കറുത്ത മരണം—മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മഹാവിപത്ത്
കറുത്ത മരണം—മധ്യകാല യൂറോപ്പിനെ വരിഞ്ഞുമുറുക്കിയ മഹാവിപത്ത്
ഫ്രാൻസിലെ ഉണരുക! ലേഖകൻ
വർഷം 1347. ആ മഹാമാരി അപ്പോഴേക്കും വിദൂര പൗരസ്ത്യ ദേശത്തെ പിച്ചിച്ചീന്തിക്കഴിഞ്ഞിരുന്നു. ഇപ്പോൾ അത് യൂറോപ്പിന്റെ കിഴക്കേ പ്രാന്തപ്രദേശങ്ങളിലേക്കു പടർന്നിരിക്കുകയാണ്.
മംഗോളിയൻ സൈന്യം ക്രിമിയയിലെ കാഫയുടെ—ഇപ്പോൾ ഫിഡോസിയ എന്നാണ് ഇത് അറിയപ്പെടുന്നത്—വ്യാപാരകേന്ദ്രത്തെ വളഞ്ഞിരിക്കുകയായിരുന്നു. കോട്ടകെട്ടി ഉറപ്പിച്ചിരുന്ന ഈ വ്യാപാര കേന്ദ്രം ജെനോവയിലാണ് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ നിഗൂഢമായ ആ രോഗം സൈന്യത്തിൽ കനത്തനാശം വിതയ്ക്കാൻ തുടങ്ങിയതോടെ ആക്രമണം പിൻവലിക്കാൻ അവർ നിർബന്ധിതരായി. പിൻവാങ്ങുന്നതിനു മുമ്പ് അവർ പക്ഷേ അതിഘോരമായ ഒരു കൃത്യം കൂടി ചെയ്തു. ആ സമയത്തു രോഗം പിടിപെട്ടു മരിച്ചുവീണ സൈനികരുടെ ശരീരങ്ങൾ ഭീമാകാരമായ വിക്ഷേപണ സജ്ജീകരണങ്ങൾ ഉപയോഗിച്ച് അവർ നഗരമതിലുകൾക്കു മുകളിലൂടെ വലിച്ചെറിഞ്ഞു. പിന്നീട്, രോഗം ഒരു കാട്ടുതീ പോലെ പടർന്നുപിടിച്ച ആ നഗരത്തിൽ നിന്നു രക്ഷപ്പെടാൻ ജെനോവീസ് നഗരപാലകരിൽ ഏതാനും പേർ ഗാലിക്കപ്പലുകളിൽ കയറി. ആ കപ്പലുകൾ ഏതെല്ലാം തുറമുഖങ്ങളിൽ എത്തിയോ അവിടെയെല്ലാം രോഗവും പരന്നു.
യൂറോപ്പിൽ ആകമാനം മരണത്തിന്റെ തണുപ്പ് അരിച്ചിറങ്ങാൻ ഏതാനും മാസങ്ങളേ വേണ്ടിവന്നുള്ളൂ. കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ട് ഉത്തരാഫ്രിക്ക, ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട്, ഫ്രാൻസ്, ഓസ്ട്രിയ, ഹംഗറി, സ്വിറ്റ്സർലൻഡ്, ജർമനി, സ്കാൻഡിനേവിയ, ബാൾട്ടിക്കുകൾ എന്നിവ അതിന്റെ പിടിയിലമർന്നു. രണ്ടരവർഷത്തിലും കുറഞ്ഞ സമയംകൊണ്ട് യൂറോപ്പിലെ ജനസംഖ്യയുടെ നാലിലൊന്നിലുമധികം—ഏകദേശം 25 ദശലക്ഷം—ആളുകളെയാണ് “മനുഷ്യവർഗം ഇന്നുവരെ അറിഞ്ഞിട്ടുള്ളതിലേക്കും പൈശാചികമായ ജനസംഖ്യാ വിപത്ത്”—കറുത്ത മരണം a—ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയത്.
