ദൈവരാജ്യം അന്വേഷിക്കുക, വസ്തുവകകളല്ല
“(ദൈവത്തിന്റെ) രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുവിൻ; അപ്പോൾ ഇവയെല്ലാം നിങ്ങൾക്കു നൽകപ്പെടും.”—ലൂക്കോ. 12:31.
ഗീതം: 40, 98
1. ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം എന്താണ്?
മനുഷ്യന് ആവശ്യങ്ങൾ കുറവാണ്, പക്ഷേ ആഗ്രഹങ്ങൾക്ക് അതിരുകളില്ല എന്നു പറയാറുണ്ട്. ഇന്നു പലർക്കും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയുന്നില്ല. യഥാർഥത്തിൽ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? “ആവശ്യം” എന്നു പറയുന്നത്, നിങ്ങൾക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത കാര്യങ്ങളാണ്. കാരണം, നിങ്ങളുടെ ജീവിതം അവയെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവയാണു മനുഷ്യന്റെ ന്യായമായ ആവശ്യങ്ങൾ. “ആഗ്രഹം” എന്നു പറയുന്നത്, വേണമെന്നു നിങ്ങൾക്കു തോന്നുന്നതും എന്നാൽ നിത്യജീവിതത്തിൽ അത്യാവശ്യമില്ലാത്തതും ആയ കാര്യങ്ങളാണ്.
2. ആളുകളുടെ ചില ആഗ്രഹങ്ങൾ എന്തൊക്കെയാണ്?
2 ജീവിതചുറ്റുപാടുകൾക്കനുസരിച്ച് ആളുകളുടെ ആഗ്രഹങ്ങൾ വ്യത്യാസപ്പെട്ടിരിക്കും. ഒരു മൊബൈൽ ഫോൺ, ഒരു ബൈക്ക്, കുറച്ച് സ്ഥലം ഇതൊക്കെയാണു വികസ്വരരാജ്യങ്ങളിലെ ആളുകളുടെ ആഗ്രഹങ്ങൾ. അതേസമയം, സമ്പന്നരാജ്യങ്ങളിലെ ആളുകൾ വിലകൂടിയ വസ്ത്രങ്ങൾ, വലിയ വീട്, അല്ലെങ്കിൽ ഒരു ആഡംബരവാഹനം ഇതൊക്കെ നേടാനാണു ശ്രമിക്കുന്നത്. പക്ഷേ വേണ്ടതാണോ വേണ്ടാത്തതാണോ എന്നു നോക്കാതെ കൊക്കിൽ ഒതുങ്ങുന്നതും അല്ലാത്തതും ആയ സാധനങ്ങൾ വാങ്ങിക്കൂട്ടാനുള്ള
ആഗ്രഹം വളർന്നുവരുന്നെങ്കിൽ അത് അപകടമാണ്. എന്താണ് ആ അപകടം?ആഗ്രഹങ്ങൾ ഒരു കെണിയായേക്കാം!
3. നമ്മൾ ഏത് അപകടത്തിന് എതിരെ ജാഗ്രത പാലിക്കണം?
3 ഈ ലോകത്തിലെ സമ്പത്തിനും വസ്തുവകകൾക്കും പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തി ആത്മീയസമ്പത്ത് അവഗണിക്കും. അങ്ങനെയൊരു മനോഭാവം അയാളുടെ ആഗ്രഹങ്ങളെയും മുൻഗണനകളെയും ജീവിതലക്ഷ്യങ്ങളെയും സ്വാധീനിക്കുന്നു. ഒരുപാടു വസ്തുവകകൾ വാരിക്കൂട്ടാനുള്ള ആർത്തി അയാളിൽ ഉടലെടുക്കും. ഈ കെണിയിൽ അകപ്പെടുന്ന ഒരു വ്യക്തി ഒരു പണക്കാരനായിരിക്കണമെന്നോ അയാൾക്കു വിലപിടിപ്പുള്ള സാധനങ്ങളുണ്ടായിരിക്കണമെന്നോ ഇല്ല. പാവപ്പെട്ട ആളുകൾപോലും ഈ കെണിയിൽ വീണ് ദൈവരാജ്യം ഒന്നാമതു വെക്കുന്നത് അവഗണിച്ചേക്കാം.—എബ്രാ. 13:5.
4. ‘കണ്മോഹത്തെ’ സാത്താൻ എങ്ങനെയാണ് ഉപയോഗിക്കുന്നത്?
