ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
തീരെ ഹ്രസ്വമോ? ഞാൻ ഒരു നാഡീശാസ്ത്രജ്ഞനാണ്. “മസ്തിഷ്കം—സങ്കീർണതയുടെ ഒരു വിസ്മയാവഹമായ ദൃഷ്ടാന്തം” (മേയ് 8, 1999) എന്ന ലേഖനത്തിൽ കൊടുത്തിരുന്ന ചിത്രത്തിൽ ഒരു പിശക് ഉള്ളതായി ഞാൻ ശ്രദ്ധിച്ചു. നിങ്ങൾ മസ്തിഷ്കത്തിന്റെ പരിച്ഛേദ ചിത്രം കൊടുത്തിരുന്നു. അതിൽ കുത്തുകൾ കൊണ്ടുള്ള ഒരു വരയിട്ട് പിറ്റ്യൂട്ടറി ഗ്രന്ഥിയെ സൂചിപ്പിക്കുന്ന ഭാഗം അടയാളപ്പെടുത്തിയിരുന്നു. വരയുടെ നീളം കുറഞ്ഞുപോയതുകൊണ്ട് പിറ്റ്യൂട്ടറി ഗ്രന്ഥിക്കു പകരം അതു മസ്തിഷ്കത്തിലെ ‘ഓപ്റ്റിക് കൈയാസ്മ’ എന്ന ഭാഗത്തെ സൂചിപ്പിക്കുന്നതായാണ് എനിക്കു തോന്നുന്നത്.
എ. ഡബ്ലിയു., ജപ്പാൻ
നിരീക്ഷണപടുവായ ഈ വായനക്കാരൻ പറഞ്ഞതു ശരിയാണ്, തെറ്റു പറ്റിയതിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു.—പത്രാധിപർ
മിച്ച് ചുഴലിക്കൊടുങ്കാറ്റ് “കൊലവിളിയുമായെത്തിയ കൊടുങ്കാറ്റിന്റെ കറുത്ത കരങ്ങളിൽ നിന്നു വിടുവിക്കുന്നു!” (ജൂൺ 8, 1999) എന്ന പ്രചോദനാത്മകമായ ലേഖനത്തിനു നന്ദി. എനിക്കു പലപ്പോഴും, നമ്മുടെ സഹോദരങ്ങളെ ബാധിക്കുന്ന ദുരന്തങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ‘ഇ-മെയിൽ’ വഴി ലഭിക്കാറുണ്ട്. എന്നാൽ, അതിൽ എത്രത്തോളം വിവരങ്ങൾ ആശ്രയയോഗ്യമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. പ്രസ്തുത ലേഖനത്തിൽ നൽകിയിരുന്ന വിവരങ്ങൾ പ്രോത്സാഹജനകവും പരിപുഷ്ടിപ്പെടുത്തുന്നതും ആണ്. നാം ജീവിക്കുന്നത് ദുർഘട നാളുകളിലാണ് എന്നതു സംബന്ധിച്ച ഒരു പ്രധാനപ്പെട്ട ഓർമിപ്പിക്കലായി അത് ഉതകി.
സി. പി., ഐക്യനാടുകൾ
ആ ദുരന്തത്തിൽ പലർക്കും തങ്ങളുടെ വസ്തുവകകളെല്ലാം നഷ്ടമായെന്ന് എനിക്കറിയാം. എന്നാൽ, വൻ ദുരന്തത്തിന്റെ മുന്നിലും ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങൾ കർമനിരതരായി നിലകൊള്ളുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ വലിയ സന്തോഷം പകർന്നു. തകർന്നുകിടക്കുന്ന സ്വന്തം വീടിനു മുന്നിൽ ഒരു സഹോദരൻ നിൽക്കുന്ന ചിത്രം ചിന്തയ്ക്കു വക നൽകി. ഭൗതിക വസ്തുക്കളെ ചൊല്ലി പരാതിപ്പെടാൻ എനിക്ക് എന്ത് അവകാശമാണ് ഉള്ളതെന്ന് ഞാൻ ഓർത്തുപോയി.
ആർ.സി.എൻ., ബ്രസീൽ
ഗ്വാരാനാ “കാപ്പിയോ ചായയോ അതോ ഗ്വാരാനായോ?” (ജൂൺ 8, 1999) എന്ന ലേഖനം വളരെ വിജ്ഞാനപ്രദം ആയിരുന്നു. ആമസോൺ നദിക്കരകളിൽ സേവിക്കുന്ന ഒരു മുഴുസമയ ശുശ്രൂഷകനായ ഞാൻ ഗ്വാരാനാ കൃഷിസ്ഥലങ്ങൾക്ക് അടുത്താണു പ്രവർത്തിക്കുന്നത്. അതിനാൽ, ഗ്വാരാനാ തയ്യാറാക്കുന്നത് ഞാൻ പലപ്പോഴും കാണാറുണ്ട്. അടുത്ത പ്രാവശ്യം ആരെങ്കിലും ഗ്വാരാനാ കുടിക്കാൻ തരുമ്പോൾ, തീർച്ചയായും ഞാൻ അതു നിരസിക്കില്ല.
