ലോകത്തെ വീക്ഷിക്കൽ
അമേരിക്കൻ ദേശങ്ങളിലൂടെ ഒരു സഞ്ചാരം
പടിഞ്ഞാറൻ അർധഗോളത്തിൽനിന്നുള്ള ചില വാർത്താശകലങ്ങൾ ബൈബിളിലെ കാലാതീതജ്ഞാനത്തിനു തെളിവേകുന്നു.
ഇ-മെയിലും പിരിമുറുക്കവും തമ്മിൽ ബന്ധമുണ്ടോ?
തരം കിട്ടുമ്പോഴെല്ലാം ഇ-മെയിൽ നോക്കുന്നതിനു പകരം ദിവസം മൂന്നു പ്രാവശ്യം മാത്രം മെയിൽ നോക്കുന്നതു പിരിമുറുക്കം കുറയാൻ സഹായിച്ചേക്കാമെന്നാണു കനഡയിലെ വാൻകൂറിൽവെച്ച് നടത്തിയ ഒരു ഗവേഷണം സൂചിപ്പിക്കുന്നത്. ആ പഠനത്തിന്റെ വെളിച്ചത്തിൽ, അതിനു നേതൃത്വം നൽകിയ കോസ്റ്റഡിൻ കുഷ്ലേവ് പറയുന്നു: “ഇ-മെയിൽ നോക്കാനുള്ള പ്രലോഭനത്തെ മറികടക്കാൻ ആളുകൾക്കു ബുദ്ധിമുട്ടാണെങ്കിലും അതിനെ ചെറുത്തുനിന്നാൽ അവരുടെ പിരിമുറുക്കം കുറയുമെന്നതാണു സത്യം.”
ചിന്തിക്കാൻ: നമ്മൾ ജീവിക്കുന്നതു ‘വിശേഷാൽ ദുഷ്കരമായ സമയങ്ങളിലാണ്.’ അതുകൊണ്ടുതന്നെ പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ നമ്മൾ അന്വേഷിച്ച് കണ്ടുപിടിക്കേണ്ടേ?—2 തിമൊഥെയൊസ് 3:1.
മത്സ്യസമ്പത്തിന് ഒരു പുതുജീവൻ
വന്യജീവി സംരക്ഷണ സംഘത്തിനു ലഭിച്ച ഒരു റിപ്പോർട്ടനുസരിച്ച് ബെലീസിലും കരീബിയയിലെ മറ്റു പ്രദേശങ്ങളിലും “മത്സ്യബന്ധനനിരോധനമുള്ള മേഖലകളിൽ ശംഖുജീവികൾ, കൊഞ്ച്, മീനുകൾ തുടങ്ങിയവയുടെ എണ്ണത്തിൽ വർധനയുണ്ടായതായി രേഖകളുണ്ട്.” അത് ഇങ്ങനെയും പറയുന്നു: “മറ്റു മേഖലകളോടുള്ള താരതമ്യത്തിൽ മത്സ്യബന്ധനനിരോധനമുള്ള മേഖലകളിൽ വെറും 1-6 വർഷംകൊണ്ട്, ചൂഷണം ചെയ്യപ്പെട്ട ജീവിവർഗങ്ങളുടെ എണ്ണത്തിൽ ഒരു കുതിച്ചുചാട്ടം കാണുന്നുണ്ട്. എങ്കിലും പൂർണമായും പഴയപടിയാകാൻ . . . പതിറ്റാണ്ടുകളെടുത്തേക്കാം.” വന്യജീവി സംരക്ഷണസംഘത്തിലെ ഒരു ഉദ്യോഗസ്ഥയായ ജാനറ്റ് ഗിബ്സൺ ബെലീസിനെക്കുറിച്ച് പറഞ്ഞത് ഇതാണ്: “രാജ്യത്തിന്റെ മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും വന്ന ഭീഷണിക്കുള്ള മറുമരുന്നാണു മത്സ്യബന്ധനനിരോധനമേഖലകളെന്നു വ്യക്തമാണ്.”
ചിന്തിക്കാൻ: പൂർവസ്ഥിതി വീണ്ടെടുക്കാനുള്ള പ്രകൃതിയുടെ കഴിവ്, ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവുണ്ടെന്നു തെളിയിക്കുന്നില്ലേ?—സങ്കീർത്തനം 104:24, 25.
ബ്രസീലിലെ അക്രമസംഭവങ്ങൾ
ബ്രസീലിൽ അക്രമസംഭവങ്ങൾ അടിക്കടി വർധിക്കുന്നതായി അവിടത്തെ ഒരു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. 2012-ൽ അവിടെ നടന്ന കൊലപാതകങ്ങളുടെ എണ്ണം 56,000 ആയിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് അത് ഒരു സർവകാലറെക്കോർഡാണ്. അക്രമപ്രവർത്തനങ്ങളുടെ ഈ കുതിച്ചുകയറ്റത്തിനു പിന്നിൽ ധാർമികമായ അധഃപതനമാണെന്നാണു പൊതുജനസുരക്ഷാവിദഗ്ധനായ ലൂയിസ് സാപോരീയുടെ പക്ഷം. പരിഷ്കൃതസമൂഹത്തിന്റെ നിയമങ്ങളോടു ജനത്തിന് എപ്പോൾ ആദരവ് നഷ്ടപ്പെടുന്നോ “അപ്പോൾമുതൽ അവർ തങ്ങളുടെ ഇഷ്ടം നടപ്പാക്കാൻ കാടൻ വഴികൾ പ്രയോഗിച്ചുതുടങ്ങും” എന്ന് അദ്ദേഹം പറയുന്നു.
നിങ്ങൾക്ക് അറിയാമോ? സ്നേഹം ‘തണുത്തുപോകുകയും’ അധർമം അഥവാ നിയമലംഘനം പെരുകുകയും ചെയ്യുന്ന ഒരു കാലം വരുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്.—മത്തായി 24:3, 12. (g16-E No. 5)