ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഐശ്വര്യത്തിന്റെ ദൈവശാസ്ത്രം “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിൽ, “ഐശ്വര്യത്തിന്റെ ദൈവശാസ്ത്രം” (ജൂൺ 22, 1999) എന്ന തലക്കെട്ടിൻകീഴിൽ നൽകിയിരുന്ന വിവരങ്ങൾ ശരിക്കും തെറ്റിദ്ധരിപ്പിക്കുന്നവയായിരുന്നു. എല്ലായിടത്തുമുള്ള പെന്തക്കോസ്ത്, കരിസ്മാറ്റിക് സഭകൾ കൊടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നത് വ്യക്തമായ ബൈബിൾ തത്ത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. തികഞ്ഞ മുൻവിധിയോടെയാണ് ലേഖകൻ ആ ഭാഗം എഴുതിയിരിക്കുന്നത്.
സി. ബി., ഐക്യനാടുകൾ
ലോക സഭാ സമിതിയുടെ വാർത്താപത്രികയായ “ഇഎൻഐ ബുള്ളറ്റിനി”ൽ വന്ന, ലൂഥറൻ ദൈവശാസ്ത്രജ്ഞയായ വാൻഡ ഡൈഫെൽറ്റിന്റെ വാക്കുകൾ അതേപടി ഉദ്ധരിക്കുകയാണു ഞങ്ങൾ ചെയ്തത്. അതിൽ പ്രസ്താവിച്ചിരുന്നതു പോലെ, വാർത്താപത്രികയിലെ ആ ലേഖനം മൊത്തത്തിലുള്ള പെന്തക്കോസ്ത്, കരിസ്മാറ്റിക് സഭകളെ കുറിച്ചല്ല, മറിച്ച് ലാറ്റിൻ അമേരിക്കയിലുള്ള ചിലതിനെകുറിച്ചു മാത്രമായിരുന്നു പ്രതിപാദിച്ചത്.—പത്രാധിപർ
വിൻലൻഡ് “എവിടെയാണ് ഇതിഹാസങ്ങളിലെ വിൻലൻഡ്?” (ജൂലൈ 8, 1999) എന്ന ലേഖനത്തിനു നന്ദി. വൈക്കിങ്ങുകളെ കുറിച്ച് കൂടുതൽ അറിയാൻ വളരെക്കാലമായി ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ നിങ്ങൾ ഈ വിഷയം ചർച്ച ചെയ്യുമെന്നു ഞാൻ പ്രത്യാശിച്ചിരുന്നു. അവസാനം എന്റെ ആഗ്രഹം സഫലമായി.
എസ്. എസ്., ജപ്പാൻ
നിങ്ങളുടെ ലേഖനങ്ങളെല്ലാം വിജ്ഞാനപ്രദമാണ്. എങ്കിലും ഒരു സംഗതി വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. പല ചരിത്രകാരന്മാരും യൂറോപ്യൻ തീരങ്ങളിൽ കവർച്ച നടത്തിയ സ്കാൻഡിനേവിയൻ കടൽക്കൊള്ളക്കാരെ കുറിക്കാൻ മാത്രമേ “വൈക്കിങ്ങുകൾ” എന്ന പ്രചാരം സിദ്ധിച്ച പദം ഉപയോഗിക്കാറുള്ളൂ.
ജെ. എസ്., ഐക്യനാടുകൾ
നോർവേയിലെയും ഗ്രീൻലൻഡിലെയും ആദരണീയരായ പല ചരിത്രകാരന്മാരോടും “ഉണരുക!” ഇതിനെ കുറിച്ച് അന്വേഷിക്കുകയുണ്ടായി. “വൈക്കിങ്” എന്ന പദത്തിന്റെ ഉപയോഗത്തെ കുറിച്ച് ചരിത്രകാരന്മാരുടെ ഇടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ കണ്ടേക്കാമെങ്കിലും ഇംഗ്ലീഷ് സംസാരിക്കുന്നവർ, “വൈക്കിങ്ങുകൾ” “സ്കാൻഡിനേവിയക്കാർ” എന്നീ പദങ്ങൾ പര്യായങ്ങളായാണ് ഉപയോഗിച്ചു വരുന്നത് എന്നതിനോട് എല്ലാവരും യോജിച്ചു.—പത്രാധിപർ
തടവിനെ അതിജീവിക്കുന്നു “ദൈവം ഞങ്ങൾക്കു സഹായമായിരിക്കുന്നു” (ജൂൺ 22, 1999) എന്ന ലേഖനത്തിനു ഹൃദയംഗമമായ നന്ദി. ഫ്രാൻസിസ്കോ കോവാനാ സത്യം പഠിച്ചതിനെ കുറിച്ചും യഹോവയെ സേവിക്കുന്നതു ജീവിതത്തിൽ ഒന്നാം സ്ഥാനത്തു വെച്ചതിനെ കുറിച്ചും വായിച്ചപ്പോൾ സന്തോഷംകൊണ്ട് എന്റെ കണ്ണുകൾ ഈറനണിഞ്ഞു. മൊസാമ്പിക്കിലെ എന്റെ ക്രിസ്തീയ സഹോദരങ്ങൾ അഭിമുഖീകരിച്ച പരിശോധനകളെ കുറിച്ചു വായിച്ചത് എന്റെ വിശ്വാസത്തെ ശരിക്കും ശക്തിപ്പെടുത്തി.
