വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ

കൂടുതൽ രാജ്യ​പ്ര​സം​ഗ​കരെ ആവശ്യ​മുള്ള സ്ഥലങ്ങളിൽ പോയി സേവി​ക്കുന്ന ഉത്സാഹ​മുള്ള സാക്ഷി​ക​ളു​ടെ കൂട്ടത്തിൽ ഏകാകി​ക​ളായ ധാരാളം സഹോ​ദ​രി​മാ​രുണ്ട്‌. അവരിൽ ചിലർ അനേക​വർഷ​ങ്ങ​ളാ​യി വിദേ​ശത്ത്‌ സേവി​ക്കു​ന്ന​വ​രാണ്‌. വർഷങ്ങൾക്കു മുമ്പ്‌ ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ക്കാൻ അവരെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? ആ സേവന​ത്തി​ലാ​യി​രു​ന്ന​പ്പോൾ അവർ എന്തൊക്കെ പഠിച്ചു? അതു​കൊണ്ട്‌ അവർക്കു ലഭിച്ച അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്കെ​യാണ്‌? അനുഭ​വ​സ​മ്പ​ന്ന​രായ ഈ സഹോ​ദ​രി​മാ​രിൽ പലരോ​ടും ഞങ്ങൾ സംസാ​രി​ച്ചു. വളരെ​യ​ധി​കം സംതൃ​പ്‌തി തരുന്ന ശുശ്രൂ​ഷ​യു​ടെ ഈ വശത്ത്‌ പ്രവർത്തി​ക്ക​ണ​മെന്ന്‌ ആത്മാർഥ​മാ​യി ആഗ്രഹി​ക്കുന്ന ഏകാകി​യായ ഒരു സഹോ​ദ​രി​യാ​ണോ നിങ്ങൾ? എങ്കിൽ ഇവർ പറയുന്ന കാര്യങ്ങൾ തീർച്ച​യാ​യും നിങ്ങൾക്കു പ്രയോ​ജനം ചെയ്യും. യഥാർഥ​ത്തിൽ, സഹോ​ദ​ര​ങ്ങൾക്ക്‌ എല്ലാവർക്കും ഇവരുടെ മാതൃ​ക​യിൽനിന്ന്‌ പ്രയോ​ജ​ന​മുണ്ട്‌.

സംശയങ്ങൾ മറിക​ട​ക്കു​ന്നു

അനീറ്റ

ഒരു വിദേശരാജ്യത്ത്‌ ഒറ്റയ്‌ക്കു പോയി മുൻനിരസേവനം ചെയ്‌താൽ വിജയിക്കുമോ എന്നു നിങ്ങൾക്കു സംശയമുണ്ടോ? ഇപ്പോൾ 75 വയസ്സു പ്രായ​മുള്ള അനീറ്റ​യ്‌ക്കു തനിക്ക്‌ അതിനുള്ള പ്രാപ്‌തി​യു​ണ്ടോ എന്നു സംശയ​മാ​യി​രു​ന്നു. ഇംഗ്ലണ്ടി​ലാണ്‌ അനീറ്റ വളർന്നത്‌. 18 വയസ്സു​മു​തൽ അവിടെ മുൻനി​ര​സേ​വനം ചെയ്‌തു. അനീറ്റ പറയുന്നു: “യഹോ​വ​യെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു. പക്ഷേ വിദേ​ശത്ത്‌ പോയി സേവി​ക്കാൻ കഴിയു​മെന്നു സ്വപ്‌ന​ത്തിൽപ്പോ​ലും ഞാൻ വിചാ​രി​ച്ചതല്ല. എനിക്കു മറ്റൊരു ഭാഷ അറിയി​ല്ലാ​യി​രു​ന്നു. പുതി​യൊ​രു ഭാഷ പഠിക്കാൻ എനിക്കു കഴിയി​ല്ലെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചത്‌. അതു​കൊണ്ട്‌ ഗിലെ​യാദ്‌ സ്‌കൂ​ളി​ലേക്ക്‌ എന്നെ ക്ഷണിച്ച​പ്പോൾ ഞാൻ ഞെട്ടി​പ്പോ​യി. ഇത്രയും കഴിവി​ല്ലാത്ത എനിക്ക്‌ ആ ക്ഷണം കിട്ടി​യ​ല്ലോ എന്നു ഞാൻ ഓർത്തു. പക്ഷേ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘എന്നെ​ക്കൊണ്ട്‌ അതിനു പറ്റു​മെന്ന്‌ യഹോ​വ​യ്‌ക്കു തോന്നു​ന്നു​ണ്ടെ​ങ്കിൽ ഞാൻ അതിനു ശ്രമി​ക്കും.’ 50 വർഷം മുമ്പാ​യി​രു​ന്നു അത്‌. അന്നുമു​തൽ ഞാൻ ജപ്പാനിൽ ഒരു മിഷന​റി​യാ​യി സേവി​ക്കു​ന്നു.” അനീറ്റ കൂട്ടി​ച്ചേർക്കു​ന്നു: “ചില​പ്പോൾ കണ്ണൊന്നു ചിമ്മി​ക്കൊണ്ട്‌ ചെറു​പ്പ​ക്കാ​രി​ക​ളായ സഹോ​ദ​രി​മാ​രോ​ടു ഞാൻ പറയും, ‘നിങ്ങളു​ടെ സാധനങ്ങൾ കെട്ടി​പ്പെ​റു​ക്കി എന്റെകൂ​ടെ വരുക. എക്കാല​ത്തെ​യും ഏറ്റവും ആവേശ​ക​ര​മായ പ്രവർത്ത​ന​ത്തിൽ എന്നോ​ടൊ​പ്പം ചേരുക.’ പലരും അങ്ങനെ ചെയ്‌തി​രി​ക്കു​ന്ന​തിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌.”