ദുരന്തത്തിന് അരങ്ങൊരുക്കുന്നു
കറുത്ത മരണം വിതച്ച ദുരന്തത്തിൽ രോഗം മാത്രമല്ല ഉൾപ്പെട്ടിരുന്നത്. ഈ ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ച മറ്റനേകം ഘടകങ്ങളുമുണ്ടായിരുന്നു. അതിലൊന്ന് മതത്തോടുള്ള തീക്ഷ്ണത ആയിരുന്നു. ശുദ്ധീകരണസ്ഥലം സംബന്ധിച്ച പഠിപ്പിക്കൽ ഇതിന് ഒരു ഉദാഹരണമാണ്. “13-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ശുദ്ധീകരണസ്ഥലം സംബന്ധിച്ച പഠിപ്പിക്കൽ എല്ലായിടത്തും വ്യാപിച്ചു കഴിഞ്ഞിരുന്നു,” എന്ന് ഫ്രഞ്ച് ചരിത്രകാരനായ ഷാക് ലെഗോഫ് പറയുന്നു. 14-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഡാന്റേ തന്റെ ഡിവൈൻ കോമഡി എന്ന കൃതി പുറത്തിറക്കി. നരകത്തെയും ശുദ്ധീകരണസ്ഥലത്തയും കുറിച്ചു സചിത്രം വിശദമായി പ്രതിപാദിച്ചിരുന്ന ആ ഗ്രന്ഥം ആളുകളെ ശക്തമായി സ്വാധീനിക്കുകയുണ്ടായി. എന്തിന്, യൂറോപ്പിൽ അന്നു നിലവിലുണ്ടായിരുന്ന മതപരമായ അന്തരീക്ഷത്തെ തന്നെ അതു മാറ്റിമറിച്ചു. കറുത്ത മരണം ദൈവത്തിൽനിന്നുള്ള ശിക്ഷ ആണെന്നു വിചാരിച്ച ആളുകൾ അതു തടയാൻ ഒരു ശ്രമവും നടത്താതെയായി. മാത്രമല്ല, അവർ അതിനോട് ഒരുതരം നിസ്സംഗതാ മനോഭാവവും പുലർത്താൻ തുടങ്ങി. നാം കാണാൻ പോകുന്നതുപോലെ, അത്തരമൊരു ഇരുളടഞ്ഞ കാഴ്ചപ്പാട് വാസ്തവത്തിൽ രോഗം അതിവേഗം പരക്കാൻ ഇടയാക്കി. “രോഗം പടർന്നുപിടിക്കാൻ ഇതിനെക്കാൾ അനുകൂലമായ ഒരു സാഹചര്യം ഉണ്ടായിരിക്കാൻ കഴിയുമായിരുന്നില്ല,” എന്ന് ഫിലിപ്പ് സീഗ്ലർ എഴുതിയ കറുത്ത മരണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു.
ഇതിനും പുറമേയായിരുന്നു യൂറോപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരുന്ന വിളനാശം എന്ന പ്രശ്നം. തത്ഫലമായി, ആ ഭൂഖണ്ഡത്തിലെ പെരുകിക്കൊണ്ടിരുന്ന ജനസംഖ്യ അപ്പാടെ വികലപോഷിതരായി തീർന്നു. രോഗത്തെ പ്രതിരോധിക്കാൻ തികച്ചും അശക്തരായിരുന്നു അവർ.
