ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ഒരു വിദേശ ഭാഷ പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
ബ്രിട്ടനിലെ ഉണരുക! ലേഖകൻ
“പറയാൻ എളുപ്പമാണ്. പക്ഷേ, ഇറങ്ങിത്തിരിക്കുമ്പോൾ അറിയാം അതിന്റെ ബുദ്ധിമുട്ട്!” ഒരു വിദേശ ഭാഷ പഠിക്കുന്നതിനെ കുറിച്ചുള്ള പലരുടെയും അഭിപ്രായം അതാണ്, പ്രത്യേകിച്ചും അതിനു ശ്രമിച്ചിട്ടുള്ളവരുടെ. ഒരു പുതിയ ഭാഷ പഠിക്കുക എന്നത് തീർച്ചയായും ഒരു വെല്ലുവിളിതന്നെ. എന്നാൽ അതിൽ വിജയിച്ചിട്ടുള്ളവർ പറയുന്നത് അതു ശ്രമത്തിനു തക്ക മൂല്യമുള്ള ഒന്നാണെന്നാണ്.
ഒരു പുതിയ ഭാഷ പഠിക്കുന്നതിനുള്ള കാരണങ്ങൾ പലതാണ്. ഉദാഹരണത്തിന്, ഫ്രാൻസിൽ അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ച ആൻഡ്രൂ തദ്ദേശവാസികളുമായി അവരുടെ ഭാഷയിൽ സംസാരിക്കാൻ ആഗ്രഹിച്ചു. ഇറ്റാലിയൻ വംശജനാണെങ്കിലും ഗ്വീഡോ ജനിച്ചത് ഇംഗ്ലണ്ടിൽ ആണ്. അവൻ പറയുന്നു: “എനിക്ക് ഇറ്റാലിയന്റെ ഒരു ഭാഷാഭേദം മാത്രമേ വശമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇറ്റാലിയൻ ഭാഷ ശരിക്കും സംസാരിക്കാൻ പഠിക്കണമെന്നു ഞാൻ തീരുമാനിച്ചു.” ജോനഥന്റെ സഹോദരൻ അടുത്തകാലത്ത് വിദേശത്തു താമസമാക്കുകയും ഒരു സ്പാനീഷ് യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു. “സഹോദരനെ കാണാൻ പോകുമ്പോൾ എന്റെ പുതിയ ബന്ധുക്കളോട് അവരുടെ മാതൃഭാഷയിൽ സംസാരിക്കാൻ ഞാൻ ആഗ്രഹിച്ചു” എന്ന് ജോനഥൻ പറയുന്നു.
എന്നാൽ ഒരു വിദേശ ഭാഷ പഠിക്കുന്നതു കൊണ്ട് വേറെയും പ്രയോജനങ്ങൾ ഉണ്ട്. ല്വെസ് പറയുന്നു: “മറ്റുള്ളവരോടു സമാനുഭാവം പ്രകടമാക്കാൻ അത് എന്നെ സഹായിച്ചു. അന്യഭാഷ സംസാരിക്കുന്ന ഒരു നാട്ടിൽ എത്തുമ്പോൾ വിദേശികൾക്ക് എങ്ങനെ അനുഭവപ്പെടുന്നു എന്ന് മനസ്സിലാക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്.” പാമെല വ്യക്തിപരമായ പ്രയോജനങ്ങൾ ആസ്വദിച്ചിരിക്കുന്നു. ഇംഗ്ലണ്ടിൽ വളർന്ന അവൾക്ക് മാതൃഭാഷയായ ചൈനീസ് അത്രയ്ക്കു വശമില്ലായിരുന്നു. അത്, പാമെലയും അമ്മയും തമ്മിൽ കൂടുതൽ കൂടുതൽ അകലുന്നതിന് ഇടയാക്കി. പാമെല ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഞങ്ങൾ തമ്മിൽ നല്ല ആശയവിനിമയം ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് ചൈനീസ് സംസാരിക്കാൻ കഴിയുന്നതുകൊണ്ട് ഞങ്ങൾ മുമ്പത്തെക്കാൾ അടുത്തിരിക്കുന്നു, ഞങ്ങളുടെ ബന്ധം ശരിക്കും മെച്ചപ്പെട്ടിട്ടുണ്ട്.”
