ബൈബിളും നിങ്ങളുടെ ഭാവിയും
നിങ്ങൾ ഒരു വഴിയിലൂടെ നടക്കുകയാണെന്നു ചിന്തിക്കുക. സൂര്യൻ അസ്തമിച്ചിരിക്കുന്നു. സന്ധ്യ മയങ്ങിയിട്ട് നേരം ഏറെയായി. വഴിയിലെങ്ങും ഇരുട്ടാണ്. എന്നാൽ നിങ്ങൾക്ക് പേടി തോന്നുന്നില്ല. കാരണം, നിങ്ങളുടെ കൈയിൽ നല്ല വെളിച്ചമുള്ള ഒരു ടോർച്ചുണ്ട്. അതിന്റെ ശക്തമായ വെളിച്ചത്തിൽ തൊട്ടുമുമ്പിലുള്ളത് നിങ്ങൾക്കു വ്യക്തമായി കാണാം. കുറെ ദൂരേക്കുള്ള വഴി കാണാനും അതു നിങ്ങളെ സഹായിക്കുന്നു.
ഒരർഥത്തിൽ ബൈബിളും ഒരു ടോർച്ചുപോലെയാണ്. മുൻലേഖനങ്ങളിൽ നമ്മൾ കണ്ടതുപോലെ നമ്മുടെ തൊട്ടുമുമ്പിലുള്ള പ്രശ്നങ്ങൾ അഥവാ ഈ അനിശ്ചിതലോകത്തിൽ നമുക്കു ദിവസവുമുണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ ദൈവവചനം നമ്മളെ സഹായിക്കുന്നു. എന്നാൽ ഇതിലും ഏറെ കാര്യങ്ങൾ ബൈബിളിനു പറയാനുണ്ട്. ഭാവിയെക്കുറിച്ച് തെളിമയുള്ളൊരു വീക്ഷണം ബൈബിൾ നൽകുന്നു. നിലനിൽക്കുന്ന സന്തോഷവും സംതൃപ്തിയും തരുന്ന പാത കണ്ടെത്താനും അതിലൂടെ ചരിക്കാനും ബൈബിൾ സഹായിക്കുന്നു. (സങ്കീർത്തനം 119:105) അത് എങ്ങനെയാണ്?
ഭാവിയിലേക്കു പ്രതീക്ഷയോടെ നോക്കാൻ ബൈബിൾ നമ്മളെ പ്രായോഗികമായി സഹായിക്കുന്ന രണ്ടു വിധങ്ങൾ നമുക്ക് ഇപ്പോൾ നോക്കാം: 1. ജീവിതത്തിന്റെ ലക്ഷ്യം കണ്ടെത്താൻ ബൈബിൾ നമ്മളെ സഹായിക്കുന്നു, 2. സ്രഷ്ടാവുമായി നിലനിൽക്കുന്ന ഒരു സുഹൃദ്ബന്ധം എങ്ങനെ വളർത്തിയെടുക്കാമെന്ന് അത് പഠിപ്പിക്കുന്നു.
1 ജീവിതത്തിന്റെ ലക്ഷ്യം
നമ്മുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ആശ്രയയോഗ്യമായ ഉപദേശങ്ങൾ ബൈബിളിനു തരാനുണ്ട്. എന്നാൽ പ്രശ്നങ്ങൾ സ്വയം പരിഹരിക്കാൻ സഹായിക്കുന്ന പുസ്തകങ്ങളെക്കാൾ മെച്ചമായ ഒന്നാണ് ബൈബിൾ. നമ്മുടെ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നു മാത്രമല്ല അതു പറയുന്നത്. കാര്യങ്ങൾ കുറച്ചുകൂടെ വിശാലമായി കാണാൻ അതു സഹായിക്കുന്നു. ഒരു വലിയ ചിത്രത്തിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ് നമ്മളും നമ്മുടെ പ്രശ്നങ്ങളും എന്ന കാര്യം മനസ്സിലാക്കാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. ഇതു മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ ജീവിതത്തിന് ശരിക്കുമുള്ള അർഥം കൈവരൂ.
ഉദാഹരണത്തിന്, ഈ ബൈബിൾതത്ത്വത്തെക്കുറിച്ച് ഒന്നു ചിന്തിക്കുക: “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്.” (പ്രവൃത്തികൾ 20:35) സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച ഒരാളെ സഹായിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരു സുഹൃത്ത് തന്റെ ഉള്ളിലുള്ള വിഷമങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ശ്രദ്ധയോടെ കേട്ടിരുന്നിട്ടില്ലേ? ഇനി, നിങ്ങൾ ചെയ്ത ഒരു സഹായം മറ്റൊരാൾക്ക് അന്നേ ദിവസം വളരെ പ്രയോജനപ്പെട്ടു എന്നു കരുതുക. അപ്പോൾ നിങ്ങൾക്കു സംതൃപ്തി തോന്നിയില്ലേ?