പ്ലേഗ് പരക്കുന്നു
യൂറോപ്പിനെ ബാധിച്ചത് രണ്ടുതരത്തിലുള്ള പ്ലേഗ് ആയിരുന്നു എന്നാണ് ക്ലെമന്റ് ആറാമൻ പാപ്പായുടെ സ്വകാര്യ വൈദ്യനായിരുന്ന ഗീ ഡെ ഷോൽയാക് പറയുന്നത്. ന്യൂമോണിക് പ്ലേഗും ബ്യൂബോണിക് പ്ലേഗും. ഇവ രണ്ടിനെയും കുറിച്ചു വിശദമായി പ്രതിപാദിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി: “ആദ്യത്തെ രണ്ടുമാസം ന്യൂമോണിക് പ്ലേഗ് സംഹാരതാണ്ഡവമാടി. വിട്ടുമാറാത്ത പനി, രക്തം തുപ്പുക എന്നിവയായിരുന്നു അതിന്റെ ലക്ഷണങ്ങൾ. ഇതു പിടിപെട്ടാൽ മൂന്നു ദിവസത്തിനുള്ളിൽ മരണം സംഭവിക്കുമായിരുന്നു. അതിന്റെ തേർവാഴ്ച കഴിഞ്ഞപ്പോൾ പിന്നെ ബ്യൂബോണിക് പ്ലേഗിന്റെ ഊഴമായി. ശരീരത്തിൽ അവിടവിടെ, കൂടുതലായും കക്ഷത്തിലും കഴലയ്ക്കും ഉണ്ടാകുന്ന വീക്കം അല്ലെങ്കിൽ മുഴ, വിട്ടുമാറാത്ത പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. ഇതു പിടിപെട്ടാൽ അഞ്ചു ദിവസത്തിനകം ആൾ മരണമടയുമായിരുന്നു.” പ്ലേഗിന്റെ മുന്നേറ്റത്തെ തടയുന്ന കാര്യത്തിൽ ഡോക്ടർമാർ തികച്ചും നിസ്സഹായരായിരുന്നു.
രോഗികളായിരുന്ന ആയിരക്കണക്കിന് ആളുകളെ ഉപേക്ഷിച്ച് പ്രാണഭയത്താൽ അനേകരും പലായനം ചെയ്തു. കുലീന വർഗത്തിൽ പെട്ട സമ്പന്നരും ഔദ്യോഗിക പദവികൾ അലങ്കരിച്ചിരുന്നവരും മറ്റും ആദ്യം രക്ഷപ്പെട്ടു. മഠങ്ങളിലും അരമനകളിലുമൊക്കെ താമസിക്കുന്നവരിൽ ചിലർ പലായനം ചെയ്തെങ്കിലും അനേകരും രോഗത്തിൽനിന്നു രക്ഷപ്പെടാമെന്ന വിശ്വാസത്തിൽ അവിടെത്തന്നെ തങ്ങി.
പരിഭ്രാന്തി നിറഞ്ഞുനിന്ന ഈ അവസ്ഥയിന്മധ്യേയാണ് പോപ്പ് 1350-നെ ഒരു വിശുദ്ധ വർഷമായി പ്രഖ്യാപിച്ചത്. റോമിലേക്ക് തീർത്ഥയാത്ര നടത്തുന്നവർക്ക് ശുദ്ധീകരണസ്ഥലത്തു പോകാതെതന്നെ നേരിട്ട് പറുദീസയിലേക്കു പ്രവേശിക്കാൻ കഴിയുമായിരുന്നു! ലക്ഷക്കണക്കിന് തീർഥാടകർ ഇതിനോടു പ്രതികരിച്ചു. അവർ പോയിടത്തെല്ലാം പ്ലേഗും പരന്നു.
