ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
എനിക്ക് ദൈവം ഇല്ലായിരുന്നു!
-
ജനനം: 1974
-
രാജ്യം: ജർമൻ ഡിമൊക്രാറ്റിക് റിപ്പബ്ലിക്
-
ചരിത്രം: നിരീശ്വരവാദി
മുൻകാലജീവിതം
ജർമൻ ഡിമൊക്രാറ്റിക് റിപ്പബ്ലിക് (GDR) എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇന്നത്തെ സാക്സണിയിലെ ഒരു ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. സ്നേഹവും സന്തോഷവും കളിയാടിയിരുന്ന ഒരു കുടുംബാന്തരീക്ഷമായിരുന്നു എന്റേത്. എന്റെ മാതാപിതാക്കൾ സദാചാരമൂല്യങ്ങൾ പ്രിയപ്പെടാൻ എന്നെ പഠിപ്പിച്ചിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് ദേശമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ടുതന്നെ സാക്സണിയിലുള്ള ഭൂരിഭാഗം ആളുകൾക്കും മതം എന്നു പറഞ്ഞാൽ വലിയ പ്രാധാന്യമില്ലാത്ത ഒന്നായിരുന്നു. എന്നെക്കുറിച്ചു പറയുകയാണെങ്കിൽ ദൈവം എന്ന ഒന്ന് എനിക്കില്ലായിരുന്നു. എന്റെ ജീവിതത്തിന്റെ 18 വർഷക്കാലം എന്നെ രൂപപ്പെടുത്തിയത് രണ്ടു തത്ത്വസംഹിതകളായിരുന്നു—നിരീശ്വരവാദവും കമ്മ്യൂണിസവും.
എല്ലാ മനുഷ്യരെയും തുല്യരായി വീക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതി എന്നെ വല്ലാതെ ആകർഷിച്ചു. കൂടാതെ സ്വത്തുക്കളെല്ലാം തുല്യമായി എല്ലാവർക്കും വീതിച്ചുകൊടുക്കുന്നത് ന്യായമാണെന്നു ഞാൻ വിശ്വസിച്ചു. അപ്പോൾ ഒരു കൂട്ടം ആളുകൾമാത്രം ധനികരാകുന്നതും മറുവശത്തു വേറെ ഒരു കൂട്ടം ദരിദ്രരായിത്തീരുന്നതും അവസാനിപ്പിക്കാമല്ലോ. അതുകൊണ്ടു കമ്മ്യൂണിസ്റ്റ് യുവപ്രസ്ഥാനത്തിൽ ഞാൻ പ്രവർത്തിക്കാൻതുടങ്ങി. എനിക്ക് 14 വയസ്സുള്ളപ്പോൾ വേസ്റ്റ് പേപ്പറുകൾ പുതുക്കി ഉപയോഗിക്കുന്ന ഒരു പാരിസ്ഥിതിക പ്രോജക്റ്റിൽ ഞാൻ ഒരുപാട് സമയം പ്രവർത്തിച്ചു. എന്റെ ഈ പ്രവർത്തനശ്രമങ്ങൾ കണ്ടിട്ടു ഞാൻ താമസിച്ചിരുന്ന ഔവ ടൗണിലെ അധികാരികൾ എനിക്ക് ഒരു അവാർഡ് നൽകി. വളരെ ചെറുപ്പത്തിൽത്തന്നെ GDR-ലുള്ള വലിയ ഉയർന്ന രാഷ്ട്രീയനേതാക്കളെ എനിക്ക് പരിചയമുണ്ടായിരുന്നു. ഞാൻ പോകുന്നത് ശരിയായ വഴിയിലൂടെയാണെന്നും എന്റെ ഭാവി ശോഭനമാണെന്നും എനിക്കു തോന്നി.