4 ജീവിതം ആസ്വദിക്കണമെങ്കിൽ, നമുക്ക് യഥാർഥത്തിൽ ആവശ്യമില്ലാത്ത ചില കാര്യങ്ങൾ വേണമെന്നു ചിന്തിക്കാൻ സാത്താൻ അവന്റെ വാണിജ്യലോകത്തെ തന്ത്രപൂർവം ഉപയോഗിക്കുന്നു. നമ്മുടെ “കണ്മോഹം” ചൂഷണം ചെയ്യാൻ അവൻ വിദഗ്ധനാണ്. (1 യോഹ. 2:15-17; ഉൽപ. 3:6; സദൃ. 27:20) ഈ ലോകം വളരെ നല്ല വസ്തുക്കളും ഒന്നിനും കൊള്ളാത്ത വസ്തുക്കളും നമ്മുടെ മുന്നിലേക്കു വെച്ചുനീട്ടുന്നു. അവയിൽ ചിലതു വളരെ ആകർഷകവുമാണ്. നിങ്ങൾക്ക് ആവശ്യമില്ലാത്ത ഒരു സാധനം, അതിന്റെ പരസ്യം കണ്ടതുകൊണ്ടോ കടയിൽ വെച്ചിരിക്കുന്നതു കണ്ടതുകൊണ്ടോ മാത്രം നിങ്ങൾ എപ്പോഴെങ്കിലും വാങ്ങിയിട്ടുണ്ടോ? അതില്ലാതെതന്നെ ജീവിക്കാൻ കഴിയുമെന്നു പിന്നീടു നിങ്ങൾക്കു തോന്നിയോ? അത്യാവശ്യമില്ലാത്ത അത്തരം സാധനങ്ങൾ നമ്മുടെ ജീവിതം സങ്കീർണമാക്കുകയും നമ്മളെ ഭാരപ്പെടുത്തുകയും ചെയ്യും. ബൈബിൾ പഠിക്കുക, യോഗങ്ങൾക്കു തയ്യാറായി ഹാജരാകുക, ശുശ്രൂഷയിൽ ക്രമമായി ഏർപ്പെടുക എന്നിവ ഉൾപ്പെടുന്ന ആത്മീയചര്യയിൽനിന്ന് നമ്മുടെ ശ്രദ്ധ പതറിച്ചേക്കാവുന്ന ഒരു കെണിയാണ് അത്. അപ്പോസ്തലനായ യോഹന്നാന്റെ മുന്നറിയിപ്പ് ഓർക്കുക: “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു.”
5. വസ്തുവകകൾ വാരിക്കൂട്ടാൻ പരക്കംപായുന്നവർക്ക് എന്തു സംഭവിച്ചേക്കാം?
5 നമ്മൾ യഹോവയെ സേവിക്കാതെ സമ്പത്തിനെ സേവിക്കാനാണു സാത്താൻ ആഗ്രഹിക്കുന്നത്. (മത്താ. 6:24) വസ്തുവകകൾ വാരിക്കൂട്ടാൻ പരക്കംപായുന്നവർക്കു കിട്ടാവുന്ന ഏറ്റവും നല്ല ജീവിതംപോലും സ്വാർഥതയെ തൃപ്തിപ്പെടുത്തിയുള്ള പൊള്ളയായ ഒന്നായിരിക്കും. മറ്റു പലർക്കും അതു സമ്മാനിക്കുന്നതു ദുഃഖവും നിരാശയും നിറഞ്ഞ, ആത്മീയമായി ശൂന്യമായ ഒരു ജീവിതമായിരിക്കും. (1 തിമൊ. 6:9, 10; വെളി. 3:17) ഇങ്ങനെയുള്ളവർക്കു സംഭവിക്കുന്നത് എന്താണെന്നു യേശു വിതക്കാരന്റെ ദൃഷ്ടാന്തത്തിൽ വ്യക്തമാക്കി. ദൈവരാജ്യത്തെക്കുറിച്ചുള്ള സന്ദേശം ‘മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെടുമ്പോൾ ഇതരമോഹങ്ങൾ (‘മറ്റു വസ്തുക്കൾക്കുവേണ്ടിയുള്ള ആഗ്രഹം,’ പി.ഒ.സി.) കടന്നുകൂടി വചനത്തെ ഞെരുക്കി അതിനെ ഫലശൂന്യമാക്കുന്നു.’—മർക്കോ. 4:14, 18, 19.
6. ബാരൂക്കിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്?