പാഴ് ശ്രമങ്ങൾ
കറുത്ത മരണത്തെ നിയന്ത്രണാധീനമാക്കാനുള്ള ശ്രമങ്ങളെല്ലാം പാഴായിപ്പോകുകയാണുണ്ടായത്. കാരണം, ഈ രോഗം പകരുന്നത് എങ്ങനെയാണെന്ന് ആർക്കും കൃത്യമായി അറിഞ്ഞുകൂടായിരുന്നു. രോഗിയുമായി ഏതെങ്കിലും തരത്തിൽ ഉള്ള ബന്ധം—അയാളുടെ വസ്ത്രവുമായി പോലും ഉള്ളത്—അപകടം ക്ഷണിച്ചുവരുത്തുമെന്ന് അനേകരും തിരിച്ചറിഞ്ഞു. രോഗിയൊന്ന് നോക്കിയാൽ പോലും രോഗം പിടിപെടുമെന്നു ചിലർ ഭയന്നു! ഇറ്റലിയിലെ ഫ്ളോറൻസ് നിവാസികൾ കരുതിയത് പൂച്ചകളും നായ്ക്കളുമാണു രോഗം പരത്തുന്നത് എന്നാണ്. അതുകൊണ്ട് അവർ അവറ്റകളെയെല്ലാം വകവരുത്തി. അങ്ങനെ ചെയ്യവെ, പക്ഷേ അവർ കഥയിലെ യഥാർഥ വില്ലന്, എലിക്ക്, സ്വൈര്യമായി വിഹരിക്കാൻ അവസരം ഒരുക്കുകയാണെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല.
മരണനിരക്ക് കുത്തനെ ഉയരാൻ തുടങ്ങിയതോടെ, ചിലർ സഹായത്തിനായി ദൈവത്തിലേക്കു തിരിഞ്ഞു. തങ്ങൾക്കു രോഗം പിടിപെടാതെ ദൈവം കാക്കുമെന്ന വിശ്വാസത്തിൽ—ഇനി, മരിച്ചുപോയാൽത്തന്നെ, അവൻ ഒരു സ്വർഗീയ ജീവൻ പ്രതിഫലമായി നൽകുമെന്ന വിശ്വാസത്തിൽ—സ്ത്രീപുരുഷന്മാർ തങ്ങളുടെ സ്വത്തു മുഴുവൻ സഭയ്ക്കു സംഭാവനയായി നൽകി. ഇതു സഭയുടെ ആസ്തി കണക്കില്ലാതെ വർധിക്കാൻ ഇടയാക്കി. രോഗത്തെ തടയുന്നതിന് ഭാഗ്യരക്ഷകളും ക്രിസ്തുവിന്റെ രൂപങ്ങളും ഏലസ്സുകളും ഒക്കെ പരക്കെ ഉപയോഗിച്ചിരുന്നു. മറ്റു ചിലർ രോഗശമനത്തിനായി അന്ധവിശ്വാസത്തിലേക്കും ഔഷധങ്ങളായി കരുതപ്പെട്ട ചില വസ്തുക്കളിലേക്കുമാണു തിരിഞ്ഞത്. സുഗന്ധദ്രവ്യങ്ങൾ, വിനാഗിരി, പ്രത്യേക കൂട്ടുകൾ ചേർത്തു തയ്യാറാക്കിയ കഷായം ഇവയെല്ലാം രോഗത്തെ അകറ്റിനിറുത്തുമെന്നും വിശ്വസിക്കപ്പെട്ടിരുന്നു. സാധാരണമായി ചെയ്തിരുന്ന മറ്റൊരു പ്രതിവിധിയായിരുന്നു ചോരയൊഴുക്കിക്കളയുക എന്നത്. പ്ലേഗ് ബാധിക്കുന്നത് ഗ്രഹനിലയിലെ കുഴപ്പം കൊണ്ടാണെന്നു പോലും പാരീസ് സർവകലാശാലയിലെ വൈദ്യശാസ്ത്ര വിഭാഗം അഭിപ്രായപ്പെടുകയുണ്ടായി! എങ്കിലും, അത്തരം അടിസ്ഥാനരഹിതമായ വിശദീകരണങ്ങൾക്കോ വ്യാജ “പ്രതിവിധികൾ”ക്കോ ഒന്നും ഈ കൊലയാളിയെ തളയ്ക്കാനായില്ല.
