ലാമൂ—കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റം വരാത്ത ഒരു ദ്വീപ്
ലാമൂ—കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റം വരാത്ത ഒരു ദ്വീപ്
കെനിയയിലെ ഉണരുക! ലേഖകൻ
തടി കൊണ്ടുള്ള ഒരു കൊച്ചു പായ്ക്കപ്പൽ ശക്തമായ കടൽക്കാറ്റിൽ ഉലഞ്ഞ് മുന്നോട്ടു നീങ്ങുകയാണ്. കപ്പലിന്റെ മേൽത്തട്ടിൽ നിന്ന് നാവികരിൽ ഒരാൾ പാമരത്തിൽ ബലമായി പിടിച്ചുകൊണ്ട് കര കാണാനുണ്ടോ എന്നു സൂക്ഷിച്ചു നോക്കുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ അയാളുടെ കണ്ണഞ്ചിക്കുന്നു. പൊ.യു. 15-ാം നൂറ്റാണ്ടിലെ കാര്യമാണു പറഞ്ഞുവരുന്നത്, ലാമൂ ദ്വീപ് അന്വേഷിച്ചിറങ്ങിയവരാണ് ഈ നാവികർ.
സ്വർണം, ആനക്കൊമ്പ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നുവേണ്ട, അടിമകൾ വരെ ആഫ്രിക്കയിൽ സുലഭമായിരുന്നു. വിലപ്പെട്ട വസ്തുക്കൾ കൈവശപ്പെടുത്താനും അവിടെ പര്യവേക്ഷണം നടത്താനും വേണ്ടി വിദൂര രാജ്യങ്ങളിൽ നിന്നു പോലും ആളുകൾ പൂർവാഫ്രിക്കൻ തീരത്തേക്കു സമുദ്രയാത്ര ചെയ്തിരുന്നു. പ്രക്ഷുബ്ധമായ കടലും ശക്തമായ കാറ്റുമൊന്നും ആഫ്രിക്കയിലെ വിലപ്പെട്ട വസ്തുക്കൾ തേടുന്നതിൽ നിന്നു സമുദ്രയാത്രികരെ പിന്തിരിപ്പിച്ചില്ല. മരുങ്ങുതിരിയാൻ ഇടമില്ലാത്ത കൊച്ചു പായ്ക്കപ്പലുകളിലാണ് അവർ ആ ദീർഘദൂര യാത്രകൾ നടത്തിയിരുന്നത്.
പൂർവാഫ്രിക്കൻ തീരത്തിന്റെ മധ്യഭാഗത്തിന് എതിരായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപസമൂഹമാണ് ലാമൂ. അവിടെ, പവിഴപ്പുറ്റുകൾ നിറഞ്ഞ ആഴമേറിയ തുറമുഖം സമുദ്രയാത്രികർക്കും അവരുടെ ദുർബലമായ കപ്പലുകൾക്കും സുരക്ഷിതത്വമരുളി. അവിടെവെച്ചു പായ്ക്കപ്പലുകളിൽ ശുദ്ധ ജലവും ഭക്ഷ്യവസ്തുക്കളും നിറയ്ക്കാൻ നാവികർക്കു കഴിഞ്ഞിരുന്നു.