വിജയത്തിനുള്ള സഹായികൾ
ഒരു വിദേശ ഭാഷ പഠിക്കുന്നതിൽ വിജയിക്കുന്നതിന് നിങ്ങൾക്ക് എന്താണ് ആവശ്യമായിരിക്കുന്നത്? വിജയിച്ചിട്ടുള്ള പലരും പിൻവരുന്ന ഘടകങ്ങൾക്ക് ഊന്നൽ നൽകുന്നു.
● പ്രചോദനം. നിങ്ങൾക്ക് പ്രചോദനം, ലക്ഷ്യത്തിൽ എത്തിപ്പിടിക്കുന്നതിനുള്ള ഒരു കാരണം ഉണ്ടായിരിക്കണം. സാധാരണഗതിയിൽ ശക്തമായ പ്രചോദനം ഉള്ളപ്പോഴാണ് വിദ്യാർഥികൾ നല്ല വിജയം കൈവരിക്കുന്നത്.
● താഴ്മ. നിങ്ങളിൽ നിന്നുതന്നെ വളരെ കൂടുതൽ പ്രതീക്ഷിക്കരുത്—പിശകുകൾ ഒഴിവാക്കാനാകില്ല, പ്രത്യേകിച്ചും ആദ്യമൊക്കെ. “തീർച്ചയായും നിങ്ങൾ പറയുന്നതു കേട്ട് ആളുകൾ ചിരിക്കും,” അലിസൻ പറയുന്നു, “അതുകൊണ്ട് നർമബോധം ഉള്ളവരായിരിക്കുക!” വാലെറി അതിനോടു യോജിക്കുന്നു. അവൾ പറയുന്നു: “പിച്ചവെക്കുന്ന ഒരു കൊച്ചു കുട്ടിയെ പോലെയാണു നിങ്ങൾ. പലവട്ടം നിങ്ങൾ വീഴും, എന്നാൽ എണീറ്റു ശ്രമം തുടർന്നേ തീരൂ.”
● ക്ഷമ. “എന്നെ സംബന്ധിച്ചിടത്തോളം ആദ്യത്തെ രണ്ടു വർഷം ശരിക്കും ബുദ്ധിമുട്ടായിരുന്നു. ചില സമയങ്ങളിൽ എല്ലാം മതിയാക്കിയേക്കാം എന്ന് എനിക്കു തോന്നിയിട്ടുണ്ട്,” ഡേവിഡ് സമ്മതിച്ചു പറയുന്നു. എന്നാൽ “ക്രമേണ അതു കൂടുതൽ കൂടുതൽ എളുപ്പമായിത്തീർന്നു!” എന്ന് അവൻ അംഗീകരിക്കുന്നു. ജില്ലിനും ഏതാണ്ട് അങ്ങനെയൊക്കെ തന്നെയാണു തോന്നുന്നത്. അവൾ
പറയുന്നു: “പിന്തിരിഞ്ഞു നോക്കുന്നതു വരെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നേ നിങ്ങൾക്കു തോന്നുകയില്ല.”● പരിശീലനം. ഒരു ക്രമമായ പരിശീലന പരിപാടി, പുതിയ ഭാഷ ഒഴുക്കോടെ സംസാരിക്കുന്നതിനു നിങ്ങളെ സഹായിക്കും. ഏതാനും മിനിട്ടേ പരിശീലനം നടത്തുന്നുള്ളൂ എങ്കിൽ പോലും അതു ദിവസവും നടത്താൻ ശ്രമിക്കുക. ഒരു പാഠപുസ്തകം പറയുന്നതുപോലെ, “‘വല്ലപ്പോഴും വളരെയധികം’ ചെയ്യുന്നതിനെക്കാൾ ‘കുറേശ്ശെയാണെങ്കിലും കൂടെക്കൂടെ’ ചെയ്യുന്നതാണ് ഏറെ നല്ലത്.”