നീണ്ടുനിൽക്കുന്ന ഫലങ്ങൾ
അഞ്ചു വർഷംകൊണ്ട്, കറുത്ത മരണത്തിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് ഒടുവിൽ ലോകം മുക്തമായതുപോലെ കാണപ്പെട്ടു. എന്നാൽ ആ നൂറ്റാണ്ട് വിടപറയും മുമ്പേ ചുരുങ്ങിയത് നാലുതവണ എങ്കിലും അതു വീണ്ടും തലപൊക്കിയിട്ടുണ്ട്. കറുത്ത മരണത്തിന്റെ അനന്തരഫലങ്ങളെ അതുകൊണ്ട് ഒന്നാം ലോകമഹായുദ്ധത്തിന്റേതുമായിട്ടാണ് താരതമ്യം ചെയ്തിരിക്കുന്നത്. “യൂറോപ്പിലെങ്ങും പടർന്നുപിടിച്ച ഈ മഹാമാരി 1348-നു ശേഷം സമൂഹത്തിന്റെയും സമ്പദ്വ്യവസ്ഥയുടെയും മേൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉളവാക്കി എന്നതിൽ ആധുനിക ചരിത്രകാരന്മാരുടെ ഇടയിൽ ഒരു അഭിപ്രായവ്യത്യാസവുമില്ല” എന്ന് 1996-ൽ പ്രസിദ്ധീകരിച്ച ഇംഗ്ലണ്ടിലെ കറുത്ത മരണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. ജനസംഖ്യയുടെ നല്ലൊരു ശതമാനം തന്നെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കപ്പെട്ടു. ചില പ്രദേശങ്ങൾ പൂർവസ്ഥിതി പ്രാപിക്കാൻ നൂറ്റാണ്ടുകൾതന്നെ വേണ്ടിവന്നു. തൊഴിലാളികളെ കിട്ടാനില്ലാതെയായത് കൂലി കുത്തനെ ഉയരാൻ ഇടയാക്കി. ഒരിക്കൽ സമ്പന്നതയുടെ മടിത്തട്ടിൽ കഴിഞ്ഞിരുന്ന ഭൂവുടമകൾ ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കു
കൂപ്പുകുത്തി. അതോടെ മധ്യകാലഘട്ടത്തിന്റെ മുഖമുദ്രയായിരുന്ന ഫ്യൂഡൽ വ്യവസ്ഥിതിയുടെ അസ്ഥിവാരംതന്നെ ഇളകിവീണു.അങ്ങനെ, കറുത്ത മരണം രാഷ്ട്രീയവും മതപരവും സാമൂഹികവുമായ മാറ്റങ്ങൾക്കു വഴിതെളിച്ചു. പ്ലേഗിന്റെ ആക്രമണത്തിനു മുമ്പ്, ഇംഗ്ലണ്ടിലെ വിദ്യാസമ്പന്നരുടെ ഇടയിൽ ഫ്രഞ്ച് സർവസാധാരണമായി ഉപയോഗിച്ചിരുന്നു. എന്നാൽ രോഗം ബാധിച്ച് അനേകം ഫ്രഞ്ച് അധ്യാപകർ മരിച്ചതോടെ ബ്രിട്ടനിൽ ഇംഗ്ലീഷ് ഭാഷയ്ക്കായി മേധാവിത്വം. മതവൃത്തത്തിലും മാറ്റങ്ങൾ ഉണ്ടായി. പൗരോഹിത്യവൃത്തി ഏറ്റെടുക്കാൻ യോഗ്യരായവരുടെ എണ്ണം നന്നേ കുറവായിരുന്നതിനാൽ “സഭ മിക്കപ്പോഴും [ആത്മീയ കാര്യങ്ങളിൽ] ഉദാസീനരും അജ്ഞരുമായ ആളുകളെ” ആണ് നിയമിച്ചിരുന്നത് എന്നു ഷാക്ലീൻ ബ്രൊസൊലെ എന്ന ഫ്രഞ്ച് ചരിത്രകാരി പറയുന്നു. “പഠിപ്പിക്കുന്നതിലും വിശ്വാസം ഉൾനടുന്നതിലും സഭയ്ക്ക് ഉണ്ടായ വീഴ്ചയാണ് മതനവീകരണത്തിലേക്കു നയിച്ച ഒരു സംഗതി” എന്നു ബ്രൊസൊലെ തറപ്പിച്ചു പറയുന്നു.
