വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എറിക്കും എയ്‌മി​യും

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃകകൾ—ഘാന

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃകകൾ—ഘാന

കൂടുതൽ പ്രചാ​ര​കരെ ആവശ്യ​മുള്ള ഒരു വിദേ​ശ​രാ​ജ്യത്ത്‌ പോയി സേവി​ക്കുന്ന ഏതെങ്കി​ലും സഹോ​ദ​ര​നെ​യോ സഹോ​ദ​രി​യെ​യോ നിങ്ങൾക്ക്‌ അറിയാ​മോ? നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ഇങ്ങനെ ചിന്തി​ച്ചി​ട്ടു​ണ്ടോ: ‘വിദേ​ശ​രാ​ജ്യ​ങ്ങ​ളിൽ പോയി സേവി​ക്കാൻ എന്താണ്‌ അവരെ പ്രേരി​പ്പി​ച്ചത്‌? അതിനു​വേണ്ടി അവർ എന്തൊക്കെ ഒരുക്കങ്ങൾ നടത്തി? അങ്ങനെ ചെയ്യാൻ എനിക്കും കഴിയു​മോ?’ ഇതി​നെ​ല്ലാം കൃത്യ​മായ ഉത്തരം കിട്ടാ​നുള്ള ഏറ്റവും നല്ല വഴി അവരോ​ടു​തന്നെ നേരിട്ട്‌ ചോദി​ക്കു​ന്ന​താണ്‌. നമുക്ക്‌ അങ്ങനെ ചെയ്‌താ​ലോ?

എന്താണ്‌ അവരെ പ്രേരി​പ്പി​ച്ചത്‌?

ആവശ്യം അധിക​മുള്ള ഒരു വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാൻ നിങ്ങളെ പ്രേരി​പ്പി​ച്ചത്‌ എന്താണ്‌? ഐക്യ​നാ​ടു​ക​ളി ൽനി​ന്നുള്ള, 35-നോട്‌ അടുത്ത്‌ പ്രായ​മുള്ള, എയ്‌മി പറയുന്നു: “ഒരു വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്നതു വർഷങ്ങ​ളാ​യുള്ള എന്റെ സ്വപ്‌ന​മാ​യി​രു​ന്നു. പക്ഷേ എനിക്ക്‌ ഒരിക്ക​ലും അതിനു കഴിയി​ല്ലെ​ന്നാ​ണു ഞാൻ വിചാ​രി​ച്ചത്‌.” എന്നാൽ എയ്‌മി മാറി​ച്ചി​ന്തി​ച്ചു. എന്തായി​രു​ന്നു കാരണം? “2004-ൽ, ബെലീ​സിൽ സേവി​ക്കുന്ന ഒരു ദമ്പതി​ക​ളു​ടെ ക്ഷണം സ്വീക​രിച്ച്‌ ഞാൻ അവിടെ ഒരു മാസം മുൻനി​ര​സേ​വനം ചെയ്‌തു. എനിക്ക്‌ അത്‌ ഒരുപാട്‌ ഇഷ്ടമായി! ഒരു വർഷം കഴിഞ്ഞ്‌ ഞാൻ ഘാനയി​ലേക്കു താമസം മാറി, അവിടെ ഒരു മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തി​ക്കാൻതു​ടങ്ങി.”

