മുഖ്യലേഖനം
കൗമാരത്തിൽ വിഷാദമോ? എന്തുകൊണ്ട്? എങ്ങനെ സഹായിക്കാം?
“വിഷാദം വന്നുകഴിഞ്ഞാൽപ്പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല, ഇഷ്ടമുള്ള കാര്യങ്ങൾപോലും. ഉറങ്ങണം എന്നൊരൊറ്റ ചിന്തയേ അപ്പോഴുണ്ടാകൂ. ഞാൻ ഒന്നിനും കൊള്ളാത്തവളാണ്, ആർക്കും എന്നെ സ്നേഹിക്കാൻ കഴിയില്ല, മറ്റുള്ളവർക്കു ഞാൻ ഒരു ഭാരമാണ് തുടങ്ങിയ ചിന്തകളായിരിക്കും എന്നെ ഭരിക്കുന്നത്,” ആൻ a പറയുന്നു.
“ആത്മഹത്യയെക്കുറിച്ചുപോലും ഞാൻ ചിന്തിച്ചുപോകും. മരിക്കാൻ ഇഷ്ടമുണ്ടായിട്ടല്ല. അങ്ങനെയെങ്കിലും ഈ ചിന്തയിൽനിന്ന് ഒന്നു രക്ഷപ്പെടാമല്ലോ. വാസ്തവത്തിൽ, മറ്റുള്ളവരെ സ്നേഹിക്കുന്ന ഒരു പ്രകൃതമാണ് എന്റേത്. പക്ഷേ വിഷാദം പിടിമുറുക്കിയാൽപ്പിന്നെ ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ഞാൻ ചിന്തിക്കില്ല.”—ജൂലിയയുടെ വാക്കുകൾ.
കൗമാരത്തിന്റെ തുടക്കത്തിൽവെച്ചായിരുന്നു ആനിനും ജൂലിയയ്ക്കും ആദ്യം വിഷാദം അനുഭവപ്പെട്ടത്. മറ്റു യുവപ്രായത്തിലുള്ളവർക്കും വല്ലപ്പോഴും നിരുത്സാഹം തോന്നാറുണ്ടെങ്കിലും ആനിനും ജൂലിയയ്ക്കും അത് ആഴ്ചകളോളം ചിലപ്പോൾ മാസങ്ങളോളംവരെ നീണ്ടുനിൽക്കുന്ന ഒരു പ്രശ്നമായിരുന്നു. ആൻ പറയുന്നു: “പുറത്തുകടക്കാൻ കഴിയാത്ത, ആഴത്തിലുള്ള ഒരു കുഴിയിൽ വീണതുപോലെയാണ് അത്. ആകെ ഭ്രാന്തുപിടിച്ച ഒരു അവസ്ഥ, നമ്മുടെ വ്യക്തിത്വംതന്നെ നഷ്ടപ്പെട്ടതുപോലെ തോന്നും.”
ആനിന്റെയും ജൂലിയയുടെയും അവസ്ഥ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ചെറുപ്പക്കാർക്കിടയിൽ വിഷാദരോഗം അപകടകരമായ വിധത്തിൽ വർധിച്ചിരിക്കുന്നു. “10 മുതൽ 19 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഉണ്ടാകുന്ന പല അസുഖത്തിന്റെയും മാനസികവൈകല്യത്തിന്റെയും മൂലകാരണം” വിഷാദമാണെന്നു ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പറയുന്നു.