ധൈര്യം സംഭരി​ക്കു​ന്നു

വിദേ​ശത്ത്‌ പോയി സേവിച്ച മിക്ക സഹോ​ദ​രി​മാർക്കും തുടക്ക​ത്തിൽ അങ്ങനെ ചെയ്യാൻ അൽപ്പം മടിയു​ണ്ടാ​യി​രു​ന്നു. അവർക്ക്‌ എങ്ങനെ​യാണ്‌ ആവശ്യ​മായ ധൈര്യം ലഭിച്ചത്‌?

മൗറീൻ

ഇപ്പോൾ 64 വയസ്സുള്ള മൗറീൻ പറയുന്നു: “വളർന്നു​വ​ന്ന​പ്പോൾ മറ്റുള്ള​വരെ സഹായി​ച്ചു​കൊണ്ട്‌ ഉദ്ദേശ്യ​മുള്ള ഒരു ജീവി​ത​മു​ണ്ടാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചു.” 20 വയസ്സു തികഞ്ഞ​പ്പോൾ മൗറീൻ മുൻനി​ര​സേ​വ​ക​രു​ടെ ആവശ്യം കൂടു​ത​ലു​ണ്ടാ​യി​രുന്ന കനഡയി​ലെ ക്യു​ബെ​ക്കി​ലേക്കു മാറി​ത്താ​മ​സി​ച്ചു. “പിന്നീട്‌ എനിക്കു ഗിലെ​യാദ്‌ സ്‌കൂ​ളി​ലേക്കു ക്ഷണം ലഭിച്ചു, പക്ഷേ സുഹൃ​ത്തു​ക്ക​ളൊ​ന്നും ഇല്ലാതെ പരിച​യ​മൊ​ന്നു​മി​ല്ലാത്ത ഒരു സ്ഥലത്തേക്കു പോകുന്ന കാര്യം ഓർത്ത​പ്പോൾ എനിക്കു പേടി തോന്നി. രോഗി​യായ പപ്പയെ ശുശ്രൂ​ഷി​ച്ചു​കൊ​ണ്ടി​രുന്ന അമ്മയെ വിട്ടു​പോ​കുന്ന കാര്യ​വും എന്നെ വിഷമി​പ്പി​ച്ചു. പല രാത്രി​ക​ളിൽ ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ കണ്ണുനീ​രോ​ടെ യഹോ​വ​യോ​ടു ഞാൻ യാചിച്ചു. എന്റെ ഉത്‌ക​ണ്‌ഠ​ക​ളെ​ക്കു​റിച്ച്‌ ഞാൻ പപ്പയോ​ടും മമ്മി​യോ​ടും പറഞ്ഞു. എന്നാൽ അവർ ആ ക്ഷണം സ്വീക​രി​ക്കാ​നാണ്‌ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചത്‌. എന്റെ പപ്പയ്‌ക്കും മമ്മിക്കും സഭയി​ലു​ള്ളവർ ആവശ്യ​മായ സഹായം ചെയ്യു​ന്ന​തും ഞാൻ കണ്ടു. യഹോ​വ​യു​ടെ കരുത​ലുള്ള കൈ കണ്ടത്‌ യഹോവ എന്നെയും പരിപാ​ലി​ക്കു​മെന്നു വിശ്വ​സി​ക്കാൻ എന്നെ സഹായി​ച്ചു. അങ്ങനെ പോകാൻ ഞാൻ തയ്യാറാ​യി.” 1979 മുതൽ 30-ലധികം വർഷം മൗറീൻ വെസ്റ്റ്‌ ആഫ്രി​ക്ക​യിൽ ഒരു മിഷന​റി​യാ​യി സേവിച്ചു. ഇപ്പോൾ മൗറീൻ കനഡയി​ലാണ്‌, അമ്മയെ​യും പരിച​രിച്ച്‌ പ്രത്യേ​ക​മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തി​ക്കു​ന്നു. വിദേ​ശത്ത്‌ സേവിച്ച കാലങ്ങ​ളി​ലേക്കു തിരി​ഞ്ഞു​നോ​ക്കി​ക്കൊണ്ട്‌ മൗറീൻ പറയുന്നു: “എനിക്കു വേണ്ട​തെ​ല്ലാം വേണ്ട സമയത്ത്‌ യഹോവ എപ്പോ​ഴും തന്നിട്ടുണ്ട്‌.”