ആരോ​ണും സ്റ്റെഫാ​നി​യും

30-നോട്‌ അടുത്ത്‌ പ്രായ​മുള്ള സ്റ്റെഫാ​നി​യും ഐക്യ​നാ​ടു​ക​ളിൽനി​ന്നു​ത​ന്നെ​യാണ്‌. കുറച്ച്‌ വർഷങ്ങൾക്കു മുമ്പ്‌ സ്റ്റെഫാനി സ്വന്തം സാഹച​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഇങ്ങനെ ചിന്തിച്ചു: “എനിക്ക്‌ ഇപ്പോൾ നല്ല ആരോ​ഗ്യ​മുണ്ട്‌, കുടും​ബ​ത്തിൽ പ്രത്യേ​കിച്ച്‌ ഉത്തരവാ​ദി​ത്വ​ങ്ങ​ളു​മില്ല. ഇപ്പോൾ ചെയ്യു​ന്ന​തി​ലും കൂടുതൽ യഹോ​വ​യ്‌ക്കു​വേണ്ടി ചെയ്യാൻ എനിക്കു കഴിയും.” ഘാനയി​ലേക്കു മാറി​ത്താ​മ​സി​ച്ചു​കൊണ്ട്‌ ശുശ്രൂ​ഷ​യിൽ കൂടുതൽ ചെയ്യാൻ സത്യസ​ന്ധ​മായ ആ ആത്മപരി​ശോ​ധന സ്റ്റെഫാ​നി​യെ സഹായി​ച്ചു. ഡെന്മാർക്കിൽ മുൻനി​ര​സേ​വനം ചെയ്യു​ക​യാ​യി​രുന്ന, മധ്യവ​യ​സ്‌ക​രായ ഫിലിപ്പ്‌-ഇഡ ദമ്പതികൾ ആവശ്യം അധിക​മുള്ള ഒരു പ്രദേ​ശത്ത്‌ പോയി പ്രവർത്തി​ക്കു​ന്നത്‌ എപ്പോ​ഴും സ്വപ്‌നം കണ്ടിരു​ന്നു. ആ സ്വപ്‌നം സാക്ഷാ​ത്‌ക​രി​ക്കാൻ അവർ ശ്രമി​ച്ചു​കൊ​ണ്ടി​രു​ന്നു. ഫിലിപ്പ്‌ പറയുന്നു: “ഒടുവിൽ അതിനുള്ള അവസരം ഒത്തുവ​ന്ന​പ്പോൾ, ‘ധൈര്യ​മാ​യി പൊയ്‌ക്കൊ​ള്ളൂ’ എന്ന്‌ യഹോവ ഞങ്ങളോ​ടു നേരിട്ട്‌ പറയു​ന്ന​തു​പോ​ലെ ഞങ്ങൾക്കു തോന്നി.” 2008-ൽ അവർ ഘാനയി​ലേക്കു മാറി​ത്താ​മ​സി​ക്കു​ക​യും അവിടെ മൂന്നി​ല​ധി​കം വർഷം സേവി​ക്കു​ക​യും ചെയ്‌തു.

ബ്രൂക്കും ഹാൻസും

30-നുമേൽ പ്രായ​മുള്ള ഹാൻസും ബ്രൂക്കും ഇപ്പോൾ ഐക്യനാടുകളിൽ മുൻനിരസേവനം ചെയ്യു​ക​യാണ്‌. 2005-ൽ കത്രീന ചുഴലി​ക്കാ​റ്റി​നു ശേഷമുള്ള ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ത്തിൽ ആ ദമ്പതികൾ പങ്കെടു​ത്തി​രു​ന്നു. പിന്നീട്‌ അവർ, അന്തർദേ​ശീയ നിർമാ​ണ​പ്രോ​ജ​ക്‌ടു​ക​ളിൽ പങ്കെടു​ക്കാൻ അപേക്ഷ കൊടു​ത്തു. പക്ഷേ അവരുടെ അപേക്ഷ പരിഗ​ണി​ച്ചില്ല. ഹാൻസ്‌ പറയുന്നു: “ആ സമയത്താണ്‌ ഒരു കൺ​വെൻ​ഷ​നിൽ ഞങ്ങൾ ഒരു പ്രസംഗം കേട്ടത്‌. ദേവാ​ലയം പണിയു​ന്നതു ദാവീ​ദാ​യി​രി​ക്കില്ല എന്നു കേട്ട​പ്പോൾ ദാവീദ്‌ രാജാവ്‌ തന്റെ ലക്ഷ്യത്തി​നു മാറ്റം വരുത്തി. ആത്മീയ​ല​ക്ഷ്യ​ങ്ങ​ളിൽ ചില മാറ്റങ്ങൾ വരുത്തു​ന്ന​തിൽ ഒരു തെറ്റു​മില്ല എന്ന കാര്യം മനസ്സി​ലാ​ക്കാൻ അതു ഞങ്ങളെ സഹായി​ച്ചു.” (1 ദിന. 17:1-4, 11, 12; 22:5-11) ബ്രൂക്ക്‌ പറയുന്നു: “ഞങ്ങൾ മറ്റൊരു വാതി​ലിൽ മുട്ടാ​നാ​യി​രു​ന്നു യഹോ​വ​യു​ടെ ആഗ്രഹം.”

