“അവരുടെ സ്നേഹം ഞങ്ങളുടെ ഹൃദയത്തെ തൊട്ടു”
വടക്കേ ഇന്ത്യയുടെ അടുത്ത് സ്ഥിതി ചെയ്യുന്ന വലിയ പർവതനിരകളുള്ള നേപ്പാളിൽ, 2015 ഏപ്രിൽ 25 ശനിയാഴ്ച 7.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായി. തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ വടക്കുപടിഞ്ഞാറു ഭാഗത്ത് 80 കി.മീ ചുറ്റളവിലുള്ള എല്ലാവരെയും ഭൂകമ്പം സാരമായി ബാധിച്ചു. നേപ്പാളിന്റെ ചരിത്രത്തിൽ നടന്ന അതിദാരുണമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നായിരുന്നു ഇത്. 8,500-ലധികം ആളുകളാണ് ഇതിൽ മരിച്ചത്. 5 ലക്ഷത്തിലധികം വീടുകൾ തകർന്നടിഞ്ഞു. 2,200-ഓളം യഹോവയുടെ സാക്ഷികളുള്ള നേപ്പാളിൽ അനേകരും ഈ ദുരന്തപ്രദേശത്താണ് താമസിച്ചിരുന്നത്. സങ്കടകരമെന്നു പറയട്ടെ, അതിൽ ഒരു സാക്ഷിയും അവരുടെ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു.
സാക്ഷിയായ മിഷേൽ പറയുന്നു: “ഭൂകമ്പം തകർത്തെറിഞ്ഞ പ്രദേശങ്ങളിലെ സഭകൾ സംഭവസമയത്ത് അവരുടെ യോഗങ്ങൾ കൂടുകയായിരുന്നു. ആളുകൾ വീട്ടിലുള്ള സമയത്താണ് ഇത് സംഭവിച്ചതെങ്കിൽ മരണനിരക്ക് ഇതിനെക്കാൾ ഉയരുമായിരുന്നു.” എന്നാൽ യോഗങ്ങൾക്കു കൂടിവന്നവർ ഈ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത് എങ്ങനെയാണ്? അവിടെയുള്ള രാജ്യഹാളുകൾ നിർമിച്ചിരിക്കുന്ന രീതി ഒന്നുകൊണ്ടാണ്.
“പ്രയോജനം ഇപ്പോഴാണു ഞങ്ങൾക്കു മനസ്സിലായത്”
നേപ്പാളിൽ പുതുതായി പണിതിരിക്കുന്ന രാജ്യഹാളുകൾ ഭൂമികുലുക്കത്തെ പ്രതിരോധിക്കുന്ന വിധത്തിലാണ് നിർമിച്ചിരിക്കുന്നത്. രാജ്യഹാൾ നിർമാണസംഘത്തിലെ അംഗമായ മൻ ബഹാദുർ ഇങ്ങനെ പറയുന്നു: “അത്ര വലുതല്ലാത്ത കെട്ടിടത്തിന് ഇത്ര ശക്തമായ അടിത്തറ ഇടേണ്ടതുണ്ടോയെന്ന് ഞങ്ങൾ പലപ്പോഴും ചോദിച്ചിട്ടുണ്ട്. അതിന്റെ പ്രയോജനം ഇപ്പോഴാണ് ഞങ്ങൾക്കു മനസ്സിലായത്.” ഭൂകമ്പം ബാധിച്ച പ്രദേശത്ത് ആളുകൾക്ക് പേടികൂടാതെ താമസിക്കാൻ പര്യാപ്തമാണ് രാജ്യഹാളുകളെന്ന് ഉത്തരവാദിത്വപ്പെട്ട സഹോദരങ്ങൾ ഉറപ്പു നൽകി. പിന്നീട് ചെറിയ തുടർചലനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഞങ്ങളും അയൽക്കാരും ഒട്ടും ഭയമില്ലാതെ അതിനുള്ളിൽ തങ്ങി.
ഇതിനിടെ തങ്ങളുടെ സഭയിലെ കാണാതായ അംഗങ്ങൾക്കുവേണ്ടി സഭാമൂപ്പന്മാർ ഊർജിതമായ തിരച്ചിൽ നടത്തി. ബബിത എന്ന ഒരു സാക്ഷി പറയുന്നു: “സ്വന്തതാത്പര്യത്തെക്കാൾ സഭയുടെ ക്ഷേമത്തിനാണ് മൂപ്പന്മാർ പ്രഥമസ്ഥാനം നൽകിയത്. ആ സ്നേഹം ഞങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. ഭൂകമ്പത്തെ തുടർന്നുള്ള ദിവസം നേപ്പാളിലുള്ള യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിനു മേൽനോട്ടം വഹിക്കുന്ന കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും സഞ്ചാരമേൽവിചാരകന്മാരും സഭകൾ സന്ദർശിച്ചു. സഭാമൂപ്പന്മാർക്കുവേണ്ട സഹായങ്ങളും പിന്തുണയും അവർ നൽകി.”
