ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സമ്മർദച്ചുഴിയിൽ
“ജോലിയും വീട്ടുകാര്യങ്ങളും സമനിലയിൽ കൊണ്ടുപോകാനുള്ള ശ്രമം സമ്മർദത്തിന്—ചിലപ്പോൾ വളരെ വലിയ അളവിൽ പോലും—ഇടയാക്കുന്നതായി 50 ശതമാനത്തോളം കാനഡക്കാരും പരാതിപ്പെടുന്നു” എന്ന് വാൻകൂവർ സൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. “കഴിഞ്ഞ പതിറ്റാണ്ടിലേതിന്റെ രണ്ടിരട്ടിയാണ് അത്.” എന്താണ് ഈ വർധനവിനു കാരണം? ആ രാജ്യത്ത്, ജോലിക്കു പോകുന്നതോടൊപ്പം കുടുംബാംഗങ്ങളുടെ പരിപാലന ചുമതല കൂടെ വഹിക്കേണ്ടി വരുന്നവരുടെ എണ്ണം വർധിച്ചിരിക്കുന്നതായി കാനഡ കോൺഫറൻസ് ബോർഡ് നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. പലർക്കും വൈകിയാണു കുട്ടികളുണ്ടാകുന്നത്. അവർ മിക്കപ്പോഴും “ഒരേ സമയം കുട്ടികളെയും മാതാപിതാക്കളെയും പരിപാലിക്കുക” എന്ന വെല്ലുവിളി നേരിടുന്നു. സർവേയിൽ പങ്കെടുത്തവരിൽ 84 ശതമാനം പേരും തങ്ങളുടെ ജോലിയിൽ സംതൃപ്തരാണെന്നു പറഞ്ഞെങ്കിലും, വീട്ടുകാര്യങ്ങളും ജോലിയും സമനിലയിൽ കൊണ്ടുപോകാൻ കഴിയാതെ വരുമ്പോൾ “മിക്കവരും ആദ്യം ചെയ്യുന്നത് ഉറക്കം ഉൾപ്പെടെ, വ്യക്തിപരമായ ആവശ്യങ്ങൾക്കു വേണ്ടി നീക്കിവെച്ചിരിക്കുന്ന സമയം വെട്ടിച്ചുരുക്കുകയാണ്” എന്നു റിപ്പോർട്ട് പ്രസ്താവിക്കുന്നു. “ഫലം സമ്മർദമാണ്, അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു,” കോൺഫറൻസ് ബോർഡ് പറയുന്നു.
അധികാരത്തെ ആദരിക്കാൻ പഠിപ്പിക്കൽ
“തങ്ങളുടെ അധികാരം പ്രയോഗിക്കാൻ പരാജയപ്പെടുന്ന ഇന്നത്തെ മാതാപിതാക്കൾ, യഥാർഥത്തിൽ കുട്ടികളുടെ ആത്മാഭിമാനത്തിനു തുരങ്കം വെക്കുകയായിരിക്കാം ചെയ്യുന്നത്” എന്ന് ദ ടൊറന്റോ സ്റ്റാറിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. “തങ്ങൾക്കായി വെച്ചിരിക്കുന്ന പരിധികളെ കുറിച്ചുള്ള അറിവ് കുട്ടികളുടെ ജീവിതത്തിന് അടുക്കും ചിട്ടയും സുരക്ഷിതത്വബോധവും പ്രദാനം ചെയ്യുന്നു. ഇതാകട്ടെ അവരുടെ ആത്മാഭിമാനം വർധിക്കുന്നതിന് ഇടയാക്കും” എന്ന് പെരുമാറ്റമര്യാദ വിദഗ്ധനായ റോണാൾഡ് മോറിഷ് പറയുന്നു. “കടിഞ്ഞാണില്ലാതെ അഴിച്ചു വിട്ടിരിക്കുന്ന, ഉത്തരവാദിത്വബോധമില്ലാതെ ജീവിക്കുന്ന കുട്ടികൾ വളർന്നുവരുമ്പോൾ, അവർക്കു സുരക്ഷിതത്വബോധവും ആത്മവിശ്വാസവും കുറവായിരിക്കും.” അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “തങ്ങൾ എപ്പോൾ ഉറങ്ങണം എന്നു സ്വയം നിശ്ചയിക്കുന്ന 6 വയസ്സുകാരെ എനിക്കറിയാം. കുരുത്തക്കേടു കാണിക്കുന്ന 3 വയസ്സുകാരെ അതിൽ നിന്നു പിന്തിരിപ്പിക്കുന്നതിന്, അതു