ദമ്പതികൾക്ക്
3: ആദരവ്
അതിന്റെ അർഥം
പരസ്പരം ആദരിക്കുന്ന ഭാര്യാഭർത്താക്കന്മാർ അഭിപ്രായവ്യത്യാസമുണ്ടായാലും സ്നേഹത്തോടെ അതു കൈകാര്യം ചെയ്യും. നിങ്ങളുടെ വിവാഹത്തിന്റെ മാറ്റു കൂട്ടാൻ പത്ത് പാഠങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ പറയുന്നു: “തന്റെ ഭാഗത്താണ് ശരി എന്ന് അവർ വാശിപിടിക്കില്ല. പകരം അവർ അഭിപ്രായഭിന്നതയെക്കുറിച്ച് സംസാരിക്കും. ഇണയുടെ മനസ്സിലുള്ളത് എന്താണെന്നു പറയുമ്പോൾ ആദരവോടെ കേട്ടുകൊണ്ട് രണ്ടു പേർക്കും യോജിക്കാവുന്ന ഒരു വഴി കണ്ടെത്താൻ ശ്രമിക്കും.”
ബൈബിൾതത്ത്വം: “സ്നേഹം . . . സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല.”—1 കൊരിന്ത്യർ 13:4, 5.
“ഭാര്യയെ ബഹുമാനിക്കുക എന്നു പറഞ്ഞാൽ ഞാൻ അവളുടെ മൂല്യം തിരിച്ചറിഞ്ഞുകൊണ്ട് അവൾക്കോ ഞങ്ങളുടെ ദാമ്പത്യത്തിനോ ദോഷകരമായ ഒന്നും ചെയ്യില്ലെന്നാണ്.”—മൈക്ക.
അതിന്റെ പ്രാധാന്യം
പരസ്പരം ആദരവില്ലെങ്കിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സംഭാഷണം വിമർശനവും കുത്തുവാക്കും നിറഞ്ഞതും പുച്ഛത്തോടെയുള്ളതും ആയിരിക്കും. വിവാഹമോചനത്തിലേക്കു നയിക്കുന്ന സ്വഭാവസവിശേഷതകളായാണ് ഗവേഷകർ ഇവയെ കാണുന്നത്.
“ഭാര്യയെ താഴ്ത്തിക്കെട്ടി സംസാരിക്കുന്നതും പരിഹസിക്കുന്നതും കുത്തുവാക്കുകൾ ഉപയോഗിക്കുന്നതും ഒക്കെ ഭാര്യയുടെ ആത്മവിശ്വാസവും നിങ്ങളിലുള്ള വിശ്വാസവും തകർക്കുകയേ ഉള്ളൂ. അത് നിങ്ങളുടെ ദാമ്പത്യത്തിന് ക്ഷതമേൽപ്പിക്കും.”—ബ്രയൻ.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
ചിന്തിച്ചുനോക്കൂ
നിങ്ങളുടെ ഒരാഴ്ചത്തെ സംസാരവും പ്രവർത്തനങ്ങളും വിലയിരുത്തുക. എന്നിട്ട് സ്വയം ഇങ്ങനെ ചോദിക്കുക:
-
എന്റെ ഇണയെ ഞാൻ എത്രവട്ടം വിമർശിച്ചു, എത്രവട്ടം അഭിനന്ദിച്ചു?
-
ഏതൊക്കെ വിധത്തിൽ ഞാൻ എന്റെ ഇണയോട് ആദരവ് കാണിച്ചു?
ജീവിതപങ്കാളിയുമായി ചർച്ച ചെയ്യുക
-
എന്തു പറയുന്നതും ചെയ്യുന്നതും ആണ് ആദരവായി നിങ്ങൾ രണ്ടു പേരും കാണുന്നത്?
-
എന്തു പറയുന്നതും ചെയ്യുന്നതും ആണ് അനാദരവായി നിങ്ങൾ രണ്ടു പേരും കാണുന്നത്?
നുറുങ്ങുകൾ
-
ഇണ എന്തു ചെയ്താലാണു നിങ്ങളെ ആദരിക്കുന്നതായി തോന്നുന്നത്? അങ്ങനെയുള്ള മൂന്നു കാര്യങ്ങൾ എഴുതുക. ഇണയോടും എഴുതാൻ പറയുക. എന്നിട്ട് അവ കൈമാറുക. അക്കാര്യങ്ങളിൽ മെച്ചപ്പെടാൻ ശ്രമിക്കുക.
-
ഇണയുടെ ഏതൊക്കെ ഗുണങ്ങളാണു നിങ്ങൾക്ക് ഇഷ്ടമെന്ന് എഴുതുക. അത് നിങ്ങൾക്ക് എത്ര ഇഷ്ടമാണെന്ന് ഇണയോടു പറയുക.
“ഭർത്താവിനെ ആദരിക്കുക എന്നു പറഞ്ഞാൽ, അദ്ദേഹത്തെ വിലമതിക്കുന്നെന്നും അദ്ദേഹം സന്തോഷത്തോടിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നെന്നും പ്രവൃത്തികളിലൂടെ കാണിക്കുക എന്നാണ്. അത് എപ്പോഴും വലിയ കാര്യങ്ങളായിരിക്കണമെന്നില്ല. ചെറിയചെറിയ കാര്യങ്ങൾ ചെയ്തുകൊണ്ടുപോലും ചിലപ്പോൾ ആദരവ് പ്രകടമാക്കാനാകും.”—മേഗൻ.
ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾ ആദരവു കാണിക്കുന്നുണ്ടെന്നു നിങ്ങൾക്കു തോന്നിയാൽ പോരാ. ഇണയ്ക്ക് അങ്ങനെ തോന്നുന്നുണ്ടോ എന്നതാണ് പ്രധാനം.
ബൈബിൾതത്ത്വം: “ആർദ്രപ്രിയം, അനുകമ്പ, ദയ, താഴ്മ, സൗമ്യത, ക്ഷമ എന്നിവ ധരിക്കുക.”—കൊലോസ്യർ 3:12.