വെൻഡി

65-കാരി​യായ വെൻഡി 14 വയസ്സു​മു​തൽ ഓസ്‌​ട്രേ​ലി​യ​യിൽ മുൻനി​ര​സേ​വനം ചെയ്യാൻ തുടങ്ങി. വെൻഡി ഓർക്കു​ന്നു: “എനിക്കു വലിയ പേടി​യാ​യി​രു​ന്നു, പരിച​യ​മി​ല്ലാത്ത ആളുക​ളോ​ടു സംസാ​രി​ക്കാൻ എനിക്കു ബുദ്ധി​മു​ട്ടാ​യി​രു​ന്നു. പക്ഷേ എല്ലാത്തരം ആളുക​ളോ​ടും സംസാ​രി​ക്കാൻ മുൻനി​ര​സേ​വനം ചെയ്‌ത​തു​വഴി ഞാൻ പഠിച്ചു. അങ്ങനെ എനിക്ക്‌ ആത്മവി​ശ്വാ​സം കൂടി. പിന്നെ​പ്പി​ന്നെ ലജ്ജ ഒരു പ്രശ്‌ന​മ​ല്ലാ​താ​യി. യഹോ​വ​യിൽ ആശ്രയി​ക്കാൻ മുൻനി​ര​സേ​വനം എന്നെ പഠിപ്പി​ച്ചു. വിദേ​ശത്ത്‌ സേവി​ക്കു​ക​യെ​ന്നത്‌, ചെയ്യാൻ കഴിയുന്ന ഒരു കാര്യ​മാ​ണെന്ന്‌ എനിക്കു തോന്നി​ത്തു​ടങ്ങി. കൂടാതെ, മുമ്പ്‌ ജപ്പാനിൽ 30 വർഷത്തി​ലേറെ സേവിച്ച ഏകാകി​യായ ഒരു സഹോ​ദരി മൂന്നു മാസ​ത്തേക്കു ജപ്പാനിൽ ഒരു സാക്ഷീ​ക​ര​ണ​പ​ര്യ​ട​ന​ത്തിന്‌ എന്നെ ക്ഷണിച്ചു. ആ സഹോ​ദ​രി​യോ​ടൊ​പ്പം പ്രവർത്തി​ച്ചതു വിദേ​ശത്ത്‌ സേവി​ക്കാ​നുള്ള എന്റെ ആഗ്രഹം ശക്തമാക്കി.” 1980-കളുടെ മധ്യത്തിൽ ഓസ്‌​ട്രേ​ലി​യ​യ്‌ക്ക്‌ ഏകദേശം 1,770 കിലോ​മീ​റ്റർ കിഴക്കുള്ള വന്വാട്ടു എന്ന ദ്വീപി​ലേക്കു വെൻഡി പോയി.

