മാതാപിതാക്കൾക്ക്
7: മൂല്യങ്ങൾ
അതിന്റെ അർഥം
ജീവിതത്തിൽ നിങ്ങൾ പിൻപറ്റുന്ന നിലവാരങ്ങളാണ് മൂല്യങ്ങൾ. ഉദാഹരണത്തിന്, എല്ലാ കാര്യത്തിലും സത്യസന്ധരായിരിക്കാൻ നിങ്ങൾ പരിശ്രമിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, സാധ്യതയനുസരിച്ച് ഇതേ ഗുണം മക്കളിൽ വളർത്തിയെടുക്കാനും നിങ്ങൾ ആഗ്രഹിക്കും.
കഠിനാധ്വാനം ചെയ്യാനും ശരിയായ രീതിയിൽ പെരുമാറാനും മറ്റുള്ളവരോടു പരിഗണന കാണിക്കാനും നിങ്ങൾ മക്കളെ പഠിപ്പിക്കും. ഈ ഗുണങ്ങൾ വളർത്തിയെടുക്കാൻ ഏറ്റവും പറ്റിയ സമയം ചെറുപ്പമാണ്.
ബൈബിൾതത്ത്വം: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീലിപ്പിക്കുക; വയസ്സായാലും അവൻ അതു വിട്ടുമാറില്ല.”—സുഭാഷിതങ്ങൾ 22:6.
അതിന്റെ പ്രാധാന്യം
സാങ്കേതികയുഗത്തിൽ മൂല്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. “മൊബൈലോ ടാബോ ഉപയോഗിച്ച് മോശമായ കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കാണാനും കേൾക്കാനും കഴിയും. മക്കൾ നമ്മുടെ അടുത്താണ് ഇരിക്കുന്നതെങ്കിലും, അവർ കാണുന്നത് എന്തെങ്കിലും മോശമായ കാര്യങ്ങളായിരിക്കാം” എന്ന് ക്യാരൻ എന്ന് പേരുള്ള ഒരു അമ്മ പറയുന്നു.
ബൈബിൾതത്ത്വം: ‘ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ചവരാണ് മുതിർന്നവർ.’—എബ്രായർ 5:14.
നല്ല പെരുമാറ്റരീതികളും പ്രധാനമാണ്. “ദയവായി,” “നന്ദി” എന്നൊക്കെ പറയുന്നതുപോലുള്ള, പെരുമാറ്റത്തിൽ കാണിക്കേണ്ട മര്യാദകളും മറ്റുള്ളവരോടുള്ള പരിഗണനയും ഇതിൽ ഉൾപ്പെടുന്നു. മറ്റുള്ളവരോടുള്ള പരിഗണന ഇന്നു കുറഞ്ഞുവരുകയാണ്. കാരണം, പൊതുവെ ആളുകൾക്ക് ഇന്ന് മനുഷ്യരോടുള്ളതിനെക്കാൾ താത്പര്യം ഇലക്ട്രോണിക് ഉപകരണങ്ങളോടാണ്.
ബൈബിൾതത്ത്വം: “മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ അവർക്കും ചെയ്തുകൊടുക്കുക.”—ലൂക്കോസ് 6:31.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
മൂല്യങ്ങൾ വ്യക്തമാക്കുക. ഉദാഹരണത്തിന്, വിവാഹത്തിനു മുമ്പുള്ള ലൈംഗികത തെറ്റാണെന്ന് യുവപ്രായത്തിലുള്ളവർക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുത്താൽ അവർ അതിൽനിന്ന് ഒഴിഞ്ഞുനിൽക്കാനുള്ള സാധ്യത കൂടുതലാണ്. അതാണ് പഠനങ്ങൾ കാണിക്കുന്നത്.
നുറുങ്ങ്: മൂല്യങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിന് അടുത്ത കാലത്ത് നടന്ന എന്തെങ്കിലും സംഭവത്തെക്കുറിച്ച് പറയാം. ഉദാഹരണത്തിന്, ഏതെങ്കിലും ക്രൂരകൃത്യത്തെക്കുറിച്ച് ഒരു വാർത്ത വന്നിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാം: “ആളുകൾ ഈ വിധത്തിലൊക്കെ ദേഷ്യം തീർക്കുന്നത് എന്തൊരു കഷ്ടമാണല്ലേ? എന്തുകൊണ്ടായിരിക്കും ആളുകൾ ഇങ്ങനെ ആയിപ്പോയത്? മോന്/മോൾക്ക് എന്ത് തോന്നുന്നു?”
“ശരിയും തെറ്റും എന്താണെന്ന് കൃത്യമായി അറിയില്ലെങ്കിൽ ശരിയേതാണ് തെറ്റേതാണ് എന്നു മനസ്സിലാക്കാൻ മക്കൾക്ക് വളരെ പ്രയാസമായിരിക്കും.”—ബ്രാൻഡൻ.
മൂല്യങ്ങൾ പഠിപ്പിക്കുക. ചെറിയ കുട്ടികൾക്കുപോലും “ദയവായി,” “നന്ദി” എന്നൊക്കെ പറഞ്ഞുകൊണ്ട് മറ്റുള്ളവരോട് ആദരവ് കാണിക്കാൻ കഴിയും. “തങ്ങൾ ഒരു വലിയ കൂട്ടത്തിന്റെ—കുടുംബത്തിന്റെയോ സ്കൂളിന്റെയോ സമൂഹത്തിന്റെയോ—ചെറിയൊരു ഭാഗം മാത്രമാണെന്ന കാര്യം എത്ര നന്നായി കുട്ടികൾ മനസ്സിലാക്കുന്നുവോ അവർ അത്ര കൂടുതൽ മറ്റുള്ളവരോടു ദയയോടെ ഇടപെടാനുള്ള സാധ്യതയുണ്ട്” എന്ന് കുട്ടികളെ വളർത്തുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം പറയുന്നു.
നുറുങ്ങ്: മറ്റുള്ളവർക്കു സേവനം ചെയ്യുന്നതിന്റെ മൂല്യം മക്കളെ പഠിപ്പിക്കാൻ അവർക്ക് ചെറിയ വീട്ടുജോലികൾ കൊടുക്കുക.
“വീട്ടുജോലികൾ ചെയ്യാൻ നമ്മുടെ മക്കൾ ഇപ്പോൾത്തന്നെ പഠിക്കുന്നെങ്കിൽ സ്വന്തമായി ജീവിക്കാൻ തുടങ്ങുമ്പോൾ അവർക്ക് അതൊരു ഭാരമാകില്ല. ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നത് അവരുടെ ജീവിതത്തിന്റെ ഭാഗമായിത്തീർന്നിരിക്കും.”—താര.