ആ വലിയ രൂപരചയിതാവ് ആർ?
ആ വലിയ രൂപരചയിതാവ് ആർ?
യുക്തിസഹമായി ചിന്തിക്കുന്ന ഒരു വ്യക്തിക്ക്, ഒരു രൂപരചയിതാവ് അഥവാ സ്രഷ്ടാവ് ഉണ്ട് എന്നതു സംബന്ധിച്ച് ബോധ്യം വരാൻ മതിയായ തെളിവുകൾ പ്രകൃതിയാകുന്ന പുസ്തകത്തിലുണ്ട് എന്ന് പല ശാസ്ത്രജ്ഞരും സമ്മതിക്കും. “ലോകസൃഷ്ടി മുതൽ ദൈവത്തിന്റെ അദൃശ്യപ്രകൃതി, അതായത് അവിടുത്തെ അനന്തശക്തിയും ദൈവത്വവും, സൃഷ്ടവസ്തുക്കളിലൂടെ സ്പഷ്ടമായി അറിഞ്ഞിട്ടുണ്ട്” എന്ന് ക്രിസ്തീയ അപ്പൊസ്തലനായ പൗലൊസ് ദീർഘനാൾ മുമ്പ് എഴുതുകയുണ്ടായി. (റോമർ 1:20, പി.ഒ.സി. ബൈ.) എന്നാൽ പ്രകൃതിയാകുന്ന പുസ്തകം ദൈവത്തെയും അവന്റെ ഇഷ്ടത്തെയും സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും വെളിപ്പെടുത്തുന്നില്ല. ഉദാഹരണത്തിന്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ് എന്ന് അതു വെളിപ്പെടുത്തുന്നില്ല. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, സ്രഷ്ടാവ് തന്നെക്കുറിച്ചുള്ള കാര്യങ്ങൾ മറ്റൊരു പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്, അവന്റെ നിശ്വസ്ത വചനമായ ബൈബിളിൽ.—2 തിമൊഥെയൊസ് 3:16.
ബൈബിൾ ഒരു ശാസ്ത്ര ഗ്രന്ഥം അല്ലെങ്കിലും പ്രകൃതി ഉത്തരം നൽകാത്ത, മർമപ്രധാനമായ എല്ലാ ചോദ്യങ്ങൾക്കും അത് ഉത്തരം നൽകുന്നു. അതിമനോഹരമായ ഒരു കരവേല കാണുമ്പോൾ മിക്കയാളുകളും ആദ്യംതന്നെ ചോദിക്കാറുള്ള ഒരു ചോദ്യത്തിന് അത് ഉത്തരം വെളിപ്പാടു 4:11-ൽ എന്താണ് പറയുന്നതെന്നു ശ്രദ്ധിക്കുക: “കർത്താവേ [“യഹോവേ,” NW], നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” അതേ, യഹോവയാം ദൈവമാണ് വലിയ രൂപരചയിതാവ്. അവന്റെ നാമം ബൈബിളിന്റെ ആദ്യ കയ്യെഴുത്തു പ്രതികളിൽ 7,000-ത്തോളം തവണ പ്രത്യക്ഷപ്പെടുന്നുണ്ട്.
നൽകുന്നു—ആരാണ് അത് ഉണ്ടാക്കിയത്? സൃഷ്ടിയെ സംബന്ധിച്ച് ബൈബിൾനമ്മുടെ ശാസ്ത്ര യുഗത്തിന് ഏകദേശം 3,500 വർഷം മുമ്പ് ജീവിച്ചിരുന്ന ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ സൃഷ്ടിക്രിയയ്ക്കുള്ള ബഹുമതി യഹോവയ്ക്കു കൊടുത്തു. പ്രകൃതിയെ സശ്രദ്ധം നിരീക്ഷിച്ചിരുന്ന ആ ചിന്തകൻ ഇപ്രകാരം പറഞ്ഞു: “മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും. അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.” സൃഷ്ടിയെ സംബന്ധിച്ച് അവയെല്ലാം നമുക്ക് എന്താണു പറഞ്ഞു തരുന്നത്? ഇയ്യോബ് ഉത്തരം നൽകുന്നത് ചോദ്യ രൂപത്തിലാണ്: “യഹോവയുടെ കൈ ഇതു പ്രവർത്തിച്ചിരിക്കുന്നു എന്നു ഇവയെല്ലാംകൊണ്ടു ഗ്രഹിക്കാത്തവനാർ?”—ഇയ്യോബ് 12:7-9.