6 യിരെമ്യ പ്രവാചകന്റെ സെക്രട്ടറിയായ ബാരൂക്കിന്റെ കാര്യം ചിന്തിക്കുക. മുൻകൂട്ടിപ്പറഞ്ഞിരുന്ന യരുശലേമിന്റെ നാശം അടുത്തുവന്ന സമയത്ത്, ബാരൂക്ക് ‘വലിയ കാര്യങ്ങൾ,’ അതായത് ഭാവിയിൽ ബാരൂക്കിന് ഒരു പ്രയോജനവും ചെയ്യില്ലാത്ത കാര്യങ്ങൾ, ആഗ്രഹിച്ചു. പക്ഷേ യഹോവ ബാരൂക്കിനോട്, “ഞാൻ നിന്റെ ജീവനെ നിനക്കു . . . തരും” എന്നേ വാഗ്ദാനം ചെയ്തിരുന്നുള്ളൂ. അതു മാത്രമേ ബാരൂക്കിനു പ്രതീക്ഷിക്കാൻ വകയുണ്ടായിരുന്നുള്ളൂ. (യിരെ. 45:1-5) നശിക്കാൻപോകുന്ന ആ നഗരത്തിലെ ആരുടെയും വസ്തുവകകൾ ദൈവം സംരക്ഷിക്കില്ലായിരുന്നു. (യിരെ. 20:5) ഈ വ്യവസ്ഥിതിയുടെ അവസാനം അടുത്തിരിക്കുന്നു. അതുകൊണ്ട്, വസ്തുവകകൾ വാരിക്കൂട്ടാനുള്ള ഒരു സമയമല്ല ഇത്. മഹാകഷ്ടത്തിൽ നമ്മുടെ സ്വത്തുവകകൾ നിലനിൽക്കുമെന്നു പ്രതീക്ഷിക്കരുത്—നമ്മൾ അവയെ എത്ര മൂല്യമുള്ളതായി കാണുന്നെങ്കിലും അവ എത്ര വിലപിടിപ്പുള്ളതാണെങ്കിലും!—സദൃ. 11:4; മത്താ. 24:21, 22; ലൂക്കോ. 12:15.
7. നമ്മൾ എന്താണു പഠിക്കാൻപോകുന്നത്, എന്താണ് അതിന്റെ പ്രയോജനം?
7 വസ്തുവകകളിലേക്കു ശ്രദ്ധ മാറിപ്പോകാതെയും അമിതമായി ഉത്കണ്ഠപ്പെടാതെയും എങ്ങനെ നമ്മുടെ നിത്യജീവിതത്തിലെ ആവശ്യങ്ങൾ നിറവേറ്റാമെന്നു യേശു ഗിരിപ്രഭാഷണത്തിൽ പറഞ്ഞുതന്നു. മത്താ. 6:19-21) അതുകൊണ്ട്, നമുക്ക് ഇപ്പോൾ മത്തായി 6:25-34 വരെയുള്ള ഭാഗം വായിച്ച് വിശകലനം ചെയ്യാം. വസ്തുവകകളല്ല, ‘രാജ്യമാണ് അന്വേഷിക്കേണ്ടത്’ എന്ന് അതു നമ്മളെ ബോധ്യപ്പെടുത്തും.—ലൂക്കോ. 12:31.
(യഹോവ നമ്മുടെ ആവശ്യങ്ങൾ നിറവേറ്റിത്തരും
8, 9. (എ) നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് നമ്മൾ അമിതമായി ഉത്കണ്ഠപ്പെടരുതാത്തത് എന്തുകൊണ്ട്? (ബി) ആളുകളെയും അവരുടെ ആവശ്യങ്ങളെയും കുറിച്ച് യേശുവിന് എന്ത് അറിയാമായിരുന്നു?