ജെ. എച്ച്., ഐക്യനാടുകൾ
രോഗബാധിതരായ മാതാപിതാക്കൾ “യുവജനങ്ങൾ ചോദിക്കുന്നു . . . മമ്മിക്ക് ഇത്ര സുഖമില്ലാത്തത് എന്തുകൊണ്ട്?” (ജൂലൈ 22, 1999) എന്ന ലേഖനം എന്നെ ആഴത്തിൽ സ്പർശിച്ചു. രോഗിയായ ഒരു കുടുംബാംഗത്തെ പരിചരിക്കുന്ന എന്നെപോലുള്ള ഇത്രയധികം യുവജനങ്ങൾ ഉണ്ടെന്നു ഞാൻ വിചാരിച്ചിരുന്നില്ല. ഞങ്ങളോടൊപ്പം താമസിക്കുന്ന എന്റെ മുത്തശ്ശി കിടപ്പിലായിട്ട് ഇപ്പോൾ നാലു മാസമായി. മുത്തശ്ശിയുടെ കാര്യങ്ങൾ നോക്കിനോക്കി എനിക്കു മടുപ്പ് തോന്നിത്തുടങ്ങിയിരുന്നു. എന്നാൽ, ലേഖനം എനിക്ക് അത്യാവശ്യമായിരുന്ന ശക്തി പ്രദാനം ചെയ്തു. യഹോവയുടെ പിന്തുണയിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരിക്കാൻ അതെന്നെ സഹായിച്ചു.
ജെ. പി., ഫിലിപ്പീൻസ്
വളരെ ആശ്വാസപ്രദമായ ഒരു ലേഖനം ആയിരുന്നു അത്. വിഷാദരോഗിയായ എന്റെ അമ്മയെ പിന്തുണയ്ക്കുന്നതിനുള്ള ശക്തി അതെനിക്കു നൽകി. കൂടുതൽ സമാനുഭാവവും സഹാനുഭൂതിയും നയവും പ്രകടമാക്കാനും വസ്തുതകൾ മനസ്സിലാക്കി പ്രവർത്തിക്കാനുമുള്ള ലേഖനത്തിലെ നിർദേശങ്ങൾ ബാധകമാക്കാൻ എനിക്കു കഴിഞ്ഞു.
ജി. എൽ., ഇറ്റലി
ഞാനൊരു കാൻസർ രോഗിയാണ്. എന്നോടൊപ്പം താമസിക്കുന്ന എന്റെ മകൻ അതറിഞ്ഞപ്പോൾ ആകെ തകർന്നു പോയി. അവനെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണു തക്കസമയത്തെന്നപോലെ ആ ലേഖനം എനിക്കു കിട്ടിയത്. അതിൽ അവൻ അനുഭവിക്കുന്ന വികാരങ്ങൾ നന്നായി വിവരിച്ചിരുന്നു. ഇവ യുവജനങ്ങൾക്കു മാത്രമായുള്ള ലേഖനങ്ങൾ അല്ല. ജീവിതസത്യങ്ങളാണ് അവ കൈകാര്യം ചെയ്യുന്നത്.
ആർ. ഇസെഡ്., ജർമനി
ആത്മീയ പ്രവർത്തനങ്ങളിൽ തിരക്കുള്ളവർ ആയിരിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. ദൈവരാജ്യത്തെ കേന്ദ്രീകരിച്ച് സ്വന്തം ജീവിതം കെട്ടിപ്പടുത്തിരിക്കുന്ന ഒരുവനു മാത്രമേ രോഗിയായ ഒരു വ്യക്തിയെ സഹായിക്കാൻ കഴിയുകയുള്ളൂ എന്നെനിക്കു മനസ്സിലായി.
പി. ഇ., ഓസ്ട്രിയ