വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സന്തോഷം​—ദൈവ​ത്തിൽനി​ന്നുള്ള ഒരു ഗുണം

സന്തോഷം​—ദൈവ​ത്തിൽനി​ന്നുള്ള ഒരു ഗുണം

സന്തോ​ഷ​മുള്ള ഒരു ജീവിതം നയിക്കാ​നാ​ണു പൊതു​വേ ആളുകൾ ആഗ്രഹി​ക്കു​ന്നത്‌. പക്ഷേ ഈ അവസാ​ന​കാ​ലം ‘ബുദ്ധി​മു​ട്ടു നിറഞ്ഞ​താണ്‌.’ എല്ലാവ​രും പ്രശ്‌നങ്ങൾ നേരി​ടു​ന്നുണ്ട്. (2 തിമൊ. 3:1) അനീതിയും ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും തൊഴി​ലി​ല്ലാ​യ്‌മ​യും പ്രിയ​പ്പെ​ട്ട​വരെ മരണത്തിൽ നഷ്ടമാ​കു​ന്ന​തി​ന്‍റെ വേദന​യും ഉത്‌ക​ണ്‌ഠ​യ്‌ക്കും ദുഃഖ​ത്തി​നും ഇടയാ​ക്കുന്ന മറ്റു കാര്യ​ങ്ങ​ളും ഒക്കെ ക്രമേണ ആളുക​ളു​ടെ സന്തോഷം കെടു​ത്തി​ക്ക​ള​ഞ്ഞേ​ക്കാം. ദൈവ​ദാ​സർക്കു​പോ​ലും നിരു​ത്സാ​ഹം തോന്നാ​നും സന്തോഷം നഷ്ടപ്പെ​ടാ​നും ഇടയുണ്ട്. നിങ്ങൾക്ക് അങ്ങനെ സംഭവി​ച്ചെ​ങ്കിൽ എങ്ങനെ സന്തോഷം വീണ്ടെ​ടു​ക്കാം?

ആ ചോദ്യ​ത്തിന്‌ ഉത്തരം കണ്ടുപി​ടി​ക്കു​ന്ന​തിന്‌ യഥാർഥ​സ​ന്തോ​ഷം എന്താ​ണെ​ന്നും പ്രശ്‌ന​ങ്ങൾക്കു മധ്യേ​യും ചിലർ എങ്ങനെ​യാ​ണു സന്തോഷം നിലനി​റു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും മനസ്സി​ലാ​ക്കണം. അതിനു ശേഷം സന്തോഷം നിലനി​റു​ത്താ​നും അതു വർധി​പ്പി​ക്കാ​നും എങ്ങനെ കഴിയു​മെന്നു നമ്മൾ പഠിക്കും.

എന്താണ്‌ സന്തോഷം?

ചിരി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന മുഖവും കളിത​മാ​ശ​ക​ളും സന്തോ​ഷ​ത്തി​ന്‍റെ ലക്ഷണമാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഒരു ദൃഷ്ടാന്തം നോക്കാം. ഏറെ മദ്യം അകത്തു​ചെ​ന്നാൽ ചില കുടി​യ​ന്മാർ ചിരി​യോ​ടു​ചി​രി​യാ​യി​രി​ക്കും. എന്നാൽ ലഹരി വിടു​മ്പോൾ അവർ പിന്നെ അതു​പോ​ലെ ചിരി​ച്ചെ​ന്നു​വ​രില്ല. പ്രശ്‌ന​ങ്ങ​ളും ദുഃഖ​ങ്ങ​ളും നിറഞ്ഞ ജീവി​ത​യാ​ഥാർഥ്യ​ങ്ങൾ അവരെ തുറി​ച്ചു​നോ​ക്കി​യേ​ക്കാം. കുറച്ച് സമയ​ത്തേ​ക്കുള്ള അവരുടെ ആഹ്ലാദ​പ്ര​ക​ട​നത്തെ സന്തോ​ഷ​മെന്നു വിളി​ക്കാ​നാ​കില്ല.​—സുഭാ. 14:13.

