എയ്ഡ്സുള്ള അമ്മമാർ വിഷമസന്ധിയിൽ
എയ്ഡ്സുള്ള അമ്മമാർ വിഷമസന്ധിയിൽ
നവജാത ശിശുവിനെ മുലയൂട്ടണോ അതോ അതിനു കുപ്പിപ്പാൽ കൊടുക്കണോ. വെസ്റ്റ് ഇൻഡീസിൽ താമസിക്കുന്ന സിന്ധ്യയ്ക്ക് a ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കേണ്ടിവന്നു. ഇതിൽ ഒരു തീരുമാനമെടുക്കാൻ എന്താണിത്ര പ്രയാസം എന്നു തോന്നിയേക്കാം. എന്തൊക്കെയാണെങ്കിലും, കുഞ്ഞുങ്ങൾക്കു കൊടുക്കാവുന്നതിലേക്കും “ഏറ്റവും മികച്ച ആഹാരം” എന്ന നിലയിലല്ലേ മുലപ്പാലിനെ ദശാബ്ദങ്ങളായി ആരോഗ്യ രംഗത്തെ വിദഗ്ധർ എടുത്തുകാട്ടിയിരിക്കുന്നത്? മാത്രമല്ല, കുപ്പിപ്പാൽ കുടിക്കുന്ന ദരിദ്ര സമൂഹങ്ങളിലെ കുഞ്ഞുങ്ങൾക്ക്, മുലപ്പാൽ കുടിക്കുന്ന കുട്ടികളെക്കാൾ അതിസാരം പിടിപെട്ടു മരണം സംഭവിക്കാനുള്ള സാധ്യത 15 ഇരട്ടിയോളം ആണു താനും. മുലപ്പാലിനു പകരമായി നൽകുന്ന ആഹാരസാധനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിമിത്തം ഓരോ ദിവസവും ഏകദേശം 4,000 കുട്ടികളാണ് മരണമടയുന്നത് എന്ന് ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി റിപ്പോർട്ടു ചെയ്യുന്നു.
എന്നാൽ, സിന്ധ്യയെ സംബന്ധിച്ചിടത്തോളം മുലയൂട്ടണമോ വേണ്ടയോ എന്ന തീരുമാനത്തിൽ മറ്റൊരു അപകടം ഉൾപ്പെട്ടിരുന്നു. എയ്ഡ്സിന് ഇടയാക്കുന്ന മാനുഷ രോഗപ്രതിരോധ ശക്തിക്ഷയ വൈറസ് (എച്ച്ഐവി) ഭർത്താവിൽ നിന്ന് അവർക്ക് പിടിപെട്ടിരുന്നു. കുഞ്ഞു ജനിച്ചതിനു ശേഷം അവർ, അമ്മയ്ക്ക് എച്ച്ഐവി ഉണ്ടെങ്കിൽ മുലപ്പാലിലൂടെ അതു കുഞ്ഞിനും കിട്ടാൻ 7-ൽ 1 സാധ്യതയുണ്ടെന്ന കാര്യം മനസ്സിലാക്കി. b അങ്ങനെ, വേദനാജനകമായ ഒരു തിരഞ്ഞെടുപ്പു നടത്താൻ അവർ നിർബന്ധിതയായി: ഒന്നുകിൽ മുലയൂട്ടിയാലുള്ള അപകടസാധ്യത കണ്ടില്ലെന്നു നടിക്കുക അല്ലെങ്കിൽ, കുപ്പിപ്പാൽ കൊടുത്താലുണ്ടാകുന്ന കുഴപ്പങ്ങൾ കുഞ്ഞിന് വന്നുപെടാൻ അനുവദിക്കുക.
