ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ബേസ്ബോൾ എനിക്കു ജീവനായിരുന്നു!
-
ജനനം: 1928
-
രാജ്യം: കോസ്റ്ററീക്ക
-
ചരിത്രം: സ്പോർട്സിലും ചൂതാട്ടത്തിലും മുഴുകിയ ജീവിതം
മുൻകാലജീവിതം
കോസ്റ്ററീക്കയുടെ കിഴക്കൻ തീരദേശത്തെ അഴിമുഖനഗരമായ പോർട്ടോ ലിമോണിലാണ് ഞാൻ വളർന്നത്. എട്ടു മക്കളിൽ ഏഴാമനായിരുന്നു ഞാൻ. എനിക്ക് എട്ട് വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പിന്നെ അമ്മ ഒറ്റയ്ക്കാണ് ഞങ്ങളെ എല്ലാവരെയും വളർത്തിയത്.
ചെറുപ്പംമുതലേ ബേസ്ബോൾ എനിക്കു ജീവനായിരുന്നു. അതായിരുന്നു എന്റെ ജീവിതം. കൗമാരത്തിൽ, നേരംപോക്കിനായി ഞാൻ അവിടത്തെ ഒരു ബേസ്ബോൾ ടീമിൽ ചേർന്നു. എന്റെ 20-കളുടെ തുടക്കത്തിൽ നിക്കരാഗ്വയിലുള്ള ഒരു പ്രൊഫഷണൽ ടീമിനോടൊപ്പം കളിക്കുന്നതിനെക്കുറിച്ച് ഒരു സ്കൗട്ട് എന്നോട് ചോദിച്ചു. എന്നാൽ ആ സമയത്ത് അമ്മയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ എനിക്ക് അമ്മയെ നോക്കണമായിരുന്നു. അതുകൊണ്ട് എനിക്കു നിക്കരാഗ്വയിലേക്കു പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെ ആ ക്ഷണം ഞാൻ നിരസിച്ചു. പിന്നീട് ഒരിക്കൽ, കോസ്റ്ററീക്കയുടെ ദേശീയ ബേസ്ബോൾ ടീമിൽ തിരഞ്ഞെടുക്കപ്പെട്ട അമെച്വർ കളിക്കാരോടൊപ്പം ചേരാനായി മറ്റൊരു സ്കൗട്ട് എന്നെ ക്ഷണിച്ചു. ഈ പ്രാവശ്യം ആ ക്ഷണം ഞാൻ സ്വീകരിച്ചു. അങ്ങനെ 1949 മുതൽ 1952 വരെ ഞാൻ ദേശീയ ടീമംഗമായിരുന്നു, ക്യൂബയിലും മെക്സിക്കോയിലും നിക്കരാഗ്വയിലും ഒക്കെ വെച്ച് നടത്തിയ പരമ്പരകളിൽ ഞാൻ കളിച്ചു. ഒരു ബേസ്മാനായി കളിച്ച ഞാൻ അതിൽ മികവുപുലർത്തി. ഒരവസരത്തിൽ തുടർച്ചയായി 17 കളികൾവരെ ഒരു പിഴവുപോലും വരുത്താതെ ഞാൻ കളിച്ചു. കാണികൾ എന്റെ പേര് ആർത്തുവിളിക്കുന്നത് എനിക്ക് ഒരു ഹരമായിരുന്നു.
എന്നാൽ സങ്കടകരമെന്നു പറയട്ടെ, എന്റേത് ഒരു കുത്തഴിഞ്ഞ ജീവിതമായിരുന്നു. എനിക്കു കാമുകിയായിട്ട് ഒരാളേ ഉണ്ടായിരുന്നുള്ളുവെങ്കിലും മറ്റു പല സ്ത്രീകളുമായും ഞാൻ ബന്ധം വെച്ചുപുലർത്തി. ഞാൻ ഒരു മുഴുക്കുടിയനുമായിരുന്നു. ഒരിക്കൽ കുടിച്ച് ബോധമില്ലാതെയാണ് ഞാൻ വീട്ടിലെത്തിയത്, പിറ്റേന്ന് എത്ര ആലോചിച്ചിട്ടും എങ്ങനെയാണ് വീട്ടിൽ എത്തിയതെന്ന് ഒരു രൂപവും കിട്ടിയില്ല! അതിനു പുറമേ കാശിനുവേണ്ടി ഞാൻ ചൂതാട്ടത്തിൽ ഏർപ്പെടുകയും ലോട്ടറി എടുക്കുകയും ഒക്കെ ചെയ്തു.