നേരേ മറിച്ച് സന്തോഷം ഹൃദയ​ത്തി​ന്‍റെ ഒരു ഗുണമാണ്‌. “നന്മ കൈവ​രു​ക​യോ അതു പ്രതീ​ക്ഷി​ക്കു​ക​യോ ചെയ്യു​ന്ന​തിൽനിന്ന് ഉളവാ​കുന്ന വികാരം” എന്നാണ്‌ അതിനെ നിർവ​ചി​ച്ചി​രി​ക്കു​ന്നത്‌. സാഹച​ര്യ​ങ്ങൾ നല്ലതാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ഉള്ളി​ന്‍റെ​യു​ള്ളിൽ നമുക്കുള്ള ഒരു അവസ്ഥയാ​ണു സന്തോഷം. (1 തെസ്സ. 1:6) എന്തെങ്കി​ലും പ്രശ്‌ന​ത്തെ​ക്കു​റിച്ച് വ്യാകു​ല​പ്പെ​ട്ടി​രി​ക്കുന്ന ഒരു വ്യക്തി​ക്കു​പോ​ലും ഹൃദയ​ത്തിൽ സന്തോഷം കാണും. ഉദാഹ​ര​ണ​ത്തിന്‌, ക്രിസ്‌തു​വി​നെ​ക്കു​റിച്ച് സംസാ​രി​ച്ച​തിന്‌ അപ്പോ​സ്‌ത​ല​ന്മാർക്കു ക്രൂര​മായ മർദന​മേറ്റു. എന്നിട്ടും “യേശു​വി​ന്‍റെ പേരി​നു​വേണ്ടി അപമാനം സഹിക്കാൻ പദവി ലഭിച്ച​തിൽ സന്തോ​ഷി​ച്ചു​കൊണ്ട് അവർ സൻഹെ​ദ്രി​ന്‍റെ മുന്നിൽനിന്ന് പോയി.” (പ്രവൃ. 5:41) തങ്ങൾക്കു കിട്ടിയ അടി​യെ​ക്കു​റിച്ച് ഓർത്ത​ല്ലാ​യി​രു​ന്നു അവർ സന്തോ​ഷി​ച്ചത്‌. പകരം, ദൈവ​ദാ​സ​രെന്ന നിലയിൽ ദൈവ​ത്തോ​ടു വിശ്വ​സ്‌തത പാലിച്ചു എന്ന കാര്യ​മാണ്‌ അവർക്ക് യഥാർഥ​സ​ന്തോ​ഷം നൽകി​യത്‌.

അത്തരം സന്തോഷം നമുക്കു ജന്മനാ കിട്ടു​ന്നതല്ല. അതു തന്നെത്താൻ വളർന്നു​വ​രു​ന്ന​തു​മല്ല. എന്തു​കൊണ്ട്? കാരണം ദൈവ​ത്തി​ന്‍റെ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ ഒരു ഗുണമാ​ണു സന്തോഷം. ദൈവാ​ത്മാ​വി​ന്‍റെ സഹായ​ത്തോ​ടെ നമുക്കു “പുതിയ വ്യക്തി​ത്വം” വളർത്തി​യെ​ടു​ക്കാ​നാ​കും. അതിൽപ്പെ​ടു​ന്ന​താ​ണു സന്തോഷം എന്ന ഗുണം. (എഫെ. 4:24; ഗലാ. 5:22) സന്തോഷം വളർത്തി​യെ​ടു​ക്കു​മ്പോൾ ജീവി​ത​ത്തി​ലെ ഉത്‌ക​ണ്‌ഠ​ക​ളു​മാ​യി മല്ലിടാൻ നമ്മൾ കൂടുതൽ സജ്ജരാ​യി​രി​ക്കും.