ലോകത്തിൽ, എയ്ഡ്സ് ഏറ്റവുമധികം പടർന്നുപിടിച്ചിട്ടുള്ള പ്രദേശങ്ങളിലെ ഗർഭിണികളായ ഓരോ 10 സ്ത്രീകളിലും 2-ഓ 3-ഓ പേർക്കെങ്കിലും എച്ച്ഐവി ഉണ്ട്. ഒരു രാജ്യത്ത്, പരിശോധനയ്ക്കു വിധേയരാക്കിയ ഗർഭിണികളിൽ പകുതിയിലധികം പേർക്കും എച്ച്ഐവി ഉള്ളതായി തെളിഞ്ഞു. “ഈ ഞെട്ടിക്കുന്ന സംഖ്യകൾ നിമിത്തം ശാസ്ത്രജ്ഞർ ആകെ അങ്കലാപ്പിലാണ്. ഒരു പ്രതിവിധി തേടി നെട്ടോട്ടം ഓടുകയാണ് അവർ” എന്നു യുഎൻ റേഡിയോ റിപ്പോർട്ടു ചെയ്യുന്നു. ഈ ഭീഷണിയെ നേരിടുക എന്ന ലക്ഷ്യത്തിൽ ആറ് യുഎൻ സംഘടനകൾ ഒത്തുചേർന്ന് തങ്ങളുടെ അനുഭവജ്ഞാനം, ശ്രമങ്ങൾ, വിഭവശേഷി എന്നിവ സമന്വയിപ്പിച്ചുകൊണ്ട് എച്ച്ഐവി/എയ്ഡ്സ് സംയുക്ത ഐക്യരാഷ്ട്ര പരിപാടിക്ക് (UNAIDS) രൂപം നൽകിയിരിക്കുന്നു. c എന്നാൽ, എയ്ഡ്സ് എന്ന പ്രശ്നത്തിന് അത്ര എളുപ്പത്തിൽ ഒരു പരിഹാരം കണ്ടെത്താൻ കഴിയില്ല എന്ന് അവർ മനസ്സിലാക്കിയിരിക്കുന്നു.
ലളിതമായ ഒരു പരിഹാരത്തിനു വിലങ്ങുതടിയായിരിക്കുന്ന സങ്കീർണ പ്രശ്നങ്ങൾ
വ്യവസായവത്കൃത രാജ്യങ്ങളിൽ ജീവിക്കുന്ന എച്ച്ഐവി ബാധിതരായ സ്ത്രീകളോട് കുഞ്ഞുങ്ങളെ മുലയൂട്ടാതിരിക്കാനാണ് ആരോഗ്യപ്രവർത്തകർ ശുപാർശ ചെയ്യുന്നത് എന്ന് മുലയൂട്ടലിനെ കുറിച്ചും അമ്മയിൽ നിന്നു കുഞ്ഞിലേക്ക് എച്ച്ഐവി പകരുന്നതിനെ കുറിച്ചും ഗവേഷണം നടത്തുന്ന ഇഡിത്ത് വൈറ്റ് പറയുന്നു. മൂലയൂട്ടൽ, കുഞ്ഞുങ്ങൾക്ക് എച്ച്ഐവി പിടിപെടാനുള്ള സാധ്യത ഏതാണ്ട് ഇരട്ടിയാക്കിത്തീർക്കും എന്നതാണ് കാരണം. മുലപ്പാലിനു പകരമായി പൊടിപ്പാൽ കൊടുക്കുന്നത് നല്ല
ഒരു പകരസംവിധാനമായി തോന്നുന്നു. പക്ഷേ, ഇത്തരം ഉത്കൃഷ്ട സൈദ്ധാന്തിക ആശയങ്ങളൊക്കെ പരുക്കൻ യാഥാർഥ്യങ്ങൾക്കു വഴി മാറിക്കൊടുക്കേണ്ടി വരുന്ന വികസ്വര രാജ്യങ്ങളിൽ, ഈ ലളിതമായ പരിഹാരം നടപ്പിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ല.പ്രശ്നങ്ങളിലൊന്ന് സാമൂഹികമാണ്. മുലയൂട്ടൽ സർവസാധാരണമായിരിക്കുന്ന രാജ്യങ്ങളിൽ, തന്റെ കുഞ്ഞിനു കുപ്പിപ്പാൽ നൽകുന്ന ഒരു സ്ത്രീ തനിക്ക് എച്ച്ഐവി ഉള്ള കാര്യം പരസ്യപ്പെടുത്തുകയായിരിക്കും ചെയ്യുന്നത്. സത്യാവസ്ഥ പുറത്താകുന്ന പക്ഷം തന്നെ തെറ്റുകാരിയായി മുദ്ര കുത്തുമെന്നോ തന്നെ ഉപേക്ഷിക്കുമെന്നോ തനിക്ക് അടികൊള്ളേണ്ടി വരുമെന്നോ പോലും അവൾ ഭയപ്പെട്ടേക്കാം. ഇത്തരമൊരു സാഹചര്യത്തിൽ അകപ്പെട്ട ചില സ്ത്രീകൾ, തങ്ങൾക്ക് എച്ച്ഐവി ഉള്ള കാര്യം മൂടിവെക്കാൻ കുഞ്ഞുങ്ങളെ മുലയൂട്ടുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്നു വിചാരിക്കുന്നു.