തങ്ങളെ എങ്ങനെ ബാധിക്കും എന്നു പറഞ്ഞുകൊടുക്കുന്ന അമ്മമാരെയും ഞാൻ കണ്ടിട്ടുണ്ട്.” അച്ഛനമ്മമാർ വെക്കുന്ന നിയമങ്ങൾക്കു കീഴ്പെടാൻ കുട്ടികൾ പഠിക്കേണ്ടതുണ്ടെന്ന് മോറിഷ് പറയുന്നു. വളർന്നുവരുന്നത് അനുസരിച്ച് അവർ സ്വാഭാവികമായും സഹകരണം ഇല്ലാത്തവരായി തീരും എന്ന ധാരണ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഓരോ വർഷവും കുട്ടികളുടെ വിദ്യാഭ്യാസപരമായ ജ്ഞാനം വർധിച്ചു വരാൻ നാമെല്ലാം പ്രതീക്ഷിക്കുന്നു. പിന്നെ എന്തുകൊണ്ടാണ് ഓരോ വർഷവും കടന്നു പോകുമ്പോൾ അവരുടെ പെരുമാറ്റം മെച്ചപ്പെടണമെന്നു നാം പ്രതീക്ഷിക്കാത്തത്?” അദ്ദേഹം ചോദിക്കുന്നു. “ഒരു കൊച്ചു കുട്ടിയെക്കൊണ്ട് കളിപ്പാട്ടം അതിന്റെ സ്ഥാനത്തു വെപ്പിക്കാൻ ആവശ്യമായത് നിങ്ങൾ ചെയ്യുന്നില്ലെങ്കിൽ കൗമാരപ്രായമാകുമ്പോൾ, ഇന്ന സമയത്ത് വീട്ടിൽ എത്തണം എന്നതുപോലുള്ള മാതാപിതാക്കളുടെ നിബന്ധനകളും അവൻ പാലിക്കാൻ പോകുന്നില്ല.”
വളർത്തു മൃഗങ്ങളെ ഊട്ടാൻ കാസെറ്റുകൾ
വളർത്തു മൃഗങ്ങളുടെ കുഞ്ഞുങ്ങളെ തീറ്റ തിന്നാൻ പ്രേരിപ്പിക്കുന്നതിനു കാസെറ്റുകൾക്കു കഴിയുമെന്ന് കാനഡയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നതായി ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. പ്രിൻസ് എഡ്വർഡ് ഐലൻഡ് സർവകലാശാലയിലെ ലൂയിസ് ബേറ്റ് പറയുന്നു, “തീറ്റ കണ്ടെത്തുമ്പോൾ തള്ളക്കോഴി ഉണ്ടാക്കുന്ന ശബ്ദം ഞങ്ങൾ റെക്കോർഡു ചെയ്തു.” റെക്കോർഡു ചെയ്ത ഈ ശബ്ദം ആഹാരത്തിനടുത്തായി സ്ഥാപിച്ച ഉച്ചഭാഷിണികളിലൂടെ കേൾപ്പിച്ചപ്പോൾ തള്ളയുടെ അഭാവത്തിലും കോഴിക്കുഞ്ഞുങ്ങൾ തീറ്റ കൊത്തിത്തിന്നു. എന്നാൽ ശബ്ദം മാറിപ്പോയാൽ അത് ഉദ്ദേശിച്ച ഫലം നൽകില്ല. ബേറ്റ് പറയുന്നു: “മുട്ട വിരിഞ്ഞു കോഴിക്കുഞ്ഞുങ്ങൾ പുറത്തു വന്നു കഴിയുമ്പോൾ തള്ളക്കോഴി ഉണ്ടാക്കുന്ന ശബ്ദം കേൾപ്പിച്ചപ്പോൾ കുഞ്ഞുങ്ങൾ തീറ്റ നിറുത്തി അനങ്ങാതിരിക്കുകയാണു ചെയ്തത്. എന്നാൽ ഈ ശബ്ദവും തീറ്റ കണ്ടെത്തുമ്പോഴുള്ള കോഴിയമ്മയുടെ വിളിയും തമ്മിൽ യാതൊരു വ്യത്യാസവും കാണാൻ എനിക്ക് കഴിഞ്ഞില്ല.” മൃഗങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തുക എന്നതാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. കോഴിക്കുഞ്ഞുങ്ങളിൽ ഈ പരീക്ഷണം നടത്തിനോക്കിയപ്പോൾ ആദ്യത്തെ മൂന്ന് ആഴ്ചയിലെ അവയുടെ വളർച്ച സാധാരണ ഉള്ളതിനെക്കാൾ 20 ശതമാനം വേഗത്തിലായിരുന്നു. ടർക്കിക്കോഴിക്കുഞ്ഞുങ്ങളിലും പന്നിക്കുഞ്ഞുങ്ങളിലും നടത്തിയ സമാന പരീക്ഷണങ്ങളും വിജയകരമായിരുന്നു.