നമുക്കുള്ള മാതൃ​ക​കൾ

ഭൂമി​യിൽ നല്ല കാര്യങ്ങൾ സംഭവി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ആഗ്രഹി​ച്ചത്‌. ഇന്നു കാണുന്ന മോശ​മായ കാര്യങ്ങൾ യഹോ​വ​യു​ടെ മനസ്സിൽപ്പോ​ലും ഉണ്ടായി​രു​ന്നില്ല. എങ്കിലും മറ്റുള്ള​വ​രു​ടെ ദുഷ്‌ചെ​യ്‌തി​കൾ യഹോ​വ​യു​ടെ സന്തോഷം നഷ്ടപ്പെ​ടു​ത്തു​ന്നില്ല. ദൈവ​വ​ചനം ഇങ്ങനെ പറയുന്നു: “ദൈവ​ത്തി​ന്‍റെ വാസസ്ഥ​ലത്ത്‌ ബലവും ആനന്ദവും ഉണ്ട്.” (1 ദിന. 16:27) കൂടാതെ, തന്‍റെ ദാസർ കൈവ​രി​ക്കുന്ന നല്ല കാര്യ​ങ്ങ​ളും യഹോ​വ​യു​ടെ ‘ഹൃദയത്തെ സന്തോ​ഷി​പ്പി​ക്കു​ന്നു.’​—സുഭാ. 27:11.

പ്രതീ​ക്ഷി​ച്ച​തു​പോ​ലെ കാര്യങ്ങൾ നടക്കാ​തെ​വ​രു​മ്പോൾ അതെക്കു​റിച്ച് അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടാ​തി​രു​ന്നു​കൊണ്ട് നമുക്ക് യഹോ​വയെ അനുക​രി​ക്കാം. അതൊ​ന്നും നമ്മുടെ സന്തോഷം നഷ്ടപ്പെ​ടു​ത്ത​രുത്‌. പകരം ഇപ്പോൾ നമുക്കുള്ള നല്ല കാര്യ​ങ്ങ​ളിൽ ശ്രദ്ധ പതിപ്പി​ക്കാം, ഭാവി​യി​ലെ മെച്ചപ്പെട്ട അവസ്ഥകൾക്കാ​യി ക്ഷമയോ​ടെ കാത്തി​രി​ക്കാം. *

പരി​ശോ​ധ​ന​കൾ ഉണ്ടായ​പ്പോ​ഴും സന്തോഷം നിലനി​റു​ത്തിയ പലരെ​ക്കു​റി​ച്ചും ബൈബി​ളിൽ കാണാൻ കഴിയും. അതിൽ ഒരാളാണ്‌ അബ്രാ​ഹാം. ജീവനു ഭീഷണി​യാ​കുന്ന സാഹച​ര്യ​ങ്ങ​ളും മറ്റുള്ളവർ വരുത്തി​വെച്ച പ്രശ്‌ന​ങ്ങ​ളും ഒക്കെ അദ്ദേഹം നേരിട്ടു. (ഉൽപ. 12:10-20; 14:8-16; 16:4, 5; 20:1-18; 21:8, 9) പക്ഷേ ഇങ്ങനെ​യൊ​ക്കെ സംഭവി​ച്ച​പ്പോ​ഴും അബ്രാ​ഹാം തന്‍റെ ഹൃദയ​സ​ന്തോ​ഷം നിലനി​റു​ത്തി. എങ്ങനെ​യാണ്‌ അദ്ദേഹ​ത്തിന്‌ അതിനു കഴിഞ്ഞത്‌? മിശി​ഹ​യു​ടെ ഭരണത്തിൻകീ​ഴി​ലെ പുതിയ ലോക​ത്തിൽ ജീവി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പ്രത്യാശ അദ്ദേഹ​ത്തി​ന്‍റെ മനസ്സിൽ തെളി​ഞ്ഞു​നി​ന്നു. (ഉൽപ. 22:15-18; എബ്രാ. 11:10) യേശു പറഞ്ഞു: “നിങ്ങളു​ടെ പിതാ​വായ അബ്രാ​ഹാം എന്‍റെ ദിവസം കാണാ​മെന്ന പ്രതീ​ക്ഷ​യിൽ അങ്ങേയറ്റം സന്തോ​ഷി​ച്ചു.” (യോഹ. 8:56) ഭാവി​യിൽ നമ്മളെ സന്തോ​ഷി​പ്പി​ക്കുന്ന അനവധി അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ച്ചു​കൊണ്ട് നമുക്ക് അബ്രാ​ഹാ​മി​നെ അനുക​രി​ക്കാം.​—റോമ. 8:21.

