കഷ്ടപ്പാടുകൾ, വാർധക്യം, മരണം—ഇതെല്ലാം എന്തുകൊണ്ട് ?
നമ്മുടെ സ്രഷ്ടാവ് നമ്മളെ സ്വന്തം മക്കളെപ്പോലെയാണ് കാണുന്നത്. അതുകൊണ്ട് നമ്മൾ ജീവിതത്തിൽ കഷ്ടപ്പെടാൻ സ്രഷ്ടാവ് ആഗ്രഹിക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുകൾ?
ഭൂമിയിലെ ആദ്യത്തെ മനുഷ്യർ കഷ്ടപ്പാടുകൾക്ക് തുടക്കമിട്ടു
“ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമർ 5:12.
ഭൂമിയിലെ ആദ്യത്തെ മനുഷ്യരായി ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ച് ഏദെൻ തോട്ടമെന്ന പറുദീസാഭൂമിയിൽ ആക്കി. ശാരീരികമായും മാനസികമായും അവർക്ക് ഒരു കുറവുമില്ലായിരുന്നു. ഒരു മരം ഒഴികെ, തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നുമുള്ള പഴങ്ങൾ കഴിക്കാമെന്ന് ദൈവം അവരോടു പറഞ്ഞിരുന്നു. എന്നാൽ ആദാമും ഹവ്വയും ആ മരത്തിൽനിന്നുള്ള പഴം കഴിക്കാൻ തീരുമാനിച്ചു. അങ്ങനെ അവർ പാപം ചെയ്തു. (ഉൽപത്തി 2:15-17; 3:1-19) ആ അനുസരണക്കേടു കാരണം ദൈവം അവരെ ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കി, അവരുടെ ജീവിതം ദുരിതപൂർണമായി. പിന്നീട് അവർക്കു മക്കൾ ഉണ്ടായി, അവരും കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടിവന്നു. അവരെല്ലാം പ്രായമാകുകയും മരിക്കുകയും ചെയ്തു. (ഉൽപത്തി 3:23; 5:5) നമ്മളും ആദാമിന്റെയും ഹവ്വയുടെയും മക്കളാണ്. അതുകൊണ്ടാണ് നമ്മൾ രോഗികളാകുകയും പ്രായമാകുകയും മരിക്കുകയും ചെയ്യുന്നത്.
ദുഷ്ടാത്മാക്കൾ—കഷ്ടപ്പാടുകളുടെ മറ്റൊരു കാരണം
“ലോകം മുഴുവനും ദുഷ്ടന്റെ നിയന്ത്രണത്തിലാണ്.”—1 യോഹന്നാൻ 5:19.
ആ ‘ദുഷ്ടനാണ്’ സാത്താൻ. ദൈവത്തിന് എതിരെ മത്സരിച്ച ഒരു ദൂതനായിരുന്നു അവൻ. (യോഹന്നാൻ 8:44; വെളിപാട് 12:9) പിന്നീട് മറ്റു ചില ദൂതന്മാരും സാത്താനൊപ്പം ചേർന്നു, അവരാണ് ഭൂതങ്ങൾ. ഈ ദുഷ്ടാത്മാക്കൾ തങ്ങളുടെ ശക്തി ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു. നമ്മളെ സ്രഷ്ടാവിൽനിന്ന് അകറ്റാൻ ശ്രമിക്കുകയും തെറ്റായ കാര്യങ്ങൾ ചെയ്യാൻ പ്രലോഭിപ്പിക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 106:35-38; 1 തിമൊഥെയൊസ് 4:1) ആളുകളുടെ ജീവിതത്തിൽ ദുരിതങ്ങൾ സമ്മാനിക്കുമ്പോൾ സാത്താനും ഭൂതങ്ങൾക്കും സന്തോഷമാണ് തോന്നുന്നത്.
