ആത്മാർപ്പണത്തിന്റെ മാതൃകകൾ—തുർക്കി
‘ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത’ കഴിയുന്നിടത്തോളം ആളുകളെ അറിയിക്കാൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ശരിക്കും കഠിനാധ്വാനം ചെയ്തു. (മത്താ. 24:14) അതിനുവേണ്ടി ചിലർ വിദേശരാജ്യങ്ങളിലേക്കുപോലും പോയി. ഉദാഹരണത്തിന്, അപ്പോസ്തലനായ പൗലോസ് തന്റെ മിഷനറിയാത്രകളിൽ ഇന്നത്തെ തുർക്കി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോകുകയും അവിടെ വ്യാപകമായി സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു. a 2,000-ത്തോളം വർഷങ്ങൾക്കു ശേഷം 2014-ാം ആണ്ടിൽ തുർക്കി ഒരിക്കൽക്കൂടി ഒരു പ്രത്യേക പ്രചാരണ പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായിത്തീർന്നു. എന്തിനുവേണ്ടിയായിരുന്നു ആ പ്രചാരണ പരിപാടി? ആരാണ് അതിൽ പങ്കുപറ്റിയത്?
“എന്താണ് ഇവിടെ നടക്കുന്നത്?”
തുർക്കിയിൽ 2,800-ലധികം പ്രചാരകരുണ്ട്. എന്നാൽ അവിടത്തെ ജനസംഖ്യ ഏകദേശം 7 കോടി 90 ലക്ഷം വരും. അനുപാതം നോക്കിയാൽ ഒരു പ്രചാരകൻ ഏകദേശം 28,000 പേരോടു സാക്ഷീകരിക്കണം. അതുകൊണ്ടുതന്നെ ആ രാജ്യത്തെ കുറച്ച് ആളുകളോടു മാത്രമേ സന്തോഷവാർത്ത അറിയിക്കാൻ പ്രചാരകർക്കു കഴിഞ്ഞിട്ടുള്ളൂ. ചുരുങ്ങിയ സമയംകൊണ്ട് കഴിയുന്നിടത്തോളം ആളുകളെ സത്യം അറിയിക്കുക എന്നതായിരുന്നു ഈ പ്രത്യേക പ്രചാരണ പരിപാടിയുടെ ഉദ്ദേശ്യം. ടർക്കിഷ് ഭാഷ സംസാരിക്കുന്ന ഏതാണ്ട് 550 പേർ മറ്റു രാജ്യങ്ങളിൽനിന്ന് തുർക്കിയിലേക്കു വരുകയും അവിടത്തെ പ്രചാരകരോടൊപ്പം ഈ പ്രത്യേകവേലയിൽ പങ്കെടുക്കുകയും ചെയ്തു. എന്തായിരുന്നു അതിന്റെ പ്രയോജനങ്ങൾ?
വ്യാപകമായി സാക്ഷ്യം കൊടുത്തു. ഇസ്താംബൂളിലുള്ള ഒരു സഭ ഇങ്ങനെ എഴുതി: “ഞങ്ങളെ കണ്ട് ആളുകൾ ചോദിച്ചു: ‘ഇവിടെ പ്രത്യേക കൺവെൻഷൻ വല്ലതും നടക്കുന്നുണ്ടോ? നോക്കുന്നിടത്തെല്ലാം യഹോവയുടെ സാക്ഷികളാണല്ലോ.’” ഇസ്മീർ എന്ന പട്ടണത്തിലെ സഭ ഇങ്ങനെ എഴുതി: “ഒരു ടാക്സി സ്റ്റാന്റിൽ ജോലി ചെയ്തിരുന്നയാൾ ഒരു മൂപ്പൻ സഹോദരനോടു ചോദിച്ചു: ‘എന്താണ് ഇവിടെ നടക്കുന്നത്? നിങ്ങൾ എന്താ, പ്രവർത്തനം കൂട്ടിയോ?’” അതെ, പ്രചാരണ പരിപാടി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.