അബ്രാ​ഹാ​മി​നെ​പ്പോ​ലെ ദൈവ​ത്തി​ന്‍റെ വാഗ്‌ദാ​ന​ങ്ങ​ളിൽ ദൃഷ്ടി പതിപ്പി​ച്ച​വ​രാണ്‌ പൗലോസ്‌ അപ്പോ​സ്‌ത​ല​നും അദ്ദേഹ​ത്തി​ന്‍റെ സഹകാ​രി​യായ ശീലാ​സും. അവർക്കു ശക്തമായ വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. മോശ​മായ അനുഭ​വങ്ങൾ ഉണ്ടായ​പ്പോ​ഴും അവർ അവരുടെ സന്തോഷം നിലനി​റു​ത്തി. ഉദാഹ​ര​ണ​ത്തിന്‌, ഒരിക്കൽ അവർക്ക് അങ്ങേയ​റ്റത്തെ പ്രഹര​മേൽക്കേ​ണ്ടി​വന്നു. അതിനു ശേഷം അവരെ ജയിലി​ലി​ട്ടു. അവർ എന്തു ചെയ്‌തു? “പാതി​രാ​ത്രി​യാ​കാ​റാ​യ​പ്പോൾ പൗലോ​സും ശീലാ​സും പ്രാർഥി​ക്കു​ക​യും ദൈവത്തെ പാടി സ്‌തു​തി​ക്കു​ക​യും ചെയ്യു​ക​യാ​യി​രു​ന്നു.” (പ്രവൃ. 16:23-25) പ്രത്യാശ മാത്രമല്ല അവർക്കു ബലം പകർന്നത്‌. ക്രിസ്‌തു​വി​ന്‍റെ നാമത്തി​നു​വേ​ണ്ടി​യാ​ണു തങ്ങൾ കഷ്ടം സഹി​ക്കേ​ണ്ടി​വ​ന്ന​തെന്നു മനസ്സി​ലാ​ക്കി​യ​തും സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കാൻ അവരെ സഹായി​ച്ചു. ദൈവത്തെ വിശ്വ​സ്‌ത​മാ​യി സേവി​ക്കു​ന്ന​തി​ന്‍റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് നമുക്കു പൗലോ​സി​നെ​യും ശീലാ​സി​നെ​യും അനുക​രി​ക്കാം.​—ഫിലി. 1:12-14.

