മുഖ്യലേഖനം
യേശു ശരിക്കും ജീവിച്ചിരുന്നോ?
അദ്ദേഹം സമ്പന്നനായിരുന്നില്ല, അദ്ദേഹത്തിന് അധികാരവുമില്ലായിരുന്നു. സ്വന്തമെന്നു പറയാൻ ഒരു വീടുപോലുമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ദശലക്ഷങ്ങളെ സ്വാധീനിച്ചിരിക്കുന്നു. എന്നാൽ യേശുക്രിസ്തു ശരിക്കും ജീവിച്ചിരുന്നോ? പുരാതനകാലത്തെയും ആധുനികകാലത്തെയും ചിലയാളുകളുടെ ആധികാരികമായ വാക്കുകൾ ശ്രദ്ധിക്കൂ!
-
മൈക്കിൾ ഗ്രാന്റ്: ചരിത്രകാരനും പുരാതന ഗ്രീക്ക്-റോമൻ സംസ്കാരത്തിൽ വിദഗ്ധനും ആയ അദ്ദേഹം പറയുന്നു: “ചരിത്രവിവരണങ്ങൾ അടങ്ങിയ പുരാതനലിഖിതങ്ങൾ പരിശോധിക്കുന്ന അതേ കണ്ണിലൂടെ പുതിയ നിയമം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. ക്രിസ്ത്യാനിത്വവുമായി ബന്ധമില്ലാത്ത ധാരാളമാളുകൾക്കു ചരിത്രത്തിലുള്ള സ്ഥാനം നമ്മൾ ഇതേവരെ അംഗീകരിച്ചിട്ടുള്ളതിനാൽ യേശു ജീവിച്ചിരുന്നു എന്ന കാര്യവും നമ്മൾ അംഗീകരിച്ചേ മതിയാകൂ.”
-
റൂഡോൾഫ് ബുൾട്മാൻ: ഒരു പുതിയനിയമപഠന പണ്ഡിതനായ അദ്ദേഹം പറയുന്നത് ഇതാണ്: “യേശു ശരിക്കും ജീവിച്ചിരുന്നോ എന്ന സംശയത്തിനു യാതൊരു അടിസ്ഥാനവുമില്ല, നിഷേധിക്കാൻതക്ക മൂല്യംപോലും അതിനില്ല. ചിരപുരാതനമായ പലസ്തീനിയൻ (ക്രിസ്തീയ) സമൂഹം തുടക്കമിട്ട ചരിത്രപ്രസ്ഥാനത്തിന്റെ സ്ഥാപകൻ യേശുവാണെന്ന വസ്തുതയെ സാമാന്യബോധമുള്ള ആർക്കും സംശയിക്കാനാകില്ല.”
-
വിൽ ഡ്യൂറന്റ്: ചരിത്രകാരനും എഴുത്തുകാരനും തത്ത്വചിന്തകനും ആയ അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്: “ഇത്രയ്ക്കു ശക്തവും ആകർഷകവും ആയ ഒരു വ്യക്തിത്വമോ ഇത്രയ്ക്ക് ഉന്നതമായ ധാർമികമൂല്യങ്ങളോ മാനുഷസാഹോദര്യമെന്ന ഇത്ര പ്രചോദനാത്മകമായൊരു കാഴ്ചപ്പാടോ ഒരേ തലമുറയിൽപ്പെട്ട സാധാരണക്കാരായ ഏതാനും ചില മനുഷ്യരുടെ (സുവിശേഷ എഴുത്തുകാരുടെ) ഭാവനയിൽ വിരിഞ്ഞതാണെന്നു പറഞ്ഞാൽ അതു സുവിശേഷവിവരണങ്ങളിലെ ഏതൊരു അത്ഭുതത്തെയും വെല്ലുന്ന അത്ഭുതമായിരിക്കും.”