സഹായകമായ ഉപകരണങ്ങൾ
ഒരു വിദേശ ഭാഷ പഠിക്കുക എന്ന വെല്ലുവിളി ഏറ്റെടുക്കാൻ നിങ്ങൾ തയ്യാറാണോ? എങ്കിൽ, താഴെ പറയുന്ന ഉപകരണങ്ങൾക്കു നിങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്താനാകും.
● ഫ്ളാഷ് കാർഡുകൾ. ഓരോന്നിന്റെയും മുൻവശത്ത് ഒരു പദമോ പദപ്രയോഗമോ കാണും. പിൻവശത്ത് അതിന്റെ പരിഭാഷയും. നിങ്ങൾ താമസിക്കുന്നിടത്ത് ഇതു ലഭ്യമല്ലെങ്കിൽ, സ്വന്തമായി കാർഡുകൾ ഉണ്ടാക്കി ഉപയോഗിക്കാവുന്നതാണ്.
● വിജ്ഞാനപ്രദമായ ഓഡിയോ കാസെറ്റുകളും വീഡിയോ കാസെറ്റുകളും. ഇവയുടെ സഹായത്താൽ ഭാഷ സംസാരിക്കുന്ന ശരിയായ രീതി മനസ്സിലാക്കാൻ നിങ്ങൾക്കു സാധിക്കും. ഉദാഹരണത്തിന്, കാറോടിക്കുന്നതിനിടയിൽ വിനോദസഞ്ചാരികൾക്കായുള്ള പദപ്രയോഗങ്ങളും പരിഭാഷയും അടങ്ങിയ ഒരു പുസ്തകത്തിന്റെ ഓഡിയോ കാസെറ്റ് ശ്രദ്ധിക്കുക വഴി ജാപ്പനീസ് ഭാഷയുടെ അടിസ്ഥാന വശങ്ങൾ ഡേവിഡ് പഠിച്ചെടുത്തു.
● പ്രതിവർത്തക കമ്പ്യൂട്ടർ പ്രോഗ്രാമുകൾ. ഇത്തരം ചില പ്രോഗ്രാമുകളിൽ നിങ്ങളുടെ സംഭാഷണം റെക്കോർഡു ചെയ്യുന്നതിനും തദ്ദേശ വാസികളുടെ ഉച്ചാരണവുമായി നിങ്ങളുടെ ഉച്ചാരണം ഒത്തു നോക്കുന്നതിനും ഉള്ള സംവിധാനം ഉണ്ട്.
● റേഡിയോയും ടെലിവിഷനും. നിങ്ങളുടെ പ്രദേശത്ത്, റേഡിയോയിലോ ടെലിവിഷനിലോ നിങ്ങൾ പഠിക്കുന്ന ഭാഷയിലുള്ള പരിപാടികൾ പ്രക്ഷേപണം ചെയ്യപ്പെടാറുണ്ടെങ്കിൽ അവ ശ്രദ്ധിച്ച് നിങ്ങൾക്ക് എത്രമാത്രം മനസ്സിലാക്കാൻ കഴിയുന്നുണ്ടെന്നു പരിശോധിച്ചുകൂടേ?
● മാസികകളും പുസ്തകങ്ങളും. പുതിയ ഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കാൻ ശ്രമിക്കുക. എന്നാൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ‘കടിച്ചാൽ പൊട്ടാത്തതോ’ തീരെ ലളിതമോ അല്ലെന്ന് ഉറപ്പു വരുത്തുക. a
ഭാഷയിൽ പ്രാവീണ്യം നേടൽ
നിശ്ചയമായും, ഭാവിയിൽ എപ്പോഴെങ്കിലും നിങ്ങൾ ആ ഭാഷക്കാരുമായി സംസാരിക്കേണ്ടിയിരിക്കുന്നു. എന്നാൽ അതിനായി ഒരു വിദൂരദേശത്തേക്കു പോകണമെന്നൊന്നുമില്ല. പകരം, നിങ്ങളുടെ രാജ്യത്തു തന്നെയുള്ള യഹോവയുടെ സാക്ഷികളുടെ ഒരു വിദേശ-ഭാഷാ സഭ സന്ദർശിക്കാൻ നിങ്ങൾക്കു സാധിച്ചേക്കും.