കറുത്ത മരണം കലാരംഗത്തും ഒരു ശക്തമായ സ്വാധീനം ചെലുത്തുകയുണ്ടായി. കലാസൃഷ്ടികൾക്ക് ആധാരമാകുന്ന ഒരു സാധാരണ വിഷയമായിത്തീർന്നു മരണം. അസ്ഥികൂടങ്ങളും ശവശരീരങ്ങളും കഥാപാത്രങ്ങളാകുന്ന ഡാൻസ് മക്കാബർ, മരണത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്ന ജനപ്രീതിയാർജിച്ച ഒരു നൃത്തരൂപമായി തീർന്നു. ഭാവിയെക്കുറിച്ച് ഒരു എത്തുംപിടിയുമില്ലാതിരുന്ന പ്ലേഗ് അതിജീവകരിൽ പലരും തങ്ങളുടെ സദാചാര മൂല്യങ്ങളെല്ലാം കാറ്റിൽപ്പറത്തി. ഫലമോ, ഞെട്ടിക്കുന്ന അളവിലുള്ള ധാർമികച്യുതിയും. കറുത്ത മരണത്തിന് തടയിടാൻ സഭ പരാജയപ്പെട്ടതുകൊണ്ട്, “സഭ തങ്ങളെ നിരാശപ്പെടുത്തിയതായി മധ്യകാലഘട്ടത്തിലെ ആളുകൾക്കു
തോന്നി.” (കറുത്ത മരണം) കറുത്ത മരണത്തെ തുടർന്ന് സമൂഹത്തിൽ സുപ്രധാന മാറ്റങ്ങൾ സംഭവിച്ചതായും ചില ചരിത്രകാരന്മാർ പറയുന്നു. സ്വന്തം നിലയിൽ പണമുണ്ടാക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ അന്നത്തെ അവസ്ഥകൾ ആളുകളെ പ്രേരിപ്പിച്ചു. അങ്ങനെ, സമൂഹത്തിന്റെ താഴത്തെ തട്ടിലുള്ളവർ ഉയർന്ന തട്ടിലായിത്തീർന്നു. അതു പിന്നീട്, മുതലാളിത്തവ്യവസ്ഥിതി നിലവിൽ വരുന്നതിലേക്കു നയിച്ചു.കറുത്ത മരണം ശുചിത്വനടപടികൾ സ്വീകരിക്കാൻ ഗവൺമെന്റുകളെ നിർബന്ധിതമാക്കി. പ്ലേഗ് കെട്ടടങ്ങിയതിനു ശേഷം, വെനീസ് നഗരത്തിലെ തെരുവുകളെല്ലാം വൃത്തിയാക്കപ്പെട്ടു. ഗുഡ് എന്ന മറുപേരുള്ള ഫ്രാൻസിലെ ജോൺ രണ്ടാമൻ രാജാവും പകർച്ചവ്യാധിയുടെ ഭീഷണി ഉയർന്നുവരാതിരിക്കുന്നതിന് തെരുവുകൾ വൃത്തിയാക്കാൻ ഉത്തരവിടുകയുണ്ടായി. ഒരു ഗ്രീക്ക് വൈദ്യൻ ഏഥൻസ് നഗരത്തിലെ തെരുവുകളെല്ലാം കഴുകി വൃത്തിയാക്കി ആ നഗരത്തെ ഒരു വലിയ രോഗബാധയിൽ നിന്നു രക്ഷിച്ചതിനെ കുറിച്ചുള്ള അറിവായിരുന്നു ഇത്തരമൊരു നടപടിക്ക് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. തുറന്ന ഓടകൾ ആയിരുന്ന മധ്യകാലഘട്ടത്തിലെ പല തെരുവുകളും ഒടുവിൽ വൃത്തിയാക്കപ്പെട്ടു.