വെൻഡി ഇപ്പോ​ഴും വന്വാ​ട്ടു​വി​ലാണ്‌. അവിടത്തെ വിദൂര പരിഭാ​ഷാ​കേ​ന്ദ്ര​ത്തിൽ സേവി​ക്കു​ന്നു. വെൻഡി പറയുന്നു: “ഒറ്റപ്പെട്ട പ്രദേ​ശ​ങ്ങ​ളിൽ പുതിയ സഭകളും ഗ്രൂപ്പു​ക​ളും ആരംഭി​ക്കു​ന്നതു കാണു​ന്ന​താണ്‌ എന്റെ ഏറ്റവും വലിയ സന്തോഷം. യഹോ​വ​യു​ടെ പ്രവർത്തനം ഈ ദ്വീപു​ക​ളിൽ നടക്കു​മ്പോൾ അതിൽ ഒരു ചെറിയ പങ്കുണ്ടാ​യി​രി​ക്കാൻ എനിക്കു ലഭിച്ച പദവി വാക്കു​കൾകൊണ്ട്‌ വിവരി​ക്കാ​നാ​കില്ല.”

കുമി​കൊ (നടുക്ക്‌)

കുമി​കൊ​യ്‌ക്ക്‌ ഏകദേശം 65 വയസ്സുണ്ട്‌. ജപ്പാനിൽ ഒരു മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ഴാ​ണു കുമി​കൊ​യു​ടെ മുൻനി​ര​സേ​വ​ന​പ​ങ്കാ​ളി നേപ്പാ​ളിൽ പോയി സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അവരോ​ടു പറഞ്ഞത്‌. കുമി​കൊ പറയുന്നു: “അവൾ എന്നോട്‌ അതെക്കു​റിച്ച്‌ എപ്പോ​ഴും പറയു​മാ​യി​രു​ന്നു. പക്ഷേ ഓരോ തവണയും പറ്റി​ല്ലെ​ന്നാ​ണു ഞാൻ പറഞ്ഞത്‌. ഒരു പുതിയ ഭാഷ പഠിക്കു​ന്ന​തും പുതിയ ചുറ്റു​പാ​ടു​ക​ളു​മാ​യി ഇണങ്ങി​ച്ചേ​രു​ന്ന​തും ഒക്കെ ബുദ്ധി​മു​ട്ടാ​യി​രി​ക്കു​മെന്ന്‌ എനിക്കു തോന്നി. പണവും ഒരു പ്രശ്‌ന​മാ​യി​രു​ന്നു. ഇതെക്കു​റി​ച്ചെ​ല്ലാം ചിന്തി​ച്ചു​കൊ​ണ്ടി​രുന്ന ഒരു സമയത്താ​ണു സ്‌കൂട്ടർ അപകടം ഉണ്ടായി ഞാൻ ആശുപ​ത്രി​യി​ലാ​യത്‌. അവി​ടെ​യാ​യി​രു​ന്ന​പ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു: ‘ഇനി എനിക്ക്‌ എന്താണു സംഭവി​ക്കാൻപോ​കു​ന്ന​തെന്ന്‌ ആർക്ക്‌ അറിയാം. വലിയ അസുഖ​മെ​ങ്ങാ​നും വന്നാലോ? പിന്നെ ഒരിക്ക​ലും എനിക്കു വിദേ​ശത്ത്‌ സേവി​ക്കാൻ അവസരം കിട്ടില്ല. ഇപ്പോൾ ഒരു വർഷ​ത്തേക്ക്‌ എങ്കിലും വിദേ​ശത്ത്‌ സേവി​ക്കാൻ എനിക്കു കഴിയി​ല്ലേ?’ നല്ല തീരു​മാ​ന​മെ​ടു​ക്കാൻ എന്നെ സഹായി​ക്കേ​ണമേ എന്നു ഞാൻ യഹോ​വ​യോട്‌ ആത്മാർഥ​മാ​യി പ്രാർഥി​ച്ചു.” ആശുപ​ത്രി വിട്ട​ശേഷം കുമി​കൊ നേപ്പാൾ സന്ദർശി​ച്ചു. പിന്നീട്‌, കുമി​കൊ​യും മുൻനി​ര​സേ​വ​ന​പ​ങ്കാ​ളി​യും അവി​ടേക്കു മാറി​ത്താ​മ​സി​ച്ചു.”

