വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

“ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ” എന്നു പറഞ്ഞ​പ്പോൾ യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌?

▪ തമ്മിൽത്ത​മ്മിൽ സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നാ​ണു യേശു ആളുകളെ പഠിപ്പി​ച്ചത്‌. എന്നാൽ ഒരു സന്ദർഭ​ത്തിൽ യേശു തന്റെ അപ്പോ​സ്‌ത​ല​ന്മാ​രോ​ടു പറഞ്ഞു: “ഞാൻ ഭൂമി​യിൽ സമാധാ​നം വരുത്താ​നാ​ണു വന്നത്‌ എന്നു വിചാ​രി​ക്കേണ്ടാ. സമാധാ​നമല്ല, വാൾ വരുത്താ​നാ​ണു ഞാൻ വന്നത്‌. മകനെ അപ്പനോ​ടും മകളെ അമ്മയോ​ടും മരുമ​കളെ അമ്മായി​യ​മ്മ​യോ​ടും ഭിന്നി​പ്പി​ക്കാ​നാ​ണു ഞാൻ വന്നത്‌.” (മത്താ. 10:34, 35) യേശു എന്താണ്‌ ഉദ്ദേശി​ച്ചത്‌?

കുടും​ബാം​ഗങ്ങൾ തമ്മിൽ പ്രശ്‌നം ഉണ്ടാക്കാ​നൊ​ന്നും യേശു ആഗ്രഹി​ച്ചില്ല. എന്നാൽ യേശു​വി​ന്റെ ഉപദേ​ശങ്ങൾ ചില കുടും​ബ​ങ്ങ​ളിൽ ഭിന്നി​പ്പി​നു കാരണ​മാ​കു​മെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. കാരണം ആരെങ്കി​ലും ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​കാ​നും സ്‌നാ​ന​പ്പെ​ടാ​നും ആഗ്രഹി​ക്കു​മ്പോൾ എല്ലാവ​രും അത്‌ അംഗീ​ക​രി​ക്കില്ല. സ്വന്തം ഇണയോ വീട്ടു​കാ​രോ എതിർക്കു​മ്പോൾ ക്രിസ്‌തു​വി​ന്റെ ഉപദേശം അനുസ​രി​ക്കാ​നും വിശ്വ​സ്‌ത​രാ​യി​രി​ക്കാ​നും ഒട്ടും എളുപ്പ​വു​മല്ല. ക്രിസ്‌തു​വി​ന്റെ ശിഷ്യ​നാ​കാൻ തീരു​മാ​നി​ക്കുന്ന ഒരാൾ ഇക്കാര്യം അറിഞ്ഞി​രി​ക്ക​ണ​മെന്നു യേശു ആഗ്രഹി​ച്ചു.

‘എല്ലാവ​രു​മാ​യി സമാധാ​ന​ത്തി​ലാ​യി​രി​ക്കാ​നാ​ണു’ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. (റോമ. 12:18) എന്നാൽ യേശു​വി​ന്റെ ഉപദേ​ശങ്ങൾ ചില കുടും​ബ​ങ്ങ​ളിൽ ഒരു “വാൾ” പോലെയായേക്കാം. വീട്ടിലെ ഒരാൾ ആ ഉപദേശം സ്വീക​രി​ക്കു​ക​യും മറ്റുള്ളവർ അതിനെ എതിർക്കു​ക​യും ചെയ്യു​മ്പോ​ഴാണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌. അത്തരം സാഹച​ര്യ​ങ്ങ​ളിൽ, വീട്ടു​കാർതന്നെ സത്യം പഠിക്കുന്ന വ്യക്തി​യു​ടെ “ശത്രു​ക്ക​ളാ​കും.”—മത്താ. 10:36.

