ഒരു മാരകരോഗമുണ്ടെങ്കിൽ
നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലുമോ ജീവനു ഭീഷണിയാകുന്ന തരം രോഗം വന്നിട്ടുണ്ടെങ്കിൽ അത് എത്രമാത്രം പേടിപ്പെടുത്തുന്നതാണെന്നു നിങ്ങൾക്ക് അറിയാം. നിങ്ങൾക്കു വല്ലാത്ത വിഷമവും ടെൻഷനും തോന്നാൻ ഇടയുണ്ട്. ഓരോ പ്രാവശ്യവും ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതുതന്നെ നിങ്ങളുടെ മനസ്സ് ഇടിച്ചുകളഞ്ഞേക്കാം. ചികിത്സ നടത്തുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടും ചെലവുകളും മരുന്നിന്റെ പാർശ്വഫലങ്ങളും ഒക്കെ ഭയത്തിന്റെയും ആശങ്കയുടെയും തീവ്രത പിന്നെയും കൂട്ടിയേക്കാം. നിങ്ങളുടെ മനോവിഷമം നിയന്ത്രണം വിട്ട് പോകുന്നതായി തോന്നിയേക്കാം.
സഹായം എവിടെനിന്ന് കിട്ടും? ദൈവത്തോടു പ്രാർഥിക്കുന്നതും ആശ്വാസം തരുന്ന ബൈബിൾഭാഗങ്ങൾ വായിക്കുന്നതും പലർക്കും വലിയ ആശ്വാസം നൽകിയിട്ടുണ്ട്. മറ്റൊരു
സഹായം കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സ്നേഹവും പിന്തുണയും ആണ്.ചിലരെ സഹായിച്ച കാര്യങ്ങൾ
58 വയസ്സുള്ള റോബർട്ട് ഇങ്ങനെ പറയുന്നു: “ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് രോഗത്തെ നേരിടുക. ദൈവം നിങ്ങളെ കാക്കും. യഹോവയോടു പ്രാർഥിക്കുക. നിങ്ങൾക്ക് എന്താണോ തോന്നുന്നത് അതു ദൈവത്തെ അറിയിക്കുക. പരിശുദ്ധാത്മാവിനുവേണ്ടി അപേക്ഷിക്കുക. നിങ്ങളുടെ കുടുംബത്തിനു കരുത്തു കൊടുക്കാനും രോഗാവസ്ഥയിൽ നിങ്ങളുടെ മനസ്സ് ഇടിയാതിരിക്കാനും നിങ്ങൾക്കു പ്രാർഥിക്കാം.
“കുടുംബാംഗങ്ങൾ നിങ്ങളെ മാനസികമായി പിന്തുണയ്ക്കുന്നതു വലിയൊരു സഹായംതന്നെയാണ്. ‘എങ്ങനെയുണ്ട്’ എന്നു ചോദിച്ച് ഒന്നോ രണ്ടോ കോളുകൾ ദിവസവും എനിക്കു വരാറുണ്ട്. എല്ലായിടത്തുമുള്ള സുഹൃത്തുക്കളുടെ പ്രോത്സാഹനവും എനിക്കു കിട്ടുന്നു. മുന്നോട്ടു പോകാനുള്ള ഊർജവും അവർ തരുന്നു.”
നിങ്ങൾ രോഗിയായ ഒരു സുഹൃത്തിനെ സന്ദർശിക്കാൻ പോകുകയാണെങ്കിൽ ലിൻഡ പറയുന്നതു ശ്രദ്ധിക്കൂ: “രോഗി ഒരു സാധാരണജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നത്. രോഗത്തെക്കുറിച്ച് എപ്പോഴും സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നുണ്ടാകില്ല. അതുകൊണ്ട് സാധാരണ സംസാരിക്കുന്ന കാര്യങ്ങൾ സംസാരിക്കുക.”
നമ്മൾ മാരകമായ രോഗവുമായി മല്ലിടുകയാണെങ്കിലും ദൈവത്തിൽനിന്നുള്ള ശക്തികൊണ്ടും തിരുവെഴുത്തിൽനിന്നുള്ള ആശ്വാസംകൊണ്ടും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണകൊണ്ടും ജീവിക്കുന്നതിൽ അർഥമുണ്ടെന്ന ബോധ്യം നിലനിറുത്താൻ നമുക്കു കഴിയും.