ജോർദന്‍റെ കൈയിലിരിക്കുന്ന ബോട്ടിന്‍റെ ആകൃതിയിലുള്ള ഈ പെൻസിൽ കട്ടർ കണ്ടപ്പോൾ നിങ്ങൾക്കു പ്രത്യേകിച്ചൊന്നും തോന്നിക്കാണില്ല. എന്നാൽ അവന് അതു ജീവനാണ്. ജോർദൻ ഓർക്കുന്നു: “ഞാൻ കുഞ്ഞായിരുന്നപ്പോൾ ഞങ്ങളുടെ ഒരു കുടുംബസുഹൃത്തായ റസ്സൽ അപ്പച്ചനാണ് എനിക്ക് അതു തന്നത്.” ജീവിതത്തിലെ വിഷമഘട്ടങ്ങളിൽ ജോർദന്‍റെ മാതാപിതാക്കൾക്കും അപ്പൂപ്പനും അദ്ദേഹം നൽകിയ പിന്തുണയും കുടുംബത്തിൽ അദ്ദേഹത്തിനുള്ള സ്ഥാനവും അദ്ദേഹത്തിന്‍റെ മരണശേഷമാണ് ജോർദൻ തിരിച്ചറിഞ്ഞത്. ജോർദൻ പറയുന്നു: “ഇപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് ഞാൻ ശരിക്കും മനസ്സിലാക്കുന്നത്. ഈ കൊച്ചുസമ്മാനം എനിക്ക് ഇപ്പോൾ എത്ര പ്രിയപ്പെട്ടതാണെന്നോ!”
ഒരു സമ്മാനത്തെ ചിലർ കാണുന്നത് വളരെ നിസ്സാരമോ തീരെ വിലയില്ലാത്തതോ ആയ ഒന്നായിട്ടായിരിക്കാം. എന്നാൽ വിലമതിപ്പോടെ അതു സ്വീകരിക്കുന്ന വ്യക്തിക്ക് അത് അമൂല്യവും വിലപിടിപ്പുള്ളതും ആയിരിക്കും. അതാണ് ജോർദന്‍റെ കാര്യത്തിൽ നമ്മൾ കണ്ടത്. വില കണക്കുകൂട്ടാനാകാത്ത ഒരു വിശിഷ്ടസമ്മാനത്തെക്കുറിച്ച് ബൈബിളും പറയുന്നുണ്ട്. പ്രശസ്‌തമായ ആ വാക്കുകൾ ഇതാണ്: “തന്‍റെ ഏകജാതനായ മകനിൽ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി. അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം.”—യോഹന്നാൻ 3:16.
സ്വീകരിക്കുന്ന വ്യക്തിക്ക് നിത്യമായ ജീവിതം നൽകുന്ന മഹത്തായ ഒരു സമ്മാനം! ഇതിലും ശ്രേഷ്‌ഠമായ ഒരു സമ്മാനം വേറെയുണ്ടോ? പലരും ഇതിന്‍റെ മൂല്യം തിരിച്ചറിയാൻ പരാജയപ്പെടുന്നു. എന്നാൽ യഥാർഥക്രിസ്‌ത്യാനികൾ അതിനെ ‘അമൂല്യമായി’ കാണുന്നു. (സങ്കീർത്തനം 49:9; 1 പത്രോസ് 1:18, 19) ആകട്ടെ, ദൈവം എന്തുകൊണ്ടാണ് സ്വന്തം മകനെ ഈ ലോകത്തിനുവേണ്ടി ഒരു സമ്മാനമായി നൽകിയത്?
അതിന് ഉത്തരം അപ്പോസ്തലനായ പൗലോസ് തരുന്നു: “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ . . . മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.” (റോമർ 5:12) അതെ, ആദ്യമനുഷ്യനായ ആദാം ദൈവത്തെ മനഃപൂർവം ധിക്കരിച്ചുകൊണ്ട് പാപം ചെയ്‌തു, അങ്ങനെ മരണശിക്ഷ ഏറ്റുവാങ്ങി. ആദാമിലൂടെ അടുത്ത തലമുറകളിലേക്കും, മുഴു മാനവകുടുംബത്തിലേക്കും മരണം കടന്നുവന്നു.
“പാപം തരുന്ന ശമ്പളം മരണം. ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്‌തുയേശുവിലൂടെയുള്ള നിത്യജീവനും.” (റോമർ 6:23) മരണത്തിന്‍റെ തടവറയിൽനിന്ന് മാനവസമൂഹത്തെ മോചിപ്പിക്കാൻ ദൈവം സ്വന്തം മകനായ യേശുക്രിസ്‌തുവിനെ ഭൂമിയിലേക്ക് അയച്ചു. യേശു പൂർണതയുള്ള ജീവൻ ഈ ലോകത്തിനുവേണ്ടി ബലി അർപ്പിച്ചു. യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും “മോചനവില” എന്നു വിളിക്കുന്ന ആ ബലിയുടെ അടിസ്ഥാനത്തിൽ നിത്യജീവൻ എന്ന സമ്മാനം ലഭിക്കും.—റോമർ 3:24.
ദൈവം തന്‍റെ ആരാധകർക്ക് യേശുക്രിസ്‌തുവിലൂടെ നൽകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു: “വാക്കുകൾകൊണ്ട് വർണിക്കാനാകാത്ത സൗജന്യമായ ഈ സമ്മാനത്തിനായി ദൈവത്തിനു നന്ദി.” (2 കൊരിന്ത്യർ 9:15) മോചനവില എന്ന അതുല്യസമ്മാനം നമ്മുടെ വർണനകൾക്ക് അതീതമാണ്. ദൈവം മനുഷ്യർക്കു നൽകിയ എല്ലാ വിശിഷ്ടസമ്മാനങ്ങളെക്കാളും അതിവിശിഷ്ടമാണ് മോചനവില എന്നു പറയുന്നത് എന്തുകൊണ്ട്? മറ്റു സമ്മാനങ്ങളെക്കാൾ അതിനെ ശ്രേഷ്‌ഠമാക്കുന്നത് എന്താണ്?* നമ്മൾ അതിനെ എങ്ങനെ കാണണം? ഈ ചോദ്യങ്ങൾക്കു ബൈബിൾ നൽകുന്ന ഉത്തരം അറിയാൻ തുടർന്നുള്ള രണ്ടു ലേഖനങ്ങൾ വായിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.
^ ഖ. 8 യേശു മനസ്സോടെ ‘നമുക്കുവേണ്ടി സ്വന്തം ജീവൻ അർപ്പിച്ചു.’ (1 യോഹന്നാൻ 3:16) എങ്കിലും ആ ബലിമരണം ദൈവത്തിന്‍റെ ഉദ്ദേശ്യമായിരുന്നതുകൊണ്ട് മോചനവില എന്ന ക്രമീകരണം ഏർപ്പെടുത്തിയ ദൈവത്തെക്കുറിച്ചാണ് ഈ ലേഖനങ്ങൾ മുഖ്യമായും സംസാരിക്കുന്നത്.