അങ്ങനെയിരിക്കെ അമ്മ ഒരു യഹോവയുടെ സാക്ഷിയായി. ആ വിശ്വാസത്തിൽ എന്റെ താത്പര്യം വളർത്താൻ അമ്മ ശ്രമിച്ചു, പക്ഷേ അമ്മ അതിൽ ആദ്യം പരാജയപ്പെട്ടു. കാരണം ഞാൻ എന്റെ കളിയിൽ അത്രമാത്രം മുഴുകിയിരുന്നു. പരിശീലനസമയത്ത് എനിക്കു വിശപ്പുപോലും തോന്നില്ല! കളിയിലായിരുന്നു എന്റെ മനസ്സു മുഴുവൻ. മറ്റെന്തിനെക്കാളും അധികം ഞാൻ ബേസ്ബോൾ ഇഷ്ടപ്പെട്ടു!
എന്റെ 29-ാം വയസ്സിൽ ഒരു കളിയിൽ പന്തു പിടിക്കാൻ ശ്രമിക്കുന്നതിനിടെ എനിക്കു ഗുരുതരമായ പരിക്കു പറ്റി. സുഖം പ്രാപിച്ചശേഷം ടീമുകൾക്കുവേണ്ടി കളിക്കുന്നത് ഞാൻ നിറുത്തിയെങ്കിലും വീടിന് അടുത്തുള്ള
ബേസ്ബോൾ കളിക്കാരെ പരിശീലിപ്പിക്കുന്നതിൽ ഞാൻ സജീവമായി പങ്കെടുത്തു.ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു
ഞാൻ ബേസ്ബോൾ കളിച്ചിരുന്ന ഒരു സ്റ്റേഡിയത്തിൽ 1957-ൽ യഹോവയുടെ സാക്ഷികൾ നടത്തുന്ന ഒരു കൺവെൻഷനുള്ള ക്ഷണം എനിക്കു ലഭിച്ചു. ആ സദസ്സിൽ ഇരുന്നപ്പോൾ സാക്ഷികളുടെ മാന്യമായ പെരുമാറ്റം എനിക്കു ശ്രദ്ധിക്കാതിരിക്കാൻ പറ്റിയില്ല. ബേസ്ബോൾ കളി കാണാൻ വന്നിരുന്നവരുടെ മോശമായ പെരുമാറ്റരീതിയിൽനിന്ന് അതു വളരെ വ്യത്യസ്തമായിരുന്നു. അന്ന് ആ കൺവെൻഷനു കണ്ട കാര്യങ്ങൾ, സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാനും അവരുടെ സഭായോഗങ്ങൾക്കു പോകാനും എന്നെ പ്രേരിപ്പിച്ചു.
ഞാൻ പഠിച്ച പല ബൈബിൾസത്യങ്ങളും എന്നിൽ വളരെ മതിപ്പുളവാക്കി. ഉദാഹരണത്തിന്, അവസാനനാളുകളിൽ തന്റെ ശിഷ്യന്മാർ ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ലോകം മുഴുവൻ പ്രസംഗിക്കുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞു. (മത്തായി 24:14) സത്യക്രിസ്ത്യാനികൾ അവരുടെ ശുശ്രൂഷ സാമ്പത്തികനേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നില്ലെന്നും ഞാൻ മനസ്സിലാക്കി. യേശു പറഞ്ഞു: “സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.”—മത്തായി 10:8.
ഞാൻ ബൈബിൾ പഠിച്ചപ്പോൾ, ദൈവവചനം പറയുന്നതും സാക്ഷികൾക്കിടയിൽ കണ്ടതും തമ്മിൽ താരതമ്യം ചെയ്തുനോക്കി. ദൈവരാജ്യത്തിന്റെ സന്തോഷവാർത്ത ലോകമെങ്ങും പ്രസംഗിക്കാൻ കഠിനശ്രമം ചെയ്യുന്ന സാക്ഷികളോട് എനിക്കു ബഹുമാനം തോന്നി. ക്രിസ്ത്യാനികൾ കാണിക്കാൻ യേശു പറഞ്ഞ ഉദാരതയുടെ മനോഭാവം ഞാൻ അവരിൽ കണ്ടു. “വന്ന് എന്റെ അനുഗാമിയാകുക” എന്ന യേശുവിന്റെ ക്ഷണം മർക്കോസ് 10:21-ൽ വായിച്ചപ്പോൾ, ഞാനും ഒരു സാക്ഷിയാകാൻ തീരുമാനിച്ചു.