മറ്റു പ്രശ്നങ്ങളും ഉണ്ട്. ഉദാഹരണത്തിന്, 20 വയസ്സുള്ള മാർഗരറ്റിന്റെ കാര്യമെടുക്കുക. ഉഗാണ്ടയിലെ ഗ്രാമപ്രദേശങ്ങളിൽ പാർക്കുന്ന, ചുരുങ്ങിയത് 95 ശതമാനം സ്ത്രീകളുടെയും കാര്യത്തിലെന്ന പോലെ, അവളും എച്ച്ഐവി നിർണയ പരിശോധനയ്ക്കു വിധേയയായിട്ടേയില്ല. പക്ഷേ, മാർഗരറ്റിന് ഉത്കണ്ഠയ്ക്കു കാരണമുണ്ട്. അവളുടെ ആദ്യത്തെ കുട്ടി മരിച്ചുപോയി. രണ്ടാമത്തെ കുട്ടിയാണെങ്കിൽ ആകെ ശോഷിച്ചാണ് ഇരിക്കുന്നത്. മാത്രമല്ല, അതിന് എപ്പോഴും അസുഖവുമാണ്. ഒരുപക്ഷേ തനിക്കും എച്ച്ഐവി ഉണ്ടായിരിക്കാം എന്ന വസ്തുത നിലനിൽക്കെ തന്നെ ദിവസം പത്തുതവണ മാർഗരറ്റ് തന്റെ മൂന്നാമത്തെ കുട്ടിയെ മുലയൂട്ടുന്നു. “എനിക്ക് ഒരിക്കലും കുഞ്ഞിന് പൊടിപ്പാൽ കൊടുക്കാൻ സാധിക്കില്ല,” അവൾ പറയുന്നു. എന്തുകൊണ്ട്? അവളുടെ ഗ്രാമത്തിലുള്ള ഒരു കുടുംബം ഒരു വർഷം കൊണ്ടു സമ്പാദിക്കുന്നതിന്റെ ഒന്നരയിരട്ടി കൂടെ കൊടുത്താലേ ഒരു കുഞ്ഞിന് അതു കൊടുക്കാൻ കഴിയുകയുള്ളൂ എന്നു മാർഗരറ്റ് പറയുന്നു. ഇനി, അതു സൗജന്യമായി ലഭിച്ചാൽ പോലും സുരക്ഷിതമായ ബേബി ഫുഡ് ആക്കിയെടുക്കുന്നതിന് വേണ്ട ശുദ്ധജലം കിട്ടാൻ അവിടെ വലിയ പ്രയാസവുമാണ്. d
എച്ച്ഐവി ഉള്ള അമ്മമാർക്ക്, ശരിയായ ശുചിത്വ സൗകര്യങ്ങളും ശുദ്ധജലം കിട്ടുന്നതിനു വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുക്കുകയും മുലപ്പാലിനു പകരമുള്ള ആഹാരപദാർഥങ്ങൾ വേണ്ടുവോളം ലഭ്യമാക്കുകയും ചെയ്യുന്ന പക്ഷം, ഈ തടസ്സങ്ങളിൽ ചിലവ നീക്കുന്നതിനു സാധിക്കും. അതിനു ഭാരിച്ച ചെലവു വരുമോ? വന്നേക്കാം. എന്നിരുന്നാലും, ഇത്തരം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിൽ പണത്തെക്കാൾ അധികം മുൻഗണനകൾ വെക്കുന്നതാണ് ഉൾപ്പെട്ടിരിക്കുന്നത് എന്ന സംഗതി ആശ്ചര്യജനകമായി തോന്നിയേക്കാം. ലോകത്തിലെ വികസ്വര രാഷ്ട്രങ്ങളിൽ ഏറ്റവുമധികം ദാരിദ്ര്യത്തിലാണ്ടു കിടക്കുന്ന ചിലവ, ആരോഗ്യരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി ചെലവഴിക്കുന്നതിന്റെ ഏതാണ്ട് ഇരട്ടി തുകയാണ് സൈനിക ആവശ്യങ്ങൾക്കായി ചെലവഴിക്കുന്നത് എന്ന് യുഎൻ റിപ്പോർട്ടു ചെയ്യുന്നു.
