വസ്തുതകൾ മനസ്സിലാക്കുക
പ്രശ്നം
നമ്മുടെ ഉള്ളിൽ കയറിപ്പറ്റിയിരിക്കുന്ന തെറ്റായ ധാരണകളായിരിക്കാം മുൻവിധിക്കു പിന്നിൽ. ചില ഉദാഹരണങ്ങൾ നോക്കാം:
-
നല്ല വൈദഗ്ധ്യവും ശക്തിയും ബുദ്ധിയും ഒക്കെ വേണ്ട ചില ജോലികൾ സ്ത്രീകൾക്കു ചെയ്യാനാകില്ലെന്ന തെറ്റായ ധാരണ ചില തൊഴിലുടമകൾക്ക് ഉണ്ട്.
-
മധ്യകാലഘട്ടത്തിൽ, യൂറോപ്പിൽ ജൂതന്മാരാണ് കിണറ്റിൽ വിഷം ചേർക്കുന്നതെന്നും രോഗങ്ങൾ പരത്തുന്നതെന്നും ഉള്ള വ്യാജാരോപണങ്ങൾ ഉണ്ടായിരുന്നു. നാസി ഭരണകാലത്ത്, ജർമനിയിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണക്കാരായും ജൂതന്മാരെ മുദ്രകുത്തി. രണ്ടു പ്രാവശ്യവും കടുത്ത മുൻവിധിക്ക് ഇരയായത് ജൂതന്മാരായിരുന്നു. അവയിൽ ചിലത് ഇപ്പോഴും തുടരുന്നു.
-
ശാരീരികവൈകല്യമുള്ളവർക്ക് എപ്പോഴും ദേഷ്യവും നിരാശയും ഒക്കെയാണെന്നാണു മിക്കയാളുകളും ചിന്തിക്കുന്നത്.
ഇത്തരം മുൻവിധികൾ ഉള്ളവർ തങ്ങളുടെ ഭാഗം ശരിയാണെന്നു വരുത്താൻ പല ഉദാഹരണങ്ങളും നിരത്തിയേക്കാം. ഇതിനോടു യോജിക്കാത്തവർക്കു കാര്യങ്ങളെക്കുറിച്ചൊന്നും നന്നായി അറിയില്ല എന്ന് അവർ വിചാരിക്കുന്നു.
ബൈബിൾതത്ത്വം
“അറിവില്ലായ്മ മനുഷ്യനു നന്നല്ല.”—സുഭാഷിതങ്ങൾ 19:2.
വാക്യം പഠിപ്പിക്കുന്നത്: വസ്തുതകൾ ശരിക്കും മനസ്സിലാക്കിയില്ലെങ്കിൽ നമ്മൾ തെറ്റായ തീരുമാനങ്ങൾ എടുത്തേക്കാം. ഊഹാപോഹങ്ങളിൽ വിശ്വസിച്ചാൽ നമ്മൾ ആളുകളെ തെറ്റിദ്ധരിക്കും.
വസ്തുതകൾ മനസ്സിലാക്കേണ്ടത് എന്തുകൊണ്ട്?
ആളുകൾ യഥാർഥത്തിൽ ആരാണെന്നു മനസ്സിലാക്കിയാൽ മറ്റുള്ളവർ അവരെക്കുറിച്ച്
പറയുന്ന നുണകൾ നമ്മൾ വിശ്വസിക്കില്ല. ഒരു പ്രത്യേക കൂട്ടത്തെക്കുറിച്ച് മറ്റുള്ളവർ പറയുന്നതു നുണയാണെന്നു തിരിച്ചറിഞ്ഞാൽ പിന്നീട് അതുപോലുള്ള നുണകൾ മറ്റുള്ളവർ പറയുമ്പോൾ നമ്മൾ അതു കണ്ണുമടച്ച് വിശ്വസിക്കില്ല.നിങ്ങൾക്കു ചെയ്യാനാകുന്നത്
-
ഒരു കൂട്ടത്തിൽപ്പെട്ടവരെല്ലാം മോശം ആളുകളാണെന്നു ചിലപ്പോൾ ആളുകൾ പറഞ്ഞേക്കാം. എന്നാൽ അക്കൂട്ടത്തിലെ എല്ലാവരും മോശം ആളുകളാണെന്ന് വിചാരിക്കരുത്.
-
ഒരു കൂട്ടത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും നമുക്ക് അറിയാൻ കഴിയില്ലെന്ന് ഓർക്കുക.
-
ആശ്രയയോഗ്യമായ ഉറവിൽനിന്ന് വസ്തുതകൾ ശേഖരിക്കുക.