ചെറുപ്രായത്തിൽത്തന്നെ അതിന്റെ ലക്ഷണങ്ങൾ
കണ്ടുതുടങ്ങും. അവയിൽ ചിലതാണ് ഉറക്കം, വിശപ്പ്, തൂക്കം എന്നിവയിൽ വരുന്ന മാറ്റങ്ങൾ. കൂടാതെ, നിരാശ, ജീവിതത്തിലെ പ്രതീക്ഷ നഷ്ടപ്പെടൽ, അതിയായ ദുഃഖം, വിലകെട്ടവനാണെന്ന തോന്നൽ തുടങ്ങിയവയും കണ്ടേക്കാം. കൂടിവരവുകളിൽനിന്ന് വിട്ടുനിൽക്കൽ, ശ്രദ്ധ കേന്ദ്രീകരിക്കാനും ഓർത്തെടുക്കാനും ഉള്ള ബുദ്ധിമുട്ട്, ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകൾ, അതിനായുള്ള ശ്രമങ്ങൾ അങ്ങനെ വൈദ്യശാസ്ത്രത്തിനു വിശദീകരിക്കാൻ കഴിയാത്ത പലതും ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെട്ടേക്കാം. ഒരു വ്യക്തിയുടെ അനുദിനജീവിതത്തെ അലോസരപ്പെടുത്തിക്കൊണ്ട് ആഴ്ചകളോളം നീണ്ടുനിൽക്കുന്ന ഒന്നിലധികം ലക്ഷണങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് മാനസികാരോഗ്യവിദഗ്ധർ വിഷാദരോഗമുണ്ടോ എന്നു നിർണയിക്കുന്നത്.കൗമാരവിഷാദത്തിന്റെ ചില കാരണങ്ങൾ
“സാമൂഹികവും മനഃശാസ്ത്രപരവും ജീവശാസ്ത്രപരവും ആയ ഘടകങ്ങളുടെ സങ്കീർണമായ പ്രവർത്തനത്തിന്റെ ഫലമായാണ് വിഷാദം ഉണ്ടാകുന്നത്” എന്നു ലോകാരോഗ്യ സംഘടന പറയുന്നു. അവയിൽ ചിലതാണ് പിൻവരുന്നവ.
ശാരീരികഘടകങ്ങൾ. ചിലപ്പോൾ പാരമ്പര്യം ഒരു ഘടകമാകാറുണ്ട്. ഒരുപക്ഷേ, ജീനുകളുടെ ചില ഘടകങ്ങളായിരിക്കാം അതിനു പിന്നിൽ. അതു തലച്ചോറിലെ രാസപ്രവർത്തനത്തിന്റെ ഗതി തിരിച്ചുവിട്ടേക്കാം. അതാണ് ജൂലിയയുടെ കാര്യത്തിൽ സംഭവിച്ചത്. കൂടാതെ, ഹൃദയത്തിന്റെയും രക്തധമനികളുടെയും തകരാറ്, ഹോർമോണുകളുടെ അളവിലുള്ള വ്യതിയാനം എന്നീ ആരോഗ്യപ്രശ്നങ്ങളുള്ളവരിലും ഈ രോഗം കണ്ടുവരുന്നു. മാത്രമല്ല, മയക്കുമരുന്നും മദ്യവും തുടർച്ചയായി ഉപയോഗിക്കുന്നത് വിഷാദത്തിന്റെ തീവ്രത കൂട്ടുന്നു, അല്ലെങ്കിൽ അവർ വിഷാദത്തിന്റെ പിടിയിലാകുന്നു. b
സമ്മർദം. ചെറിയ തോതിലുള്ള സമ്മർദം ആരോഗ്യത്തിനു ദോഷമല്ലെങ്കിലും വിട്ടുമാറാത്തതോ അമിതമോ ആയ സമ്മർദം ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾക്കു വഴിതെളിച്ചേക്കാം. ഇനി ഹോർമോണുകളുടെ വ്യതിയാനമുള്ള കൗമാരക്കാരാണെങ്കിൽ അവർക്കു വിഷാദരോഗം വരാനുള്ള സാധ്യത കൂടുതലാണ്. വിഷാദരോഗത്തിന്റെ എല്ലാ കാരണങ്ങളും ഇപ്പോഴും അത്ര വ്യക്തമല്ല. നേരത്തേ സൂചിപ്പിച്ചതുപോലെ പല ഘടകങ്ങളും അതിനു കാരണമായേക്കാം.