15-ാം നൂറ്റാണ്ടോടെ, ലാമൂ ദ്വീപ് സമ്പന്നമായ വ്യാപാര-വിതരണ കേന്ദ്രം ആയിത്തീർന്നു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് നാവികർ അവിടെ എത്തിയപ്പോൾ കണ്ടത് പട്ടുകൊണ്ടുള്ള തലപ്പാവും തുർക്കിക്കുപ്പായവും അണിഞ്ഞ വ്യാപാരികളെയാണ്. അത്തർ പൂശിയ സ്ത്രീകൾ കൈകൾ നിറയെ സ്വർണവളകളും കണങ്കാലുകളിൽ സ്വർണക്കൊലുസ്സുകളും അണിഞ്ഞ് അവിടത്തെ ഇടുങ്ങിയ തെരുവുകളിൽ നടക്കുന്നതും അവർ കണ്ടു. മുക്കോൺ പായ്കൾ ചുരുട്ടിവെച്ചിരിക്കുന്ന, വിദേശങ്ങളിലേക്കുള്ള സാമഗ്രികൾ നിറച്ച പായ്ക്കപ്പലുകൾ കപ്പൽത്തുറയിൽ ഉടനീളം കാണാമായിരുന്നു. ഭാരം നിമിത്തം അവ വെള്ളത്തിൽ താണുപോകുമെന്നു തോന്നിച്ചിരുന്നു. അറബിക്കച്ചവടക്കപ്പലിൽ കയറ്റി അയയ്ക്കാനായി അടിമകളെ പരസ്പരം ബന്ധിച്ച നിലയിൽ നിറുത്തിയിരുന്നതും ഒരു പതിവു കാഴ്ചയായിരുന്നു.
ലാമൂവിലെ ഉന്നത നിലവാരത്തിലുള്ള ശുചീകരണ സമ്പ്രദായവും വാസ്തുശിൽപ്പ നിർമിതികളും ആദിമ യൂറോപ്യൻ പര്യവേക്ഷകരെ വിസ്മയഭരിതരാക്കി. കടലിന് അഭിമുഖമായുള്ള വീടുകൾ അവിടത്തെ പവിഴപ്പുറ്റുകളിൽ നിന്നു വെട്ടിയെടുത്ത പവിഴപ്പാറകൾ കൊണ്ടു നിർമിച്ചവയായിരുന്നു. തടിയിൽ തീർത്ത, ശിൽപ്പവേല ചെയ്ത കൂറ്റൻ കവാടങ്ങളായിരുന്നു വീടുകൾക്ക് ഉണ്ടായിരുന്നത്. അസഹ്യമായ ചൂടിൽ നിന്ന് ആശ്വാസം കിട്ടുന്നതിനു കടൽ കാറ്റ് കടന്നുവരത്തക്കവണ്ണം വളരെ ക്രമീകൃതമായ വിധത്തിലാണ് വീടുകൾ പണിയപ്പെട്ടിരുന്നത്.
സമ്പന്നരുടെ വീടുകൾ വലിയതും വേണ്ടത്ര സൗകര്യങ്ങൾ ഉള്ളവയും ആയിരുന്നു. പ്രാചീന പ്ലംബിങ് രീതി ഉപയോഗിച്ചു പിടിപ്പിച്ച, ശുദ്ധജലം ഒഴുകുന്ന പൈപ്പുകളും കുളിമുറികളിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ അവിടത്തെ മലിനജല നിർമാർജന സംവിധാനം അന്നത്തെ പല യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളവയെ കടത്തിവെട്ടുന്നത്ര മികച്ചതായിരുന്നു. ശുദ്ധജല സ്രോതസ്സുകൾ മലിനമാകാതിരിക്കേണ്ടതിന് അഴുക്കുവെള്ളം വളരെ അകലെ കടൽത്തീരത്തെ മണലിനുള്ളിൽ വീഴത്തക്കവണ്ണം പാറ തുരന്നു പാത്തികൾ ഉണ്ടാക്കിയിരുന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള ശുദ്ധജലത്തിനായി പാറ വെട്ടി കിണറുകൾ ഉണ്ടാക്കിയിരുന്നു. അവയിൽ വളർത്തിയിരുന്ന കൊച്ചു മത്സ്യങ്ങൾ കൂത്താടികളെ തിന്നൊടുക്കിയിരുന്നതിനാൽ കൊതുകു ശല്യം വളരെ കുറവായിരുന്നു.