ഭൂകമ്പം നടന്ന് ആറു ദിവസത്തിനു ശേഷം, ഐക്യനാടുകളിലുള്ള യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുനിന്ന് ഗാരി ബ്രോ സഹോദരനും റൂബി സഹോദരിയും നേപ്പാളിലേക്കു വന്നു. മുമ്പു പറഞ്ഞ കമ്മിറ്റിയിലെ ഒരു അംഗമായ രൂബേൻ പറഞ്ഞു: “കാഠ്മണ്ഡുവിൽ ഇപ്പോഴുള്ള പ്രത്യേകസാഹചര്യങ്ങളും തുടർചലനങ്ങളും മൂലം ഗാരി സഹോദരന് ഇവിടെ എത്തിച്ചേരാനാകുമോയെന്ന എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ ഗാരി സഹോദരൻ ഇവിടെ എത്തിച്ചേരുകതന്നെ ചെയ്തു. പ്രദേശത്തെ സാക്ഷികൾക്ക് അദ്ദേഹത്തിന്റെ വരവ് വലിയ ആശ്വാസമേകി.”
‘ഞങ്ങളുടെ സ്നേഹബന്ധത്തിന്റെ ഇഴയടുപ്പം മുമ്പത്തെക്കാൾ ശക്തമായി’
നേപ്പാളിൽ സാക്ഷികളുടെ ഓഫീസിൽ ജോലി ചെയ്യുന്ന സൈലസ് പറഞ്ഞത് ഇങ്ങനെയാണ്: “ടെലിഫോൺ ലൈൻ ശരിയാക്കിക്കഴിഞ്ഞപ്പോൾ ഓഫീസിൽ രാപകലില്ലാതെ ഫോൺ ശബ്ദിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ക്ഷേമം അറിയാൻ ലോകമെങ്ങുമുള്ള
സഹസാക്ഷികൾ അതീവതത്പരരായിരുന്നു. അവരിൽ ചിലരുടെ ഭാഷ ഞങ്ങൾക്കു മനസ്സിലായില്ലെങ്കിലും ഞങ്ങളോടുള്ള സ്നേഹവും, സഹായിക്കാനുള്ള ആഗ്രഹവും അവരുടെ ശബ്ദത്തിൽ നിഴലിക്കുന്നുണ്ടായിരുന്നു.”ഭൂകമ്പത്തിനു ശേഷമുള്ള അനേകദിവസങ്ങളിൽ പ്രദേശത്തെ സാക്ഷികൾ ആവശ്യക്കാർക്കുവേണ്ട ഭക്ഷണം രാജ്യഹാളിൽ എത്തിച്ചുകൊടുത്തു. ഇതിനു പുറമേ അവിടെ ഒരു ദുരിതാശ്വാസ കമ്മിറ്റിയും രൂപീകരിച്ചു. ബംഗ്ലാദേശ്, ഇന്ത്യ, ജപ്പാൻ എന്നിവിടങ്ങളിൽനിന്ന് അവശ്യസാധനങ്ങൾ വന്നുചേരാൻ തുടങ്ങി. ദിവസങ്ങൾക്കുള്ളിൽത്തന്നെ യൂറോപ്പിൽനിന്ന് സാക്ഷികളുടെ ഒരു വൈദ്യപരിചരണ സംഘം രാജ്യഹാൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ചു. ദുരന്തബാധിതരായ വ്യക്തികളുടെ ശാരീരികവും വൈകാരികവും ആയ ആരോഗ്യത്തിനായി ഒട്ടും സമയം പാഴാക്കാതെ അവർ പ്രവർത്തിച്ചു.
ദുരന്തബാധിതരുടെ വികാരങ്ങളാണ് ഉത്തര എന്ന സ്ത്രീക്ക് പറയാനുള്ളത്. “ഭൂകമ്പം ഭീകരവും ഭയാനകവും ആയിരുന്നു. എങ്കിലും ഞങ്ങളുടെ ആത്മീയകുടുംബത്തിന്റെ സ്നേഹബന്ധം മുമ്പത്തെക്കാൾ ഇഴയടുപ്പമുള്ളതായി.” ഭൂകമ്പം യഹോവയുടെ ജനത്തിനിടയിലെ സ്നേഹത്തിന് വിള്ളൽ വീഴ്ത്തിയില്ല. പകരം ആ സ്നേഹത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്തത്.