എയ്ഡ്സിന് എതിരെയുള്ള മരുന്നുകളെ സംബന്ധിച്ചെന്ത്?
എഇസഡ്റ്റി എന്ന ഒരു മരുന്നിന്—എളുപ്പത്തിൽ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഇതിനു വില താരതമ്യേന കുറവാണ്—അമ്മയിൽ നിന്നു കുഞ്ഞിന് എച്ച്ഐവി പിടിപെടാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ സാധിക്കും എന്ന് യുഎൻ ശാസ്ത്രജ്ഞർ റിപ്പോർട്ടു ചെയ്യുന്നു. യുഎൻഎയ്ഡ്സിന്റെ സഹായത്തോടെ ഈ ചികിത്സയുടെ ചെലവ് 50 ഡോളറായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. കൂടാതെ, എച്ച്ഐവി ഉള്ള അമ്മമാരെയും അവരുടെ നവജാത ശിശുക്കളെയും ചികിത്സിക്കുന്നതിന് 3 ഡോളർ മാത്രം വിലവരുന്ന നെവൈറാപിൻ എന്ന മരുന്ന് ഉപയോഗിക്കുന്നത്, കുഞ്ഞുങ്ങൾക്ക് വൈറസ് പിടിപെടാതിരിക്കാൻ എഇസഡ്റ്റിയെക്കാൾ കൂടുതൽ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുള്ളതായി 1999 ജൂലൈയിൽ എയ്ഡ്സിനെ കുറിച്ചു ഗവേഷണം നടത്തുന്നവർ പ്രഖ്യാപിക്കുകയുണ്ടായി. ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നത്, ചികിത്സയ്ക്ക് നെവൈറാപിൻ ഉപയോഗിക്കുന്ന പക്ഷം ഓരോ വർഷവും 4,00,000-ത്തോളം നവജാതശിശുക്കൾക്ക് എച്ച്ഐവി പിടിപെടാതെ നോക്കാൻ കഴിയും എന്നാണ്.
കുഞ്ഞിന് അമ്മയിൽ നിന്ന് വൈറസ് പിടിപെടാതിരിക്കാൻ മാത്രമേ ഇത്തരം ചികിത്സകൾ ഉപകരിക്കൂ എന്നും ഒടുവിൽ, അവനെ അനാഥനാക്കിക്കൊണ്ട് അമ്മയ്ക്ക് എയ്ഡ്സിന് കീഴടങ്ങേണ്ടിവരുമെന്നും വാദിച്ചുകൊണ്ട് ഇത്തരം ചികിത്സകളെ വിമർശിക്കുന്നവരുണ്ട്. എന്നാൽ, ചികിത്സ നൽകാത്തപക്ഷം ഒരു തെറ്റും ചെയ്യാത്ത ഈ കുരുന്നുകൾ എച്ച്ഐവി പിടിപെട്ട് ഇഞ്ചിഞ്ചായി മരിക്കുമെന്നും അത് വളരെ സങ്കടകരം തന്നെയാണെന്നും യുഎൻ പറയുന്നു. ഇനി, എച്ച്ഐവി ഉള്ള അമ്മമാർ വർഷങ്ങളോളം ജീവിച്ചിരുന്നേക്കാമെന്നും യുഎൻ വാദിക്കുന്നു. നേരത്തെ പരാമർശിച്ച സിന്ധ്യയുടെ കാര്യംതന്നെ എടുക്കുക. 1985-ൽ, കുഞ്ഞു ജനിച്ച സമയത്താണ് തനിക്ക് എച്ച്ഐവി ഉള്ള കാര്യം അവർ മനസ്സിലാക്കിയത്. എന്നാൽ, രോഗ ലക്ഷണങ്ങൾ തലപൊക്കിയത് എട്ടുവർഷങ്ങൾക്കു ശേഷമാണ്. ജനിച്ചപ്പോൾ എച്ച്ഐവി ഉണ്ടായിരുന്ന ആ കുഞ്ഞാകട്ടെ, രണ്ടു വയസ്സായപ്പോഴേക്കും അതിന്റെ പിടിയിൽ നിന്നു മോചിതയായി കഴിഞ്ഞിരുന്നു.