19-ാം നൂറ്റാണ്ടോടെ, ലാമൂവിൽ നിന്ന് ആനക്കൊമ്പ്, എണ്ണ, വിത്തുകൾ, മൃഗത്തോൽ, ആമത്തോട്, നീർക്കുതിരയുടെ പല്ലുകൾ എന്നിവ കൂടാതെ അടിമകളെയും കച്ചവടക്കാർക്കു ധാരാളമായി വിറ്റിരുന്നു. എന്നുവരികിലും, ലാമൂവിന്റെ സമ്പന്നത ക്രമേണ ക്ഷയിക്കാൻ തുടങ്ങി. പകർച്ചവ്യാധിക്കും ശത്രു ഗോത്രങ്ങളുടെ ആക്രമണങ്ങൾക്കും പുറമേ, അടിമ വ്യാപാരത്തിന്മേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ലാമൂവിന്റെ സമ്പദ്വ്യവസ്ഥയ്ക്കു കനത്ത പ്രഹരമേൽപ്പിച്ചു.
ഗതകാലത്തിലേക്ക് ഒരു ചുവടുവെപ്പ്
ലാമൂ തുറമുഖത്തേക്ക് ഇന്നു യാത്ര ചെയ്യുന്നത്, ഗതകാലത്തിലേക്കു ചുവടു വെക്കുന്നതു പോലെയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ സദാ കാറ്റു വീശിക്കൊണ്ടിരിക്കുന്നു. വൈഡൂര്യ വർണത്തിലുള്ള ഇളം തിരമാലകൾ പഞ്ചാര മണൽത്തീരത്തെ മുത്തമിടുന്നു. തീരക്കടലിലൂടെ തെന്നിത്തെന്നി നീങ്ങുന്ന തടികൊണ്ടുള്ള പടകിന്റെ മുക്കോൺ പായ്കൾ കാണുമ്പോൾ ചിത്രശലഭങ്ങൾ പറക്കുകയാണെന്നു തോന്നും. യാത്രക്കാരെ കൂടാതെ മത്സ്യം, പഴം, നാളികേരം, പശു, കോഴി എന്നിവയും വഹിച്ചുകൊണ്ട് ആ പടകുകൾ ലാമൂ തുറമുഖത്തെ ലക്ഷ്യമാക്കി നീങ്ങുന്നു.
കപ്പൽത്തുറയ്ക്കു സമീപം ഉഷ്ണക്കാറ്റിൽ ഉലയുന്ന പനയോലകൾ, പായ്ക്കപ്പലിൽ നിന്നു സാധനങ്ങൾ ഇറക്കുന്നവർക്ക് അൽപ്പമൊരു ആശ്വാസമേകുന്നു. ആളുകൾ ക്രയവിക്രയത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ചന്തയിൽ ആകെ തിക്കും തിരക്കുമാണ്. എന്നാൽ ഈ വ്യാപാരികൾക്ക് സ്വർണമോ ആനക്കൊമ്പോ അടിമകളോ അല്ല ആവശ്യം. മറിച്ച്, വാഴപ്പഴവും നാളികേരവും മീനും കുട്ടകളുമൊക്കെയാണ്.
ഒരു വലിയ മാവിന്റെ ചുവട്ടിൽ ഇരുന്ന് പുരുഷന്മാർ സൈസൽ നാരുകൾ ഉപയോഗിച്ച് നീണ്ട കയറുകൾ പിരിച്ചുണ്ടാക്കുകയും തങ്ങളുടെ പടകിന്റെ തുണികൊണ്ടുള്ള പായ്കളുടെ കേടുപോക്കുകയും ചെയ്യുന്നു. ഇടുങ്ങിയ വീഥികളിലൂടെ ആളുകൾ തലങ്ങും വിലങ്ങും നടക്കുന്നതു കാണാം. ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന അവസ്ഥയിലാണ് കടകളെല്ലാം. നീണ്ട കുപ്പായം ധരിച്ച കച്ചവടക്കാർ, സാധനങ്ങൾ വാങ്ങാൻ ചന്തയിൽ എത്തിയവരെ തങ്ങളുടെ കടയിലേക്കു കയറാൻ ക്ഷണിക്കുകയാണ്. ആളുകൾ തിങ്ങിനിറഞ്ഞ തിരക്കേറിയ വീഥിയിലൂടെ ഒരു കഴുത, ധാന്യച്ചാക്കുകൾ നിറച്ച ഉന്തുവണ്ടിയും വലിച്ചുകൊണ്ടു ബദ്ധപ്പെട്ടു മുന്നോട്ടു നീങ്ങുന്നു. ലാമൂ ദ്വീപിൽ ഗതാഗത സൗകര്യങ്ങളില്ലാത്തതിനാൽ അവിടത്തുകാർ കാൽനടയായാണു യാത്ര ചെയ്യുന്നത്. മറ്റൊരു ദ്വീപിൽ എത്തണമെങ്കിൽ പടകിനെ ആശ്രയിക്കണം.