8 മത്തായി 6:25 വായിക്കുക. ‘ജീവനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതു മതിയാക്കുവിൻ’ എന്നു ശ്രോതാക്കളോടു പറഞ്ഞപ്പോൾ “ആകുലപ്പെടേണ്ടാ, വേവലാതിപ്പെടേണ്ടാ” എന്നൊക്കെയാണു യേശു ഉദ്ദേശിച്ചത്. ഉത്കണ്ഠപ്പെടേണ്ടാത്ത കാര്യങ്ങളെക്കുറിച്ചായിരുന്നു അവർ ഉത്കണ്ഠപ്പെട്ടുകൊണ്ടിരുന്നത്. അങ്ങനെ ചെയ്യുന്നതു നിറുത്താൻ യേശു ആവശ്യപ്പെട്ടു. കാരണം, ന്യായമായ കാര്യങ്ങളെക്കുറിച്ചാണെങ്കിലും, അനാവശ്യമായ ഉത്കണ്ഠയും വേവലാതിയും കൂടുതൽ പ്രധാനപ്പെട്ട ആത്മീയകാര്യങ്ങളിൽനിന്ന് ഒരു വ്യക്തിയുടെ ശ്രദ്ധ പതറിച്ചേക്കാം. ശിഷ്യന്മാർക്ക് ഒരിക്കലും അങ്ങനെ സംഭവിക്കരുതെന്ന് ആഗ്രഹിച്ചതുകൊണ്ട് യേശു നാലു പ്രാവശ്യംകൂടെ ഗിരിപ്രഭാഷണത്തിൽ ഇതെക്കുറിച്ച് മുന്നറിയിപ്പു കൊടുത്തു.—മത്താ. 6:27, 28, 31, 34.
9 എന്തു കഴിക്കും, എന്തു കുടിക്കും, എന്ത് ഉടുക്കും എന്നിവയെക്കുറിച്ച് ഉത്കണ്ഠപ്പെടരുതെന്നു യേശു പറഞ്ഞത് എന്തുകൊണ്ടാണ്? ഇവയില്ലാതെ നമുക്കു ജീവിക്കാൻ പറ്റില്ലല്ലോ! ഇവ കിട്ടാനുള്ള മാർഗം ഇല്ലാതായാൽ ഉത്കണ്ഠപ്പെടുന്നതു സ്വാഭാവികമല്ലേ? ഉറപ്പായും നമുക്ക് ഉത്കണ്ഠ തോന്നും, യേശുവിനും അത് അറിയാമായിരുന്നു. ആളുകളുടെ നിത്യജീവിതത്തിലെ ആവശ്യങ്ങളെക്കുറിച്ച് യേശുവിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നു. നൂറ്റാണ്ടുകൾക്കു ശേഷം “ദുഷ്കരമായ” സാഹചര്യങ്ങൾ നിറഞ്ഞ “അന്ത്യകാലത്ത്” ജീവിക്കുന്ന ശിഷ്യന്മാർക്കു പല ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും യേശുവിന് അറിയാമായിരുന്നു. (2 തിമൊ. 3:1) ഇന്നു പലരും നേരിടുന്ന തൊഴിലില്ലായ്മ, പണപ്പെരുപ്പം, ഭക്ഷ്യക്ഷാമം, കടുത്ത ദാരിദ്ര്യം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. എന്നാൽ യേശു ഒരു കാര്യം തിരിച്ചറിഞ്ഞു: ‘ആഹാരത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും പ്രധാനമാണ്.’
10. പ്രാർഥിക്കാൻ പഠിപ്പിച്ചപ്പോൾ, നമ്മുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കേണ്ടത് എന്തിനാണെന്നാണു യേശു പറഞ്ഞത്?
10 അതേ പ്രഭാഷണത്തിൽ, അവരുടെ ആവശ്യങ്ങൾക്കുവേണ്ടി സ്വർഗീയപിതാവിനോട് ഇങ്ങനെ പ്രാർഥിക്കാൻ യേശു പഠിപ്പിച്ചിരുന്നു: “ഇന്നത്തേക്കുള്ള അപ്പം ഞങ്ങൾക്ക് ഇന്നു നൽകേണമേ.” (മത്താ. 6:11) പിന്നീടൊരു സാഹചര്യത്തിൽ യേശു അതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾക്ക് ആവശ്യമായ അപ്പം അന്നന്നു ഞങ്ങൾക്കു നൽകേണമേ.” (ലൂക്കോ. 11:3) പക്ഷേ അതിന്റെ അർഥം, നമ്മുടെ ചിന്തകളിൽ നിറഞ്ഞുനിൽക്കേണ്ടതു നമ്മുടെ ശാരീരികമായ ആവശ്യങ്ങളാണ് എന്നല്ല. ആ മാതൃകാപ്രാർഥനയിൽ യേശു പ്രാധാന്യം കൊടുത്തതു ദൈവരാജ്യം വരുന്നതിനുവേണ്ടിയുള്ള അപേക്ഷയ്ക്കാണ്. (മത്താ. 6:10; ലൂക്കോ. 11:2) അടുത്തതായി യേശു, യഹോവ തന്റെ സൃഷ്ടികൾക്കായി കരുതുന്ന അതുല്യമായ വിധങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ട് ആളുകൾക്ക് ആശ്വാസം പകർന്നു.