വിദേശത്തുനിന്ന് വന്ന സഹോദരങ്ങളും ഇതു നന്നായി ആസ്വദിച്ചു. ഡെന്മാർക്കിൽനിന്ന് വന്ന സ്റ്റീഫൻ സഹോദരൻ ഇങ്ങനെ പറഞ്ഞു: “യഹോവയെക്കുറിച്ച് മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത ആരെയെങ്കിലുമൊക്കെ ഞാൻ എന്നും കണ്ടുമുട്ടിയിരുന്നു. അവരോടു സന്തോഷവാർത്ത അറിയിക്കാൻ എനിക്കായി. എന്റെ പ്രവർത്തനത്തിലൂടെ യഹോവയുടെ പേര് പ്രസിദ്ധമാകുന്നുണ്ടെന്ന് എനിക്കു ശരിക്കും തോന്നി.” ഫ്രാൻസിൽനിന്ന് വന്ന ഴാൻ ഡേവിഡ് ഇങ്ങനെ പറഞ്ഞു: “ഒരു തെരുവിൽത്തന്നെ ഞങ്ങൾ മണിക്കൂറുകളോളം സാക്ഷീകരിച്ചു. എന്തു രസമായിരുന്നെന്നോ! മിക്കവർക്കും യഹോവയുടെ സാക്ഷികളെ അറിയില്ലായിരുന്നു. ഏതാണ്ട് എല്ലാ വീടുകളിലും ഞങ്ങൾക്കു സംസാരിക്കാൻ കഴിഞ്ഞു. നമ്മുടെ ഏതെങ്കിലുമൊരു വീഡിയോ കാണിക്കാനും പ്രസിദ്ധീകരണങ്ങൾ കൊടുക്കാനും ഞങ്ങൾക്കു സാധിച്ചു.”
വെറും രണ്ട് ആഴ്ചകൊണ്ട് ഏകദേശം 60,000 പ്രസിദ്ധീകരണങ്ങൾ ആളുകൾക്കു നൽകാൻ ആ 550 പേർക്കു കഴിഞ്ഞു.
തീർച്ചയായും പ്രചാരണ പരിപാടി ഒരു വൻസാക്ഷ്യമായിരുന്നു.ശുശ്രൂഷയിലുള്ള ഉത്സാഹം വർധിച്ചു. ഈ പ്രത്യേക പരിപാടി അന്നാട്ടുകാരായ പല സഹോദരങ്ങൾക്കും ഉത്തേജനം പകർന്നു. പലരും മുഴുസമയസേവനത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങി. പ്രചാരണ പരിപാടിക്കു ശേഷമുള്ള 12 മാസംകൊണ്ട് തുർക്കിയിലെ സാധാരണ മുൻനിരസേവകരുടെ എണ്ണം 24 ശതമാനമാണു വർധിച്ചത്.
ഈ പ്രത്യേക പ്രചാരണ പരിപാടിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണു വിദേശത്തുനിന്നുള്ള സഹോദരങ്ങൾ സ്വന്തം നാട്ടിലേക്കു തിരിച്ചുപോയത്. ജർമനിയിൽനിന്ന് വന്ന ഷീരൻ എന്ന സഹോദരി ഇങ്ങനെ എഴുതി: “തുർക്കിയിലെ സഹോദരങ്ങൾ എത്ര എളുപ്പത്തിലാണ് അനൗപചാരികസാക്ഷീകരണം നടത്തുന്നതെന്നോ! പക്ഷേ ആ രീതി എനിക്കു ശരിക്കും ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഈ പ്രത്യേക പ്രചാരണ പരിപാടിയിൽ പങ്കെടുത്തതും അവിടത്തെ സഹോദരങ്ങളുടെ നല്ല മാതൃക കണ്ടതും പലവട്ടം പ്രാർഥിച്ചതും എന്നെ സഹായിച്ചു. മുമ്പ് എന്നെക്കൊണ്ട് പറ്റാതിരുന്നത് ഇപ്പോൾ എനിക്കു സാധിക്കുന്നുണ്ട്. റെയിൽവേസ്റ്റേഷനിൽപ്പോലും സാക്ഷീകരിക്കാനും ലഘുലേഖകൾ കൊടുക്കാനും എനിക്കു കഴിഞ്ഞു. എനിക്കു പഴയതുപോലെ മടിയും ലജ്ജയും തോന്നാറില്ല.”