വീട്ടു​കാർ മറ്റൊരു മതവി​ശ്വാ​സ​ത്തി​ലാ​യി​രി​ക്കു​മ്പോൾ പല പ്രശ്‌ന​ങ്ങ​ളു​മു​ണ്ടാ​കാം. ഉദാഹ​ര​ണ​ത്തിന്‌, അവരുടെ ചില ആഘോ​ഷ​ങ്ങ​ളിൽ നമ്മളും ഉൾപ്പെ​ടാൻ അവർ ആഗ്രഹി​ക്കും. അപ്പോൾ നമ്മൾ യഹോ​വ​യെ​യും യേശു​വി​നെ​യും സന്തോ​ഷി​പ്പി​ക്കു​മോ അതോ വീട്ടു​കാ​രെ സന്തോ​ഷി​പ്പി​ക്കു​മോ എന്നത്‌ ഒരു പ്രശ്‌ന​മാ​യേ​ക്കാം. അത്തരം സാഹച​ര്യ​ങ്ങ​ളിൽ നമ്മൾ എന്താണു ചെയ്യേ​ണ്ടത്‌? യേശു പറഞ്ഞു: “എന്നെക്കാൾ അധികം അപ്പനെ​യോ അമ്മയെ​യോ സ്‌നേ​ഹി​ക്കു​ന്നവൻ എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല.” (മത്താ. 10:37) അതിന്റെ അർഥം ക്രിസ്‌തു​വി​ന്റെ ഒരു ശിഷ്യ​നാ​ക​ണ​മെ​ങ്കിൽ നമ്മൾ മാതാ​പി​താ​ക്കളെ അധികം സ്‌നേ​ഹി​ക്ക​രുത്‌ എന്നാണോ? അങ്ങനെയല്ല. മറിച്ച്‌ ആർക്കാണു ജീവി​ത​ത്തിൽ കൂടുതൽ പ്രാധാ​ന്യം കൊടു​ക്കേ​ണ്ട​തെന്നു മനസ്സി​ലാ​ക്കാൻ യേശു അവരെ സഹായി​ക്കു​ക​യാ​യി​രു​ന്നു. യഹോ​വയെ ആരാധി​ക്കു​ന്ന​തി​ന്റെ പേരിൽ വിശ്വാ​സ​ത്തി​ലി​ല്ലാത്ത കുടും​ബാം​ഗങ്ങൾ നമ്മളെ എതിർത്താ​ലും നമ്മൾ അവരെ തുടർന്നും സ്‌നേ​ഹി​ക്കണം. എന്നാൽ യഹോ​വയെ ആയിരി​ക്കണം കൂടുതൽ സ്‌നേ​ഹി​ക്കേ​ണ്ടത്‌.

വീട്ടു​കാ​രു​ടെ എതിർപ്പു നമ്മളെ ഒരുപാ​ടു വേദനി​പ്പി​ക്കും, അത്‌ ഉറപ്പാണ്‌. എന്നാൽ നമ്മൾ എപ്പോ​ഴും ഓർക്കേണ്ട ഒരു കാര്യം യേശു പറഞ്ഞു: “സ്വന്തം ദണ്ഡനസ്‌തം​ഭം എടുത്ത്‌ എന്നെ അനുഗ​മി​ക്കാ​ത്ത​വ​നും എന്റെ ശിഷ്യ​നാ​യി​രി​ക്കാൻ യോഗ്യ​നല്ല.” (മത്താ. 10:38) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ക്രിസ്‌തു​ശി​ഷ്യ​നാ​കാൻ ആഗ്രഹി​ക്കു​ന്നവർ പ്രശ്‌നങ്ങൾ സഹിക്കാൻ തയ്യാറാ​കണം. കുടും​ബാം​ഗ​ങ്ങ​ളിൽനി​ന്നുള്ള എതിർപ്പും അത്തരം പ്രശ്‌ന​ങ്ങ​ളു​ടെ ഭാഗമാ​ണെന്നു നമുക്ക്‌ ഓർക്കാം. ഒപ്പം ഇപ്പോൾ എതിർക്കുന്ന കുടും​ബാം​ഗ​ങ്ങൾപോ​ലും നമ്മുടെ നല്ല പെരു​മാ​റ്റം കണ്ടിട്ട്‌ ബൈബിൾ പഠിക്കാൻ തയ്യാറാ​കു​മെന്നു പ്രതീ​ക്ഷി​ക്കു​ക​യും ചെയ്യാം.—1 പത്രോ. 3:1, 2.