നട്ടുച്ചയ്ക്ക്, സൂര്യൻ കത്തിജ്വലിക്കുമ്പോൾ ലാമൂ തികച്ചും നിശ്ചലമായതു പോലെ തോന്നും. ആളുകൾ ആരുംതന്നെ പുറത്തിറങ്ങാറില്ല. കഴുതകൾ പോലും
കണ്ണുകൾ ഇറുക്കിയടച്ച്, കൊടും ചൂട് ശമിക്കുന്നതും കാത്ത് അനങ്ങാതെ നിൽക്കുന്നതു കാണാം.തുടുവെയിൽ ആറിത്തുടങ്ങുന്നതോടെ ചൂടും കുറയുന്നു. അതോടെ ആ ദ്വീപ് മയക്കംവിട്ട് ഉണരുകയായി. വ്യാപാരികൾ കടയുടെ വലിയ വാതിലുകൾ മലർക്കെ തുറന്നിടുന്നു. ഇനിയിപ്പോൾ രാത്രി വളരെ വൈകിയിട്ടേ അവർ കടകൾ അടയ്ക്കുകയുള്ളൂ. സ്ത്രീകൾ കുട്ടികളെ കുളിപ്പിച്ചശേഷം അവരുടെ ദേഹത്തു വെളിച്ചെണ്ണ തേച്ചുപിടിപ്പിക്കുന്നു. മെടഞ്ഞെടുത്ത തെങ്ങോലയിൽ ഇരുന്നുകൊണ്ട് സ്ത്രീകൾ അത്താഴത്തിനുള്ള ഒരുക്കങ്ങൾ നടത്തുന്നു. ഇവിടെ ഇപ്പോഴും ആളുകൾ വിറകടുപ്പിലാണു ഭക്ഷണം പാകം ചെയ്യുന്നത്. നറുമണമുതിർക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുണ്ടാക്കിയ മീനും തേങ്ങാപ്പാലിൽ വേവിച്ചെടുത്ത ചോറുമെല്ലാം ഇവിടത്തെ സ്വാദേറിയ വിഭവങ്ങളാണ്. ഇവിടത്തുകാർ സൗഹൃദമുള്ളവരും അതിഥിപ്രിയരും ഒന്നിനെക്കുറിച്ചും അമിതമായി ഉത്കണ്ഠപ്പെടാത്തവരുമാണ്.
പോയകാലത്തിന്റെ പ്രതാപം കൈമോശം വന്നെങ്കിലും ലാമൂവിലെ 20-ാം നൂറ്റാണ്ടിനു മുമ്പുള്ള പരമ്പരാഗത ആഫ്രിക്കൻ സംസ്കാരത്തിനു തെല്ലും മങ്ങലേറ്റിട്ടില്ല. ഉഷ്ണമേഖലാ സൂര്യന്റെ പൊള്ളുന്ന വെയിലിൽ അവിടെ ജീവിതം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഭൂതകാലവും വർത്തമാനകാലവും ഇവിടെ ഒരുമിക്കുന്നതായി ലാമൂ സന്ദർശിക്കുന്ന ഒരു വ്യക്തിക്കു തോന്നും. അതേ, കാലത്തിന്റെ കുത്തൊഴുക്കിൽ മാറ്റം വരാത്ത അനുപമമായ ഒരു ദ്വീപാണ് ലാമൂ.