അപകടം വിതയ്ക്കുന്ന കുറിപ്പടികൾ
“ജർമനിയിൽ കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽപ്പെട്ടു മരിച്ചതിനെക്കാൾ കൂടുതൽ ആളുകൾ മരുന്നു തെറ്റി കഴിച്ചതു നിമിത്തം മരിക്കുകയുണ്ടായി,” എന്ന് ഷ്റ്റുറ്റ്ഗാർറ്റ നാച്ച്റിച്ച്റ്റൻ എന്ന വർത്തമാനപത്രം റിപ്പോർട്ടു ചെയ്തു. തെറ്റായി കുറിച്ചു കൊടുത്ത മരുന്നുകൾ കഴിച്ച് 1998-ൽ 25,000-ത്തോളം ആളുകൾ മരിച്ചെന്നു കണക്കാക്കപ്പെടുന്നു. വാഹനാപകടങ്ങൾ നിമിത്തം ആ കാലയളവിൽ മരണമടഞ്ഞവരുടെ എണ്ണത്തിന്റെ മൂന്നിരട്ടിയാണിത്. മരുന്നുകൾ നിമിത്തമുള്ള മരണങ്ങളിൽ സ്വയം ചികിത്സയ്ക്കു രണ്ടാം സ്ഥാനം മാത്രമേയുള്ളൂ എന്നു പറയപ്പെടുന്നു. മരുന്നുകളെയും അവയുടെ ഫലങ്ങളെയും കുറിച്ചുള്ള ഡോക്ടർമാരുടെ അജ്ഞതയും പരിശീലനത്തിന്റെ അഭാവവുമാണ് മുഖ്യ പ്രശ്നമെന്നു തോന്നുന്നു. “ലഭ്യമായ ഗവേഷണ, പരിശീലന സൗകര്യങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തപ്പെട്ടിരുന്നെങ്കിൽ ജർമനിയിൽ ഓരോ വർഷവും 2,50,000 പേർക്ക് മരുന്നിന്റെ പാർശ്വഫലങ്ങളെന്ന നിലയിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലായിരുന്നു എന്നും 10,000 പേർക്ക് മരണത്തിൽനിന്ന് ഒഴിവാകാനാകുമായിരുന്നു എന്നും” ഒരു കണക്കു കാണിക്കുന്നു എന്ന് ഔഷധഗുണ ശാസ്ത്രജ്ഞനായ ഇങ്ഗൊൾഫ് കസ്ക്കൊർബീ പറഞ്ഞതായി റിപ്പോർട്ട് പ്രസ്താവിക്കുന്നു.
സമാനമായി, 70 വയസ്സിനു മുകളിലുള്ളവർക്ക് കുറിച്ചുകൊടുക്കപ്പെട്ട 1,50,000 കുറിപ്പടികളിൽ ഏതാണ്ട് 10,700 എണ്ണത്തിലെയും മരുന്നുകൾ ഒന്നുകിൽ തെറ്റോ അല്ലെങ്കിൽ ഫലപ്രദമല്ലാത്തതോ ആയിരുന്നു എന്ന് അടുത്തയിടെ ഫ്രാൻസിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തിയതായി സ്യാൻസ് ഏ അവ്നീർ എന്ന ഫ്രഞ്ച് മാസിക റിപ്പോർട്ടു ചെയ്തു. ഏതാണ്ട് 50-ൽ ഒരെണ്ണം വീതം, കുറിച്ചു കൊടുത്ത മറ്റു മരുന്നുകളോടൊപ്പം കഴിക്കുന്നതിനാലോ മറ്റു കാരണങ്ങളാലോ അപകടകരമായിരുന്നു. ഫ്രാൻസിൽ, പ്രായമായ ആളുകൾ ഓരോ വർഷവും മരുന്നുകളുടെ ഹാനികരമായ പാർശ്വഫലങ്ങൾ നിമിത്തം മാത്രം ഏകദേശം പത്തുലക്ഷം ദിവസം ആശുപത്രിയിൽ കഴിയേണ്ടി വരുന്നുണ്ട്.