മനുഷ്യരെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം
മനുഷ്യവർഗത്തെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യവും ബൈബിൾ വെളിപ്പെടുത്തുന്നുണ്ട്. നീതിനിഷ്ഠരായ മനുഷ്യർ പറുദീസയിൽ—ഈ ഭൂമിയിൽത്തന്നെ—നിത്യജീവൻ എന്ന ദാനം ആസ്വദിക്കണം എന്നതാണ് അത്. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് സങ്കീർത്തനം 37:29 പറയുന്നു. സമാനമായി യേശുവും ഇങ്ങനെ പറയുകയുണ്ടായി: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.”—മത്തായി 5:5.
ഭൂവാസികൾ പ്രത്യേക തരത്തിലുള്ള ഒരു പരിജ്ഞാനം സമ്പാദിക്കുന്നതിന്റെ ഫലമായി ഭൂമി സമാധാനം കളിയാടുന്ന ഒരു പറുദീസയായി എന്നെന്നും നിലനിൽക്കുകയും ചെയ്യും. യെശയ്യാവ് 11:9 ഇപ്രകാരം പറയുന്നു: “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ [“യഹോവയെ കുറിച്ചുള്ള,” NW] പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.” “യഹോവയെ കുറിച്ചുള്ള പരിജ്ഞാനം” ആണ് വാസ്തവത്തിൽ നിത്യമായ ജീവിതത്തിനും സമാധാനത്തിനും സന്തുഷ്ടിക്കും ഉള്ള താക്കോൽ. യേശുവിന്റെ പിൻവരുന്ന വാക്കുകൾ ഈ പ്രസ്താവനയുടെ കൃത്യതയെ സ്ഥിരീകരിച്ചു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ [“കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നത്,” NW] നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
നിത്യജീവൻ നേടുക വഴി ദൈവം ആദ്യം ഉദ്ദേശിച്ചിരുന്ന അതേ വിധത്തിൽ ഭൂമിയിൽ ജീവിതം ആസ്വദിക്കാൻ മനുഷ്യർ പ്രാപ്തരാകും. എന്നേക്കുമുള്ള ജീവിതം ഒരു പ്രകാരത്തിലും വിരസമായിരിക്കില്ല. പകരം, പുതു പുത്തൻ കണ്ടുപിടിത്തങ്ങളുടെ നിത്യവിസ്മയങ്ങളും സന്തോഷപ്രദമായ അനുഭവങ്ങളും നിറഞ്ഞതായിരിക്കും അത്.
രസകരവും പുളകപ്രദവുമായ ജോലി!
സഭാപ്രസംഗി 3:11, NW ഇപ്രകാരം വായിക്കുന്നു: “[ദൈവം] സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു. സത്യദൈവം ആദിയോടന്തം ചെയ്ത പ്രവൃത്തിയെ മനുഷ്യവർഗത്തിന് ഒരിക്കലും കണ്ടുപിടിച്ചു തീരാനാകാത്ത വിധം അവൻ നിത്യതയും അവരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു.” “നിത്യ”മായി അഥവാ എന്നേക്കും ജീവിക്കുന്നതിനുള്ള മനുഷ്യന്റെ സ്വാഭാവിക ആഗ്രഹം പെട്ടെന്നുതന്നെ പൂർണമായി നിറവേറപ്പെടുമ്പോൾ ‘ദൈവം ആദിയോടന്തം ചെയ്ത പ്രവൃത്തിയെ കണ്ടുപിടിക്കാൻ’ ശ്രമിക്കുന്നതിന് നാം പ്രാപ്തരായിത്തീരും. അതേ, മുഴു ഭൂമിയും നമ്മുടെ പഠനമുറി ആയിരിക്കും, യഹോവയായിരിക്കും നമ്മുടെ അധ്യാപകൻ, ജീവിതമാകട്ടെ കണ്ടുപിടിത്തങ്ങൾക്കായുള്ള ഒരിക്കലും അവസാനിക്കാത്ത, പുളകപ്രദമായ ഒരു പര്യടനവും.