വിഷാദത്തിന് ഇടയാക്കുന്ന സമ്മർദം പല കാരണങ്ങളാലാണ് ഉണ്ടാകാറുള്ളത്. മാതാപിതാക്കളുടെ വിവാഹമോചനം, വേർപിരിയൽ, പ്രിയപ്പെട്ട ഒരാളുടെ മരണം, ശാരീരികമോ ലൈംഗികമോ ആയ ദുഷ്പെരുമാറ്റം,
ഗുരുതരമായ അപകടം, രോഗം, പഠനവൈകല്യങ്ങൾ (പ്രത്യേകിച്ച്, പഠനവൈകല്യങ്ങൾ കാരണം മറ്റുള്ളവർ തന്നെ ഒറ്റപ്പെടുത്തുന്നെന്ന് ഒരു കുട്ടിക്കു തോന്നുന്നെങ്കിൽ.) തുടങ്ങിയവ. മാതാപിതാക്കൾക്കു മക്കളിലുള്ള അമിതമായ പ്രതീക്ഷയും സമ്മർദത്തിനിടയാക്കിയേക്കാം. ഒരുപക്ഷേ, പാഠ്യവിഷയങ്ങളിൽ വലിയ നേട്ടം കൈവരിക്കുക എന്നതുപോലുള്ളവ. ഇനി, സഹപാഠികളിൽനിന്നുള്ള ഉപദ്രവം, ഭാവിയെക്കുറിച്ചുള്ള ചിന്ത, വിഷാദരോഗിയായ മാതാവോ പിതാവോ കുട്ടിയോടു കാണിക്കുന്ന അകൽച്ച, അവരുടെ മാറിമറിയുന്ന സ്വഭാവരീതികൾ എന്നിവയൊക്കെ സമ്മർദത്തിനു കാരണമായേക്കാം. ഈ കുട്ടികളെ സഹായിക്കാൻ എന്തു ചെയ്യാനാകും?മനസ്സും ശരീരവും കാത്തുസൂക്ഷിക്കുക
ഡോക്ടർ കുറിച്ചുതരുന്ന മരുന്നും അദ്ദേഹം നൽകുന്ന നിർദേശങ്ങളും സ്വീകരിക്കുന്നതിലൂടെ ചെറിയ തോതിലുള്ള വിഷാദംമുതൽ കടുത്ത വിഷാദംവരെ നിയന്ത്രിക്കാവുന്നതാണ്. c “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം” എന്നു യേശു പറഞ്ഞു. (മർക്കോസ് 2:17) മാത്രമല്ല, രോഗത്തിന് നമ്മുടെ ശരീരത്തിലെ തലച്ചോറ് ഉൾപ്പെടെ ഏതു ഭാഗത്തെ വേണമെങ്കിലും ബാധിക്കാനാകും. ഇനി, നമ്മുടെ ജീവിതചര്യകളിൽ ചില മാറ്റങ്ങൾ വരുത്തുന്നതും നല്ലതാണ്. കാരണം, മനസ്സും ശരീരവും പരസ്പരം ബന്ധപ്പെട്ടാണുകിടക്കുന്നത്.
നിങ്ങൾക്കു വിഷാദരോഗമുണ്ടെങ്കിൽ നിങ്ങളുടെ ശാരീരികവും മാനസികവും ആയ ആരോഗ്യം ശ്രദ്ധിക്കാൻ വേണ്ടനടപടികൾ കൈക്കൊള്ളുക. അതായത്, പോഷകപ്രദമായ ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, പതിവായി വ്യായാമം ചെയ്യുക. വ്യായാമം ചെയ്യുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനുള്ള രാസപദാർഥങ്ങൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നു. അതു നിങ്ങൾക്ക് നല്ല ഉന്മേഷവും സുഖകരമായ ഉറക്കവും തരും. സാധ്യമെങ്കിൽ വിഷാദത്തിന് തിരികൊളുത്തുന്ന കാര്യങ്ങൾ എന്താണെന്നും അത്തരം അവസ്ഥയിലേക്കു പോകുന്നതിനു മുമ്പുള്ള ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും തിരിച്ചറിയുക. എന്നിട്ട് ആ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് തീരുമാനിച്ചുവെക്കുക. ഇനി നിങ്ങൾക്കു വിശ്വാസമുള്ള ആരോടെങ്കിലും അതെക്കുറിച്ച് സംസാരിക്കാം. ആശ്രയയോഗ്യരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒരു വലയം ഉണ്ടായിരിക്കുന്നത് വിഷാദം നേരിടാൻ സഹായിക്കും, കുറഞ്ഞപക്ഷം അതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനെങ്കിലും. അടുത്തതായി ചെയ്യാവുന്നത് നിങ്ങളുടെ ചിന്തകളും വികാരങ്ങളും എഴുതിവെക്കുക മത്തായി 5:3.