-
ആൽബർട്ട് ഐൻസ്റ്റീൻ: ജർമനിയിൽ ജനിച്ച ഒരു ജൂത ഭൗതികശാസ്ത്രജ്ഞനായിരുന്ന അദ്ദേഹം പറഞ്ഞു: “ഞാനൊരു ജൂതനാണ്. പക്ഷേ ആ നസറായന്റെ വ്യക്തിപ്രഭാവം എന്നെ കീഴ്പെടുത്തുന്നു.” യേശുവിനെ ഒരു ചരിത്രപുരുഷനായാണോ കാണുന്നത് എന്നു ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “ഒരു സംശയവും വേണ്ടാ! സുവിശേഷവിവരണങ്ങൾ വായിക്കുന്ന ഏതൊരാൾക്കും യേശുവിന്റെ സാന്നിധ്യം നന്നായി അനുഭവപ്പെടും. ഓരോ വാക്കിലും അദ്ദേഹത്തിന്റെ വ്യക്തിത്വം തുടിക്കുന്നുണ്ട്. ഇത്രയും ജീവസ്സുറ്റ വിവരണത്തെ ഒരിക്കലും ഒരു ഐതിഹ്യമെന്നു വിളിക്കാനാകില്ല.”
“സുവിശേഷവിവരണങ്ങൾ വായിക്കുന്ന ഏതൊരാൾക്കും യേശുവിന്റെ സാന്നിധ്യം നന്നായി അനുഭവപ്പെടും.”—ആൽബർട്ട് ഐൻസ്റ്റീൻ
ചരിത്രം എന്താണു വെളിപ്പെടുത്തുന്നത്?
യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ച് ഏറ്റവും വിശദമായ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നതു സുവിശേഷങ്ങൾ എന്ന് അറിയപ്പെടുന്ന ബൈബിൾ വിവരണങ്ങളിലാണ്. മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നിങ്ങനെ അവയുടെ എഴുത്തുകാരുടെ പേരിലാണ് അവ അറിയപ്പെടുന്നത്. ഇതു കൂടാതെ, പുരാതനമായ പല ക്രൈസ്തവേതരവിവരണങ്ങളും യേശുവിനെക്കുറിച്ച് പറയുന്നുണ്ട്.
-
റ്റാസിറ്റസ്
(ഏ. എ.ഡി. 56-120) റ്റാസിറ്റസ് പുരാതന റോമൻ ചരിത്രകാരന്മാരിലെ ഉന്നതസ്ഥാനീയരിലൊരാളായി കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ വാർഷികവൃത്താന്തങ്ങൾ (ഇംഗ്ലീഷ്) എ.ഡി. 14 മുതൽ എ.ഡി. 68 വരെയുള്ള റോമാസാമ്രാജ്യചരിത്രം വിവരിക്കുന്നു. (എ.ഡി. 33-ലാണു യേശു മരിച്ചത്.) അതിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് എ.ഡി. 64-ൽ റോമിനെ നശിപ്പിച്ച ഒരു അഗ്നിബാധയുണ്ടായി. ഉത്തരവാദി നീറോ ചക്രവർത്തിയാണെന്നാണു കരുതപ്പെട്ടത്. പക്ഷേ “കിംവദന്തി പരക്കുന്നതു തടയാൻ” നീറോ കുറ്റം ക്രിസ്ത്യാനികളുടെ തലയിൽ കെട്ടിവെച്ചെന്ന് അദ്ദേഹം രേഖപ്പെടുത്തുന്നു. അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “തിബെര്യൊസിന്റെ ഭരണകാലത്ത് (ക്രിസ്ത്യാനികൾ എന്ന) പേരിനു കാരണക്കാരനായ ക്രിസ്റ്റസിനു നാടുവാഴിയായ പൊന്തിയോസ് പീലാത്തോസിന്റെ ഉത്തരവനുസരിച്ച് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു.”—വാർഷികവൃത്താന്തങ്ങൾ, XV, 44.