11, 12. പക്ഷികൾക്കുവേണ്ടി യഹോവ കരുതുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
11 മത്തായി 6:26 വായിക്കുക. നമ്മൾ ‘ആകാശത്തിലെ പക്ഷികളെ നിരീക്ഷിക്കേണ്ടതുണ്ട്.’ ചെറിയ ജീവികളാണെങ്കിലും അവ ഒരുപാടു പഴങ്ങൾ, ധാന്യങ്ങൾ, പ്രാണികൾ, പുഴുക്കൾ എന്നിവയൊക്കെ തിന്നുന്നു. ശരീരഭാരത്തിന്റെ അനുപാതം നോക്കിയാൽ, മനുഷ്യർ കഴിക്കുന്നതിനെക്കാൾ കൂടുതൽ അവ കഴിക്കുന്നുണ്ട്. പക്ഷേ അവ നിലം ഉഴുതുമറിച്ച് വിത്തുകൾ വിതയ്ക്കുന്നില്ല; ആവശ്യമായതെല്ലാം യഹോവ അവയ്ക്കു കൊടുക്കുന്നു. (സങ്കീ. 147:9) അതിന്റെ അർഥം, യഹോവ ആഹാരം കൊണ്ടുവന്ന് പക്ഷികളുടെ കൊക്കിൽ വെച്ചുകൊടുക്കുന്നു എന്നല്ല. ആഹാരം അവ തേടി കണ്ടെത്തേണ്ടതുണ്ട്. പക്ഷേ അതു സമൃദ്ധമായി ഈ ഭൂമിയിലുണ്ട്.
12 പക്ഷികൾക്കു വേണ്ട ആഹാരം കരുതുന്ന തന്റെ സ്വർഗീയപിതാവ് മനുഷ്യരുടെയും അടിസ്ഥാനാവശ്യങ്ങൾക്കുവേണ്ടി കരുതുമെന്നു യേശുവിന് ഉറപ്പായിരുന്നു. [1] (1 പത്രോ. 5:6, 7) ദൈവം ഭക്ഷണം നമ്മുടെ മുന്നിൽ കൊണ്ടുവന്ന് തരില്ലായിരിക്കാം. പക്ഷേ കൃഷി ചെയ്ത് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കാനോ ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പണം കണ്ടെത്താനോ ഉള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. നമുക്കു ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ, ആളുകൾ അവർക്കുള്ളതു നമ്മളുമായി പങ്കുവെക്കാൻ യഹോവ അവരെ പ്രേരിപ്പിച്ചേക്കാം. യഹോവ പക്ഷികൾക്കു പാർപ്പിടം ഒരുക്കുന്നതിനെക്കുറിച്ച് യേശു ശിഷ്യന്മാരോട് ഒന്നും പറഞ്ഞില്ല. എങ്കിലും ഒരു കൂട് ഉണ്ടാക്കാനുള്ള സഹജജ്ഞാനവും കഴിവുകളും വസ്തുക്കളും യഹോവ അവയ്ക്കു കൊടുത്തിട്ടുണ്ട്. അതുപോലെ, നമ്മുടെ കുടുംബത്തിന് അനുയോജ്യമായ ഒരു താമസസൗകര്യം ഒരുക്കാൻ യഹോവ നമ്മളെ സഹായിക്കും.
13. നമ്മൾ പക്ഷികളെക്കാൾ വിലപ്പെട്ടവരാണെന്ന് എന്തു തെളിയിക്കുന്നു?
13 “നിങ്ങൾ (പക്ഷികളെക്കാൾ) വിലപ്പെട്ടവരല്ലയോ” എന്നു യേശു ശ്രോതാക്കളോടു ചോദിച്ചു. അതു ചോദിക്കുമ്പോൾ, സ്വന്തം ജീവൻ മനുഷ്യർക്കുവേണ്ടി പെട്ടെന്നുതന്നെ കൊടുക്കാൻപോകുകയാണെന്ന കാര്യം യേശുവിന്റെ മനസ്സിലുണ്ടായിരുന്നു. (ലൂക്കോസ് 12:6, 7 താരതമ്യം ചെയ്യുക.) മറ്റു ജീവജാലങ്ങൾക്കുവേണ്ടിയല്ല ക്രിസ്തു മറുവില കൊടുത്തത്. അതെ, ആകാശത്തിലെ പക്ഷികൾക്കുവേണ്ടിയല്ല, നമ്മൾ എന്നെന്നും ജീവിച്ചിരിക്കാൻ നമുക്കുവേണ്ടിയാണു യേശു മരിച്ചത്.—മത്താ. 20:28.