ജർമനിയിൽനിന്ന് വന്ന ജോഹാനസ് പറയുന്നു: “എന്റെ ശുശ്രൂഷയിൽ ഉപകാരപ്പെടുന്ന കുറെ കാര്യങ്ങൾ ഞാൻ പഠിച്ചു. കഴിയുന്നിടത്തോളം ആളുകളെ സത്യം അറിയിക്കാൻ ആഗ്രഹിക്കുന്നവരാണു തുർക്കിയിലെ സഹോദരങ്ങൾ. കിട്ടുന്ന അവസരങ്ങളിലെല്ലാം അവർ സാക്ഷീകരിക്കാറുണ്ട്. ജർമനിയിലേക്കു മടങ്ങിയാലും അതുതന്നെ ചെയ്യുമെന്ന് അന്നു ഞാൻ തീരുമാനിച്ചു. ഇപ്പോൾ മുമ്പത്തേതിനെക്കാൾ കൂടുതൽ ആളുകളോടു ഞാൻ സംസാരിക്കാറുണ്ട്.”
“ഈ പ്രചാരണ പരിപാടി എന്റെ ശുശ്രൂഷയെ കാര്യമായി സ്വാധീനിച്ചു. എന്റെ ധൈര്യം കൂടി. മുമ്പത്തേതിലും യഹോവയിൽ ആശ്രയിക്കാനും അത് എന്നെ സഹായിച്ചു” എന്ന് ഫ്രാൻസിൽനിന്നുള്ള സേനപ് പറയുന്നു.
പ്രചാരകർ തമ്മിൽ കൂടുതൽ അടുത്തു. വ്യത്യസ്തരാജ്യങ്ങളിൽനിന്ന് വന്ന സഹോദരങ്ങളുടെ സ്നേഹവും ഐക്യവും ഒരു മായാത്ത മുദ്ര പതിപ്പിച്ചു. മുമ്പ് പരാമർശിച്ച ഴാൻ ഡേവിഡ് ഇങ്ങനെ പറയുന്നു: “സഹോദരങ്ങളുടെ ആതിഥ്യം ഞങ്ങൾ ശരിക്കും ‘രുചിച്ചറിഞ്ഞു.’ ഞങ്ങൾ നല്ല കൂട്ടുകാരായി. കുടുംബാംഗങ്ങളെപ്പോലെയാണ് അവർ ഞങ്ങളെ കണ്ടത്. അവർ ഞങ്ങൾക്കായി വാതിലുകൾ തുറന്നിട്ടു. നമ്മൾ ഒരു അന്തർദേശീയസഹോദരസമൂഹത്തിന്റെ ഭാഗമാണെന്ന് എനിക്ക് അറിയാമായിരുന്നു. പലവട്ടം ഞാൻ അതു പ്രസിദ്ധീകരണങ്ങളിൽ വായിച്ചിട്ടുമുണ്ട്. പക്ഷേ ഇപ്പോഴാണു ഞാൻ അത് അനുഭവിച്ചറിഞ്ഞത്. യഹോവയുടെ ജനത്തിലെ അംഗമായിരിക്കുന്നതിൽ ഇപ്പോൾ ഞാൻ കൂടുതൽ അഭിമാനിക്കുന്നു. ഈ മഹത്തായ പദവി തന്നതിനു ഞാൻ യഹോവയ്ക്കു നന്ദി പറയുകയാണ്.”
“ജർമനി, ഡെന്മാർക്ക്, തുർക്കി, ഫ്രാൻസ് എന്നിങ്ങനെ പല രാജ്യങ്ങളിൽനിന്നായിരുന്നെങ്കിലും ഞങ്ങളെല്ലാം ഒറ്റ കുടുംബമായിരുന്നു.
ഒരു വലിയ റബ്ബർകൊണ്ട് ദൈവം ദേശീയാതിർത്തികൾ മായ്ച്ചുകളഞ്ഞതുപോലെ തോന്നി.” ഫ്രാൻസിൽനിന്നുള്ള ക്ലെയറിന്റെ വാക്കുകളാണ് ഇത്.ഫ്രാൻസിൽനിന്നുതന്നെയുള്ള സ്റ്റെഫാനി ഇങ്ങനെ പറയുന്നു: “സംസ്കാരമോ ഭാഷയോ ഒന്നുമല്ല, യഹോവയോടുള്ള സ്നേഹമാണു നമ്മളെ ഒന്നിപ്പിച്ചുനിറുത്തുന്നത് എന്ന് ഈ പ്രത്യേക പ്രചാരണ പരിപാടി ഞങ്ങളെ പഠിപ്പിച്ചു.”