മറ്റു രാജ്യ​ങ്ങ​ളിൽ സേവിച്ച സുഹൃ​ത്തു​ക്ക​ളു​ടെ നല്ലനല്ല അനുഭ​വങ്ങൾ കേട്ട​പ്പോൾ, ഏതെങ്കി​ലു​മൊ​രു വിദേ​ശ​രാ​ജ്യത്ത്‌ മുൻനി​ര​സേ​വനം ചെയ്യാൻ ഹാൻസി​നും ബ്രൂക്കി​നും ഉത്സാഹ​മാ​യി. 2012-ൽ അവർ ഘാനയി​ലേക്കു പോയി ഒരു ആംഗ്യ​ഭാ​ഷാ​സ​ഭ​യു​ടെ​കൂ​ടെ നാലു മാസം പ്രവർത്തി​ച്ചു. അവർക്ക്‌ ഐക്യ​നാ​ടു​ക​ളി​ലേക്കു തിരി​ച്ചു​പോ​കേ​ണ്ടി​വ​ന്നെ​ങ്കി​ലും ഘാനയി​ലെ ആ നല്ല അനുഭ​വങ്ങൾ രാജ്യ​താ​ത്‌പ​ര്യ​ങ്ങൾ ഒന്നാമതു വെക്കാ​നുള്ള അവരുടെ ആഗ്രഹം ശക്തമാക്കി. മൈ​ക്രോ​നേ​ഷ്യ​യി​ലെ ഒരു ബ്രാഞ്ച്‌ നിർമാ​ണ​പ്ര​വർത്ത​ന​ത്തിൽ സഹായി​ക്കാൻ പിന്നീട്‌ അവർക്കു കഴിഞ്ഞു.

ലക്ഷ്യത്തിൽ എത്താൻ അവർ ചെയ്‌തത്‌

ആവശ്യം അധിക​മു​ള്ളി​ടത്ത്‌ പോയി പ്രവർത്തി​ക്കാൻ നിങ്ങൾ എന്തൊക്കെ ഒരുക്ക​ങ്ങ​ളാ​ണു നടത്തി​യത്‌? സ്റ്റെഫാനി പറയുന്നു: “അതി​നെ​ക്കു​റി​ച്ചുള്ള ചില വീക്ഷാഗോപുരലേഖനങ്ങൾ a ഞാൻ വായിച്ചു. അതു​പോ​ലെ, ഒരു വിദേ​ശ​രാ​ജ്യത്ത്‌ പോയി പ്രവർത്തി​ക്കാ​നുള്ള എന്റെ ആഗ്രഹ​ത്തെ​ക്കു​റിച്ച്‌ സഭയിലെ മൂപ്പന്മാ​രോ​ടും സർക്കിട്ട്‌ മേൽവി​ചാ​ര​ക​നോ​ടും അദ്ദേഹ​ത്തി​ന്റെ ഭാര്യ​യോ​ടും ഞാൻ സംസാ​രി​ച്ചു. ഏറ്റവും പ്രധാ​ന​മാ​യി, എന്റെ ലക്ഷ്യ​ത്തെ​ക്കു​റിച്ച്‌ എപ്പോ​ഴും ഞാൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​മാ​യി​രു​ന്നു.” ചെലവ്‌ ചുരുക്കി ജീവി​ച്ച​തു​കൊണ്ട്‌ വിദേ​ശ​രാ​ജ്യത്ത്‌ സേവി​ക്കു​ന്ന​തി​നു​വേണ്ടി പണം മാറ്റി​വെ​ക്കാൻ സ്റ്റെഫാ​നി​ക്കു കഴിഞ്ഞു.

