എന്റെ പട്ടിക്കുട്ടികളും ബിസ്ക്കറ്റും
യു.എസ്.എ.-യിലെ ഒറിഗണിലാണു നിക്ക് താമസിക്കുന്നത്. അദ്ദേഹം എഴുതുന്നു: “2014-ന്റെ തുടക്കം. ഞാൻ എന്റെ പട്ടിക്കുട്ടികളുമായി ടൗണിലൂടെ നടക്കാൻ പോയിത്തുടങ്ങി. അങ്ങനെ പോകുമ്പോൾ മിക്കവാറും യഹോവയുടെ സാക്ഷികൾ സാഹിത്യകൈവണ്ടിയുമായി അവിടെ നിൽക്കുന്നതു കാണാറുണ്ടായിരുന്നു. നല്ല വസ്ത്രമൊക്കെ ധരിച്ച്, അതുവഴി പോകുന്ന എല്ലാവരെയും നോക്കി പുഞ്ചിരിച്ചുകൊണ്ടാണ് അവർ നിന്നിരുന്നത്.
“മനുഷ്യരോടു മാത്രമല്ല എന്റെ പട്ടിക്കുട്ടികളോടും അവർ വളരെ സ്നേഹത്തോടെ ഇടപെട്ടു. ഒരു ദിവസം സാഹിത്യകൈവണ്ടിയുടെ അടുത്ത് നിന്നിരുന്ന ഇലേൻ എന്റെ പട്ടികൾക്കു കുറച്ച് ബിസ്ക്കറ്റ് കൊടുത്തു. അതിൽപ്പിന്നെ എപ്പോഴൊക്കെ അതുവഴി പോയാലും പട്ടികൾ എന്നെ അവരുടെ അടുത്തേക്കു വലിച്ചുകൊണ്ട് പോകാൻ ശ്രമിക്കും.
“അങ്ങനെ കുറെ മാസങ്ങൾ കടന്നുപോയി. ബിസ്ക്കറ്റ് കിട്ടുന്നതു പട്ടികൾക്ക് ഇഷ്ടമായിരുന്നു. ആ സാക്ഷികളുമായി കുശലം പറയുന്നത് എനിക്കും ഇഷ്ടമായിരുന്നു. പക്ഷേ അവരുമായി കൂടുതൽ അടുക്കാനൊന്നും ഞാൻ ആഗ്രഹിച്ചില്ല. എനിക്ക് അപ്പോൾ പ്രായം 70 കഴിഞ്ഞിരുന്നു. സാക്ഷികളുടെ വിശ്വാസങ്ങളെക്കുറിച്ചൊന്നും എനിക്ക് അറിയില്ലായിരുന്നു. സഭകളുടെ പല പഠിപ്പിക്കലുകളോടും യോജിക്കാൻ കഴിയാഞ്ഞതുകൊണ്ട് സ്വന്തമായി ബൈബിൾ പഠിക്കുന്നതാണു നല്ലതെന്നു ഞാൻ ചിന്തിച്ചു.
“ആ സമയത്ത് നഗരത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലെ സാഹിത്യകൈവണ്ടിയുമായി നിൽക്കുന്ന സാക്ഷികളെ ഞാൻ കണ്ടു. അവരും നല്ല സൗഹൃദഭാവമുള്ളവരായിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലാം അവർ എപ്പോഴും ബൈബിളിൽനിന്നാണ് ഉത്തരം തന്നിരുന്നത്. അങ്ങനെ പതിയെപ്പതിയെ എനിക്ക് അവരെ വിശ്വാസമായി.
“ഒരു ദിവസം ഇലേൻ ചോദിച്ചു, ‘മൃഗങ്ങൾ ദൈവം തന്നിരിക്കുന്ന ഒരു സമ്മാനമാണെന്നു തോന്നുന്നുണ്ടോ?’ ഞാൻ പറഞ്ഞു, ‘പിന്നില്ലേ, അതിനെന്താ സംശയം.’ അപ്പോൾ ഇലേൻ യശയ്യ 11:6-9 എന്നെ കാണിച്ചു. അതോടെ എനിക്കു ബൈബിൾ പഠിക്കാൻ ആഗ്രഹമായി. പക്ഷേ അപ്പോഴും സാക്ഷികളുടെ പ്രസിദ്ധീകരണമൊന്നും വായിക്കാൻ ഞാൻ ആഗ്രഹിച്ചില്ല.
“തുടർന്നുള്ള ദിവസങ്ങളിൽ ഇലേനും ഭർത്താവ് ബ്രന്റും രസകരമായ പല ബൈബിൾവിഷയങ്ങളെക്കുറിച്ചും എന്നോടു സംസാരിച്ചു. ആ കൊച്ചുകൊച്ചു ചർച്ചകൾ എനിക്ക് ഒരുപാട് ഇഷ്ടമായി. ക്രിസ്തുവിനെ എങ്ങനെ അനുകരിക്കാമെന്നു മനസ്സിലാക്കാൻ മത്തായി മുതൽ പ്രവൃത്തികൾ വരെയുള്ള ബൈബിൾപുസ്തകങ്ങൾ വായിച്ചുനോക്കുന്നതു നന്നായിരിക്കുമെന്ന് അവർ എന്നോടു പറഞ്ഞു. ഞാൻ അതുപോലെ ചെയ്തു. അധികം വൈകാതെ ഞാൻ അവരോടൊപ്പം ബൈബിൾ പഠിക്കാൻതുടങ്ങി. 2016-ലെ വേനൽക്കാലത്തായിരുന്നു അത്.
“ബൈബിൾപഠനങ്ങൾക്കും രാജ്യഹാളിൽ നടക്കുന്ന മീറ്റിങ്ങുകൾക്കും വേണ്ടി ഞാൻ എല്ലാ ആഴ്ചയും കാത്തിരിക്കുമായിരുന്നു. ബൈബിൾ ശരിക്കും എന്താണു പറയുന്നതെന്നു മനസ്സിലാക്കിയപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഒരു വർഷം കഴിഞ്ഞ് ഞാൻ സ്നാനപ്പെട്ട് യഹോവയുടെ സാക്ഷിയായി. ഇപ്പോൾ എനിക്ക് 79 വയസ്സുണ്ട്. സത്യമതം കണ്ടെത്താനായതിൽ എനിക്ക് ഒരുപാടു സന്തോഷം തോന്നുന്നു. യഹോവയുടെ ലോകമെങ്ങുമുള്ള കുടുംബത്തിലെ ഒരു അംഗമായി സ്വീകരിച്ചുകൊണ്ട് യഹോവ എന്നെ അനുഗ്രഹിച്ചിരിക്കുന്നു.”