ദീർഘകാലപ്രയോജനങ്ങൾ
തുർക്കിയിൽ ഇനിയും ധാരാളം ചെയ്തുതീർക്കാനുണ്ട്. അതിൽ സഹായിക്കാനായി അവിടേക്കു മാറിത്താമസിക്കുന്നതിനെക്കുറിച്ച് ഈ പ്രചാരണ പരിപാടിയിൽ പങ്കുപറ്റിയ വിദേശികളായ പല സഹോദരങ്ങളും ചിന്തിക്കാൻ തുടങ്ങി. ചിലർ ഇതിനോടകം അവിടേക്കു മാറിക്കഴിഞ്ഞു. ഇവരുടെ സന്നദ്ധമനോഭാവത്തെ അഭിനന്ദിച്ചേ മതിയാകൂ.
ഉദാഹരണത്തിന്, 25 പ്രചാരകരുള്ള ഒറ്റപ്പെട്ട ഒരു ഗ്രൂപ്പിന്റെ കാര്യമെടുക്കുക. വർഷങ്ങളായി അവിടെ ഒരു മൂപ്പനേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഈ ഗ്രൂപ്പിനെ പിന്തുണയ്ക്കാൻ ജർമനിയിൽനിന്നും നെതർലൻഡ്സിൽനിന്നും ഉള്ള ആറു സഹോദരങ്ങൾ 2015-ൽ അവിടേക്കു മാറിത്താമസിച്ചപ്പോൾ അവിടെയുള്ള പ്രചാരകർക്ക് എത്ര സന്തോഷമായിക്കാണും!
മുൻനിരയിൽ സേവിക്കുന്നു
തുർക്കിയിലെ ആവശ്യം കണക്കിലെടുത്ത് അവിടേക്കു മാറിത്താമസിച്ച സഹോദരങ്ങൾ അവിടത്തെ ജീവിതത്തെക്കുറിച്ച് എന്തു പറയുന്നു? അവർക്കു ചില ബുദ്ധിമുട്ടുകളൊക്കെ തോന്നാറുണ്ട് എന്നതു ശരിയാണ്. എന്നാൽ ആവശ്യം അധികമുള്ളിടത്തേക്കു മാറിത്താമസിക്കുന്നതിനു ധാരാളം പ്രതിഫലങ്ങളുണ്ട്. ചിലരുടെ അഭിപ്രായങ്ങൾ നോക്കാം:
സ്പെയിനിൽനിന്നുള്ള, 40 കഴിഞ്ഞ, വിവാഹിതനായ ഒരു സഹോദരനാണു ഫെഡറികോ. അദ്ദേഹം പറയുന്നു: “നമ്മുടെ ശ്രദ്ധ കവർന്നെടുക്കുന്ന അധികം സാധനസാമഗ്രികളൊന്നും ഇല്ലാത്തതുകൊണ്ട് എനിക്കു സ്വാതന്ത്ര്യം തോന്നുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എനിക്കു കഴിയുന്നു.” ഈ സേവനം ഏറ്റെടുക്കാൻ അദ്ദേഹം മറ്റുള്ളവരോടു ശുപാർശ ചെയ്യുമോ? അദ്ദേഹം പറയുന്നു: “തീർച്ചയായും! യഹോവയെ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിനുവേണ്ടി ഒരു വിദേശരാജ്യത്തേക്കു മാറിത്താമസിക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ യഹോവയുടെ കൈയിൽ ഏൽപ്പിക്കുകയാണ്. യഹോവയുടെ കരുതൽ നിങ്ങൾ ശരിക്കും അനുഭവിച്ചറിയും, ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത രീതിയിൽ.”
“മുൻനിരയിൽ സേവിക്കുന്നതും സത്യത്തെക്കുറിച്ച് മുമ്പ് കേട്ടിട്ടില്ലാത്ത അനവധി ആളുകളോട് അത് അറിയിക്കുന്നതും എത്രമാത്രം സംതൃപ്തി തരുന്നെന്നോ! സത്യം സ്വീകരിക്കുന്ന ആളുകളുടെ സന്തോഷം കാണുമ്പോൾ ഞങ്ങളുടെ ഹൃദയം നിറയുന്നു.” 60-നോട് അടുത്ത് പ്രായമുള്ള, നെതർലൻഡ്സിൽനിന്ന് വന്ന, വിവാഹിതനായ റൂഡി സഹോദരന്റെ വാക്കുകളാണ് ഇത്.
