നിങ്ങൾക്ക് അറിയാമോ?
ബാബിലോണിലെ ബേൽശസ്സർ ആരാണെന്നാണ് പുരാവസ്തുശാസ്ത്രം കണ്ടെത്തിയിരിക്കുന്നത്?
ബൈബിളിലെ ദാനിയേൽ പുസ്തകത്തിൽ പറയുന്ന ബേൽശസ്സർ രാജാവ് ഒരിക്കലും ജീവിച്ചിരുന്നിട്ടില്ലെന്നാണ് വളരെ കാലമായി ബൈബിളിന്റെ വിമർശകർ അവകാശപ്പെട്ടിരുന്നത്. (ദാനി. 5:1) പുരാവസ്തുശാസ്ത്രജ്ഞന്മാർക്ക് അദ്ദേഹം ജീവിച്ചിരുന്നതിന്റെ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാഞ്ഞതായിരുന്നു അതിനു കാരണം. എന്നാൽ 1854-ൽ കാര്യങ്ങൾക്കു മാറ്റം വന്നു. എങ്ങനെ?
ആ വർഷം ജെ.ജി. ടെയ്ലർ എന്ന ബ്രിട്ടീഷ് നയതന്ത്രോദ്യോഗസ്ഥൻ ഇന്നത്തെ ദക്ഷിണ ഇറാഖിന്റെ സ്ഥാനത്ത് സ്ഥിതി ചെയ്തിരുന്ന പുരാതന ഊർ നഗരത്തിൽനിന്ന് ചില പുരാവസ്തുശകലങ്ങൾ കണ്ടെടുത്തു. അവിടെ ഒരു വലിയ ഗോപുരത്തിൽ അദ്ദേഹം കുറെ കളിമൺ സിലിണ്ടറുകൾ കണ്ടെത്തി. ഏകദേശം 10 സെന്റീമീറ്റർ (4 ഇഞ്ച്) നീളം വരുന്ന ആ സിലിണ്ടറുകളിൽ ക്യൂണിഫോം ലിഖിതങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഒരു സിലിണ്ടറിൽ ബാബിലോൺ രാജാവ് നബോണീഡസിനും അദ്ദേഹത്തിന്റെ മൂത്ത മകൻ ബേൽശസ്സറിനും ദീർഘായുസ്സ് ലഭിക്കാനുള്ള ഒരു പ്രാർഥനയാണ് രേഖപ്പെടുത്തിയിരുന്നത്. ഇതു ലഭിച്ചതോടെ വിമർശകർക്കും സമ്മതിക്കേണ്ടിവന്നു, ബേൽശസ്സർ എന്ന വ്യക്തി ജീവിച്ചിരുന്നിട്ടുണ്ട് എന്ന്.
എന്നാൽ ബേൽശസ്സർ എന്ന ഒരാളുണ്ടായിരുന്നു എന്നു മാത്രമല്ല, അയാൾ ഒരു രാജാവായിരുന്നെന്നും ബൈബിൾ പറയുന്നു. പക്ഷേ ഇക്കാര്യത്തിലും വിമർശകർക്കു സംശയമുണ്ടായിരുന്നു. ഉദാഹരണത്തിന്, 19-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇംഗ്ലീഷുകാരനായ വില്യം ടാൽബോട്ട് എന്ന ശാസ്ത്രജ്ഞൻ ഇങ്ങനെ എഴുതി: ചിലർ പറയുന്നതു “ബെൽ-സർ-ഊസർ (ബേൽശസ്സർ) പിതാവായ നബോണീഡസിനൊപ്പം ഒരു സഹഭരണാധികാരിയായിരുന്നു എന്നാണ്. പക്ഷേ അതിനു യാതൊരു തെളിവുമില്ല.”
പക്ഷേ ആ സംശയത്തിനും പരിഹാരം കിട്ടി. എങ്ങനെ? ബേൽശസ്സറിന്റെ പിതാവായ നബോണീഡസ് രാജാവ് തലസ്ഥാനനഗരിയിൽനിന്ന് വർഷങ്ങളോളം മാറിനിന്നിരുന്നു എന്നു മറ്റു കളിമൺ സിലിണ്ടറുകളിലെ എഴുത്തുകളിൽനിന്ന് മനസ്സിലായി. നബോണീഡസ് ഇല്ലാതിരുന്ന സമയത്ത് എന്തു സംഭവിച്ചു? ബ്രിട്ടാനിക്ക സർവവിജ്ഞാനകോശം (ഇംഗ്ലീഷ്) ഇങ്ങനെ പറയുന്നു: “നബോണീഡസ് മറ്റൊരു രാജ്യത്തേക്കു പോയപ്പോൾ ഭരണവും തന്റെ സൈനികരിൽ കുറെയധികം പേരെയും ബേൽശസ്സറിനെ ഏൽപ്പിച്ചു.” അതുകൊണ്ട് ആ സമയത്ത് ബേൽശസ്സർ ബാബിലോണിന്റെ സഹഭരണാധികാരിയായി സേവിച്ചു എന്നു പറയാം. പുരാവസ്തുഗവേഷകനും ഭാഷാപണ്ഡിതനും ആയ അലൻ മിലാർഡ് പറയുന്നത്, “ബേൽശസ്സറിനെ ദാനിയേൽ പുസ്തകം ‘രാജാവ്’ എന്നു വിളിക്കുന്നത്” ഉചിതമാണ് എന്നാണ്.
എന്നാൽ, ദാനിയേൽ പുസ്തകം വിശ്വസനീയമാണെന്നും അതു ദൈവപ്രചോദിതമാണെന്നും ഉള്ളതിനു ദൈവദാസർക്കുള്ള ഏറ്റവും വലിയ തെളിവ് ബൈബിളിൽത്തന്നെയുണ്ട്.—2 തിമൊ. 3:16.