ഒരു പുരാതന ചുരുൾ ‘തുറക്കുന്നു’
കരിഞ്ഞ ഏൻ ഗദി ശകലം 1970-ൽ കണ്ടുകിട്ടിയപ്പോൾ അതു വായിക്കാൻ കഴിഞ്ഞില്ല. പിന്നീട്, ത്രിമാന സാങ്കേതികവിദ്യ ഉപയോഗിച്ച് ഇതു വായിച്ചെടുത്തപ്പോൾ ഇതു ലേവ്യ പുസ്‌തകത്തിന്റെ ഒരു ഭാഗമാണെന്നും അതിൽ ദൈവത്തിന്റെ പേരുണ്ടെന്നും കണ്ടെത്തി
വർഷം 1970. ഇസ്രായേലിൽ ചാവുകടലിന്റെ പടിഞ്ഞാറേ തീരത്തിന് അടുത്തുള്ള ഏൻ ഗദിയിൽ പുരാവസ്തുഗവേഷകർക്ക് ഒരു കരിഞ്ഞ ചുരുൾ കിട്ടി. എ.ഡി. ആറാം നൂറ്റാണ്ടിൽ നശിപ്പിക്കപ്പെട്ടതെന്നു കരുതുന്ന ഒരു ഗ്രാമത്തിലെ കത്തിക്കരിഞ്ഞ സിനഗോഗിൽ പര്യവേക്ഷണം നടത്തുന്നതിനിടെയാണ് അവർക്ക് ഈ ചുരുൾ കിട്ടിയത്. ചുരുളിൽ എഴുതിയിരുന്നതു വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കേടുപറ്റാതെ ചുരുൾ തുറക്കാനും കഴിയില്ലായിരുന്നു. എന്നാൽ ചുരുൾ തുറക്കാതെതന്നെ ഒരു ത്രിമാന (3-D) സ്കാനിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് അതു ‘തുറന്നു.’ ആ സാങ്കേതികവിദ്യയുടെ സഹായത്താൽ അതു വായിക്കാനും കഴിഞ്ഞു.
എന്തായിരുന്നു ആ ചുരുളിൽ? ലേവ്യ പുസ്‌തകത്തിന്റെ തുടക്കത്തിലെ ചില വാക്യങ്ങൾ അടങ്ങിയ ഒരു ബൈബിൾഭാഗമായിരുന്നു അത്. ആ വാക്യങ്ങളിൽ എബ്രായ ലിപിയിൽ ചതുരക്ഷരി ഉപയോഗിച്ച് ദൈവത്തിന്റെ പേര് എഴുതിയിരുന്നു. സാധ്യതയനുസരിച്ച്, എ.ഡി. 50-നും എ.ഡി. 400-നും ഇടയിൽ എഴുതപ്പെട്ടതായിരുന്നു ചുരുൾ. ചാവുകടൽ ചുരുളുകൾ (ഖുംറാൻ) കഴിഞ്ഞാൽ ഏറ്റവും പഴക്കമുള്ള എബ്രായ ബൈബിൾ ചുരുളാണ് ഇത്. ദ് ജറുസലേം പോസ്റ്റ് എന്ന പത്രത്തിൽ ഗിൽ സോഹർ എഴുതുന്നു: “ലേവ്യ പുസ്‌തകത്തിന്റെ ഏൻ ഗദി ചുരുൾ ‘തുറക്കുന്നതുവരെ’ 2,000 വർഷം പഴക്കംവരുന്ന ചാവുകടൽ ചുരുളിനും എ.ഡി. 1,000-ത്തോട് അടുത്ത് എഴുതപ്പെട്ട അലെപ്പോ കോഡക്സിനും ഇടയിൽ ഏകദേശം 1,000 വർഷത്തെ വിടവ് ഉണ്ടായിരുന്നു.” വിദഗ്ധരുടെ അഭിപ്രായത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ‘തുറന്ന’ ഈ ചുരുൾ കാണിക്കുന്നത്, തോറായുടെ (പഞ്ചഗ്രന്ഥങ്ങൾ) പാഠം ആയിരക്കണക്കിനു വർഷങ്ങൾ വിശ്വസ്തമായി പരിരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പകർപ്പെഴുത്തുകാരുടെ തെറ്റുകളൊന്നും കടന്നുകൂടിയിട്ടില്ലെന്നും ആണ്.