-
സ്യൂട്ടോണിയസ്
(ഏ. എ.ഡി. 69-122-നു ശേ.) കൈസർമാരുടെ ജീവിതം (ഇംഗ്ലീഷ്) എന്ന തന്റെ പുസ്തകത്തിൽ ഈ റോമൻ ചരിത്രകാരൻ ആദ്യത്തെ 11 റോമൻ ചക്രവർത്തിമാരുടെ ഭരണകാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ക്ലൗദ്യൊസിനെക്കുറിച്ചുള്ള ഭാഗത്ത് റോമിലെ യഹൂദന്മാർക്കിടയിലുണ്ടായ സംക്ഷോഭത്തെക്കുറിച്ച് പറയുന്നുണ്ട്. സാധ്യതയനുസരിച്ച് അതു യേശുവിന്റെ പേരിലുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങളിൽനിന്ന് ഉടലെടുത്തതായിരുന്നു. (പ്രവൃത്തികൾ 18:2) സ്യൂട്ടോണിയസ് എഴുതുന്നു: “ക്രെസ്റ്റസ് (ക്രിസ്റ്റസ്) കാരണം യഹൂദന്മാർ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതുകൊണ്ട് അദ്ദേഹം (ക്ലൗദ്യൊസ്) അവരെ റോമിൽനിന്ന് ഓടിച്ചുകളഞ്ഞു.” (ദിവ്യനായ ക്ലൗദ്യൊസ് (ഇംഗ്ലീഷ്), XXV, 4) യേശുവാണു പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന സ്യൂട്ടോണിയസിന്റെ ആരോപണം തെറ്റായിരുന്നെങ്കിലും യേശു ജീവിച്ചിരുന്നു എന്ന കാര്യത്തിൽ അദ്ദേഹത്തിന് ഒരിക്കലും സംശയമില്ലായിരുന്നു.
-
പ്ലിനി ദി യംഗർ
(ഏ. എ.ഡി. 61-113) ഒരു റോമൻ എഴുത്തുകാരനും ബിഥുന്യയിലെ (ആധുനിക തുർക്കി) ഭരണാധികാരിയും ആയിരുന്ന ഇദ്ദേഹം റോമൻ ചക്രവർത്തിയായ ട്രാജന് എഴുതിയ ഒരു കത്തിൽ, ആ പ്രവിശ്യയിലുള്ള ക്രിസ്ത്യാനികളോട് എങ്ങനെ ഇടപെടണമെന്നു രേഖപ്പെടുത്തിയിരുന്നു. ക്രിസ്ത്യാനികളെ അവരുടെ വിശ്വാസം തള്ളിപ്പറയാൻ താൻ നിർബന്ധിച്ചെന്നും അങ്ങനെ ചെയ്യാൻ വിസമ്മതിച്ചവരെ വധിച്ചെന്നും പ്ലിനി പറഞ്ഞു. അദ്ദേഹം വിശദീകരിക്കുന്നു: “(അക്രൈസ്തവ) ദേവന്മാരോടുള്ള എന്റെ പ്രാർഥനകൾ ഏറ്റുചൊല്ലുകയും വീഞ്ഞും കുന്തിരിക്കവും അർപ്പിച്ചുകൊണ്ട് അങ്ങയുടെ പ്രതിമയെ വണങ്ങുകയും ക്രിസ്തുവിനെ ശപിക്കുകയും ചെയ്യുന്നവരെ വിട്ടയയ്ക്കുന്നത് ഉചിതമാണെന്ന് എനിക്കു തോന്നി.”—പ്ലിനിയുടെ കത്തുകൾ (ഇംഗ്ലീഷ്), X-ാം പുസ്തകം, XCVI.