ഹാൻസ്‌ പറയുന്നു: “യഹോവ അയയ്‌ക്കു​ന്നത്‌ എവി​ടേ​ക്കാ​ണോ അവിടെ പോക​ണ​മെ​ന്നാ​യി​രു​ന്നു ഞങ്ങളുടെ ആഗ്രഹം. അതു​കൊണ്ട്‌ ഞങ്ങൾ യഹോ​വ​യോ​ടു പ്രാർഥി​ച്ചു. ഞങ്ങളുടെ ആ ആഗ്രഹം നടപ്പാ​ക്കാൻ ഉദ്ദേശി​ക്കുന്ന കൃത്യ​മായ തീയതി​യും ഞങ്ങൾ യഹോ​വ​യോ​ടു പറഞ്ഞു.” നാലു ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലേക്ക്‌ അവർ കത്ത്‌ അയച്ചു. ഘാനയി​ലെ ബ്രാ​ഞ്ചോ​ഫീസ്‌ ക്ഷണിച്ച​പ്പോൾ രണ്ടു മാസം അവിടെ സേവി​ക്കു​ന്ന​തി​നു​വേണ്ടി അവർ അങ്ങോട്ടു പോയി. ഹാൻസ്‌ പറയുന്നു: “ആ സഭയു​ടെ​കൂ​ടെ​യുള്ള പ്രവർത്തനം ശരിക്കും ആസ്വദി​ച്ച​തു​കൊണ്ട്‌ കുറച്ച്‌ നാൾകൂ​ടെ ഞങ്ങൾ അവിടെ താമസി​ച്ചു.”

ആഡ്രി​യ​യും ജോർജും

40-നോട്‌ അടുത്ത്‌ പ്രായ​മുള്ള ജോർജും ആഡ്രി​യ​യും കനഡയിൽനി​ന്നാ​ണു വന്നത്‌. യഹോവ വെറും ആഗ്രഹ​ങ്ങ​ളെയല്ല, നല്ല തീരു​മാ​ന​ങ്ങ​ളെ​യാണ്‌ അനു​ഗ്ര​ഹി​ക്കു​ന്ന​തെന്ന കാര്യം അവർ മനസ്സിൽപ്പി​ടി​ച്ചു. അതു​കൊണ്ട്‌, ലക്ഷ്യത്തിൽ എത്താൻവേണ്ടി അവർ പ്രധാ​ന​പ്പെട്ട ചില നടപടി​കൾ എടുത്തു. ഘാനയിൽ ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കുന്ന ഒരു സഹോ​ദ​രി​യോട്‌ അവർ പലതും ചോദിച്ച്‌ മനസ്സി​ലാ​ക്കി. കനഡയി​ലെ​യും ഘാനയി​ലെ​യും ബ്രാ​ഞ്ചോ​ഫീ​സു​ക​ളി​ലേക്ക്‌ എഴുതി​ച്ചോ​ദി​ക്കു​ക​യും ചെയ്‌തു. ആഡ്രിയ പറയുന്നു: “നേര​ത്തെ​തന്നെ ചെലവ്‌ ചുരു​ക്കി​യാ​ണു ഞങ്ങൾ ജീവി​ച്ചത്‌. കുറച്ചു​കൂ​ടെ ലളിത​മാ​യി ജീവി​ക്കാൻ പറ്റുമോ എന്നു ഞങ്ങൾ ചിന്തിച്ചു.” ആ തീരു​മാ​നങ്ങൾ, 2004-ൽ ഘാനയി​ലേക്കു മാറാൻ അവരെ സഹായി​ച്ചു.

