ദൈവത്തിന്റെ പ്രീതിക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടിരിക്കുക
ദൈവം മനുഷ്യർക്ക് അമൂല്യമായ ഒരു സമ്മാനം കൊടുത്തിട്ടുണ്ട്. പ്രാർഥനയിലൂടെ ദൈവത്തോട് ആശയവിനിമയം നടത്താനും ഉള്ളിലുള്ള വികാരങ്ങൾ പകരാനും ഉള്ള കഴിവാണ് അത്. “പ്രാർഥന കേൾക്കുന്നവനേ, എല്ലാ തരം ആളുകളും അങ്ങയുടെ അടുത്ത് വരും” എന്നു പ്രവാചകനായ ദാവീദ് പ്രാർഥിച്ചു. (സങ്കീർത്തനം 65:2) അങ്ങനെയെങ്കിൽ, ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പ്രാർഥിക്കാനും ദൈവത്തിന്റെ അനുഗ്രഹം നേടാനും നമുക്ക് എങ്ങനെ കഴിയും?
താഴ്മയോടെ, ഹൃദയത്തിൽനിന്ന് പ്രാർഥിക്കുക
നിങ്ങൾ ദൈവത്തോടു പ്രാർഥിക്കുമ്പോൾ ‘ദൈവത്തിനു മുന്നിൽ നിങ്ങളുടെ ഹൃദയം പകരുകയാണ്.’ എന്നുപറഞ്ഞാൽ, നിങ്ങളുടെ വികാരങ്ങൾ ദൈവത്തെ അറിയിക്കുന്നു. (സങ്കീർത്തനം 62:8) ഹൃദയപൂർവം പ്രാർഥിക്കുന്നതു സർവശക്തനു വലിയ ഇഷ്ടമാണ്.
ദൈവത്തിന്റെ പേര് ഉപയോഗിക്കുക
ദൈവത്തിനു പല സ്ഥാനപ്പേരുകൾ ഉണ്ടെങ്കിലും വ്യക്തിപരമായ പേര് ഒന്നേ ഉള്ളൂ. “യഹോവ! അതാണ് എന്റെ പേര്” എന്നു വിശുദ്ധതിരുവെഴുത്തുകളിൽ പറയുന്നു. (യശയ്യ 42:8) ആ പേര് തിരുവെഴുത്തുകളിൽ ഏതാണ്ട് 7,000 പ്രാവശ്യം കാണാം. പല പ്രവാചകന്മാരും അവരുടെ പ്രാർഥനകളിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര് ആദരപൂർവം ഉപയോഗിച്ചിട്ടുണ്ട്. അബ്രാഹാം പറഞ്ഞു: “യഹോവേ, . . . (അങ്ങയോട്) ഇനിയും സംസാരിക്കാൻ എന്നെ അനുവദിക്കേണമേ.” (ഉൽപത്തി 18:30) പ്രാർഥിക്കുമ്പോൾ നമ്മളും യഹോവ എന്ന പേര് ഉപയോഗിക്കണം.
ഏതു ഭാഷയിലും പ്രാർഥിക്കാം
ഏതു ഭാഷയിൽ സംസാരിച്ചാലും നമ്മുടെ വികാരങ്ങളും ചിന്തകളും ദൈവത്തിനു മനസ്സിലാക്കാൻ പറ്റും. ദൈവവചനം നമുക്ക് ഇങ്ങനെ ഉറപ്പുതരുന്നു: ‘ദൈവം പക്ഷപാതമുള്ളവനല്ല. ഏതു ജനതയിൽപ്പെട്ട ആളാണെങ്കിലും, ദൈവത്തെ ഭയപ്പെട്ട് ശരിയായതു പ്രവർത്തിക്കുന്ന മനുഷ്യനെ ദൈവം അംഗീകരിക്കുന്നു.’—പ്രവൃത്തികൾ 10:34, 35.
എന്നാൽ ദൈവത്തിന്റെ അനുഗ്രഹം നേടാൻ പ്രാർഥിച്ചാൽ മാത്രം പോരാ. നമ്മൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതെക്കുറിച്ച് ഇനിയുള്ള ലേഖനങ്ങളിൽ കാണാം.