പ്രിയപ്പെട്ട ആരെങ്കിലും മരിച്ചാൽ
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിച്ചുപോയാൽ നിരാശയും ഒറ്റപ്പെടലും നിസ്സഹായതയും പോലെ പല തരത്തിലുള്ള വികാരങ്ങൾ നിങ്ങൾക്കും ഉണ്ടായേക്കാം. ചിലപ്പോൾ ദേഷ്യവും കുറ്റബോധവും ഭയവും നിങ്ങൾക്കു തോന്നിയേക്കാം. ഇനി ജീവിക്കുന്നതിൽ അർഥമുണ്ടോ എന്നുപോലും ഒരുപക്ഷേ നിങ്ങൾ ചിന്തിച്ചേക്കാം.
സങ്കടപ്പെടുന്നതു ബലഹീനതയുടെ ലക്ഷണമല്ല എന്ന കാര്യം മനസ്സിലാക്കുക. മരിച്ചുപോയ വ്യക്തിയോടു നിങ്ങൾക്ക് എന്തുമാത്രം ഇഷ്ടമുണ്ടെന്നാണ് അതു കാണിക്കുന്നത്. എന്നാൽ നിങ്ങൾ അനുഭവിക്കുന്ന വിഷമത്തിൽനിന്ന് കുറച്ചെങ്കിലും ആശ്വാസം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?
ചിലരെ സഹായിച്ച കാര്യങ്ങൾ
നിങ്ങളുടെ ദുഃഖം മാറാത്തതായി തോന്നുന്നെങ്കിൽ പിൻവരുന്ന നിർദേശങ്ങൾ പിൻപറ്റുന്നത് ആശ്വാസം തന്നേക്കും.
ദുഃഖം പ്രകടിപ്പിക്കുക
എല്ലാവരും ദുഃഖം പ്രകടിപ്പിക്കുന്നത് ഒരുപോലെയല്ല. അതിന്റെ ദൈർഘ്യവും വ്യത്യസ്തമായിരിക്കും. എങ്കിലും ഉള്ളിൽ കെട്ടിക്കിടക്കുന്ന വികാരങ്ങൾ ഒഴുക്കിക്കളയാൻ കണ്ണീരിനാകും. മുമ്പു പറഞ്ഞ വനേസ്സ ഇങ്ങനെ പറയുന്നു: “എന്റെ വേദന മാറാൻ ഞാൻ വെറുതെ ഇരുന്നു കരയും.” അനിയത്തി പെട്ടെന്നു മരിച്ചപ്പോൾ സോഫിയ ഇങ്ങനെ പറഞ്ഞു: “സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്കു വല്ലാത്ത വിഷമം തോന്നും. ഒരു മുറിവ് വൃത്തിയാക്കുന്നതുപോലെയാണ് അത്. ആ വേദന താങ്ങാവുന്നതിലും അപ്പുറമാണെങ്കിലും മുറിവ് ഉണങ്ങാൻ അതു സഹായിക്കും.”
നിങ്ങളുടെ വിഷമങ്ങൾ ഉള്ളിൽ ഒതുക്കരുത്
ഒറ്റയ്ക്കായിരിക്കാൻ ചില സമയങ്ങളിൽ നിങ്ങൾ ആഗ്രഹിക്കും. അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എന്നാൽ ദുഃഖഭാരം
ഒറ്റയ്ക്കു ചുമക്കുന്നതു വലിയ ഒരു ചുമടു ചുമക്കുന്നതുപോലെയാണ്. അച്ഛൻ മരിച്ചുപോയ 17 വയസ്സുള്ള ജാറെഡ് പറയുന്നു: “എന്റെ ഉള്ളിൽ തോന്നിയ വിഷമങ്ങൾ ഞാൻ മറ്റുള്ളവരോടു പറഞ്ഞു. എല്ലാം വ്യക്തമായി പറയാൻ പറ്റിയോ എന്ന് എനിക്ക് അറിയില്ല. എങ്കിലും അങ്ങനെ പറഞ്ഞപ്പോൾ ഒരു ആശ്വാസം തോന്നി.” മുമ്പു പറഞ്ഞ ജാനിസ് മറ്റൊരു പ്രയോജനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “മറ്റുള്ളവരോടു സംസാരിക്കുമ്പോൾ നല്ല ആശ്വാസം കിട്ടും. അവർ നമ്മളെ മനസ്സിലാക്കുന്നതായും ഒറ്റയ്ക്കല്ലെന്നും നമുക്കു തോന്നും.”സഹായം സ്വീകരിക്കുക
ഒരു ഡോക്ടർ ഇങ്ങനെ പറയുന്നു: “മരണദുഃഖത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ കൂട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം സ്വീകരിക്കുന്നവർക്കു പിന്നീടുണ്ടാകുന്ന ദുഃഖം സഹിക്കാനും മറികടക്കാനും എളുപ്പമായിരിക്കും.” കൂട്ടുകാർ എന്തു ചെയ്തുതരാനാണു നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് അവരോടു പറയുക. അവർക്കു സഹായിക്കാൻ ആഗ്രഹം കാണും, പക്ഷേ എന്തു ചെയ്യണമെന്ന് അറിയില്ലായിരിക്കും.—സുഭാഷിതങ്ങൾ 17:17.