തടസ്സങ്ങൾ മറിക​ട​ക്കു​ന്നു

അവിടെ ചെന്ന​ശേഷം എന്തൊക്കെ തടസ്സങ്ങ​ളാ​ണു നിങ്ങൾക്ക്‌ ഉണ്ടായത്‌, അവയെ എങ്ങനെ മറിക​ടന്നു? വീട്ടു​കാ​രെ വിട്ടു​പി​രി​ഞ്ഞ​തി​ന്റെ വിഷമ​മാ​യി​രു​ന്നു എയ്‌മി നേരിട്ട ആദ്യത്തെ പ്രശ്‌നം. “എനിക്ക്‌ അപരി​ചി​ത​മായ കാര്യ​ങ്ങ​ളാ​യി​രു​ന്നു ചുറ്റും.” ഈ പ്രശ്‌നത്തെ മറിക​ട​ക്കാൻ എയ്‌മി എന്താണു ചെയ്‌തത്‌? “എന്റെ വീട്ടിൽനിന്ന്‌ എന്നെ ഫോൺ വിളി​ക്കു​മ്പോ​ഴൊ​ക്കെ അവർ എന്റെ സേവന​ത്തെ​ക്കു​റിച്ച്‌ മതി​പ്പോ​ടെ സംസാ​രി​ക്കു​മാ​യി​രു​ന്നു. ഞാൻ ഇവിടെ എത്തിയത്‌ എന്തിനാ​ണെന്ന്‌ എപ്പോ​ഴും ഓർത്തി​രി​ക്കാൻ അത്‌ എന്നെ സഹായി​ച്ചു. പിന്നെ, അവരു​മാ​യി സംസാ​രി​ക്കാൻ ഞാൻ വീഡി​യോ ചാറ്റ്‌ ഉപയോ​ഗി​ച്ചു​തു​ടങ്ങി. അങ്ങനെ, അവരെ കണ്ടുസം​സാ​രി​ക്കാൻ കഴിഞ്ഞ​തു​കൊണ്ട്‌ അവർ അകലെ​യാ​ണെന്ന്‌ എനിക്കു തോന്നി​യതേ ഇല്ല.” അവിടത്തെ ഒരു സഹോ​ദ​രി​യു​മാ​യുള്ള സൗഹൃദം ആ സംസ്‌കാ​ര​ത്തെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കാൻ സഹായി​ച്ചെന്ന്‌ എയ്‌മി പറയുന്നു. “ആളുകൾ ചില പ്രത്യേ​ക​രീ​തി​യിൽ പെരു​മാ​റു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു മനസ്സി​ലാ​കാ​ത്ത​പ്പോ​ഴെ​ല്ലാം ഞാൻ ആ സഹോ​ദ​രി​യോ​ടു ചോദി​ക്കു​മാ​യി​രു​ന്നു. അങ്ങനെ, എന്തു ചെയ്യണം, എന്തു ചെയ്യരുത്‌ എന്നൊക്കെ പഠിക്കാ​നും സന്തോ​ഷ​ത്തോ​ടെ സേവന​ത്തിൽ തുടരാ​നും എനിക്കു കഴിഞ്ഞു.”

ഘാനയിൽ എത്തിയ​പ്പോൾ, ഏതോ പുരാ​ത​ന​ലോ​കത്ത്‌ ചെന്നതു​പോ​ലെ​യാ​ണു ജോർജി​നും ആഡ്രി​യ​യ്‌ക്കും ആദ്യം തോന്നി​യത്‌. ആഡ്രിയ പറയുന്നു: “വാഷിങ്‌ മെഷീനു പകരം, ബക്കറ്റുകൾ മാത്രം ഉപയോ​ഗിച്ച്‌ തുണി അലക്കേ​ണ്ടി​വന്നു. ‘പത്ത്‌ ഇരട്ടി’ സമയം​വേ​ണ്ടി​വന്നു ഞങ്ങൾക്കു ഭക്ഷണം ഉണ്ടാക്കാൻ. പക്ഷേ കുറച്ച്‌ നാൾ കഴിഞ്ഞ​പ്പോൾ ആ ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ ജീവി​ത​ത്തി​ലെ പുതി​യ​പു​തിയ അനുഭ​വ​ങ്ങ​ളാ​യി മാറി.” ബ്രൂക്ക്‌ ഇങ്ങനെ പറയുന്നു: “മുൻനി​ര​സേ​വ​ക​രായ ഞങ്ങൾക്കു ചില ബുദ്ധി​മു​ട്ടു​ക​ളൊ​ക്കെ​യു​ണ്ടെ​ങ്കി​ലും ഞങ്ങൾ സംതൃ​പ്‌ത​രാണ്‌. ആ നല്ല അനുഭ​വ​ങ്ങ​ളെ​ല്ലാം കൂട്ടി​വെ​ച്ചാൽ, അത്‌ ഓർമ​കൾകൊണ്ട്‌ തീർത്ത മനോ​ഹ​ര​മായ ഒരു പൂച്ചെ​ണ്ടു​പോ​ലെ​യാ​യി​ത്തീ​രും.”