ഇക്കാല​ത്തും നമ്മുടെ പല സഹോ​ദ​ര​ങ്ങ​ളും പരി​ശോ​ധ​ന​ക​ളു​ടെ സമയത്ത്‌ സന്തോഷം നിലനി​റു​ത്തി​യ​വ​രാണ്‌. ഉദാഹ​ര​ണ​ത്തിന്‌, 2013 നവംബ​റിൽ സൂപ്പർ ടയ്‌ഫൂൺ ഹയാൻ എന്ന ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ഫിലി​പ്പീൻസി​ന്‍റെ മധ്യഭാ​ഗം തകർത്ത​പ്പോൾ 1,000-ത്തിലധി​കം സാക്ഷി​കു​ടും​ബ​ങ്ങ​ളു​ടെ വീടു​ക​ളും നശിച്ചു. അതി​ലൊ​രാ​ളാ​ണു ജോർജ്‌. റ്റക്ലോ​ബാ​നി​ലുള്ള അദ്ദേഹ​ത്തി​ന്‍റെ വീടു താറു​മാ​റാ​യി. അദ്ദേഹം എന്താണു പറയു​ന്നത്‌? “ഇങ്ങനെ​യെ​ല്ലാം സംഭവി​ച്ചെ​ങ്കി​ലും സഹോ​ദ​രങ്ങൾ സന്തുഷ്ട​രാണ്‌. ഞങ്ങൾ അനുഭ​വി​ക്കുന്ന സന്തോഷം എങ്ങനെ പറയണ​മെന്ന് എനിക്ക് അറിയില്ല.” വലിയ​വ​ലിയ പ്രശ്‌നങ്ങൾ നമുക്കു​ണ്ടാ​കു​മ്പോൾ യഹോവ നമുക്കു​വേണ്ടി ചെയ്‌തു​ത​രുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച് വിലമ​തി​പ്പോ​ടെ ധ്യാനി​ക്കു​ന്നെ​ങ്കിൽ നമുക്കും സന്തോഷം നിലനി​റു​ത്താ​നാ​കും. യഹോ​വ​യു​ടെ മറ്റ്‌ എന്തെല്ലാം കരുത​ലു​കൾ സന്തോ​ഷ​ത്തി​നുള്ള കാരണ​ങ്ങ​ളാണ്‌?

സന്തോ​ഷ​ത്തി​നുള്ള കാരണങ്ങൾ

ദൈവ​വു​മാ​യുള്ള ബന്ധം—അതി​നെ​ക്കാൾ നമുക്കു സന്തോഷം തരുന്ന മറ്റ്‌ എന്താണു​ള്ളത്‌? ഒന്നു ചിന്തി​ക്കുക: പ്രപഞ്ച​ത്തി​ന്‍റെ പരമാ​ധി​കാ​രി​യെ നമുക്ക് അറിയാം. എന്നു മാത്രമല്ല, ആ വ്യക്തി നമ്മുടെ പിതാ​വാണ്‌, ദൈവ​മാണ്‌, നമ്മുടെ സ്‌നേ​ഹി​ത​നാണ്‌!​—സങ്കീ. 71:17, 18.

ജീവനെന്ന സമ്മാന​വും അത്‌ ആസ്വദി​ക്കാ​നുള്ള കഴിവും നമ്മൾ വില​യേ​റി​യ​താ​യി കാണുന്നു. (സഭാ. 3:12, 13) യഹോവ ആകർഷി​ച്ചി​രി​ക്കുന്ന ബുദ്ധി​ശ​ക്തി​യുള്ള സൃഷ്ടി​ക​ളായ നമുക്കു നമ്മളെ​ക്കു​റി​ച്ചുള്ള ദൈ​വേഷ്ടം എന്താ​ണെന്ന് അറിയാം. (കൊലോ. 1:9, 10) അതു​കൊണ്ട് നമ്മുടെ ജീവി​ത​ത്തിന്‌ ഒരു അർഥമുണ്ട്, ലക്ഷ്യമുണ്ട്. അതേസ​മയം ഇന്നുള്ള ഭൂരി​പക്ഷം മനുഷ്യർക്കും ജീവി​ത​ത്തി​ന്‍റെ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച് കൃത്യ​മായ അറിവില്ല. ഈ വ്യത്യാ​സം എടുത്തു​കാ​ണി​ച്ചു​കൊണ്ട് പൗലോസ്‌ എഴുതി: “‘തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു​വേണ്ടി ദൈവം ഒരുക്കി​യി​ട്ടു​ള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടി​ട്ടില്ല, മനുഷ്യ​മ​ന​സ്സി​നു വിഭാ​വ​ന​ചെ​യ്യാൻപോ​ലും കഴിഞ്ഞി​ട്ടില്ല’ എന്ന് എഴുതി​യി​ട്ടു​ണ്ട​ല്ലോ. എന്നാൽ നമുക്കു ദൈവം തന്‍റെ ആത്മാവി​ലൂ​ടെ അവ വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നു.” (1 കൊരി. 2:9, 10) യഹോ​വ​യു​ടെ ഇഷ്ടത്തെ​യും ഉദ്ദേശ്യ​ത്തെ​യും കുറി​ച്ചുള്ള അറിവ്‌ നമ്മളെ സന്തോ​ഷ​ഭ​രി​ത​രാ​ക്കു​ന്നി​ല്ലേ?