പെട്ടെന്നാണ് എന്റെ ലോകം കീഴ്മേൽ മറിഞ്ഞത്. 1989-ൽ ബർലിൻ മതിൽ വീണു. അതോടൊപ്പം കിഴക്കൻ യൂറോപ്പിലുള്ള കമ്മ്യൂണിസ്റ്റ് വിഭാഗവും. ഒരു ഞെട്ടൽ മാറുംമുമ്പേ മറ്റൊന്ന്. GDR-ൽ ഉടനീളം അനീതി നടമാടുന്നത് പെട്ടെന്നുതന്നെ എന്റെ ശ്രദ്ധയിൽപ്പെട്ടു. ഉദാഹരണത്തിന്, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിന്തുണയ്ക്കാത്തവരെ രണ്ടാംകിട പൗരന്മാരായിട്ടാണ് വീക്ഷിച്ചിരുന്നത്. അതിനോട് എനിക്കൊട്ടും യോജിപ്പില്ലായിരുന്നു. കാരണം ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ സഹമനുഷ്യരെ തുല്യരായിട്ടാണല്ലോ വീക്ഷിച്ചിരുന്നത്. കടലാസിൽമാത്രം ഒതുങ്ങിനിൽക്കുന്ന വെറും ഒരു പ്രത്യയശാസ്ത്രമായോ കമ്മ്യൂണിസം? അത് എന്റെ ജീവിതത്തെ പിടിച്ചുലയ്ക്കുന്ന ഒരു ചോദ്യചിഹ്നമായി മാറി.
ഉത്കണ്ഠ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ മെല്ലെ സംഗീതത്തിലേക്കും കലയിലേക്കും ചുവടുറപ്പിക്കാൻ ഞാൻ തീരുമാനിച്ചു. സംഗീത അക്കാദമിയിൽ പഠിക്കാനായ എനിക്ക് തുടർന്ന് ഒരു സർവകലാശാലയിൽ പോകുന്നതിനുള്ള അവസരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംഗീതവും പെയിന്റിംഗും എന്റെ ജീവിതചര്യയാക്കുന്നത് ഞാൻ സ്വപ്നം കണ്ടു. ഇതിനിടെ ഞാൻ കുഞ്ഞുനാളിൽ പഠിച്ചെടുത്ത ധാർമിക മൂല്യങ്ങളൊക്കെ കാറ്റിൽപ്പറത്തി. അന്ന് എനിക്കു ജീവിതം ആസ്വദിക്കുക എന്ന ഒരേയൊരു ചിന്തയേ ഉണ്ടായിരുന്നുള്ളൂ. ഒരേ സമയം ഒരുപാട് പെൺകുട്ടികളെ ഞാൻ പ്രേമിച്ചുനടന്നിരുന്നു. എന്നാൽ സംഗീതവും കലയും ആരും നിയന്ത്രിക്കാനില്ലാത്ത എന്റെ ജീവിതരീതിയും ഒന്നും എനിക്കുണ്ടായിരുന്ന ആശങ്ക ഒട്ടും കുറച്ചില്ല. ഞാൻ വരച്ച ചിത്രങ്ങളിൽപ്പോലും ഒരു തരം മരണഭീതി നിഴലിച്ചിരുന്നു. എന്റെ ഭാവി എന്താണ്? എന്റെ ജീവിതത്തിന്റെ ഉദ്ദേശ്യമെന്താണ്?
a എന്ന പെൺകുട്ടി ഒരു യഹോവയുടെ സാക്ഷിയായിരുന്നു. അന്നു വൈകുന്നേരം ആ പെൺകുട്ടി എനിക്കു നല്ലൊരു ഉപദേശം തന്നു. “ആൻഡ്രിയാസ്, ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും നിനക്കുള്ള ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമെങ്കിൽ ബൈബിൾ ശരിക്കും ഒന്നു പരിശോധിച്ചാൽ മതി,” എന്ന് അവൾ പറഞ്ഞു.