-
ഫ്ളേവിയസ് ജോസീഫസ്
(ഏ. എ.ഡി. 37-100) ഒരു യഹൂദപുരോഹിതനും ചരിത്രകാരനും ആയിരുന്ന അദ്ദേഹം പറയുന്നതനുസരിച്ച്, അപ്പോഴും രാഷ്ട്രീയസ്വാധീനമുണ്ടായിരുന്ന യഹൂദമഹാപുരോഹിതനായ ഹന്നാവ് “സൻഹെദ്രിനിലെ (യഹൂദന്മാരുടെ പരമോന്നതകോടതി) ന്യായാധിപന്മാരെ വിളിച്ചുകൂട്ടി യാക്കോബ് എന്നു പേരുള്ള ഒരു മനുഷ്യനെ അവരുടെ മുന്നിൽ ഹാജരാക്കി. ക്രിസ്തു എന്നു വിളിക്കപ്പെട്ട യേശുവിന്റെ സഹോദരനായിരുന്നു അയാൾ.”—യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), XX, 200.
-
താൽമൂദ്
എ.ഡി. മൂന്നാം നൂറ്റാണ്ടു മുതൽ ആറാം നൂറ്റാണ്ടുവരെയുള്ള കാലത്ത് യഹൂദറബ്ബിമാർ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഇത്. ഇതു പരിശോധിച്ചാൽ യേശു ജീവിച്ചിരുന്നെന്നു യേശുവിന്റെ ശത്രുക്കൾപോലും അംഗീകരിച്ചിരുന്നെന്നു വ്യക്തമാകും. “പെസഹാദിനത്തിൽ നസറായനായ യേശുവിനെ തൂക്കി” എന്ന് അതിൽ ഒരു ഭാഗം പറയുന്നു. ചരിത്രവും ഇതുമായി യോജിക്കുന്നുണ്ട്. (ബാബിലോണിയൻ താൽമൂദ്, സൻഹെദ്രിൻ 43എ, മ്യൂണിക് കോഡക്സ്; യോഹന്നാൻ 19:14-16 കാണുക.) മറ്റൊരു ഭാഗം പറയുന്നു: “ആ നസറായനെപ്പോലെ (മിക്കപ്പോഴും യേശുവിനെ ഉദ്ദേശിച്ചുള്ള പ്രയോഗം.) പരസ്യമായി സ്വന്തം പേര് കളഞ്ഞുകുളിക്കുന്ന ഒരു മകനോ ശിഷ്യനോ നമ്മുടെ ഇടയിൽ ഉണ്ടാകാതിരിക്കട്ടെ.”—ബാബിലോണിയൻ താൽമൂദ്, ബെരാക്കോത്ത് 17ബി, അടിക്കുറിപ്പ്, മ്യൂണിക് കോഡക്സ്; ലൂക്കോസ് 18:37 കാണുക.
ബൈബിളിൽനിന്നുള്ള തെളിവുകൾ
യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും സമഗ്രമായ ഒരു വിവരണം സുവിശേഷങ്ങളിലുണ്ട്. അതിൽ ആളുകൾ, സ്ഥലങ്ങൾ, സംഭവങ്ങൾ നടന്ന സമയം എന്നിവയെക്കുറിച്ചുള്ള സൂക്ഷ്മവിശദാംശങ്ങൾ അടങ്ങിയിരിക്കുന്നു. അത്തരം വിശദാംശങ്ങൾ ആധികാരികചരിത്രത്തിന്റെ മുഖമുദ്രകളാണ്. അതിന്റെ ഒരു ഉദാഹരണം ലൂക്കോസ് 3:1, 2-ൽ കാണാം. യേശുവിനു വഴിയൊരുക്കിയ സ്നാപകയോഹന്നാൻ പ്രവർത്തനം തുടങ്ങിയ കൃത്യമായ സമയം കണക്കുകൂട്ടിയെടുക്കാൻ സഹായിക്കുന്ന വിവരങ്ങൾ അവിടെയുണ്ട്.