തന്‍റെ ജനത്തി​നു​വേണ്ടി യഹോവ ചെയ്‌തി​രി​ക്കുന്ന മറ്റു കാര്യ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കുക. നമ്മുടെ പാപങ്ങൾക്കുള്ള ക്ഷമ സാധ്യ​മാണ്‌. അതു നമുക്കു സന്തോഷം തരുന്ന ഒരു കാര്യ​മല്ലേ? (1 യോഹ. 2:12) ദൈവ​ത്തി​ന്‍റെ കരുണ നിമിത്തം ഒരു പുതിയ ലോകം പെട്ടെ​ന്നു​തന്നെ ആഗതമാ​കു​മെ​ന്നുള്ള പ്രത്യാശ നമുക്കുണ്ട്. (റോമ. 12:12) ഇപ്പോൾപ്പോ​ലും സഹാരാ​ധ​ക​രു​ടെ ഒരു നല്ല കൂട്ടത്തെ യഹോവ തന്നിരി​ക്കു​ന്നു. (സങ്കീ. 133:1) സാത്താ​നിൽനി​ന്നും അവന്‍റെ ഭൂതങ്ങ​ളിൽനി​ന്നും തന്‍റെ ജനത്തെ യഹോവ സംരക്ഷി​ക്കു​മെന്നു ദൈവ​വ​ചനം നമുക്ക് ഉറപ്പു​ത​രു​ന്നു. (സങ്കീ. 91:11) യഹോ​വ​യിൽനി​ന്നുള്ള ഈ അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് ധ്യാനി​ക്കു​ന്നെ​ങ്കിൽ നമ്മുടെ സന്തോഷം വർധി​ച്ചു​വ​രു​ന്നതു നമ്മൾ അനുഭ​വി​ച്ച​റി​യും.​—ഫിലി. 4:4.

സന്തോഷം വർധി​പ്പി​ക്കാം!

ഇപ്പോൾത്തന്നെ സന്തുഷ്ട​നാ​യി​രി​ക്കുന്ന ഒരു ക്രിസ്‌ത്യാ​നി​ക്കു തന്‍റെ സന്തോഷം ഇനിയും വർധി​പ്പി​ക്കാൻ കഴിയു​മോ? യേശു പറഞ്ഞു: “എന്‍റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളു​ടെ സന്തോഷം അതിന്‍റെ പരകോ​ടി​യിൽ എത്താനാ​ണു ഞാൻ ഇതെല്ലാം നിങ്ങ​ളോ​ടു പറഞ്ഞത്‌.” (യോഹ. 15:11) നമ്മുടെ സന്തോഷം വർധി​പ്പി​ക്കാൻ കഴിയു​മെ​ന്നല്ലേ ഈ വാക്കുകൾ സൂചി​പ്പി​ക്കു​ന്നത്‌? അതിനു​വേണ്ടി ചെയ്യുന്ന ശ്രമങ്ങൾ തീ കൂടുതൽ ആളിക്ക​ത്തി​ക്കു​ന്ന​തു​മാ​യി താരത​മ്യം ചെയ്യാം. തീ കൂടുതൽ ജ്വലി​പ്പി​ക്കു​ന്ന​തി​നു വിറക്‌ ഇട്ടു​കൊ​ടു​ക്കണം. അതു​പോ​ലെ സന്തോഷം വർധി​പ്പി​ക്കു​ന്ന​തി​നു നമ്മുടെ ആത്മീയത വർധി​പ്പി​ക്കണം. ഓർക്കുക: ദൈവാ​ത്മാവ്‌ നിങ്ങളുടെ ഉള്ളിലെ സന്തോഷം ജ്വലി​പ്പി​ക്കും. അതു​കൊണ്ട് യഹോ​വ​യു​ടെ പരിശു​ദ്ധാ​ത്മാ​വി​ന്‍റെ സഹായ​ത്തി​നു​വേണ്ടി പതിവാ​യി അപേക്ഷി​ച്ചു​കൊ​ണ്ടും ദൈവാ​ത്മാ​വി​ന്‍റെ പ്രചോ​ദ​ന​ത്തിൽ എഴുതിയ ദൈവ​വ​ചനം പ്രാർഥ​നാ​പൂർവം ധ്യാനി​ച്ചു​കൊ​ണ്ടും നമ്മുടെ സന്തോഷം വർധി​പ്പി​ക്കാ​നാ​കും.​—സങ്കീ. 1:1, 2; ലൂക്കോ. 11:13.