14. ഉത്കണ്ഠപ്പെടുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
14 മത്തായി 6:27 വായിക്കുക. അമിതമായി ഉത്കണ്ഠപ്പെടുന്നതുകൊണ്ട് ഒരു വ്യക്തിക്ക് ആയുസ്സിനോട് ഒരു മുഴം കൂട്ടാൻ കഴിയില്ലെന്നു യേശു പറഞ്ഞത് എന്തുകൊണ്ടാണ്? നിത്യജീവിതത്തിലെ നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടുന്നതുകൊണ്ട് നമുക്ക് ആയുസ്സു കൂട്ടിക്കിട്ടില്ല. അത്തരം ഉത്കണ്ഠ സാധ്യതയനുസരിച്ച് നമ്മുടെ ആയുസ്സു കുറയ്ക്കുകയേ ഉള്ളൂ.
15, 16. (എ) ലില്ലികൾക്കുവേണ്ടി യഹോവ കരുതുന്ന വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) നമ്മൾ നമ്മളോടുതന്നെ ഏതു ചോദ്യങ്ങൾ ചോദിക്കണം, എന്തിന്?
15 മത്തായി 6:28-30 വായിക്കുക. നമ്മളിൽ ആർക്കാണു നല്ല വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമില്ലാത്തത്? പ്രത്യേകിച്ച്, നമ്മൾ വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോഴും യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും ഹാജരാകുമ്പോഴും ഒക്കെ? അങ്ങനെയാണെങ്കിലും നമ്മൾ ‘വസ്ത്രത്തെക്കുറിച്ച് ഉത്കണ്ഠപ്പെടണോ?’ യേശു ഒരിക്കൽക്കൂടി യഹോവയുടെ സൃഷ്ടികളിലേക്കു നമ്മുടെ ശ്രദ്ധ തിരിക്കുന്നു. ഇപ്രാവശ്യം, ‘ലില്ലികളിലേക്ക്!’ ആ പൂക്കളിൽനിന്ന് നമുക്കു പലതും പഠിക്കാനുണ്ട്. ലില്ലികളെക്കുറിച്ച് പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിൽ ഐറിസ്, ഗ്ലാഡിയോലസ്, ടൂലിപ്പ്, ഹൈയാസിന്ത് എന്നീ പൂക്കളായിരിക്കാമുണ്ടായിരുന്നത്. ഈ പൂക്കൾക്കെല്ലാം അതിന്റേതായ ഭംഗിയുണ്ട്. ഇവ നൂൽ നൂൽക്കുകയോ വസ്ത്രങ്ങൾ നെയ്യുകയോ ചെയ്യുന്നില്ലെങ്കിൽപ്പോലും ഇവയുടെ മനോഹാരിത വർണനാതീതമാണ്! എന്തിന്, “ശലോമോൻപോലും തന്റെ സകല പ്രതാപത്തിലും ഇവയിലൊന്നിനോളം ചമഞ്ഞിരുന്നില്ല!”
16 യേശു പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: “വയൽച്ചെടികളെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അൽപ്പവിശ്വാസികളേ, നിങ്ങളെ എത്രയധികം!” അതെ, യഹോവ കരുതുകതന്നെ ചെയ്യും! പക്ഷേ യേശുവിന്റെ ശിഷ്യന്മാർക്കു വിശ്വാസം അൽപ്പം കുറവായിരുന്നു. (മത്താ. 8:26; 14:31; 16:8; 17:20) അവർക്ക് യഹോവയിൽ കൂടുതൽ വിശ്വാസവും ആശ്രയവും വേണമായിരുന്നു. നമ്മുടെ കാര്യമോ? നമുക്കുവേണ്ടി കരുതാനുള്ള യഹോവയുടെ ആഗ്രഹത്തിലും പ്രാപ്തിയിലും നമുക്കു ശക്തമായ വിശ്വാസമുണ്ടോ?
17. യഹോവയുമായുള്ള നമ്മുടെ ബന്ധം എങ്ങനെ തകർന്നേക്കാം?