യഥാർഥ സുരക്ഷിതത്വം കളിയാടുന്ന ഒരു പരിസ്ഥിതിയും എയ്ഡ്സ് പോലുള്ള മഹാമാരികൾക്കു ശാശ്വതമായ ഒരു പരിഹാരവും തൊട്ടുമുന്നിലുണ്ടെന്ന സാന്ത്വനദായകമായ ഉറപ്പു ബൈബിൾ നൽകുന്നു. (വെളിപ്പാടു 21:1-5) “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയി”ല്ലാത്ത ഒരു പുതിയ ലോകത്തെ കുറിച്ചു യഹോവയാം ദൈവം വാഗ്ദാനം ചെയ്യുന്നു. (യെശയ്യാവു 33:24) ഈ ശാശ്വതമായ പരിഹാരത്തെ കുറിച്ചു നിങ്ങളോടു സംസാരിക്കാൻ യഹോവയുടെ സാക്ഷികൾക്കു താത്പര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഈ മാസികയുടെ പ്രസാധകരുമായോ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികളുമായോ ബന്ധപ്പെടുക.
[അടിക്കുറിപ്പുകൾ]
a യഥാർഥ പേരല്ല.
b ഓരോ ദിവസവും ഏകദേശം 500 മുതൽ 700 വരെ കുഞ്ഞുങ്ങൾക്ക് അമ്മയുടെ മുലപ്പാലിലൂടെ എച്ച്ഐവി പിടിപെടുന്നതായി യുനിസെഫ് പറയുന്നു.
c ഐക്യരാഷ്ട്ര ശിശുക്ഷേമ നിധി, ഐക്യരാഷ്ട്ര വികസന പദ്ധതി; ഐക്യരാഷ്ട്ര ജനസംഖ്യാ നിധി, ലോകാരോഗ്യ സംഘടന, ലോക ബാങ്ക്, ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന എന്നിവയാണ് ആ ആറു സംഘടനകൾ. മേൽപ്പറഞ്ഞ സംയുക്ത ഐക്യരാഷ്ട്ര പരിപാടി 1995-ലാണ് സ്ഥാപിക്കപ്പെട്ടത്.
d മൂലയൂട്ടുന്നതിനോടൊപ്പം കുഞ്ഞിനു പൊടിപ്പാലും കൊടുക്കുന്നുണ്ടെങ്കിൽ അത് എച്ച്ഐവി ബാധിക്കാനുള്ള സാധ്യത വർധിപ്പിച്ചേക്കാം എന്നും മുലപ്പാലിൽ വൈറസിനെ നിർവീര്യമാക്കാൻ സഹായകമായ ഘടകങ്ങളുണ്ട് എന്നും അടുത്ത കാലത്തു നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു. ഇതു സത്യമാണെങ്കിൽ, അപകടസാധ്യതകൾ ഉണ്ടെങ്കിലും കുഞ്ഞിനു മുലപ്പാൽ മാത്രം നൽകുന്നതായിരിക്കാം കൂടുതൽ സുരക്ഷിതം. എന്നിരുന്നാലും, ഈ പഠനത്തിന്റെ ഫലങ്ങൾ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
[20-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
WHO/E. Hooper