എന്താണെങ്കിലും, നിങ്ങളുടെ ലക്ഷ്യം പുതിയ ഭാഷയിൽ ചിന്തിക്കാൻ പഠിക്കുക എന്നതായിരിക്കണം, അല്ലാതെ വെറുതെ നിങ്ങളുടെ മാതൃഭാഷയിൽ നിന്നു പദങ്ങളും പദപ്രയോഗങ്ങളും പരിഭാഷപ്പെടുത്തുക എന്നതായിരിക്കരുത്. സാധ്യതയനുസരിച്ച്, നിങ്ങൾ പഠിക്കുന്ന ഭാഷ സംസാരിക്കുന്ന ആളുകളുടെ ആചാരങ്ങളെയും സ്വഭാവസവിശേഷതകളെയും കുറിച്ച് കുറെയൊക്കെ മനസ്സിലാക്കുന്നതും പ്രയോജനം ചെയ്യും. ഭാഷാപണ്ഡിതനായ റോബർട്ട് ലാഡോ പറയുന്നു: “ഒരു സംസ്കാരത്തിന്റെ തനതായ മൂല്യങ്ങളെയും സവിശേഷതകളെയും കുറിച്ച് യാതൊരു അറിവുമില്ലാതെ ആ സംസ്കാരത്തിന്റെ ഭാഗമായ ഒരു ഭാഷ യഥാർഥത്തിൽ പഠിക്കാൻ കഴിയില്ല.”
അവസാനമായി ഒരു സംഗതി കൂടി: നിങ്ങൾ വളരെ മെല്ലെയാണു പുരോഗമിക്കുന്നത് എന്നു തോന്നുന്നെങ്കിൽപ്പോലും നിരുത്സാഹപ്പെടരുത്. എന്താണെങ്കിലും, ഒരു പുതിയ ഭാഷ പഠിക്കുക എന്നത് തുടർച്ചയായ ഒരു പ്രക്രിയയാണ്. 20 വർഷം മുമ്പ് ആംഗ്യ ഭാഷ പഠിച്ച ജിൽ പറയുന്നു: “ഞാൻ ഒരിക്കലും പഠനം നിറുത്തുന്നില്ല. കാരണം ഭാഷ വികസിച്ചുകൊണ്ടേയിരിക്കുകയാണ്.”
അപ്പോൾ, നിങ്ങൾ ഒരു വിദേശ ഭാഷ പഠിക്കാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഏറ്റവും വെല്ലുവിളിപരമായ, എന്നാൽ അതേസമയംതന്നെ വളരെ പ്രതിഫലദായകവുമായ, ഒരു സംരംഭം ഏറ്റെടുക്കാൻ തയ്യാറായിക്കൊള്ളൂ.
[അടിക്കുറിപ്പ്]
a ഉണരുക! ഇപ്പോൾ 83 ഭാഷകളിൽ ലഭ്യമാണ്. അതിന്റെ കൂട്ടുമാസികയായ വീക്ഷാഗോപുരം 132 ഭാഷകളിലും പ്രസിദ്ധീകരിക്കുന്നു. ഈ പ്രസിദ്ധീകരണങ്ങളിലെ വ്യക്തമായ ഭാഷാശൈലി ഒരു പുതിയ ഭാഷ പഠിക്കുന്നതിൽ വളരെ സഹായകമാണെന്നു പലരും കണ്ടെത്തിയിരിക്കുന്നു.
[12, 13 പേജുകളിലെ ചിത്രങ്ങൾ]
നിങ്ങൾ പഠിക്കുന്ന ഭാഷയെ മാതൃഭാഷയുമായി താരതമ്യപ്പെടുത്തിക്കൊണ്ട് . . .
. . . നിങ്ങളുടെ പദസമ്പത്തു വർധിപ്പിക്കാവുന്നതാണ്