കഴിഞ്ഞകാലത്തിന്റെ മാത്രം ശാപമോ?
അങ്ങനെയിരിക്കെ, 1894-ൽ ഫ്രഞ്ച് ബാക്ടീരിയാവിജ്ഞാനിയായ അലെക്സാന്ദ്രെ യെർസൻ കറുത്ത മരണത്തിന് ഇടയാക്കിയ ബാസില്ലസിനെ കണ്ടെത്തി. അതുകൊണ്ട്, അദ്ദേഹത്തിന്റെ പേരിനോടുള്ള ചേർച്ചയിൽ അതിനു യെർസീനിയാ പെസ്റ്റിസ് എന്നു പേരിട്ടു. നാലു വർഷത്തിനുശേഷം, മറ്റൊരു ഫ്രഞ്ചുകാരനായ പോൾ-ല്വീ സിമോൻ, രോഗം പരത്തുന്നതിൽ (കരണ്ടുതീനികളുടെ ശരീരത്തിൽ ജീവിക്കുന്ന) ചെള്ളിനുള്ള പങ്കു കണ്ടുപിടിച്ചു. താമസിയാതെ തന്നെ, രോഗത്തിനെതിരെയുള്ള ഒരു കുത്തിവെപ്പ് വികസിപ്പിച്ചെടുക്കുകയുണ്ടായി. അതുകൊണ്ട് പക്ഷേ കാര്യമായ ഫലം ഉണ്ടായില്ല എന്നുമാത്രം.
പ്ലേഗ് ബാധ ഒരു കഴിഞ്ഞകാല സംഭവമാണോ? അല്ലേയല്ല. 1910-ലെ ശിശിരകാലത്ത് ഏകദേശം 50,000 ആളുകൾ മഞ്ചൂറിയയിൽ പ്ലേഗ് ബാധിച്ചു മരണമടയുകയുണ്ടായി. ലോകാരോഗ്യ സംഘടന ഓരോ വർഷവും പുതിയ ആയിരക്കണക്കിനു കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. പ്ലേഗ് പിടിപെട്ടു മരിക്കുന്നവരുടെ എണ്ണം അങ്ങനെ വർധിച്ചുകൊണ്ടിരിക്കുകയാണ്. മരുന്നുകളെ പ്രതിരോധിക്കുന്ന തരത്തിലുള്ള, പ്ലേഗിന്റെ പുതിയ രൂപങ്ങളും ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. അതേ, അടിസ്ഥാന ശുചീകരണ നിലവാരങ്ങൾ പാലിച്ചില്ലെങ്കിൽ പ്ലേഗ് മനുഷ്യവർഗത്തിന് ഒരു ഭീഷണിയായി തുടരും. ജാക്വലിൻ ബ്രോസ്സോലിറ്റും ആൻട്രി മൊളാറിയും തയ്യാറാക്കിയ പൂർക്വാലാ ലാ പെസ്റ്റ്? ലാ റാ, ലാ പൂയെസ്, എ ലാ ബ്യൂബോൻ (പ്ലേഗിന്റെ കാരണം? എലി, ചെള്ള്, വീക്കം) എന്ന പുസ്തകം ഉപസംഹരിക്കുന്നതു പോലെ “സങ്കടകരമെന്നു പറയട്ടെ, മധ്യകാല യൂറോപ്പിൽ ഉണ്ടായിരുന്ന ഈ രോഗം . . . ഒരുപക്ഷേ ഇനിയും ഒരു ഭീഷണിയായി തുടരും.”
[അടിക്കുറിപ്പ്]
a അന്നു ജീവിച്ചിരുന്ന ആളുകൾ അതിനെ വിളിച്ചത് മഹാമാരി, മഹാവ്യാധി എന്നൊക്കെയാണ്.