യഹോ​വ​യെ സന്തോ​ഷി​പ്പി​ക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽ ഊർജ​സ്വ​ല​മാ​യി ഏർപ്പെ​ട്ടു​കൊ​ണ്ടും നിങ്ങളു​ടെ സന്തോഷം ജ്വലി​പ്പി​ക്കാം. (സങ്കീ. 35:27; 112:1) എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌? കാരണം “മനുഷ്യ​ന്‍റെ കർത്തവ്യം” “സത്യ​ദൈ​വത്തെ ഭയപ്പെട്ട് ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കുക” എന്നാ​ണെന്നു ബൈബിൾ പറയുന്നു. (സഭാ. 12:13) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ നമ്മളെ രൂപകൽപ്പന ചെയ്‌തി​രി​ക്കു​ന്നതു ദൈവ​ത്തി​ന്‍റെ ഇഷ്ടം ചെയ്യാ​നാണ്‌. അതു​കൊണ്ട് യഹോ​വയെ സേവി​ക്കു​മ്പോ​ഴാ​ണു നമ്മൾ ജീവിതം ഏറ്റവും നന്നായി ആസ്വദി​ക്കു​ന്നത്‌. *

സന്തോ​ഷ​മു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​ന്‍റെ പ്രയോ​ജ​ന​ങ്ങൾ

സന്തോഷം വളർത്തി​യെ​ടു​ക്കു​മ്പോൾ നമ്മുടെ ഉള്ളിൽ തോന്നുന്ന കേവലം സന്തോഷം എന്ന വികാ​ര​ത്തെ​ക്കാൾ കൂടുതൽ പ്രയോ​ജ​ന​ങ്ങ​ളു​മുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, എന്തൊക്കെ പ്രശ്‌നങ്ങൾ നേരി​ട്ടാ​ലും സന്തോ​ഷ​ത്തോ​ടെ യഹോ​വയെ സേവി​ക്കു​മ്പോൾ യഹോ​വ​യ്‌ക്കു നമ്മൾ കൂടുതൽ പ്രിയ​ങ്ക​ര​രാ​യി​ത്തീ​രും. (ആവ. 16:15; 1 തെസ്സ. 5:16-18) കൂടാതെ, യഥാർഥ​സ​ന്തോ​ഷം ഉള്ളതു​കൊണ്ട് പണത്തിനു പുറകേ പരക്കം പായു​ന്ന​തി​നു പകരം ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി നമ്മൾ ഓരോ​രു​ത്ത​രും കൂടുതൽ ത്യാഗങ്ങൾ ചെയ്യാ​നുള്ള അവസര​ങ്ങൾക്കാ​യി നോക്കും. (മത്താ. 13:44) അതിന്‍റെ പ്രയോ​ജ​നങ്ങൾ കാണു​മ്പോൾ സന്തോഷം വർധി​ക്കും, നമുക്കു വലിയ സംതൃ​പ്‌തി അനുഭ​വ​പ്പെ​ടും, നമ്മുടെ ആ സന്തോഷം മറ്റുള്ള​വ​രി​ലേ​ക്കും പകരും.​—പ്രവൃ. 20:35; ഫിലി. 1:3-5.