ദൈവത്തോട് അടുത്ത് ചെല്ലുക
ടീന പറയുന്നു: “ക്യാൻസർ വന്ന് ഭർത്താവ് പെട്ടെന്നു മരിച്ചുപോയി. പിന്നെ ഞാൻ പറയുന്നതു കേൾക്കാൻ അദ്ദേഹമില്ലായിരുന്നു. ഞാൻ എല്ലാ കാര്യങ്ങളും ദൈവത്തോടു പറഞ്ഞു. ഓരോ ദിവസവും തുടങ്ങുമ്പോൾത്തന്നെ അന്നേ ദിവസം മുന്നോട്ടു പോകാനുള്ള സഹായത്തിനായി ദൈവത്തോട് അപേക്ഷിക്കും. എനിക്കു പറയാൻ കഴിയുന്നതിനും അപ്പുറം ദൈവം എന്നെ സഹായിച്ചു.” 22-ാം വയസ്സിൽ അമ്മ മരിച്ചുപോയ തർഷ പറയുന്നു: “ബൈബിൾവായനയായിരുന്നു ദിവസവും എനിക്ക് ആശ്വാസം തന്നിരുന്നത്. നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ അത് എന്നെ സഹായിച്ചു.”
പുനരുത്ഥാനം ഭാവനയിൽ കാണുക
ടീന തുടരുന്നു: “ആദ്യമൊന്നും പുനരുത്ഥാനപ്രത്യാശ എനിക്ക് ഒട്ടും ആശ്വാസം തന്നില്ല. കാരണം എനിക്ക് എന്റെ ഭർത്താവിനെയും എന്റെ കുട്ടികൾക്ക് അവരുടെ അച്ഛനെയും അപ്പോൾത്തന്നെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ നാലു വർഷം കഴിഞ്ഞപ്പോൾ പുനരുത്ഥാനപ്രത്യാശയാണ് എന്റെ ഏറ്റവും വലിയ ആശ്വാസം. അതാണ് എന്റെ പിടിവള്ളി. അദ്ദേഹത്തെ വീണ്ടും കാണുന്നതായി ഞാൻ ഭാവനയിൽ കാണുമ്പോൾ എനിക്കു സമാധാനവും സന്തോഷവും തോന്നും.”
വിഷമത്തിൽനിന്ന് പെട്ടെന്ന് ഒരു മോചനം നിങ്ങൾക്കു ലഭിക്കണമെന്നില്ല. എങ്കിലും വനേസ്സയുടെ അനുഭവം നമുക്കു ബലം തരുന്നതാണ്. വനേസ്സ പറയുന്നു: “ഇനി മുന്നോട്ടുപോകാൻ പറ്റില്ലെന്നു നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ നല്ല ദിവസങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്.”
ഓർക്കുക: പ്രിയപ്പെട്ടയാളിന്റെ വേർപാടുണ്ടാക്കിയ വിടവ് ഇപ്പോൾ നികത്താനാകില്ലെങ്കിലും, ജീവിക്കുന്നതിൽ അർഥമുണ്ട്. ദൈവത്തിന്റെ സ്നേഹപുരസ്സരമായ കരുതൽകൊണ്ട് നിങ്ങൾക്കു നല്ല സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കാനും അർഥവത്തായ ജീവിതം നയിക്കാനും കഴിയും. കൂടാതെ, മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരെ ദൈവം പെട്ടെന്നുതന്നെ പുനരുത്ഥാനപ്പെടുത്തും, അതായത് തിരികെ ജീവനിലേക്കു കൊണ്ടുവരും. നിങ്ങൾ അവരെ വാരിപ്പുണരുന്നതു കാണാൻ ദൈവം നോക്കിയിരിക്കുകയാണ്. അന്നു നിങ്ങളുടെ ഹൃദയത്തിലുള്ള വേദന എന്നെന്നേക്കുമായി പൊയ്പോകും!