ശുശ്രൂ​ഷ​യു​ടെ പ്രതി​ഫ​ല​ങ്ങൾ

ദൈവ​രാ​ജ്യ​ത്തോ​ടു ബന്ധപ്പെട്ട ഈ പ്രവർത്തനം മറ്റുള്ള​വ​രും ചെയ്യണ​മെന്നു നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? സ്റ്റെഫാനി പറയുന്നു: “ഇവി​ടെ​യുള്ള ആളുകൾക്കു സത്യം പഠിക്കാൻ ഒരുപാട്‌ ഇഷ്ടമാണ്‌. എല്ലാ ദിവസ​വും ബൈബിൾ പഠിക്ക​ണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം. ഇതു​പോ​ലെ​യുള്ള ഒരു പ്രദേ​ശത്ത്‌ പ്രവർത്തി​ക്കു​ന്ന​തി​ന്റെ സന്തോഷം ഒന്നു വേറെ​ത​ന്നെ​യാണ്‌! ആവശ്യം അധിക​മു​ള്ളി​ടത്ത്‌ സേവി​ക്കുക എന്ന എന്റെ ഈ തീരു​മാ​നം എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും നല്ല ഒരു തീരു​മാ​ന​മാ​യി​രു​ന്നു.” സ്റ്റെഫാനി 2014-ൽ ആരോൺ എന്ന സഹോ​ദ​രനെ വിവാഹം കഴിച്ചു. ഇപ്പോൾ അവർ ഘാനയി​ലെ ബ്രാ​ഞ്ചോ​ഫീ​സിൽ സേവി​ക്കു​ന്നു.

ജർമനി​യിൽനി​ന്നുള്ള, 30 കഴിഞ്ഞ ക്രിസ്റ്റീൻ എന്ന മുൻനി​ര​സേ​വിക പറയു​ന്നത്‌, “ജീവി​ത​ത്തി​ലെ നല്ല ഒരു അനുഭ​വ​മാണ്‌ ഇത്‌” എന്നാണ്‌. ഘാനയിൽ വരുന്ന​തി​നു മുമ്പ്‌ ബൊളീ​വി​യ​യി​ലാ​ണു ക്രിസ്റ്റീൻ സേവി​ച്ചി​രു​ന്നത്‌. ക്രിസ്റ്റീൻ തുടർന്നു​പ​റ​യു​ന്നു: “വീട്ടിൽനിന്ന്‌ ദൂരെ​യാ​യ​തു​കൊണ്ട്‌, ഞാൻ എപ്പോ​ഴും യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു. യഹോവ ഇപ്പോൾ എനിക്കു കൂടുതൽ യാഥാർഥ്യ​മാ​യി. യഹോ​വ​യു​ടെ ജനത്തിന്‌ ഇടയിൽ മാത്ര​മുള്ള ഐക്യ​വും എനിക്ക്‌ അനുഭ​വി​ച്ച​റി​യാൻ കഴിയു​ന്നു. ഈ സേവനം എന്റെ ജീവിതം ധന്യമാ​ക്കി.” ക്രിസ്റ്റീൻ ഈയിടെ ഗിദെ​യോൻ എന്ന സഹോ​ദ​രനെ വിവാഹം കഴിച്ചു. രണ്ടു പേരും ഇപ്പോ​ഴും ഘാനയിൽ സേവി​ക്കു​ന്നു.