17 മത്തായി 6:31, 32 വായിക്കുക. നമ്മൾ ഒരിക്കലും ‘ജാതികളെപ്പോലെയാകരുത്.’ ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നവർക്കുവേണ്ടി കരുതുന്ന, സ്നേഹമുള്ള ഒരു സ്വർഗീയപിതാവിൽ അവർക്കു യാതൊരു വിശ്വാസവുമില്ല. അവർ “വ്യഗ്രതയോടെ അന്വേഷിക്കുന്ന” കാര്യങ്ങളുടെ പിന്നാലെ നമ്മൾ പോയാൽ യഹോവയുമായുള്ള നമ്മുടെ ബന്ധം തകരും. എന്നാൽ ചെയ്യേണ്ടതു ചെയ്യുന്നെങ്കിൽ, അതായത് ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുക്കുന്നെങ്കിൽ, യഹോവ നമ്മളിൽനിന്ന് ഒരു നന്മയും പിടിച്ചുവെക്കില്ലെന്ന് ഉറപ്പാണ്. “ഉണ്ണാനും ഉടുക്കാനും” ഉണ്ടെങ്കിൽ അതിൽ തൃപ്തിപ്പെടാൻ, അല്ലെങ്കിൽ ആഹാരവും പാർപ്പിടവും ഉണ്ടെങ്കിൽ അതിൽ തൃപ്തിപ്പെടാൻ, നമ്മുടെ “ദൈവഭക്തി” നമ്മളെ പ്രചോദിപ്പിക്കണം.—1 തിമൊ. 6:6-8; അടിക്കുറിപ്പ്.
ദൈവരാജ്യത്തിനു നിങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനമാണോ?
18. നമ്മൾ ഓരോരുത്തരെയുംപറ്റി യഹോവയ്ക്ക് എന്ത് അറിയാം, യഹോവ നമുക്കുവേണ്ടി എന്തു ചെയ്യും?
18 മത്തായി 6:33 വായിക്കുക. ദൈവരാജ്യമായിരിക്കണം ക്രിസ്തുശിഷ്യരുടെ ജീവിതത്തിലെ ഒന്നാമത്തെ കാര്യം. രാജ്യം ഒന്നാമതുവെക്കുന്നെങ്കിൽ “ഈവക കാര്യങ്ങളൊക്കെയും നിങ്ങൾക്കു നൽകപ്പെടും” എന്നു യേശു പറഞ്ഞു. യേശുവിന് അങ്ങനെ പറയാൻ കഴിഞ്ഞത് എന്തുകൊണ്ടാണ്? അതിനു തൊട്ടുമുമ്പുള്ള വാക്യത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “ഇവയെല്ലാം,” അതായത് നമ്മുടെ അടിസ്ഥാനാവശ്യങ്ങൾ, “നിങ്ങളുടെ സ്വർഗീയപിതാവ് അറിയുന്നുവല്ലോ.” നമുക്കു ഭക്ഷണവും വസ്ത്രവും പാർപ്പിടവും ആവശ്യമാണെന്ന കാര്യം യഹോവയ്ക്ക് അറിയാം, നമ്മൾ അവയെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പുതന്നെ. (ഫിലി. 4:19) നമ്മുടെ ഏതു വസ്ത്രമാണ് അടുത്തതായി പഴകുന്നതെന്നും നമുക്ക് എന്ത് ആഹാരം വേണമെന്നും നമുക്കും കുടുംബാംഗങ്ങൾക്കും താമസിക്കാൻ ഒരു ഇടം വേണമെന്നും യഹോവയ്ക്ക് അറിയാം. യഥാർഥത്തിൽ ആവശ്യമുള്ളതു നമുക്കുണ്ടെന്ന് യഹോവ ഉറപ്പുവരുത്തും.
19. ഭാവിയിൽ എന്തു സംഭവിച്ചേക്കാം എന്ന് ഓർത്ത് ഉത്കണ്ഠപ്പെടരുതാത്തത് എന്തുകൊണ്ട്?
19 മത്തായി 6:34 വായിക്കുക. യേശു രണ്ടാം വട്ടവും “ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്നു പറയുന്നു. യഹോവ സഹായിക്കുമെന്ന പൂർണബോധ്യത്തോടെ അതതു ദിവസത്തെ പ്രശ്നങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കാൻ പറയുകയായിരുന്നു യേശു. ഭാവിയിൽ എന്തു സംഭവിച്ചേക്കാം എന്ന് ഓർത്ത് വെറുതെ ഉത്കണ്ഠപ്പെടുന്ന ഒരു വ്യക്തി, ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം തന്നിൽത്തന്നെ ആശ്രയിക്കാൻ ചായ്വ് കാണിച്ചേക്കാം. അത് യഹോവയുമായുള്ള അയാളുടെ ബന്ധം തകർത്തേക്കാം.—സദൃ. 3:5, 6; ഫിലി. 4:6, 7.