എന്നാൽ പഠിച്ചതനുസരിച്ച് പ്രവർത്തിക്കാൻ എനിക്കു കുറച്ച് സമയം വേണ്ടിവന്നു. ഉദാഹരണത്തിന്, എല്ലാ ആഴ്ചയിലും നടക്കുന്ന ദേശീയ ലോട്ടറി തിരഞ്ഞെടുപ്പിൽ എന്റെ “ഭാഗ്യ”നമ്പറിനുവേണ്ടി ഞാൻ വർഷങ്ങളോളം കളിച്ചു. എന്നാൽ ‘ഭാഗ്യദേവനെ’ ആരാധിക്കുന്നവരെയും അത്യാഗ്രഹികളെയും ദൈവം വെറുക്കുന്നു എന്ന് ബൈബിൾ പഠിച്ചപ്പോൾ എനിക്കു മനസ്സിലായി. (യശയ്യ 65:11; കൊലോസ്യർ 3:5) അതുകൊണ്ട് ചൂതാട്ടം നിറുത്താൻ ഞാൻ തീരുമാനിച്ചു. പക്ഷേ ഞാൻ കളി നിറുത്തിയ ആദ്യ ഞായറാഴ്ച ലോട്ടറി അടിച്ചത് എന്റെ “ഭാഗ്യ”നമ്പറിനായിരുന്നു. ആ ആഴ്ച ഞാൻ കളിക്കാതിരുന്നതുകൊണ്ട് ആളുകൾ എന്നെ പരിഹസിച്ചു. വീണ്ടും കളിക്കാൻ എന്നെ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ പിന്നീടൊരിക്കലും ഞാൻ ചൂതാട്ടത്തിലേക്കു മടങ്ങിയില്ല.
യഹോവയുടെ സാക്ഷികളുടെ കൺവെൻഷനിൽ സ്നാനമേറ്റ ദിവസംതന്നെ എന്റെ ‘പുതിയ വ്യക്തിത്വത്തിന്’ മറ്റൊരു പരിശോധനയും നേരിട്ടു. (എഫെസ്യർ 4:24) അന്നു വൈകിട്ട് ഞാൻ എന്റെ ഹോട്ടൽമുറിയിൽ തിരിച്ചെത്തിയപ്പോൾ എന്റെ പഴയ കാമുകി എന്നെയും കാത്ത് റൂമിനു മുന്നിൽ നിൽപ്പുണ്ടായിരുന്നു. “വരൂ സാമൂ” എന്നു പറഞ്ഞ് അവൾ മോശമായ ബന്ധത്തിൽ ഏർപ്പെടാൻ എന്നെ നിർബന്ധിച്ചു. “പറ്റില്ല” എന്നു അപ്പോൾത്തന്നെ ഞാൻ തീർത്തുപറഞ്ഞു. ബൈബിളിന്റെ ധാർമികനിലവാരങ്ങൾക്കു ചേർച്ചയിലാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നതെന്ന കാര്യവും അവളോടു പറഞ്ഞു. (1 കൊരിന്ത്യർ 6:18) ഒരു പരിഹാസത്തോടെ അവൾ ചോദിച്ചു, “എന്ത്!” ലൈംഗിക അധാർമികതയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണത്തെ പുച്ഛിച്ചുകൊണ്ട് ഞങ്ങളുടെ ബന്ധം വീണ്ടും തുടങ്ങാൻ അവൾ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ പെട്ടെന്ന് എന്റെ മുറിയിലേക്കു പോയി വാതിൽ അടച്ചു. അന്നുമുതൽ ഇന്നുവരെ, അതായത് 1958-ൽ ഒരു സാക്ഷിയായതുമുതൽ ഇപ്പോൾവരെ, ഞാൻ എന്റെ ജീവിതരീതിയിൽ വരുത്തിയ മാറ്റങ്ങൾ വിശ്വസ്തമായി മുറുകെപ്പിടിച്ചിരിക്കുന്നു.
എനിക്കു ലഭിച്ച പ്രയോജനങ്ങൾ
ബൈബിളിന്റെ മാർഗനിർദേശം അനുസരിച്ചതിലൂടെ എനിക്കു ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെക്കുറിച്ച് ഒരു പുസ്തകംതന്നെ എഴുതാമായിരുന്നെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ആ അനുഗ്രഹങ്ങളിൽ ചിലതാണ് എനിക്കുള്ള നല്ല കൂട്ടുകാർ, അർഥവത്തായ ഒരു ജീവിതം, ഞാൻ അനുഭവിക്കുന്ന യഥാർഥ സന്തോഷം എന്നിവയൊക്കെ.
ബേസ്ബോൾ ഞാൻ ഇന്നും ആസ്വദിക്കുന്നു. എന്നാൽ എന്റെ മൂല്യങ്ങളിൽ ഞാൻ ചില മാറ്റങ്ങൾ വരുത്തി. ബേസ്ബോൾ കളി എനിക്കു നേടിത്തന്ന പണവും പ്രശസ്തിയും ഒന്നും ശാശ്വതമായിരുന്നില്ല. എന്നാൽ ദൈവവും എന്റെ സഹോദരകുടുംബവും ആയുള്ള ബന്ധം എന്നും നിലനിൽക്കുന്നതാണ്. ബൈബിൾ പറയുന്നു: “ലോകവും അതിന്റെ മോഹങ്ങളും നീങ്ങിപ്പോകുന്നു. എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നയാൾ എന്നും ജീവിക്കും.” (1 യോഹന്നാൻ 2:17) ഇന്ന്, ദൈവമായ യഹോവയെയും അവിടുത്തെ ജനത്തെയും ഞാൻ മറ്റെന്തിനെക്കാളും അധികം സ്നേഹിക്കുന്നു!