ക്രിസ്റ്റീ​നും ഗിദെ​യോ​നും

ബൈബിൾവി​ദ്യാർഥി​കളെ ആത്മീയ​മാ​യി പുരോ​ഗ​മി​ക്കാൻ സഹായി​ച്ചത്‌ എങ്ങനെ​യെന്നു ഫിലി​പ്പും ഇഡയും നമ്മളോ​ടു പറയുന്നു: “പണ്ടു ഞങ്ങൾ മറ്റുള്ള​വ​രു​മാ​യി 15-ഓ അതിൽ കൂടു​ത​ലോ ബൈബിൾപ​ഠ​നങ്ങൾ നടത്തി​യി​രു​ന്നു. എന്നാൽ ഓരോ വിദ്യാർഥി​ക്കും കൂടുതൽ പരിശീ​ലനം കൊടു​ക്കു​ന്ന​തി​നു​വേണ്ടി ഞങ്ങൾ അവയുടെ എണ്ണം പത്തിൽ ഒതുക്കി.” വിദ്യാർഥി​കൾക്ക്‌ അതിൽനിന്ന്‌ പ്രയോ​ജനം കിട്ടി​യോ? ഫിലിപ്പ്‌ പറയുന്നു: “മൈക്കിൾ എന്നൊരു ചെറു​പ്പ​ക്കാ​രൻ എല്ലാ ദിവസ​വും ബൈബിൾ പഠിക്കാൻ ഒരുക്ക​മാ​യി​രു​ന്നു. പഠിക്കാ​നുള്ള ഭാഗം മൈക്കിൾ നന്നായി തയ്യാറാ​യി വരുക​യും ചെയ്‌തു. അതു​കൊണ്ട്‌ മൈക്കിൾ ഒരു മാസത്തി​നു​ള്ളിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം പഠിച്ചു​തീർത്തു. പിന്നെ മൈക്കിൾ സ്‌നാ​ന​മേ​റ്റി​ട്ടി​ല്ലാത്ത പ്രചാ​ര​ക​നാ​യി. വയൽസേ​വ​ന​ത്തി​നു പോയ ആദ്യദി​വ​സം​തന്നെ മൈക്കിൾ എന്നോടു ചോദി​ച്ചു: ‘ഞാൻ ബൈബിൾ പഠിപ്പി​ക്കു​ന്ന​വരെ സഹായി​ക്കാൻ എന്റെകൂ​ടെ വരാമോ?’ ഞാൻ അത്ഭുത​പ്പെ​ട്ടു​പോ​യി. ഇപ്പോൾത്തന്നെ മൂന്നു ബൈബിൾപ​ഠനം തുടങ്ങി​യി​ട്ടു​ണ്ടെ​ന്നും അതു നടത്താൻ സഹായി​ക്ക​ണ​മെ​ന്നും മൈക്കിൾ എന്നോടു പറഞ്ഞു.” ബൈബിൾ പഠിക്കു​ന്ന​വർതന്നെ അധ്യാ​പ​ക​രാ​കു​മ്പോൾ ഇനിയും പ്രചാ​ര​കരെ ആവശ്യ​മു​ണ്ടെ​ന്നല്ലേ അതു കാണി​ക്കു​ന്നത്‌?