എന്നതാണ്. മുമ്പ് പറഞ്ഞ ജൂലിയയെ അതു സഹായിച്ചു. എല്ലാറ്റിനും പുറമേ ദൈവവുമായുള്ള നിങ്ങളുടെ ബന്ധം കരുത്തുറ്റതാക്കുക. ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെ വലിയ വിധത്തിൽ സ്വാധീനിക്കാൻ അതിനു കഴിയും. കാരണം, “ആത്മീയകാര്യങ്ങൾക്കായി ദാഹിക്കുന്നവർ സന്തുഷ്ടർ” എന്നാണു യേശുക്രിസ്തു പറഞ്ഞത്.—ആനും ജൂലിയയും യേശുവിന്റെ വാക്കുകൾ അംഗീകരിക്കുന്നു. ആൻ പറയുന്നു: “ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് എന്റെ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനു പകരം മറ്റുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു. അത് അത്ര എളുപ്പമല്ലെങ്കിലും ആ ബുദ്ധിയുപദേശം അനുസരിച്ചത് എന്നെ കൂടുതൽ സന്തോഷവതിയാക്കി.” ജൂലിയയാകട്ടെ ബൈബിൾവായന, പ്രാർഥന എന്നിവയിലൂടെയാണ് ആശ്വാസം കണ്ടെത്തിയത്. “യഹോവയിലേക്ക് എന്റെ ഹൃദയം പകർന്നത് എനിക്ക് സ്വസ്ഥത നൽകി. ദൈവത്തിന്റെ കണ്ണിൽ ഞാൻ വിലയുള്ളവളാണെന്നും ദൈവം എനിക്കായി കരുതുന്നുണ്ടെന്നും മനസ്സിലാക്കാൻ ബൈബിൾ എന്നെ സഹായിച്ചു. ഇനി ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ നോക്കാനും അതിന്റെ വായന എന്നെ പ്രാപ്തയാക്കി” എന്ന് അവൾ പറയുന്നു.
നമ്മൾ വളർന്ന വിധം, ജീവിതത്തിലുണ്ടായ അനുഭവങ്ങൾ, ജനിതകഘടന തുടങ്ങിയ കാര്യങ്ങൾ നമ്മുടെ കാഴ്ചപ്പാടിനെയും വികാരങ്ങളെയും സ്വാധീനിക്കുന്നത് എങ്ങനെയാണെന്ന് ഒരു സ്രഷ്ടാവ് എന്ന നിലയിൽ ദൈവമായ യഹോവയ്ക്കു പൂർണമായി അറിയാം. അതുകൊണ്ടുതന്നെ നമുക്ക് ആവശ്യമായ പിന്തുണയും ആശ്വാസവും നൽകാൻ ദൈവത്തിനു കഴിയും. ഒരുപക്ഷേ നമ്മളെ നന്നായി മനസ്സിലാക്കുന്ന, അനുകമ്പയുള്ള ആളുകളിലൂടെയായിരിക്കാം അതു ലഭിക്കുന്നത്. മാത്രമല്ല നമ്മുടെ ശാരീരികവും മാനസികവും ആയ എല്ലാ രോഗങ്ങളും ദൈവം സുഖപ്പെടുത്തുന്ന സമയം തൊട്ടുമുന്നിലുമാണ്. യശയ്യ 33:24 പറയുന്നു: ‘“എനിക്കു രോഗമാണ്” എന്നു ദേശത്ത് വസിക്കുന്ന ആരും പറയില്ല.’
“ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കില്ല; ദുഃഖമോ നിലവിളിയോ വേദനയോ ഉണ്ടായിരിക്കില്ല” എന്നു ബൈബിളിലൂടെ ദൈവം ഉറപ്പു നൽകിയിരിക്കുന്നു. (വെളിപാട് 21:4) അത് എത്ര ആശ്വാസവും ബലവും ആണ് നമുക്കു നൽകുന്നത്. മനുഷ്യരെക്കുറിച്ചും ഭൂമിയെക്കുറിച്ചും ഉള്ള ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ എന്താണെന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ദയവായി jw.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുക. അവിടെ നിങ്ങൾക്ക് ഓൺലൈനായി ബൈബിൾ വായിക്കാം. വിഷാദം ഉൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും കണ്ടെത്താം.
a ഈ ലേഖനത്തിലേത് യഥാർഥപേരുകളല്ല.
b നൂറുകണക്കിനു രോഗങ്ങളും ചികിത്സാവിധികളും വ്യാജമരുന്നുകളും ഒരു വ്യക്തിയുടെ മാനസികാവസ്ഥയെ ബാധിച്ചേക്കാം. ഇതു ശരിയായി രോഗനിർണയം നടത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് അടിവരയിടുന്നു.
c ഉണരുക! ഏതെങ്കിലും പ്രത്യേക ചികിത്സാരീതി ശുപാർശ ചെയ്യുന്നില്ല.