ലൂക്കോസ് എഴുതി: “തിബെര്യൊസ് കൈസറുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യയിലെ ദേശാധിപതിയും ഹെരോദാവ് ഗലീലയിലെയും സഹോദരനായ ഫിലിപ്പോസ് ഇതൂര്യ-ത്രഖോനിത്തി പ്രദേശങ്ങളിലെയും ലുസാന്യാസ് അബിലേനയിലെയും ഇടപ്രഭുക്കന്മാരും ആയിരിക്കെ, മുഖ്യപുരോഹിതനായ ഹന്നാവിന്റെയും മഹാപുരോഹിതനായ കയ്യഫാവിന്റെയും കാലത്ത് സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി.” എ.ഡി. 29-ലാണു ‘യോഹന്നാന് ദൈവത്തിന്റെ അരുളപ്പാടുണ്ടായത്’ എന്നു കണക്കുകൂട്ടാൻ, ഇത്രയധികം വിശദാംശങ്ങളോടുകൂടിയ കൃത്യമായ ഈ പട്ടിക നമ്മളെ സഹായിക്കുന്നു.
ലൂക്കോസ് പറഞ്ഞിരിക്കുന്ന പ്രശസ്തരായ ഈ ഏഴു പേരും ചരിത്രകാരന്മാർക്കു സുപരിചിതരാണ്. എങ്കിലും പൊന്തിയൊസ് പീലാത്തൊസും ലുസാന്യാസും യഥാർഥവ്യക്തികളല്ല എന്നു ചില വിമർശകർ വാദിച്ചിരുന്നു. പക്ഷേ അവർക്കു തെറ്റിപ്പോയി. ലൂക്കോസിന്റെ വിവരണത്തിന്റെ കൃത്യത ശരിവെച്ചുകൊണ്ട് ഈ രണ്ട് ഉദ്യോഗസ്ഥരുടെയും പേരുകളുള്ള പുരാതനലിഖിതങ്ങൾ കണ്ടെടുത്തിരിക്കുന്നു.എന്താണ് ഇതിന് ഇത്ര പ്രാധാന്യം?
യേശു ജീവിച്ചിരുന്നോ ഇല്ലയോ എന്ന കാര്യം പ്രധാനമാണോ? അതെ. കാരണം യേശുവിന്റെ ഉപദേശങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. ഉദാഹരണത്തിന്, സന്തോഷത്തോടെയും സംതൃപ്തിയോടെയും എങ്ങനെ ജീവിക്കാമെന്നു യേശു ആളുകളെ പഠിപ്പിച്ചു. b ‘ദൈവരാജ്യം’ എന്ന ഏകലോകഗവൺമെന്റിനു കീഴിൽ മനുഷ്യർ യഥാർഥ സമാധാനത്തിലും സുരക്ഷിതത്വത്തിലും ഒരുമയോടെ ജീവിക്കുന്ന ഒരു സമയം വരുമെന്നും യേശു വാഗ്ദാനം ചെയ്തു.—ലൂക്കോസ് 4:43.
‘ദൈവരാജ്യം’ എന്ന പേര് അതിന് എന്തുകൊണ്ടും യോജിക്കും. കാരണം ഭൂമിയുടെ മേൽ ദൈവത്തിനുള്ള പരമാധികാരം പ്രയോഗിക്കുക ഈ ലോകഗവൺമെന്റാണ്. (വെളിപാട് 11:15) മാതൃകാപ്രാർഥനയിൽ ഇങ്ങനെ പറഞ്ഞപ്പോൾ യേശു ആ കാര്യം വ്യക്തമാക്കി: “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, . . . നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം . . . ഭൂമിയിലും ആകേണമേ.” (മത്തായി 6:9, 10) ദൈവരാജ്യഭരണംകൊണ്ട് മനുഷ്യസമൂഹത്തിന് എന്തു നേട്ടമുണ്ടാകും? നമുക്കു നോക്കാം:
-
യുദ്ധങ്ങളും ആഭ്യന്തരകലാപങ്ങളും അവസാനിക്കും.—സങ്കീർത്തനം 46:8-11.