[16, 17 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഞങ്ങളുടെ ലാമൂ സന്ദർശനം
കുറച്ചു നാൾ മുമ്പ്, ഞങ്ങൾ ഏതാനും പേർ ലാമൂ സന്ദർശിച്ചു. എന്തെങ്കിലും വാങ്ങുകയോ വിൽക്കുകയോ ആയിരുന്നില്ല അതിന്റെ ഉദ്ദേശ്യം. ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളെ, യഹോവയുടെ സാക്ഷികളെ, സന്ദർശിക്കാനാണു ഞങ്ങൾ അവിടേക്കു പോയത്. ഞങ്ങളുടെ കൊച്ചു വിമാനം വടക്ക്, കെനിയയിലെ നിമ്നോന്നത തീരപ്രദേശത്തിനു മുകളിലൂടെ പറന്നു. താഴെ, ഉഷ്ണമേഖലാ ഹരിതവനങ്ങൾക്കു തൊങ്ങൽ പിടിപ്പിച്ചതുപോലെ നീണ്ടു കിടക്കുന്ന പഞ്ചാരമണൽത്തീരം. അതിനെ ആശ്ലേഷിക്കുന്ന തിരമാലകൾ. പൊടുന്നനെ, ലാമൂ ദ്വീപസമൂഹം പ്രത്യക്ഷപ്പെട്ടു. നീലക്കടലിൽ ലാമൂ ദ്വീപസമൂഹം രത്നങ്ങൾ പോലെ വെട്ടിത്തിളങ്ങുന്ന കാഴ്ച ഞങ്ങളുടെ കണ്ണുകൾക്കു വിരുന്നേകി. ഞങ്ങളുടെ വിമാനം വട്ടമിട്ട്, തീരത്തുള്ള ഒരു ചെറിയ താത്കാലിക വിമാനത്താവളത്തിൽ ഇറങ്ങി. വിമാനമിറങ്ങിയ ഞങ്ങൾ, തടികൊണ്ടുള്ള ഒരു പടകിൽ ലാമൂവിലേക്കു യാത്ര തിരിച്ചു.
നല്ല തെളിവുള്ള, പ്രശാന്തമായ ഒരു ദിവസമായിരുന്നു അത്. കടലിൽ നിന്നുള്ള ഇളംതെന്നൽ നവോന്മേഷമേകി. ദ്വീപിനോട് അടുക്കവെ, ജെട്ടിയിൽ വളരെ തിരക്കുള്ളതായി ഞങ്ങൾ ശ്രദ്ധിച്ചു. ഭാരിച്ച ചുമടുകൾ ചുമന്നുകൊണ്ടു പോകുന്ന ബലിഷ്ഠരായ പുരുഷന്മാർ. കൈതൊടാതെ തലച്ചുമടുകളുമായി പോകുന്ന സ്ത്രീകൾ. ആൾത്തിരക്കിലൂടെ ഞങ്ങൾ ലഗേജുമായി മുന്നോട്ടു നീങ്ങി. കുറച്ചു ദൂരം നടന്നശേഷം ഒരു പനയുടെ തണലിൽ ഞങ്ങൾ സ്വൽപ്പസമയം നിന്നു. മിനിട്ടുകൾക്കുള്ളിൽ ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങൾ ഞങ്ങളെ കണ്ടെത്തി. തങ്ങളുടെ ദ്വീപ ഭവനത്തിലേക്ക് അവർ ഞങ്ങൾക്ക് ഊഷ്മളമായ സ്വാഗതമരുളി.
