ഇണ വിശ്വാസവഞ്ചന കാണിച്ചാൽ
ഇണയുടെ വിശ്വാസവഞ്ചന താങ്ങാനാകാത്ത ഒന്നാണ്. എങ്കിലും ചിലർ, പശ്ചാത്തപിക്കുന്ന ഇണയോടു ക്ഷമിക്കുകയും വീണ്ടും പഴയതുപോലെ ജീവിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. a വിവാഹജീവിതം മുന്നോട്ടു പോയാലും ഇല്ലെങ്കിലും വഞ്ചനയ്ക്ക് ഇരയായ ഇണ താങ്ങാവുന്നതിലും അധികം വിഷമം അനുഭവിക്കുന്നുണ്ടാകും. അങ്ങനെയുള്ളവർക്ക് എങ്ങനെ പിടിച്ചുനിൽക്കാം?
ബൈബിളിനു പറയാനുള്ളത്
ഹൃദയവേദനയുണ്ടെങ്കിലും നിരപരാധിയായ ഇണകളിൽ പലരും ദൈവവചനത്തിൽനിന്ന് ആശ്വാസം കണ്ടെത്തിയിട്ടുണ്ട്. ദൈവം അവരുടെ കണ്ണീരു കാണുന്നുണ്ടെന്നും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുണ്ടെന്നും അവർക്ക് അറിയാം.—മലാഖി 2:13-16.
“ആകുലചിന്തകൾ എന്നെ വരിഞ്ഞുമുറുക്കിയപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിച്ചു, എന്നെ സാന്ത്വനപ്പെടുത്തി.”—സങ്കീർത്തനം 94:19.
“ഞാൻ ആ വാക്യം വായിച്ചപ്പോൾ അനുകമ്പയുള്ള ഒരു പിതാവിനെപ്പോലെ യഹോവ എന്നെ സാന്ത്വനപ്പെടുത്തുന്നതായി എനിക്കു തോന്നി” എന്നു ബിൽ പറയുന്നു.
“വിശ്വസ്തനോട് അങ്ങ് വിശ്വസ്തത കാണിക്കുന്നു.”—സങ്കീർത്തനം 18:25.
മാസങ്ങളോളം വഞ്ചനയ്ക്ക് ഇരയായ കാർമെൻ പറയുന്നു: “എന്റെ ഭർത്താവ് എന്നോടു അവിശ്വസ്തത കാണിച്ചെങ്കിലും യഹോവ എപ്പോഴും വിശ്വസ്തനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ തളർന്നുപോകാൻ യഹോവ ഇടയാക്കില്ല.”
“ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടേണ്ടാ. കാര്യം എന്തായാലും പ്രാർഥനയിലൂടെയും ഉള്ളുരുകിയുള്ള യാചനയിലൂടെയും നിങ്ങളുടെ അപേക്ഷകൾ . . . ദൈവത്തെ അറിയിക്കുക. അപ്പോൾ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെ . . . കാക്കും.”—ഫിലിപ്പിയർ 4:6, 7.
സാഷ ഇങ്ങനെ പറയുന്നു: “ഈ വാക്യം ഒരുപാടു തവണ ഞാൻ വായിച്ചു. ഞാൻ എത്ര കൂടുതൽ പ്രാർഥിച്ചോ അത്രയ്ക്കു സമാധാനം ദൈവം എനിക്കു തന്നു.”
ഈ പറഞ്ഞവർക്കെല്ലാം ജീവിതത്തോടുതന്നെ മടുപ്പു തോന്നിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അവർ ദൈവമായ യഹോവയിൽനിന്നും ദൈവവചനത്തിൽനിന്നും കരുത്തു നേടി. ബിൽ അതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “എല്ലാം തകർന്നെന്നു തോന്നിയ നിമിഷങ്ങളിൽ ജീവിതത്തിന് അർഥം തന്നത് എന്റെ വിശ്വാസമായിരുന്നു. ‘കൂരിരുൾത്താഴ്വരയിലൂടെ’ നടക്കേണ്ടിവന്നപ്പോഴും ദൈവം എന്നോടൊപ്പമുണ്ടായിരുന്നു.”—സങ്കീർത്തനം 23:4.
a 1999 ഏപ്രിൽ 22 ലക്കം ഉണരുക! മാസികയിലെ “ഇണ അവിശ്വസ്തത കാട്ടുമ്പോൾ” എന്ന വിഷയത്തിൻകീഴിലുള്ള ലേഖനങ്ങളിൽ വിശ്വാസവഞ്ചന കാണിച്ച ഇണയോടു ക്ഷമിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നു.