ഒടുവിൽ ആ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞാൻ കണ്ടെത്തി. അതെന്നെ അതിശയിപ്പിച്ചു. ഒരു ദിവസം വൈകിട്ട്, അക്കാദമിയിൽ ഇരിക്കുമ്പോൾ ഭാവിയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം വിദ്യാർഥികളോടൊപ്പം ഞാനും കൂടി. ആ കൂട്ടത്തിലുണ്ടായിരുന്ന മാൻഡികേട്ട കാര്യങ്ങളെക്കുറിച്ച് സംശയം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയും തോന്നി. ദാനിയേൽ 2-ാം അധ്യായം മാൻഡി എനിക്കു കാണിച്ചു തന്നു. അവിടെ വായിച്ച കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തി. അന്നുമുതൽ ഇന്നുവരെയുള്ള ലോകസംഭവങ്ങളെ സ്വാധീനിക്കുന്ന പലപല ലോകശക്തികളെക്കുറിച്ചുള്ളതാണ് ഈ പ്രവചനം. നമ്മുടെ ഭാവിയെ ബാധിക്കുന്ന മറ്റ് അനേകം ബൈബിൾപ്രവചനങ്ങളും മാൻഡി കാണിച്ചുതന്നു. അങ്ങനെ എന്റെ ചോദ്യങ്ങൾക്കൊക്കെ ഉത്തരം കിട്ടി. എന്നാൽ ആ പ്രവചനങ്ങളൊക്കെ ആരാണ് എഴുതിയത്? ആർക്കാണ് ഇത്ര കൃത്യതയോടെ ഭാവിയെക്കുറിച്ച് പ്രവചിക്കാൻ കഴിയുക? ദൈവം ഉണ്ടെന്നാണോ ഇതിനൊക്കെ അർഥം?
ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഹോർസ്റ്റിനെയും ആൻഗലിക്കയെയും മാൻഡി എന്നെ പരിചയപ്പെടുത്തി. ആ ദമ്പതിമാരും യഹോവയുടെ സാക്ഷികളായിരുന്നു. ദൈവവചനം നന്നായി മനസ്സിലാക്കാൻ അവരെന്നെ സഹായിച്ചു. ദൈവത്തിന്റെ പേരായ യഹോവ എന്നത് എല്ലായ്പ്പോഴും ഉപയോഗിക്കുന്നത് യഹോവയുടെ സാക്ഷികളുടെ മതസംഘടന മാത്രമാണ്. മറ്റുള്ളവരോടു ആ പേരിനെക്കുറിച്ച് സംസാരിക്കുന്നതും അവർ മാത്രമാണെന്ന് ഞാൻ പെട്ടെന്നു തിരിച്ചറിഞ്ഞു. (സങ്കീർത്തനം 83:18; മത്തായി 6:9) മാനവകുടുംബത്തിനു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയുമെന്നു ദൈവമായ യഹോവ ഉറപ്പ് നൽകിയിട്ടുണ്ടെന്ന കാര്യവും ഞാൻ മനസ്സിലാക്കി. സങ്കീർത്തനം 37:9 ഇങ്ങനെ പറയുന്നു: “എന്നാൽ, യഹോവയിൽ പ്രത്യാശ വെക്കുന്നവർ ഭൂമി കൈവശമാക്കും.” ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവം വെച്ചിരിക്കുന്ന നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുന്ന എല്ലാവർക്കും ഈ മഹത്തായ അനുഗ്രഹം ലഭ്യമാണെന്ന കാര്യം എന്നെ വല്ലാതെ ആകർഷിച്ചു.
ഇങ്ങനെയൊക്കെയാണെങ്കിലും ബൈബിളിനു ചേർച്ചയിൽ ജീവിക്കാൻ എനിക്ക് ഒരുപാട് ശ്രമം ചെയ്യേണ്ടിവന്നു. സംഗീതത്തിലും കലയിലും വിജയിക്കാനായതിൽ ഞാൻ ഒരുപാട് അഭിമാനിച്ചിരുന്നു. അതുകൊണ്ടുതന്നെ താഴ്മ എന്ന ഗുണം നട്ടുവളർത്താൻ ഞാൻ പഠിക്കേണ്ടിയിരുന്നു. കൂടാതെ, ഞാൻ നയിച്ചിരുന്ന കുത്തഴിഞ്ഞ ജീവിതരീതി ഉപേക്ഷിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒട്ടും എളുപ്പമായിരുന്നില്ല. ബൈബിൾ പഠിപ്പിക്കുന്നതിനു ചേർച്ചയിൽ ജീവിക്കാൻ കഠിനശ്രമം ചെയ്യുന്നവരോടു യഹോവ കാണിക്കുന്ന ക്ഷമയും ദയയും കരുതലും വളരെ വലുതാണ്. അതിനെല്ലാം ഞാൻ യഹോവയോടു കടപ്പെട്ടിരിക്കുന്നു.