ജെ.ആർ.എസ്.എം., ബ്രസീൽ
പ്രപഞ്ചം “നമ്മുടെ പ്രപഞ്ചം ഒരു ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടതോ?” (ജൂൺ 22, 1999) എന്ന ലേഖന പരമ്പരയ്ക്കു വളരെ നന്ദി. വാനനിരീക്ഷണ തത്പരനായ എനിക്ക് ആ ലേഖനങ്ങൾ നന്നേ ഇഷ്ടമായി. ഓരോ രാത്രിയിലും മാനത്തു തെളിയുന്ന അത്ഭുതകരമായ ദൃശ്യം നമ്മുടെ സ്രഷ്ടാവിന്റെ മഹാ ശക്തിയെയും ജ്ഞാനത്തെയും സ്നേഹത്തെയും കുറിച്ചു ചിന്തിക്കാൻ നമുക്കു പ്രചോദനം നൽകുന്നു.
വി. വി., സ്പെയിൻ
ശാസ്ത്രത്തെ കുറിച്ചു ഗ്രാഹ്യമില്ലാത്തവർക്കു പോലും എളുപ്പത്തിൽ മനസ്സിലാകുന്നവ ആയിരുന്നു ആ ലേഖനങ്ങൾ. അവയിലൂടെ യഹോവയെ അടുത്തറിയാൻ എന്നെ സഹായിച്ചതിനു നന്ദി. 58 വർഷം നീണ്ടുനിന്ന ഞങ്ങളുടെ ദാമ്പത്യജീവിതത്തിനു ശേഷം അടുത്തയിടെയാണ് എന്റെ ഭാര്യ മരിച്ചത്. അതുകൊണ്ടുതന്നെ, സ്രഷ്ടാവിനെ കുറിച്ചുള്ള പ്രബോധനാത്മകമായ ഈ വിവരങ്ങൾ തക്ക സമയത്താണ് എനിക്കു ലഭിച്ചത്.
എഫ്. ഡബ്ലിയു., ഐക്യനാടുകൾ
നിർമാണ പ്രവർത്തകരായ സ്ത്രീകൾ “സ്ത്രീകൾ വലിയ പങ്കു വഹിച്ചു” (ജൂൺ 22, 1999) എന്ന ലേഖനത്തിനു വളരെ നന്ദി. ഏകദേശം ഒരു വർഷം മുമ്പാണു ഞാൻ കാലിഫോർണിയയിൽ നിന്നു തായ്ലൻഡിലേക്കു താമസം മാറ്റിയത്. അടുത്തയിടെ, സ്വന്തമായി രാജ്യഹാൾ നിർമിക്കുകയെന്ന പദവി ഞങ്ങൾക്കു ലഭിച്ചു. ലേഖനത്തിൽ പരാമർശിച്ച സിംബാബ്വേയിലെ ആ സഹോദരിമാരെ പോലെ, ഇവിടെയുള്ള സഹോദരിമാരും സിമന്റ് കൂട്ടാനും കമ്പികൾ കെട്ടാനും ടൈലുകൾ പാകാനും മറ്റു നിരവധി പണികൾ ചെയ്യാനും സഹായിച്ചു. യഹോവയുടെ സഹായത്താൽ, മൂന്നു മാസംകൊണ്ടു ഞങ്ങൾ ഹാളിന്റെ പണി പൂർത്തിയാക്കി. ഭൂവ്യാപകമായ നിർമാണ പ്രവർത്തനത്തിൽ സ്ത്രീകൾക്കുള്ള പങ്കിനെപ്പറ്റി പ്രതിപാദിച്ചതിനു നന്ദി.
ആർ. ജി., തായ്ലൻഡ്
ഒരു രാജ്യഹാളിന്റെ ശീഘ്ര നിർമാണത്തിൽ സഹായിക്കാനുള്ള അവസരം എനിക്കും മാതാപിതാക്കൾക്കും ലഭിച്ചു. ആദ്യമായാണ് ഞങ്ങൾക്ക് അത്തരമൊരു അവസരം ലഭിക്കുന്നത്. ലോകവ്യാപകമായി ബ്രാഞ്ച് ഓഫീസുകളും രാജ്യഹാളുകളും നിർമിക്കുന്നതിൽ സ്ത്രീകൾ വഹിക്കുന്ന പങ്കിനെ കുറിച്ചു വായിച്ചപ്പോൾ വലിയ സന്തോഷം തോന്നി. സിംബാബ്വേയിൽ നടന്നതു പോലുള്ള നിർമാണ പദ്ധതികൾ പുതിയ ലോകത്തിൽ നാം ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ മുന്നോടിയാണ്. അത്തരം പ്രവർത്തനങ്ങൾ നമുക്ക് ഇപ്പോൾ ആസ്വദിക്കാൻ കഴിയുന്നുവെങ്കിൽ, എല്ലാ മനുഷ്യരും പൂർണരും യഹോവയുടെ സേവനത്തിൽ ഏകീകൃതരും ആയിരിക്കുമ്പോഴത്തെ അവസ്ഥ ഒന്നു ചിന്തിച്ചുനോക്കൂ!
എസ്.ഡബ്ലിയു.എസ്., ബ്രസീൽ