സുഭാഷിതങ്ങൾ 19:17) മറ്റുള്ളവർക്കുവേണ്ടി നമ്മൾ പ്രവർത്തിക്കുന്നത് വളരെ മൂല്യവത്തായി ദൈവം കാണുന്നു. അതിനു പ്രതിഫലമായി ദൈവം വലിയ ഒരു സമ്മാനം നമുക്കു തരുന്നു. പറുദീസാഭൂമിയിലെ നിത്യജീവൻ! ഭാവിയെക്കുറിച്ചുള്ള എത്ര ശോഭനമായ പ്രത്യാശ!—സങ്കീർത്തനം 37:29; ലൂക്കോസ് 14:12-14. a
തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് എന്തെങ്കിലും കൊടുക്കുമ്പോഴാണ് നമുക്കു വലിയ സന്തോഷം തോന്നുക. “ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ കൊടുത്താൽ കൊടുക്കുന്നതിനെക്കാൾ കൂടുതൽ നമുക്ക് കിട്ടാനാണു സാധ്യത” എന്നാണ് ഒരു എഴുത്തുകാരൻ പറഞ്ഞത്. അത് സത്യമാണ്, ഒന്നും പ്രതീക്ഷിക്കാതെ നമ്മൾ കൊടുത്താൽ നമുക്ക് സ്രഷ്ടാവിൽനിന്ന് ഉറപ്പായും പ്രതിഫലം ലഭിക്കും. അപ്പോഴാണ് നമുക്ക് ആ വലിയ ചിത്രത്തിന്റെ ചെറിയ ഭാഗമാകാൻ കഴിയുന്നത്. വാസ്തവത്തിൽ നമ്മൾ സ്രഷ്ടാവിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്. അത്തരം ദയാപ്രവൃത്തികളെ ദൈവത്തിനു കൊടുക്കുന്ന ഒരു കടമായിട്ടാണ് ദൈവം കാണുന്നത്. (എല്ലാറ്റിനും ഉപരിയായി, സത്യദൈവമായ യഹോവയെ ആരാധിച്ചുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ യഥാർഥ ഉദ്ദേശ്യം കണ്ടെത്താൻ കഴിയുമെന്നു ബൈബിൾ നമ്മളെ പഠിപ്പിക്കുന്നു. ദൈവത്തിന് അർഹമായ സ്തുതിയും ആദരവും അനുസരണവും കൊടുക്കാൻ ദൈവവചനം നമ്മളോടു പറയുന്നു. (സഭാപ്രസംഗകൻ 12:13; വെളിപാട് 4:11) അങ്ങനെ ചെയ്യുമ്പോൾ ജീവിതത്തിൽ വളരെ വലിയ ഒരു കാര്യം നമ്മൾ ചെയ്യുകയാണ്—സ്രഷ്ടാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു! ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: “നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുക.” (സുഭാഷിതങ്ങൾ 27:11) നമുക്കുവേണ്ടി കരുതുന്നവനാണ് നമ്മുടെ സ്വർഗീയപിതാവ്. തന്റെ നിർദേശങ്ങൾ അനുസരിക്കാനും അങ്ങനെ നമ്മൾ നന്മ അനുഭവിക്കാനും ദൈവം ആഗ്രഹിക്കുന്നു. (യശയ്യ 48:17, 18) അതുകൊണ്ട് ബൈബിളിൽ പറഞ്ഞിരിക്കുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ നമ്മൾ ജ്ഞാനപൂർവം തീരുമാനങ്ങളെടുക്കുകയും നടപ്പിലാക്കുകയും ചെയ്യുമ്പോൾ സ്നേഹവാനായ നമ്മുടെ സ്വർഗീയപിതാവിന്റെ ഹൃദയം സന്തോഷിക്കും. ഈ പ്രപഞ്ചത്തിന്റെ പരമാധികാരിയെ ആരാധിച്ചുകൊണ്ട് ആ ഹൃദയത്തിനു സന്തോഷം വരുത്തുന്ന വിധത്തിൽ ജീവിക്കുന്നതിനെക്കാൾ മികച്ചതായി മറ്റ് എന്ത് ലക്ഷ്യമാണ് നമുക്കു വെക്കാനാകുക?