സഹോദരങ്ങളെ കടലോരത്തു വെച്ചു കണ്ടുമുട്ടുന്നതിനായി പിറ്റേന്ന് അതിരാവിലെ ഞങ്ങൾ എഴുന്നേറ്റു. ദീർഘദൂരം, മണിക്കൂറുകൾ നടന്നുവേണം സഭാ യോഗങ്ങൾക്ക് എത്തിച്ചേരാൻ. നല്ല അരികുവട്ടമുള്ള തൊപ്പിയും ദീർഘദൂരം നടക്കുന്നതിനു പറ്റിയ ഷൂസുകളും ഞങ്ങൾ ധരിച്ചിരുന്നു, കുടിവെള്ളവും കൂടെ കരുതിയിരുന്നു. പൂർവാഫ്രിക്കൻ തീരത്തുള്ള രാജ്യഹാളിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാനായി പടകു കയറുമ്പോൾ നേരം പരപരാ വെളുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
കിട്ടിയ സമയം പാഴാക്കാതെ സഹോദരങ്ങൾ പടകിൽ ഉണ്ടായിരുന്നവർക്കു സാക്ഷ്യം നൽകി. അങ്ങനെ, ജെട്ടിയിൽ എത്തുന്നതിനുമുമ്പ് ഞങ്ങൾക്കു പലരുമായി ബൈബിൾ ചർച്ച ആസ്വദിക്കാൻ കഴിഞ്ഞു,
നിരവധി മാസികകളും ഞങ്ങൾ സമർപ്പിച്ചു. വിജനമായ വീഥികളിൽ ചൂട് അസഹ്യമായി തോന്നി, കൂടാതെ പൊടിയും. ആൾപ്പാർപ്പില്ലാത്ത, കുറ്റിച്ചെടികൾ നിറഞ്ഞ പ്രദേശങ്ങളിലൂടെ നടക്കവെ, വന്യമൃഗങ്ങൾ വരുന്നുണ്ടോ എന്നു നോക്കിക്കൊള്ളാൻ സഹോദരങ്ങൾ ഞങ്ങളോടു പറഞ്ഞു. അവിടെ ഇടയ്ക്കൊക്കെ ആനകൾ കാടിറങ്ങാറുണ്ടത്രേ. യോഗസ്ഥലത്തേക്കു സാവധാനം നടന്നു നീങ്ങവെ സഹോദരങ്ങളെല്ലാം സന്തോഷഭരിതരായി കാണപ്പെട്ടു.താമസിയാതെ ഞങ്ങൾ ഒരു കൊച്ചു ഗ്രാമത്തിൽ എത്തി. യോഗങ്ങൾക്കായി ദൂരസ്ഥലങ്ങളിൽ നിന്നു നടന്നെത്തിയ വേറെ ചിലരെയും ഞങ്ങൾ അവിടെവെച്ചു കണ്ടുമുട്ടി. സഹോദരങ്ങൾക്കു ദീർഘദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാൽ അവിടെ നാലു സഭായോഗങ്ങൾ ഒരു ദിവസമാണു നടത്തുന്നത്.
ചെത്തിമിനുക്കാത്ത കല്ലുകൾകൊണ്ടു പണിത ഒരു കൊച്ചു സ്കൂളിൽ, ജനൽപ്പാളികളോ കതകുകളോ പിടിപ്പിക്കാത്ത ഒരു ക്ലാസ്സ് മുറിയിലാണു യോഗങ്ങൾ നടത്തിയിരുന്നത്. കൂടിവന്ന 15 പേരും ക്ലാസ്സ് മുറിക്കകത്ത്, വീതി കുറഞ്ഞ ബഞ്ചുകളിൽ ഇരുന്ന് ബൈബിളധിഷ്ഠിത പരിപാടികൾ ആസ്വദിച്ചു. അവ തികച്ചും പ്രോത്സാഹജനകവും പ്രബോധനാത്മകവും ആയിരുന്നു. തകരം മേഞ്ഞ മേൽക്കൂരയ്ക്കു കീഴിലെ കൊടും ചൂട് ആരും അത്ര കാര്യമായെടുത്തില്ല. ഒരുമിച്ചു കൂടിവരാൻ കഴിഞ്ഞതിൽ എല്ലാവരും അതീവ സന്തുഷ്ടരായിരുന്നു. നാലു മണിക്കൂർ നേരത്തെ യോഗങ്ങൾക്കു ശേഷം ഞങ്ങൾ യാത്രപറഞ്ഞ് പിരിഞ്ഞു. ഓരോരുത്തരും അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി. ഞങ്ങൾ ലാമൂവിൽ തിരിച്ചെത്തിയപ്പോഴേക്കും സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിൽ മറയാൻ തുടങ്ങിയിരുന്നു.