[23-ാം പേജിലെ ആകർഷകവാക്യം]
തങ്ങൾക്കു രോഗം പിടിപെടാതെ ദൈവം കാക്കുമെന്ന വിശ്വാസത്തിൽ സ്ത്രീപുരുഷന്മാർ തങ്ങളുടെ സ്വത്തു മുഴുവൻ സഭയ്ക്കു സംഭാവനയായി നൽകി
[24-ാം പേജിലെ ചതുരം/ചിത്രം]
ഫ്ളജല്ലൻസ് എന്ന മതവിഭാഗം
പ്ലേഗ് ദൈവശിക്ഷയാണ് എന്നുള്ള ധാരണയിൽ ദൈവകോപം ശമിപ്പിക്കുന്നതിനു ചിലർ ചാട്ടവാർ കൊണ്ടു സ്വയം പ്രഹരിക്കുമായിരുന്നു. കറുത്ത മരണം കാട്ടുതീ പോലെ പടർന്നുപിടിച്ചിരുന്ന സമയത്ത് ബ്രദർഹുഡ് ഓഫ് ദ ഫ്ളജല്ലൻസ് എന്ന പ്രസ്ഥാനം ജനപ്രീതിയുടെ കൊടുമുടിയിൽ എത്തി. അതിൽ ഏകദേശം 8,00,000 അംഗങ്ങൾ ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. വസ്ത്രം മാറ്റുന്നതും അലക്കുന്നതും സ്ത്രീകളോടു സംസാരിക്കുന്നതുമെല്ലാം അവർക്കു നിഷിദ്ധമായിരുന്നു. ദിവസത്തിൽ രണ്ടുതവണ അവർ ചാട്ടവാർ കൊണ്ട് പരസ്യമായി സ്വയം പ്രഹരിക്കുമായിരുന്നു.
“ചാട്ടവാർ കൊണ്ടു സ്വയം പ്രഹരിക്കുന്നത് സദാ ഭയത്തിൻ നിഴലിൽ കഴിഞ്ഞിരുന്ന ആളുകൾക്ക് ആശ്വാസം നൽകിയിരുന്ന ചുരുക്കം മാർഗങ്ങളിൽ ഒന്നായിരുന്നു” എന്നു മധ്യകാലഘട്ട മതവിരുദ്ധവാദം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. സഭയുടെ പൗരോഹിത്യ സമ്പ്രദായത്തെയും സമ്പൂർണ പാപമോചനം നൽകിക്കൊണ്ട് പണംവാരുന്ന രീതിയെയും നിശിതമായി വിമർശിച്ചിരുന്നവരിൽ പ്രധാനികളായിരുന്നു ഫ്ളജല്ലൻസുകാർ. 1349-ൽ ഈ വിഭാഗത്തെ പോപ്പ് അപലപിച്ചതിൽ ഒട്ടും അതിശയിക്കാനില്ല. കറുത്ത മരണത്തിന്റെ തേർവാഴ്ച അവസാനിച്ചതോടെ ആ വിഭാഗവും താനേ ഇല്ലാതായി.
[ചിത്രം]
ഫ്ളജല്ലൻസുകാർ ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിച്ചു
[കടപ്പാട്]
© Bibliothèque Royale de Belgique, Bruxelles
[25-ാം പേജിലെ ചിത്രം]
ഫ്രാൻസിലെ മാർസേൽസിൽ ഉണ്ടായ പ്ലേഗ് ബാധ
[കടപ്പാട്]
© Cliché Bibliothèque Nationale de France, Paris
[25-ാം പേജിലെ ചിത്രം]
പ്ലേഗിന് ഇടയാക്കുന്ന ബാസില്ലസിനെ അലെക്സാന്ദ്രെ യെർസൻ കണ്ടെത്തി
[കടപ്പാട്]
Culver Pictures