ജർമനിയിൽനിന്ന് വന്ന, 40-ലേറെ പ്രായമുള്ള, വിവാഹിതനായ ഒരു സഹോദരനാണു സാഷാ. അദ്ദേഹം പറയുന്നു: “ഓരോ തവണ ശുശ്രൂഷയ്ക്കു പോകുമ്പോഴും സത്യത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്ന ആരെയെങ്കിലുമൊക്കെ ഞാൻ കണ്ടുമുട്ടാറുണ്ട്. യഹോവയെക്കുറിച്ച് അറിയാൻ അവർക്ക് അവസരം കൊടുക്കുമ്പോൾ എനിക്കു വളരെയധികം സംതൃപ്തി തോന്നുന്നു.”
35-നോടടുത്ത് പ്രായമുള്ള, ജപ്പാൻകാരിയായ അറ്റ്സുകോ സഹോദരി പറയുന്നു: “മുമ്പ്, എനിക്ക് എത്രയും പെട്ടെന്ന് അർമഗെദോൻ വന്നാൽ മതിയെന്നായിരുന്നു. എന്നാൽ തുർക്കിയിലേക്കു മാറിത്താമസിച്ചതോടെ എന്റെ ചിന്ത മാറി. യഹോവ ഇപ്പോഴും ക്ഷമ കാണിക്കുന്നതിനു ഞാൻ നന്ദി പറയാറുണ്ട്. യഹോവ കാര്യങ്ങൾ നയിക്കുന്നതു കാണുംതോറും യഹോവയോടു കൂടുതൽ അടുക്കാൻ എനിക്കു തോന്നുന്നു.”
റഷ്യയിൽനിന്നുള്ള, 30 കഴിഞ്ഞ അലീസ സഹോദരി അഭിപ്രായപ്പെടുന്നു: “ശുശ്രൂഷയുടെ ഈ മേഖലയിൽ യഹോവയെ സേവിക്കുന്നത് യഹോവയുടെ നന്മ രുചിച്ചറിയാൻ എന്നെ സഹായിച്ചിരിക്കുന്നു.” (സങ്കീ. 34:8) സഹോദരി ഇങ്ങനെയും പറയുന്നു: “യഹോവ എന്റെ പിതാവ് മാത്രമല്ല അടുത്ത സുഹൃത്തുംകൂടിയാണ്. പുതിയപുതിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ എനിക്ക് യഹോവയെ കൂടുതൽ അടുത്തറിയാൻ കഴിയുന്നു. സന്തോഷകരമായ എത്രയെത്ര നിമിഷങ്ങൾ! ആവേശകരമായ എത്രയെത്ര അനുഭവങ്ങൾ! എന്റെ ജീവിതം അനുഗ്രഹങ്ങളാൽ നിറഞ്ഞതാണ്.”
“വയലിലേക്കു നോക്കുക”
പ്രത്യേക പ്രചാരണ പരിപാടിയിലൂടെ തുർക്കിയിൽ അനേകം ആളുകളുടെ അടുത്ത് സന്തോഷവാർത്ത എത്തിക്കാൻ കഴിഞ്ഞു. എങ്കിലും അവിടെ വലിയൊരു പ്രദേശം പ്രവർത്തിക്കാൻ ബാക്കിയുണ്ട്. അവിടേക്കു മാറിത്താമസിച്ച സഹോദരങ്ങൾ, യഹോവയെക്കുറിച്ച് മുമ്പ് ഒരിക്കലും കേട്ടിട്ടില്ലാത്ത ആളുകളെ ദിവസവും കണ്ടുമുട്ടാറുണ്ട്. അങ്ങനെ ഒരു പ്രദേശത്ത് പ്രവർത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഞങ്ങൾക്കു നിങ്ങളോടു പറയാനുള്ളത് ഇതാണ്: “തല പൊക്കി വയലിലേക്കു നോക്കുക. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.” (യോഹ. 4:35) ലോകത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത്, “കൊയ്ത്തിനു പാകമായിരിക്കുന്ന” വയലുകളിൽ പ്രവർത്തിക്കാൻ നിങ്ങൾക്കു കഴിയുമോ? അങ്ങനെയെങ്കിൽ, ആ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന കാര്യങ്ങൾ ഇപ്പോൾത്തന്നെ ചെയ്തുതുടങ്ങുക. ഒരു കാര്യം ഉറപ്പാണ്: “ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ” സന്തോഷവാർത്ത എത്തിക്കാൻ നിങ്ങൾ കൂടുതലായി പ്രവർത്തിക്കുമ്പോൾ സമൃദ്ധമായ അനുഗ്രഹങ്ങൾ നിങ്ങളെ തേടിയെത്തും, തീർച്ച.—പ്രവൃ. 1:8.