നേപ്പാ​ളി​ലെ കഴിഞ്ഞ പത്തു വർഷത്തെ സേവന​കാ​ല​ത്തേക്കു തിരി​ഞ്ഞു​നോ​ക്കി​ക്കൊണ്ട്‌ കുമി​കൊ പറയുന്നു: “ഞാൻ ഉത്‌ക​ണ്‌ഠ​പ്പെ​ട്ടു​കൊ​ണ്ടി​രുന്ന എന്റെ പ്രശ്‌നങ്ങൾ ചെങ്കടൽ മാറി​പ്പോ​യ​തു​പോ​ലെ എന്റെ മുന്നിൽനിന്ന്‌ നീങ്ങി​പ്പോ​യി. ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോയി സേവി​ക്കാൻ ഞാൻ എടുത്ത തീരു​മാ​ന​ത്തെ​ക്കു​റിച്ച്‌ എനിക്കു വളരെ സന്തോഷം തോന്നു​ന്നു. മിക്ക​പ്പോ​ഴും ഒരു വീട്ടിൽ ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ അടുത്ത വീടു​ക​ളി​ലെ അഞ്ചോ ആറോ പേരൊ​ക്കെ അതു കേൾക്കാൻ വരും. ചെറിയ കുട്ടി​കൾപോ​ലും ആദര​വോ​ടെ, ബൈബി​ളി​നെ​ക്കു​റി​ച്ചുള്ള ലഘുലേഖ തരാമോ എന്നു ചോദി​ക്കും. ശ്രദ്ധി​ക്കാൻ മനസ്സു കാണി​ക്കുന്ന ഈ പ്രദേ​ശത്ത്‌ പ്രവർത്തി​ക്കു​ന്നതു വലിയ സന്തോ​ഷ​മാണ്‌.”

പ്രശ്‌ന​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നു

ഏകാകി​ക​ളും ധീരരും ആയ ഈ സഹോ​ദ​രി​മാർക്കു പല പ്രശ്‌ന​ങ്ങ​ളും ഉണ്ടായി. അവർ എങ്ങനെ​യാണ്‌ അതു കൈകാ​ര്യം ചെയ്‌തത്‌?

ഡയാനെ

കനഡയിൽനി​ന്നു​ള്ള ഡയാനെ പറയുന്നു: “വീട്ടിൽനിന്ന്‌ മാറി​നിൽക്കു​ന്നത്‌ ആദ്യ​മൊ​ക്കെ വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു.” ഡയാ​നെക്ക്‌ ഇപ്പോൾ 60-നു മുകളിൽ പ്രായ​മുണ്ട്‌. അവർ 20 വർഷം ഐവറി കോസ്റ്റിൽ (ഇപ്പോ​ഴത്തെ കോറ്റ്‌-ഡീ ഐവോർ) മിഷന​റി​യാ​യി സേവിച്ചു. “വയലിൽ ഞാൻ കണ്ടുമു​ട്ടുന്ന ആളുകളെ സ്‌നേ​ഹി​ക്കാൻ സഹായി​ക്കണേ എന്നു ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മാ​യി​രു​ന്നു. നിയമ​ന​ത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ, പ്രത്യേ​കിച്ച്‌ അങ്ങേയ​റ്റത്തെ പട്ടിണി​യൊ​ക്കെ നേരി​ടേ​ണ്ടി​വ​രു​മ്പോൾ അസ്വസ്ഥ​രാ​കു​ക​യോ അതിശ​യി​ച്ചു​പോ​കു​ക​യോ ഒക്കെ ചെയ്‌തേ​ക്കാ​മെന്ന്‌ ഞങ്ങളുടെ ഒരു ഗിലെ​യാദ്‌ അധ്യാ​പ​ക​നായ ജാക്ക്‌ റെഡ്‌ഫോർഡ്‌ സഹോ​ദരൻ ഒരിക്കൽ പറഞ്ഞി​രു​ന്നു. എന്നാൽ അതി​ന്റെ​കൂ​ടെ അദ്ദേഹം ഇങ്ങനെ​യും പറഞ്ഞു: ‘നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളി​ലേക്കല്ല നോ​ക്കേ​ണ്ടത്‌. വ്യക്തി​കളെ നോക്കുക, അവരുടെ മുഖങ്ങൾ, അവരുടെ കണ്ണുകൾ. ബൈബിൾസ​ത്യം കേൾക്കു​മ്പോൾ അത്‌ അവരെ എങ്ങനെ​യാ​ണു സ്വാധീ​നി​ക്കു​ന്ന​തെന്നു ശ്രദ്ധി​ക്കുക.’ ഞാൻ അങ്ങനെ ചെയ്‌തു. ദൈവ​രാ​ജ്യ​ത്തി​ന്റെ ആശ്വാസം നൽകുന്ന സന്ദേശം ആളുക​ളു​മാ​യി പങ്കു​വെ​ക്കു​മ്പോൾ അവരുടെ കണ്ണുക​ളി​ലെ തിളക്കം കാണു​ന്നത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാ​ണെ​ന്നോ!” വിദേ​ശത്ത്‌ സേവി​ക്കാൻ ഡയാ​നെയെ മറ്റ്‌ എന്തുകൂ​ടി സഹായി​ച്ചു? “എന്റെ ബൈബിൾവി​ദ്യാർഥി​ക​ളു​മാ​യി എനിക്ക്‌ അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. അവർ യഹോ​വ​യു​ടെ വിശ്വ​സ്‌ത​രായ ആരാധ​ക​രാ​യി​ത്തീ​രു​ന്നതു കണ്ടത്‌ എന്നെ വളരെ​യ​ധി​കം സന്തോ​ഷി​പ്പി​ച്ചു. എന്റെ നിയമനം എന്റെ ഭവനമാ​യി മാറി. യേശു വാഗ്‌ദാ​നം ചെയ്‌ത​തു​പോ​ലെ എനിക്ക്‌ ആത്മീയ അമ്മമാ​രെ​യും അപ്പന്മാ​രെ​യും ആങ്ങളമാ​രെ​യും ചേച്ചി​മാ​രെ​യും അനിയ​ത്തി​മാ​രെ​യും കിട്ടി.”—മർക്കോ. 10:29, 30.