-
അത്യാഗ്രഹവും അഴിമതിയും ഉൾപ്പെടെ എല്ലാത്തരം ദുഷ്ടതയും എന്നെന്നേക്കുമായി ഇല്ലാതാകും, കൂടെ അഭക്തരായ ആളുകളും. —സങ്കീർത്തനം 37:10, 11.
-
ദൈവരാജ്യത്തിന്റെ പ്രജകൾ സംതൃപ്തി നൽകുന്ന അർഥവത്തായ ജോലികൾ ചെയ്യും. —യശയ്യ 65:21, 22.
-
ഭൂമിയുടെ ഇപ്പോഴത്തെ രോഗാവസ്ഥ മാറി അതു സമൃദ്ധമായി വിളവുകൾ തരും. —സങ്കീർത്തനം 72:16; യശയ്യ 11:9.
ഇതെല്ലാം വെറും വ്യാമോഹമാണെന്നു ചിലരൊക്കെ ചിന്തിച്ചേക്കാം. എന്നാൽ മനുഷ്യരുടെ ശ്രമങ്ങളിൽ ആശ്രയിക്കുന്നതല്ലേ ശരിക്കും വ്യാമോഹം? ഒന്നു ചിന്തിക്കുക: വിദ്യാഭ്യാസ-ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ വമ്പൻ കുതിച്ചുചാട്ടങ്ങളുണ്ടായിട്ടും ലക്ഷക്കണക്കിനാളുകൾക്കു നാളെയെക്കുറിച്ച് ഓർക്കുമ്പോൾ വലിയ ആധിയാണ്. ഓരോ ദിവസവും സാമ്പത്തികമായും രാഷ്ട്രീയമായും മതപരമായും ആളുകൾ അടിച്ചമർത്തപ്പെടുന്നതു നമ്മൾ കാണുന്നു. അത്യാഗ്രഹവും അഴിമതിയും ആണ് എങ്ങും. അതെ, മനുഷ്യഭരണം ഒരു പരാജയമാണ് എന്നതാണു സത്യം!—സഭാപ്രസംഗി 8:9.
അതുകൊണ്ട് യേശു ജീവിച്ചിരുന്നോ ഇല്ലയോ എന്നതു നമ്മൾ എന്തായാലും ചിന്തിക്കേണ്ട ഒരു കാര്യംതന്നെയാണ്. c 2 കൊരിന്ത്യർ 1:19, 20 പറയുന്നതുപോലെ, “ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം അവൻ (ക്രിസ്തു) മുഖാന്തരം ഉവ്വ് എന്നായിരിക്കുന്നു.” ◼ (g16-E No. 5)
a ലുസാന്യാസ് എന്നു പേരുള്ള “ഇടപ്രഭു”വിനെക്കുറിച്ച് പറയുന്ന ഒരു ലിഖിതം കണ്ടെടുത്തിട്ടുണ്ട്. (ലൂക്കോസ് 3:1) ലൂക്കോസ് സൂചിപ്പിച്ച അതേ സമയത്തുതന്നെയാണ് അദ്ദേഹം അബിലേന ഭരിച്ചിരുന്നത്.
b യേശുവിന്റെ ഉപദേശങ്ങളുടെ ശ്രേഷ്ഠമായ ഒരു ഉദാഹരണമാണു ഗിരിപ്രഭാഷണം എന്നു വിളിക്കുന്ന ഭാഗം. മത്തായി 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിൽ അതു കാണാം.
c യേശുവിനെയും യേശുവിന്റെ ഉപദേശങ്ങളെയും കുറിച്ച് കൂടുതൽ അറിയാൻ www.isa4310.com-ൽ ബൈബിൾപഠിപ്പിക്കലുകൾ > ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്നതിനു കീഴിൽ നോക്കുക.