അന്ന്, രാത്രിയുടെ കുളിർമയിൽ ഞങ്ങൾ ലാമൂവിലുള്ള സാക്ഷി കുടുംബങ്ങളോടൊപ്പം ലളിതമെങ്കിലും സ്വാദിഷ്ടമായ ഭക്ഷണം ആസ്വദിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ ഞങ്ങൾ അവരോടൊപ്പം പ്രസംഗവേലയിൽ ഏർപ്പെട്ടു. ബൈബിൾ സത്യത്തിനായി വിശപ്പുള്ളവരെ അന്വേഷിച്ചുകൊണ്ട് വളഞ്ഞുപുളഞ്ഞ, ഇടുങ്ങിയ പാതകളിലൂടെ ഞങ്ങൾ നടന്നുനീങ്ങി. ആ ചെറിയ സഹോദര കൂട്ടത്തിന്റെ തീക്ഷ്ണതയും ധീരതയും ഞങ്ങൾക്കു വളരെ പ്രോത്സാഹനമേകി.
ഒടുവിൽ, ഞങ്ങൾക്കു മടങ്ങേണ്ട ദിവസമെത്തി. സഹോദരങ്ങൾ ജെട്ടിവരെ ഞങ്ങളോടൊപ്പം പോന്നു. വളരെ വിഷമത്തോടെയാണു ഞങ്ങൾ അവരോടു യാത്ര പറഞ്ഞത്. ഞങ്ങളുടെ സന്ദർശനം അവർക്കു പ്രോത്സാഹനമേകി എന്ന് അവർ പറഞ്ഞു. എന്നാൽ, അവർ ഞങ്ങൾക്ക് എത്രമാത്രം പ്രോത്സാഹനം ആയിരുന്നുവെന്ന കാര്യം അവരുണ്ടോ അറിയുന്നു! വൻകരയിൽ എത്തിയ ഉടൻതന്നെ ഞങ്ങൾ വിമാനം കയറി. ഞങ്ങളുടെ കൊച്ചു വിമാനം വിഹായസ്സിലേക്ക് പറന്നുയരവെ, മനോഹരമായ ലാമൂ ദ്വീപിനെ ഞങ്ങൾ വീണ്ടും നോക്കിക്കണ്ടു. യോഗങ്ങളിൽ പങ്കെടുക്കാനായി ദീർഘദൂരം യാത്ര ചെയ്യുന്ന അവിടത്തെ സഹോദരങ്ങളുടെ ശക്തമായ വിശ്വാസത്തെയും സത്യത്തോടുള്ള അവരുടെ സ്നേഹത്തെയും തീക്ഷ്ണതയെയും കുറിച്ചെല്ലാം ഞങ്ങൾ സംസാരിച്ചു. ദീർഘകാലം മുമ്പ് രേഖപ്പെടുത്തപ്പെട്ട സങ്കീർത്തനം 97:1-ലെ പ്രവചനം ഇങ്ങനെ പറയുന്നു: ‘യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.’ അതേ, വിദൂര ദ്വീപായ ലാമൂവിലും ദൈവരാജ്യത്തിൻ കീഴുള്ള പറുദീസാ ഭൂമിയെ കുറിച്ചുള്ള മഹത്തായ പ്രത്യാശയിൽ സന്തോഷിക്കാൻ ആളുകൾക്ക് അവസരം ലഭിക്കുന്നുണ്ട്.—സംഭാവനചെയ്തത്.
[15-ാം പേജിലെ ഭൂപടങ്ങൾ/ചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ആഫ്രിക്ക
കെനിയ
ലാമൂ
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Alice Garrard
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Alice Garrard