46 വയസ്സുള്ള ആനി, ഏഷ്യയിൽ നമ്മുടെ പ്രവർത്ത​ന​ത്തി​നു നിയ​ന്ത്ര​ണ​മുള്ള ഒരു ദേശത്താ​ണു സേവി​ക്കു​ന്നത്‌. ആനി പറയുന്നു: “വിദേ​ശത്ത്‌ പല സ്ഥലങ്ങളിൽ സേവിച്ച കാലത്ത്‌ വളരെ വ്യത്യ​സ്‌ത​മായ പശ്ചാത്ത​ല​വും വ്യക്തി​ത്വ​വും ഉള്ള സഹോ​ദ​രി​മാ​രു​ടെ​കൂ​ടെ​യാ​ണു ഞാൻ താമസി​ച്ചത്‌. അതു ചില​പ്പോ​ഴൊ​ക്കെ തെറ്റി​ദ്ധാ​ര​ണകൾ ഉണ്ടാകാ​നും വികാ​രങ്ങൾ മുറി​പ്പെ​ടാ​നും ഒക്കെ കാരണ​മാ​യി. ആ അവസര​ങ്ങ​ളിൽ എന്റെകൂ​ടെ താമസി​ക്കു​ന്ന​വ​രു​മാ​യി കൂടുതൽ അടുക്കാ​നും അവരുടെ സംസ്‌കാ​രം കുറച്ചു​കൂ​ടെ നന്നായി മനസ്സി​ലാ​ക്കാ​നും ഞാൻ ശ്രമിച്ചു. അവരോ​ടു സ്‌നേ​ഹ​വും വഴക്കവും കാണി​ക്കാ​നും ഞാൻ പ്രയത്‌നി​ച്ചു. ഈ ശ്രമങ്ങ​ളൊ​ക്കെ ഫലം കണ്ടു. ആഴമുള്ള, നിലനിൽക്കുന്ന സുഹൃ​ദ്‌ബ​ന്ധങ്ങൾ സ്ഥാപി​ക്കാൻ എനിക്കു കഴിഞ്ഞു. അത്‌ എന്നെ നിയമ​ന​ത്തിൽ പിടി​ച്ചു​നിൽക്കാൻ സഹായി​ച്ചു.”