കമ്മ്യൂണിസവും നിരീശ്വരവാദവും എന്റെ ജീവിതത്തിന്റെ ആദ്യത്തെ 18 വർഷത്തെ രൂപപ്പെടുത്തി. എന്നാൽ ശേഷിച്ച എന്റെ ജീവിതത്തെ മുഴുവൻ വലിയ അളവിൽ പരിവർത്തനം വരുത്തിയത് ബൈബിൾപഠനമാണ്. ഭാവിയെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും ഉള്ള ഉദ്ദേശ്യം എന്താണെന്നുള്ള ആശങ്ക ഇല്ലാതായത് ഞാൻ ബൈബിളിൽനിന്നു പഠിച്ച വിവരങ്ങൾകൊണ്ടാണ്. 1993-ൽ ഞാൻ ഒരു യഹോവയുടെ സാക്ഷിയായി സ്നാനം സ്വീകരിച്ചു. 2000-ൽ തീക്ഷ്ണതയോടെ യഹോവയെ സേവിച്ചിരുന്ന തബീഥയെ ഞാൻ വിവാഹം കഴിച്ചു. മറ്റുള്ളവരെ ബൈബിളിനെക്കുറിച്ചു മനസ്സിലാക്കാൻ സഹായിച്ചുകൊണ്ടു ഞങ്ങൾ ഒരുപാട് സമയം ചെലവഴിച്ചു. എന്നെപ്പോലെ നിരീശ്വരവാദത്തിലും കമ്മ്യൂണിസത്തിലും വിശ്വസിക്കുന്ന ഒരുപാടു പേരെ ഞങ്ങൾ കാണാറുണ്ട്. യഹോവയെക്കുറിച്ച് അറിയാൻ അവരെ സഹായിക്കുന്നതിൽ എനിക്കു ആഴമായ ആത്മസംതൃപ്തി തോന്നുന്നു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
യഹോവയുടെ സാക്ഷികളോടൊപ്പം ആദ്യം ഞാൻ പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ എന്റെ മാതാപിതാക്കൾ വല്ലാതെ ഭയന്നുപോയി. എന്നാൽ അവരോടൊപ്പം ആയപ്പോൾ മുതൽ എന്റെ ജീവിതത്തിൽ ഉണ്ടായ നല്ല മാറ്റങ്ങൾ അവർ ശ്രദ്ധിക്കാൻ തുടങ്ങി. സന്തോഷകരമെന്നു പറയട്ടെ, അവർ ഇപ്പോൾ ബൈബിൾ വായിക്കാനും യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയയോഗങ്ങൾക്കു കൂടി വരാനും തുടങ്ങിയിരിക്കുന്നു.
ഞാനും തബീഥയും നല്ലൊരു വിവാഹജീവിതം നയിക്കുന്നു. ബൈബിൾ ദമ്പതികൾക്കു നൽകിയിരിക്കുന്ന ഉപദേശം നന്നായി അനുസരിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് അതിനു കഴിയുന്നത്. ഉദാഹരണത്തിന്, വിവാഹജീവിതം കരുത്തുറ്റതാക്കാൻ പരസ്പരം വിശ്വസ്തരായിരിക്കണം എന്ന ബൈബിളിന്റെ ഉപദേശം ഞങ്ങളെ സഹായിച്ചിരിക്കുന്നു.—എബ്രായർ 13:4.
എന്റെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഓർത്ത് ഞാൻ ഇന്ന് ഭയപ്പെടുന്നില്ല. യഥാർഥ ഐക്യവും സമാധാനവും കുടികൊള്ളുന്ന ലോകമെങ്ങുമുള്ള സഹവിശ്വാസികളുടെ കുടുംബത്തിന്റെ ഭാഗമാണ് ഇന്നു ഞാൻ. ഈ കുടുംബത്തിലെ ഓരോ അംഗവും അന്യോന്യം തുല്യരായി വീക്ഷിക്കുന്നു. അതാണ് ഞാൻ വിശ്വസിച്ചിരുന്നതും എന്റെ ജീവിതത്തിൽ ഞാൻ നേടാൻ ആഗ്രഹിച്ചിരുന്നതും.
a ഇത് യഥാർഥപേരല്ല.