഷണകേന്ദ്രങ്ങളിലും ദേശീയ പാർക്കുകളിലും നിങ്ങൾക്കു കംഗാരുക്കളെ കണ്ടെത്താൻ കഴിയും. നിത്യം കാണുന്നതുകൊണ്ടാകാം ഈ കംഗാരുക്കൾക്കു മനുഷ്യരെ അത്ര ഭയമില്ല. അതുകൊണ്ട്, നിങ്ങൾക്ക് അവയുടെ കുറെ നല്ല ക്ലോസ്-അപ്പ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞേക്കും. എന്തിന്, സഞ്ചിക്കുള്ളിലിരുന്ന് സാകൂതം പരിസരവീക്ഷണം നടത്തുന്ന കംഗാരുക്കുഞ്ഞിനെയുംകൊണ്ടു നിൽക്കുന്ന അമ്മക്കംഗാരുവിന്റെ ചിത്രം പോലും നിങ്ങൾക്കു ലഭിച്ചേക്കാം. അമ്മയുടെ സഞ്ചിക്കുള്ളിലേക്കു തലകുത്തി ചാടുന്ന താരതമ്യേന വലിയ കംഗാരുക്കുഞ്ഞിനെ കണ്ടാൽ ആരും ചിരിച്ചുപോകും. അങ്ങനെ കയറുമ്പോൾ, അവന്റെ നീണ്ടുമെലിഞ്ഞ പിൻകാലുകൾ സഞ്ചിക്കുള്ളിൽ നിന്നു പുറത്തേക്കു കോലുപോലെ തള്ളിനിൽക്കും. ആ സമയം അമ്മക്കംഗാരുവിനെ കണ്ടാൽ, സാധനങ്ങൾ തിക്കിനിറച്ച ഒരു ഷോപ്പിങ് ബാഗ് പോലെതോന്നും. (കംഗാരുക്കുഞ്ഞിന്റെ ദേഹത്താണെങ്കിൽ കാലുകൾ മാത്രമേ ഉള്ളൂ എന്നാണ് ഒറ്റ നോട്ടത്തിൽ തോന്നുക!) ഒരുപക്ഷേ, സുന്ദരനായ ഒരു ആൺ കംഗാരു നിങ്ങൾക്കു വേണ്ടി ഞെളിഞ്ഞു നിന്നു ഗംഭീരമായി ഒന്നു പോസ് ചെയ്തുതരില്ലെന്ന് ആരു കണ്ടു? ഏന്തിവലിഞ്ഞു നിന്ന് പൊരിഞ്ഞപോരാട്ടം നടത്തുന്ന ബൂമർമാരെയും നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും, അതേ, ശരിക്കും മുഷ്ടിയുദ്ധം നടത്തുന്ന കംഗാരുക്കളെ!
ഇതൊക്കെയാണെങ്കിലും, ഒരു വലിയ ചെമന്ന കംഗാരുവോ ചാരനിറത്തിലുള്ള കംഗാരുവോ അവയുടെ പരമാവധി വേഗത്തിൽ ചാടിച്ചാടി പോകുന്നതു കാണാനാണു പലർക്കും ഇഷ്ടം. മറ്റു മൃഗങ്ങൾക്ക് അവയെക്കാൾ വേഗത്തിൽ ഓടാനോ ഉയരത്തിൽ ചാടാനോ കഴിഞ്ഞേക്കും. പക്ഷേ, ബലമുള്ള രണ്ടു കാലുകൾ മാത്രം ഉപയോഗിച്ച് വേഗവും ചാരുതയും സ്പ്രിങ്-ആക്ഷനും ഒത്തിണങ്ങിയ സഞ്ചാരം നടത്തുന്ന ഇതുപോലൊരു ജീവി വേറെയില്ല.
[17-ാം പേജിലെ ചിത്രം]
നീണ്ട ആക്കിലെസ് സ്നായുക്കളിലാണ് ഈ സ്പ്രിങ്-ആക്ഷന്റെ രഹസ്യം കുടികൊള്ളുന്നത്