യൂട്ടെ

53-കാരി​യായ ജർമനി​യിൽനി​ന്നുള്ള യൂട്ടെയെ 1993-ൽ മഡഗാ​സ്‌ക​റി​ലേക്കു മിഷന​റി​യാ​യി നിയമി​ച്ചു. യൂട്ടെ പറയുന്നു: “അവിടത്തെ ഭാഷ പഠി​ച്ചെ​ടു​ക്കു​ന്ന​തും അതു​പോ​ലെ ഈർപ്പം നിറഞ്ഞ കാലാ​വ​സ്ഥ​യും മലേറി​യ​യും അമീബ​യും ഇത്തിക്ക​ണ്ണി​ക​ളായ വിരക​ളും ഒക്കെ പ്രശ്‌ന​മാ​യി​രു​ന്നു. പക്ഷേ, എനിക്കു ധാരാളം സഹായം കിട്ടി, ഇതൊക്കെ മറിക​ട​ക്കാൻ എനിക്കു കഴിഞ്ഞു. അവി​ടെ​യുള്ള സഹോ​ദ​രി​മാ​രും അവരുടെ കുട്ടി​ക​ളും എന്റെ ബൈബിൾവി​ദ്യാർഥി​ക​ളും ഭാഷ പഠിക്കാൻ ക്ഷമയോ​ടെ എന്നെ സഹായി​ച്ചു. എനിക്കു രോഗം വന്നപ്പോൾ എന്റെ മിഷന​റി​പ​ങ്കാ​ളി എന്നെ സ്‌നേ​ഹ​ത്തോ​ടെ പരിച​രി​ച്ചു. എല്ലാത്തി​നും ഉപരി​യാ​യി യഹോവ എന്നെ സഹായി​ച്ചു. എന്റെ ഉത്‌ക​ണ്‌ഠ​ക​ളെ​ല്ലാം പ്രാർഥ​ന​യിൽ ഞാൻ യഹോ​വ​യോ​ടു പറയു​മാ​യി​രു​ന്നു. എന്നിട്ട്‌ ആ പ്രാർഥ​ന​കൾക്ക്‌ ഉത്തരം ലഭിക്കാൻ ഞാൻ ക്ഷമയോ​ടെ കാത്തി​രു​ന്നു, ചില​പ്പോൾ ദിവസങ്ങൾ അല്ലെങ്കിൽ മാസങ്ങൾ! യഹോവ എന്റെ പ്രശ്‌ന​ങ്ങ​ളെ​ല്ലാം ഒന്നൊ​ന്നാ​യി പരിഹ​രി​ച്ചു.” യൂട്ടെ ഇപ്പോൾ 23 വർഷമാ​യി മഡഗാ​സ്‌ക​റിൽ സേവി​ക്കു​ന്നു.

കൈയും കണക്കും ഇല്ലാതെ അനു​ഗ്ര​ഹി​ച്ചു

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കുന്ന മറ്റുള്ള​വ​രെ​പ്പോ​ലെ, വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ താമസിച്ച്‌ സേവി​ക്കുന്ന ഏകാകി​ക​ളായ സഹോ​ദ​രി​മാ​രും തങ്ങളുടെ സേവനം ജീവിതം ധന്യമാ​ക്കി​യെന്നു സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു. അവർക്കു ലഭിച്ച ചില അനു​ഗ്ര​ഹങ്ങൾ എന്തൊ​ക്കെ​യാണ്‌?

ഹെയ്‌ഡി

ജർമനി​യിൽനി​ന്നുള്ള 70 വയസ്സു കഴിഞ്ഞ ഹെയ്‌ഡി 1968 മുതൽ ഐവറി കോസ്റ്റിൽ (ഇപ്പോ​ഴത്തെ കോറ്റ്‌-ഡീ ഐവോർ) ഒരു മിഷന​റി​യാ​യി സേവി​ക്കു​ക​യാണ്‌. ഹെയ്‌ഡി പറയുന്നു: ‘എന്റെ ആത്മീയ​മക്കൾ “സത്യത്തിൽ നടക്കുന്നു” എന്നു കാണു​ന്ന​താണ്‌ എന്റെ ഏറ്റവും വലിയ സന്തോഷം. ഞാൻ ബൈബിൾ പഠിപ്പിച്ച ചിലർ ഇപ്പോൾ മുൻനി​ര​സേ​വ​ക​രും സഭാമൂ​പ്പ​ന്മാ​രും ആണ്‌. പലരും എന്നെ “അമ്മ” എന്നോ “വല്യമ്മച്ചി” എന്നോ ഒക്കെയാ​ണു വിളി​ക്കു​ന്നത്‌. ഇതിൽ ഒരു മൂപ്പനും അദ്ദേഹ​ത്തി​ന്റെ ഭാര്യ​യും മക്കളും എന്നെ അവരുടെ കുടും​ബാം​ഗ​മാ​യി​ട്ടാ​ണു കാണു​ന്നത്‌. അങ്ങനെ യഹോവ എനിക്ക്‌ ഒരു മകനെ​യും മരുമ​ക​ളെ​യും മൂന്നു പേരക്കി​ടാ​ങ്ങ​ളെ​യും തന്നിരി​ക്കു​ന്നു.’—3 യോഹ. 4.