ഒന്നാമതു ദൈവരാജ്യം അന്വേഷിക്കുക, ബാക്കി യഹോവ കരുതിക്കൊള്ളും
20. (എ) ദൈവസേവനത്തിൽ ഏതു ലക്ഷ്യം വെക്കാനാണു നിങ്ങൾ ഉദ്ദേശിക്കുന്നത്? (ബി) ജീവിതം ലളിതമാക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
20 ദൈവരാജ്യത്തോടു ബന്ധപ്പെട്ട കാര്യങ്ങൾ ഉപേക്ഷിച്ച് സമ്പത്തിനും വസ്തുവകകൾക്കും പിന്നാലെ പോകുന്നത് അർഥശൂന്യമാണ്. അതുകൊണ്ട് ആത്മീയലക്ഷ്യങ്ങൾ വെക്കുകയും അത് എത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഉദാഹരണത്തിന്, പ്രചാരകരുടെ ആവശ്യം അധികമുള്ള ഒരു സഭയിലേക്കു നിങ്ങൾക്കു മാറാനാകുമോ? നിങ്ങൾക്കു മുൻനിരസേവനം തുടങ്ങാനാകുമോ? ഇപ്പോൾത്തന്നെ മുൻനിരസേവനം ചെയ്യുകയാണെങ്കിൽ, രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ അപേക്ഷിക്കാനാകുമോ? ബെഥേലിലെയോ വിദൂര പരിഭാഷാകേന്ദ്രത്തിലെയോ ആവശ്യമനുസരിച്ച് പോയിവന്ന് സേവിക്കാൻ നിങ്ങൾക്കു കഴിയുമോ? പ്രാദേശിക ഡിസൈൻ/നിർമാണ സേവകരായി രാജ്യഹാൾ പ്രോജക്ടുകളിൽ പങ്കെടുക്കാൻ നിങ്ങൾക്കു പറ്റുമോ? ആത്മീയപ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടുന്നതിനുവേണ്ടി ജീവിതം ലളിതമാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്നു ചിന്തിക്കുക. “ ജീവിതം എങ്ങനെ ലളിതമാക്കാം” എന്ന ചതുരത്തിലെ വിവരങ്ങൾ പ്രാർഥനാപൂർവം അവലോകനം ചെയ്യുക. എന്നിട്ട് നിങ്ങളുടെ ലക്ഷ്യം എത്തിപ്പിടിക്കുന്നതിന് ആവശ്യമായ പടികൾ സ്വീകരിച്ചുതുടങ്ങുക.
21. യഹോവയോടു കൂടുതൽ അടുക്കാൻ എങ്ങനെ കഴിയും?
21 വസ്തുവകകൾക്കു പകരം ദൈവരാജ്യം അന്വേഷിക്കാൻ യേശു പഠിപ്പിച്ചതു നമ്മുടെ പ്രയോജനത്തിനാണ്. അത് അനുസരിക്കുന്നെങ്കിൽ നിത്യജീവിതത്തിലെ ആവശ്യങ്ങളെക്കുറിച്ച് നമ്മൾ ഉത്കണ്ഠപ്പെടേണ്ടതില്ല. നമ്മുടെ ആഗ്രഹങ്ങൾക്കു പിന്നാലെ പോകാനോ ലോകം വെച്ചുനീട്ടുന്ന എല്ലാ വസ്തുവകകളും വാങ്ങിക്കൂട്ടാനോ ഒരുപക്ഷേ നമുക്കു സാധിക്കുമായിരിക്കും. എന്നാൽ അതിനു ശ്രമിക്കുന്നതിനു പകരം യഹോവയിൽ ആശ്രയിക്കുന്നെങ്കിൽ നമ്മൾ യഹോവയോടു കൂടുതൽ അടുക്കും. ഇപ്പോൾ ജീവിതം ലളിതമാക്കുന്നെങ്കിൽ, വരാനിരിക്കുന്ന “യഥാർഥ ജീവനിൽ പിടിയുറപ്പിക്കാൻ” നമുക്കു കഴിയും.—1 തിമൊ. 6:19.
^ [1] (ഖണ്ഡിക 12) ചിലപ്പോൾ ഒരു ക്രിസ്ത്യാനി പട്ടിണി അനുഭവിക്കാൻ യഹോവ അനുവദിക്കുന്നത് എന്തുകൊണ്ടാണ് എന്നു മനസ്സിലാക്കാൻ 2014 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 22-ാം പേജിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.