“നിങ്ങളു​ടെ ഇപ്പോ​ഴത്തെ ജീവി​ത​ത്തിൽ സന്തുഷ്ട​നും സംതൃ​പ്‌ത​നും ആണെങ്കിൽ ഭാവി​യിൽ നിങ്ങൾ കൂടുതൽ ആരോ​ഗ്യ​വാ​നാ​യി​രി​ക്കാൻ ഇടയുണ്ട്.” ആരോ​ഗ്യ​ത്തെ​ക്കു​റി​ച്ചുള്ള നിരവധി പഠനങ്ങൾ വിശക​ലനം ചെയ്‌ത​ശേഷം ഐക്യ​നാ​ടു​ക​ളി​ലെ നിബ്രാസ്‌ക സർവക​ലാ​ശാ​ല​യി​ലെ ഒരു ഗവേഷകൻ പറഞ്ഞതാണ്‌ ഇത്‌. ബൈബി​ളിൽ പറയുന്ന പിൻവ​രുന്ന കാര്യ​വു​മാ​യി ഇതു യോജി​ക്കു​ന്നി​ല്ലേ? “സന്തോ​ഷ​മുള്ള ഹൃദയം നല്ലൊരു മരുന്നാണ്‌.” (സുഭാ. 17:22) അതെ, നിങ്ങൾ സന്തോഷം വർധി​പ്പി​ക്കു​മ്പോൾ സാധ്യ​ത​യ​നു​സ​രിച്ച് നിങ്ങളു​ടെ ആരോ​ഗ്യ​വും മെച്ച​പ്പെ​ടും.

സമ്മർദങ്ങൾ നിറഞ്ഞ സമയമാണ്‌ ഇതെങ്കി​ലും യഥാർഥ​സ​ന്തോ​ഷം വളർത്തി​യെ​ടു​ക്കാൻ നമുക്കു കഴിയും. അതിനു പരിശു​ദ്ധാ​ത്മാവ്‌ നമ്മളെ സഹായി​ക്കും. പ്രാർഥ​ന​യി​ലൂ​ടെ​യും യഹോ​വ​യു​ടെ വചനം പഠിക്കു​ക​യും ധ്യാനി​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ​യും നമുക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിക്കും. ഇപ്പോ​ഴുള്ള അനു​ഗ്ര​ഹ​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ച്ചു​കൊ​ണ്ടും മറ്റുള്ള​വ​രു​ടെ വിശ്വാ​സം അനുക​രി​ച്ചു​കൊ​ണ്ടും ഉത്സാഹ​ത്തോ​ടെ ദൈ​വേഷ്ടം ചെയ്‌തു​കൊ​ണ്ടും നമുക്കു സന്തോഷം വർധി​പ്പി​ക്കാ​നാ​കും. അങ്ങനെ സങ്കീർത്തനം 64:10-ലെ ഈ വാക്കു​ക​ളു​ടെ സത്യത നമുക്ക് അനുഭ​വി​ച്ച​റി​യാം: “നീതി​മാൻ യഹോ​വ​യിൽ ആനന്ദി​ക്കും; അവൻ ദൈവത്തെ അഭയമാ​ക്കും.”

^ ഖ. 10 ക്ഷമ എന്ന ഗുണ​ത്തെ​ക്കു​റിച്ച് “ദൈവാ​ത്മാ​വി​ന്‍റെ ഫലം” എന്ന ലേഖന​പ​ര​മ്പ​ര​യി​ലെ മറ്റൊരു ലേഖന​ത്തിൽ ചർച്ച​ചെ​യ്യും.

^ ഖ. 20 കൂടുതൽ വിവര​ങ്ങൾക്കാ​യി “ സന്തോഷം വർധി​പ്പി​ക്കാ​നുള്ള മറ്റു വിധങ്ങൾ” എന്ന ചതുരം കാണുക.