ക്യാരെൻ (നടുക്ക്‌)

20-ലധികം വർഷം വെസ്റ്റ്‌ ആഫ്രി​ക്ക​യിൽ സേവിച്ച സഹോ​ദ​രി​യാണ്‌ 70 വയസ്സു കഴിഞ്ഞ കനഡയിൽനി​ന്നുള്ള ക്യാരെൻ. അവർ പറയുന്നു: “ത്യാഗം ചെയ്യാ​നും സ്‌നേ​ഹ​വും ക്ഷമയും ഉള്ളവളാ​യി​രി​ക്കാ​നും മിഷന​റി​ജീ​വി​തം എന്നെ പഠിപ്പി​ച്ചു. പല ദേശങ്ങ​ളിൽനി​ന്നുള്ള സഹോ​ദ​ര​ങ്ങ​ളോ​ടു​കൂ​ടെ പ്രവർത്തി​ച്ചത്‌ എന്റെ വീക്ഷണം വിശാ​ല​മാ​ക്കി. ഒരു കാര്യം​തന്നെ പലവി​ധ​ങ്ങ​ളിൽ ചെയ്യാ​മെ​ന്നും ഞാൻ പഠിച്ചു. ലോക​ത്തെ​ല്ലാ​യി​ട​ത്തും ഉറ്റസു​ഹൃ​ത്തു​ക്ക​ളു​ള്ളത്‌ എത്ര വലിയ അനു​ഗ്ര​ഹ​മാണ്‌! ഞങ്ങളുടെ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും നിയമ​ന​ങ്ങ​ളും ഒക്കെ മാറി. എങ്കിലും ആ സൗഹൃ​ദങ്ങൾ ഇപ്പോ​ഴും നിലനിൽക്കു​ന്നു.”

ലാവോ​സിൽ മിഷന​റി​യാ​യി സേവിച്ച സഹോ​ദ​രി​യാണ്‌ ഇപ്പോൾ 80-നോട്‌ അടുത്ത്‌ പ്രായ​മുള്ള ഇംഗ്ലണ്ടിൽനി​ന്നുള്ള മാർഗ​രെറ്റ്‌. സഹോ​ദരി പറയുന്നു: “യഹോവ എല്ലാ വംശങ്ങ​ളി​ലും പശ്ചാത്ത​ല​ങ്ങ​ളി​ലും ഉള്ള ആളുകളെ തന്റെ സംഘട​ന​യി​ലേക്ക്‌ ആകർഷി​ക്കു​ന്നതു നേരിട്ട്‌ കാണാൻ വിദേ​ശത്ത്‌ സേവി​ച്ച​തി​ലൂ​ടെ എനിക്കു കഴിഞ്ഞു. ആ അനുഭവം എന്റെ വിശ്വാ​സം വളരെ​യ​ധി​കം ശക്തമാക്കി. യഹോ​വ​യാ​ണു സംഘട​നയെ നയിക്കു​ന്ന​തെ​ന്നും യഹോ​വ​യു​ടെ ഉദ്ദേശ്യ​ങ്ങ​ളെ​ല്ലാം നടപ്പാ​കു​മെ​ന്നും ഉള്ള പൂർണ​മായ ഉറപ്പ്‌ അത്‌ എനിക്കു തന്നു.”

ക്രിസ്‌തീ​യ​സേ​വ​ന​ത്തി​ന്റെ അതുല്യ​മായ ഒരു രേഖയാ​ണു വിദേ​ശത്ത്‌ സേവി​ക്കുന്ന ഏകാകി​ക​ളായ സഹോ​ദ​രി​മാർ രചിച്ചി​രി​ക്കു​ന്നത്‌. അവർ തീർച്ച​യാ​യും അഭിന​ന്ദനം അർഹി​ക്കു​ന്നു. (ന്യായാ. 11:40) അവരുടെ എണ്ണം അനുദി​നം വർധി​ച്ചു​വ​രു​ക​യു​മാണ്‌. (സങ്കീ. 68:11) ഈ ലേഖന​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഉത്സാഹ​മുള്ള സഹോ​ദ​രി​മാ​രു​ടെ മാതൃക പിൻപ​റ്റി​ക്കൊണ്ട്‌ നിങ്ങളു​ടെ സാഹച​ര്യ​ങ്ങ​ളിൽ പൊരു​ത്ത​പ്പെ​ടു​ത്തൽ വരുത്താൻ നിങ്ങൾക്കു കഴിയു​മോ? നിങ്ങൾ അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ ‘യഹോവ നല്ലവൻ എന്നു രുചി​ച്ച​റി​യും’ എന്നതിനു യാതൊ​രു സംശയ​വു​മില്ല.—സങ്കീ. 34:8.