നമ്മൾതന്നെ വരുത്തിവെയ്ക്കുന്ന കഷ്ടപ്പാടുകൾ
“ഒരാൾ വിതയ്ക്കുന്നതുതന്നെ കൊയ്യും.”—ഗലാത്യർ 6:7.
പാരമ്പര്യമായി കിട്ടിയ പാപവും സാത്താന്റെ പ്രവർത്തനങ്ങളും കാരണം ഇന്നു നമ്മൾ പല വിധങ്ങളിൽ കഷ്ടപ്പെടുന്നു. എന്നാൽ ചിലപ്പോഴൊക്കെ നമ്മൾതന്നെയായിരിക്കും നമ്മുടെ കഷ്ടപ്പാടിനു കാരണം. അത് എങ്ങനെ? ആളുകൾ മോശമായ കാര്യങ്ങൾ ചെയ്യുകയും ബുദ്ധിശൂന്യമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുമ്പോൾ അതിന്റെ ഫലം അവർതന്നെ കൊയ്യേണ്ടിവരും. അതേസമയം നല്ല കാര്യങ്ങൾ ചെയ്താൽ, അവർ നല്ലത് കൊയ്യും. ഒരു ഉദാഹരണം നോക്കാം, നിങ്ങൾ ഒരു ഭർത്താവോ പിതാവോ ആണെന്നു ചിന്തിക്കുക. നിങ്ങൾ സത്യസന്ധരായിരിക്കുകയും നന്നായി കഠിനാധ്വാനം ചെയ്യുകയും കുടുംബത്തെ സ്നേഹിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ നല്ലതുതന്നെ കൊയ്യും, നിങ്ങളുടെ കുടുംബം സന്തോഷമുള്ളതായിരിക്കും. അതേസമയം നിങ്ങൾ മടിയനും മദ്യപാനിയും കളിച്ച് കാശുതീർക്കുന്ന ഒരാളും ആണെങ്കിലോ? നിങ്ങളുടെ കുടുംബം പട്ടിണിയിലായേക്കാം. അതുകൊണ്ട് നമ്മുടെ സ്രഷ്ടാവ് പറയുന്നത് കേൾക്കുന്നതല്ലേ ജ്ഞാനം? നമ്മൾ നല്ലതു മാത്രം കൊയ്ത്, ‘മനസ്സമാധാനത്തോടെ’ ജീവിക്കുമ്പോൾ നമ്മുടെ സ്രഷ്ടാവും സന്തോഷിക്കും.—സങ്കീർത്തനം 119:165.
നമ്മൾ “അവസാനകാലത്ത്” ജീവിക്കുന്നതുകൊണ്ടും കഷ്ടപ്പെടുന്നു
“അവസാനകാലത്ത് . . . മനുഷ്യർ സ്വസ്നേഹികളും പണക്കൊതിയന്മാരും . . . മാതാപിതാക്കളെ അനുസരിക്കാത്തവരും . . . ആത്മനിയന്ത്രണമില്ലാത്തവരും ക്രൂരന്മാരും നന്മ ഇഷ്ടപ്പെടാത്തവരും . . . ആയിരിക്കും.”—2 തിമൊഥെയൊസ് 3:1-5.
ഇന്നുള്ള മിക്കവരും ആ വാക്യങ്ങളിലേതുപോലുള്ള ആളുകൾ അല്ലേ? നമ്മൾ ജീവിക്കുന്നത് ഈ ലോകത്തിന്റെ ‘അവസാനകാലത്താണ്’ എന്നതിന്റെ ഒരു തെളിവാണ് ഇത്. അതുപോലെ നമ്മുടെ നാളിൽ യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും ഭൂകമ്പങ്ങളും രോഗങ്ങളും ഉണ്ടാകുമെന്ന് തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞിരിക്കുന്നു. (മത്തായി 24:3, 7, 8; ലൂക്കോസ് 21:10, 11) ഇതും കഷ്ടപ്പാടുകൾക്കും മരണത്തിനും വഴിതെളിക്കുന്നു.