2 സ്രഷ്ടാവുമായി ഒരു സുഹൃദ്ബന്ധം
നമ്മുടെ സ്രഷ്ടാവുമായി ഒരു സുഹൃദ്ബന്ധത്തിന് എങ്ങനെ തുടക്കമിടാം എന്നും ബൈബിൾ പഠിപ്പിക്കുന്നു: “ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.” (യാക്കോബ് 4:8) സർവശക്തനായ സ്രഷ്ടാവിന്റെ സുഹൃത്തുക്കളാകാൻ കഴിയുമോ എന്നു ചിലപ്പോൾ നമുക്ക് സംശയം തോന്നിയേക്കാം. എന്നാൽ ബൈബിൾ ഉറപ്പു നൽകുന്നു: “തന്നെ മനുഷ്യർ അന്വേഷിക്കാനും തപ്പിത്തിരഞ്ഞ് കണ്ടെത്താനും ദൈവം ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല.” (പ്രവൃത്തികൾ 17:27) ദൈവത്തിന്റെ ഒരു സുഹൃത്തായിത്തീരുക എന്ന ബൈബിളിന്റെ ഉപദേശം ഭാവി ഭദ്രമാക്കാനുള്ള ഒരു പ്രായോഗികനിർദേശമാണ്. അത് എങ്ങനെയാണ്?
മരണം എന്ന കൊടിയ ശത്രുവിന്റെ കൈയിൽനിന്ന് നമുക്ക് ആർക്കും സ്വയം രക്ഷപ്പെടാൻ കഴിയില്ലെന്ന് ഓർക്കുക. (1 കൊരിന്ത്യർ 15:26) എന്നാൽ, ദൈവം നിത്യമായി ജീവിക്കുന്നു. ദൈവത്തിനു മരണമില്ല. അതുകൊണ്ട്, തന്റെ സുഹൃത്തുക്കളും നിത്യമായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു. തന്നെ അന്വേഷിക്കുന്ന മനുഷ്യർ “എന്നുമെന്നേക്കും ജീവിതം ആസ്വദിക്കട്ടെ” എന്നു വളരെ ലളിതമായി, മനോഹരമായ വാക്കുകളിൽ ദൈവം ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു.—സങ്കീർത്തനം 22:26.
ദൈവവുമായി നിത്യതയിലെന്നും നിലനിൽക്കുന്ന ഒരു സുഹൃദ്ബന്ധം വളർത്തിയെടുക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? ദൈവത്തിന്റെ വചനമായ ബൈബിൾ തുടർച്ചയായി പഠിക്കുന്നതിലൂടെ. (യോഹന്നാൻ 17:3; 2 തിമൊഥെയൊസ് 3:16) തിരുവെഴുത്തുകൾ മനസ്സിലാക്കാൻ ദൈവത്തിന്റെ സഹായം തേടുക. ജ്ഞാനത്തിനുവേണ്ടി ‘ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കുന്നെങ്കിൽ’ ദൈവം നമുക്ക് അത് തരും എന്നു ബൈബിൾ ഉറപ്പു തരുന്നു. b (യാക്കോബ് 1:5) അവസാനമായി, പഠിക്കുന്ന കാര്യങ്ങൾ അനുസരിക്കാൻ പരിശ്രമിക്കുക. ദൈവവചനത്തെ ഇപ്പോഴും നിത്യതയിൽ ഉടനീളവും “(നിങ്ങളുടെ) കാലിന് ഒരു ദീപവും” “(നിങ്ങളുടെ) വഴികൾക്ക് ഒരു വെളിച്ചവും” ആക്കുക.—സങ്കീർത്തനം 119:105.
a പറുദീസാഭൂമിയിലെ നിത്യജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? എന്ന പുസ്തകത്തിന്റെ മൂന്നാം അധ്യായം കാണുക.
b തിരുവെഴുത്തുകളെക്കുറിച്ച് നന്നായി മനസ്സിലാക്കാൻ യഹോവയുടെ സാക്ഷികൾ സൗജന്യമായി ബൈബിൾ പഠിപ്പിക്കുന്നു. ഈ പഠനപരിപാടി എന്താണെന്ന് അറിയാൻ ബൈബിളധ്യയനം—അത് എന്താണ്? എന്ന വീഡിയോ കാണുക. ഈ വീഡിയോ www.isa4310.com എന്ന വെബ്സൈറ്റിൽ കാണാം. പ്രസിദ്ധീകരണങ്ങൾ> വീഡിയോകൾ എന്ന ഭാഗത്തു നോക്കുക.
ദൈവം നിത്യമായി ജീവിക്കുന്നു, തന്റെ സുഹൃത്തുക്കളും നിത്യമായി ജീവിക്കാൻ ദൈവം ആഗ്രഹിക്കുന്നു