പൂർണതയുള്ള ശരീരത്തോടും മനസ്സോടും കൂടി നിങ്ങൾ ആ പറുദീസയിൽ ആയിരിക്കുന്നതിനെ കുറിച്ച് ഒന്നു വിഭാവന ചെയ്യൂ. ഇന്ന് ഏറ്റെടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുക കൂടിയില്ലാത്ത തരം വെല്ലുവിളികൾ യാതൊരു മടിയും കൂടാതെ അന്നു നിങ്ങൾ സ്വീകരിക്കും. നൂറോ ആയിരമോ വർഷം എടുത്താലും, അതു പൂർത്തിയാക്കാൻ കഴിയുമെന്ന് നിങ്ങൾക്ക് അറിയാം. ഒരുപക്ഷേ നിങ്ങളുടെ തികവുറ്റ പ്രാപ്തികൾ ഉപയോഗിച്ച്, യഹോവയുടെ രൂപരചനകളിൽ ചിലത് ഇന്നു മനുഷ്യർ ചെയ്യുന്നതിനെക്കാൾ പതിന്മടങ്ങ് മികച്ച രീതിയിൽ പകർത്താൻ പോലും നിങ്ങൾക്കു കഴിഞ്ഞേക്കാം. ഇന്ന് ഇതിനായി നടത്തുന്ന ശ്രമങ്ങൾ മിക്കപ്പോഴും മലിനീകരണത്തിനും മനുഷ്യന് ദോഷം ചെയ്യുന്ന മറ്റു കാര്യങ്ങൾക്കും ഇടയാക്കുന്നു. എന്നാൽ അന്ന്, യഹോവയുടെ കാര്യത്തിൽ സത്യമായിരിക്കുന്നതുപോലെ, നിങ്ങളുടെയും പ്രവൃത്തികളെ ഭരിക്കുന്നത് സ്നേഹം എന്ന ഗുണം ആയിരിക്കും.—ഉല്പത്തി 1:27; 1 യോഹന്നാൻ 4:8.
ഇതൊക്കെ വെറും സ്വപ്നം അല്ലെന്ന് നമുക്ക് പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? യഹോവ രചിച്ച മഹത്തായ രണ്ടു “പുസ്തകങ്ങൾ” ആയ ബൈബിളും സൃഷ്ടിയും, നമ്മുടെ വലിയ രൂപരചയിതാവും സ്രഷ്ടാവും ആയ അവനെ സംബന്ധിച്ചിടത്തോളം ഒന്നും അസാധ്യം അല്ലെന്നതിനുള്ള അനിഷേധ്യമായ തെളിവുകൾ നൽകുന്നു. അതുകൊണ്ട് യഹോവയെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും കൂടുതൽ അടുത്തറിയാൻ ഇപ്പോൾ ശ്രമിക്കരുതോ? ഇത്രയേറെ രസകരവും മൂല്യവത്തും വിജയപ്രദവും ആയ ഒരു ഉദ്യമം വേറെ ഉണ്ടാവില്ല.
[10-ാം പേജിലെ ചിത്രങ്ങൾ]
ബൈബിളും പ്രകൃതിയാകുന്ന പുസ്തകവും ആ വലിയ രൂപരചയിതാവിനെ കുറിച്ച് വെളിപ്പെടുത്തുന്നു