ഇഡയും ഫിലി​പ്പും

അവിടത്തെ ആവശ്യം എത്ര​ത്തോ​ള​മു​ണ്ടെന്ന്‌ എയ്‌മി​ക്കു പെട്ടെ​ന്നു​തന്നെ മനസ്സി​ലാ​യി: “ഘാനയിൽ എത്തി അധികം വൈകാ​തെ ഞങ്ങൾ ഒരു ചെറിയ ഗ്രാമ​ത്തിൽ സുവാർത്ത പ്രസം​ഗി​ക്കു​ക​യും അവിടെ ബധിര​രാ​യ​വ​രു​ണ്ടോ എന്ന്‌ അന്വേ​ഷി​ക്കു​ക​യും ചെയ്‌തു. ആ ഒറ്റ ഗ്രാമ​ത്തിൽ ഞങ്ങൾ കണ്ടുമു​ട്ടി​യത്‌ ഒന്നും രണ്ടും അല്ല, എട്ടു ബധിര​രെ​യാണ്‌!” കുറച്ച്‌ കാലത്തി​നു ശേഷം, എറിക്ക്‌ എന്ന സഹോ​ദ​രനെ എയ്‌മി വിവാഹം കഴിച്ചു. രാജ്യ​ത്തുള്ള, ബധിര​രായ 300-ലധികം പ്രചാ​ര​ക​രെ​യും താത്‌പ​ര്യ​ക്കാ​രെ​യും സഹായി​ച്ചു​കൊണ്ട്‌ അവർ ഇപ്പോൾ ഒരു ആംഗ്യ​ഭാ​ഷാ​സ​ഭ​യിൽ പ്രത്യേക മുൻനി​ര​സേ​വ​ക​രാ​യി പ്രവർത്തി​ക്കു​ക​യാണ്‌. മിഷന​റി​മാ​രാ​യി ജീവി​ക്കു​ന്ന​തിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ഘാനയി​ലെ ജീവിതം ജോർജി​നെ​യും ആഡ്രി​യ​യെ​യും സഹായി​ച്ചു. അതു​കൊ​ണ്ടു​തന്നെ, ഗിലെ​യാദ്‌ സ്‌കൂ​ളി​ന്റെ 126-ാം ക്ലാസ്സി​ലേക്കു ക്ഷണം ലഭിച്ച​പ്പോൾ അവർക്ക്‌ എന്തെന്നി​ല്ലാത്ത സന്തോഷം തോന്നി. ഇപ്പോൾ അവർ മൊസാ​മ്പി​ക്കിൽ മിഷന​റി​മാ​രാ​യി സേവി​ക്കു​ന്നു.

സ്‌നേഹം പ്രചോ​ദി​പ്പി​ക്കു​ന്നു

കൊയ്‌ത്തിൽ ഘാനയി​ലെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം മറ്റു രാജ്യ​ങ്ങ​ളി​ലെ അനേകം സഹോ​ദ​രങ്ങൾ കഠിനാ​ധ്വാ​നം ചെയ്യുന്ന ആ കാഴ്‌ച എത്ര മനോ​ഹ​ര​മാണ്‌! (യോഹ. 4:35) ഓരോ ആഴ്‌ച​യും ശരാശരി 120 പേരാണു ഘാനയിൽ സ്‌നാ​ന​പ്പെ​ടു​ന്നത്‌. ഘാനയി​ലെ ആവശ്യം കണ്ടറിഞ്ഞ്‌ അവി​ടേക്കു താമസം മാറിയ 17 സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രെ​പ്പോ​ലെ, ലോക​മെ​മ്പാ​ടു​മുള്ള ആയിര​ക്ക​ണ​ക്കി​നു സുവി​ശേ​ഷകർ സ്‌നേ​ഹ​ത്താൽ പ്രചോ​ദി​ത​രാ​യി അവരെ​ത്തന്നെ യഹോ​വ​യ്‌ക്കു “സ്വമേ​ധാ​ദാ​ന​മാ​യി” അർപ്പി​ച്ചി​രി​ക്കു​ന്നു. രാജ്യ​പ്ര​ചാ​ര​ക​രു​ടെ ആവശ്യം കൂടു​ത​ലുള്ള സ്ഥലങ്ങളിൽ അവർ സേവി​ക്കു​ക​യാണ്‌. സ്വമന​സ്സാ​ലെ​യുള്ള ആ സേവനം യഹോ​വ​യു​ടെ ഹൃദയത്തെ തീർച്ച​യാ​യും സന്തോ​ഷി​പ്പി​ക്കും!—സങ്കീ. 110:3; സദൃ. 27:11.

a ഉദാഹരണത്തിന്‌, വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 2009 ഏപ്രിൽ 15, ഡിസംബർ 15 ലക്കങ്ങളിൽ വന്ന “രാജ്യ​ഘോ​ഷ​ക​രു​ടെ ആവശ്യം കൂടു​ത​ലു​ള്ളി​ടത്തു സേവി​ക്കാൻ നിങ്ങൾക്കാ​കു​മോ?” “നിങ്ങൾക്ക്‌ മാസി​ഡോ​ണി​യ​യി​ലേക്കു കടന്നു​ചെ​ല്ലാ​മോ?” എന്നീ ലേഖനങ്ങൾ കാണുക.