കുടുംബം, സൗഹൃദം
വീട്ടുകാരോടും കൂട്ടുകാരോടും സ്നേഹത്തിൽ പോകാൻ ഇന്നു പലർക്കും കഴിയുന്നില്ല. മറ്റുള്ളവരുമായി യോജിച്ചുപോകാൻ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ നോക്കാം.
സ്വാർഥത വേണ്ട
ബൈബിൾതത്ത്വം: “നിങ്ങൾ സ്വന്തം താത്പര്യം മാത്രം നോക്കാതെ മറ്റുള്ളവരുടെ താത്പര്യവുംകൂടെ നോക്കണം.”—ഫിലിപ്പിയർ 2:4.
അതിന്റെ അർഥം: മറ്റുള്ളവർക്കുവേണ്ടി നമുക്ക് എന്തു കൊടുക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണു നല്ല ബന്ധങ്ങളുണ്ടാകുന്നത്, അല്ലാതെ മറ്റുള്ളവർ നമുക്ക് എന്തു തരും എന്നതിനെ ആശ്രയിച്ചല്ല. നിങ്ങളുടെ ജീവിതം സ്വാർഥത നിറഞ്ഞതാണെങ്കിൽ മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾതന്നെ തകരാറിലാക്കുകയാണ്. ഉദാഹരണത്തിന്, സ്വന്തം താത്പര്യം മാത്രം നോക്കിപ്പോകുന്ന ഒരു ഇണ മറ്റേ ഇണയോട് വിശ്വാസവഞ്ചന കാണിക്കാൻ സാധ്യത കൂടുതലാണ്. ഇനി, തനിക്കുള്ള കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിയാവുന്ന കാര്യങ്ങളെക്കുറിച്ചും എപ്പോഴും പൊക്കിപ്പറയുന്ന ഒരാളെ സുഹൃത്താക്കാൻ ആരും ആഗ്രഹിക്കില്ല. നല്ല വ്യക്തിത്വത്തിലേക്കുള്ള വഴി (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “സ്വാർഥത നിർഭാഗ്യകരമായ പല ദിശകളിലേക്കും നയിക്കും.”
നിങ്ങൾക്കു ചെയ്യാനാകുന്നത്:
-
മറ്റുള്ളവരെ സഹായിക്കുക. നല്ല സുഹൃദ്ബന്ധങ്ങളുടെ അടിത്തറ പരസ്പരവിശ്വാസവും കടപ്പാടും ആണ്. മറ്റുള്ളവരെ സഹായിക്കുന്നവർക്കു വിഷാദം കുറവായിരിക്കുമെന്നും അവരുടെ ആത്മാഭിമാനം കൂടുമെന്നും ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
-
സമാനുഭാവം കാണിക്കുക. മറ്റുള്ളവരുടെ ഹൃദയത്തിലെ വേദന നിങ്ങളുടെ ഹൃദയത്തിലെ വേദനയാക്കി ചിന്തിക്കുക എന്നാണു സമാനുഭാവത്തിന്റെ അർഥം. മറ്റുള്ളവരോടു സമാനുഭാവമുണ്ടെങ്കിൽ അവരെ ‘കൊച്ചാക്കി സംസാരിക്കുകയോ’ കുത്തുവാക്കുകൾ പറഞ്ഞുകൊണ്ട് അവരുടെ വികാരങ്ങളെ മുറിപ്പെടുത്തുകയോ ഇല്ല.
സമാനുഭാവം കാണിക്കുന്നവർ ഇടുങ്ങിയ ചിന്താഗതിക്കാരായിരിക്കില്ല. സമാനുഭാവം മുൻവിധി ഒഴിവാക്കാനും വ്യത്യസ്ത പശ്ചാത്തലത്തിലും സംസ്കാരത്തിലും ഉള്ളവരെ സുഹൃത്തുക്കളാക്കാനും സഹായിക്കും.
-
മറ്റുള്ളവരോടൊപ്പം സമയം ചെലവഴിക്കുക. നിങ്ങൾ എത്ര സമയം മറ്റുള്ളവരോടൊപ്പം ചെലവഴിക്കുന്നോ അത്ര നന്നായി നിങ്ങൾക്ക് അവരെ മനസ്സിലാക്കാനാകും. നിങ്ങളെ ഒരാൾ കൂട്ടുകാരനാക്കണമെങ്കിൽ അദ്ദേഹത്തിന് ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങൾ സംസാരിക്കണം. അതുകൊണ്ട് മറ്റുള്ളവർ സംസാരിക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. അവരുടെ ആവശ്യങ്ങളിലും താത്പര്യം കാണിക്കുക. ഈ അടുത്ത് നടന്ന ഒരു പഠനം പറയുന്നത്, “അർഥവത്തായ സംഭാഷണങ്ങൾ ആളുകളെ കൂടുതൽ സന്തോഷമുള്ളവരാക്കിയേക്കാം” എന്നാണ്.
കൂട്ടുകാരെ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക
ബൈബിൾതത്ത്വം: “ചീത്ത കൂട്ടുകെട്ടു നല്ല ധാർമികമൂല്യങ്ങളെ നശിപ്പിക്കുന്നു.”—1 കൊരിന്ത്യർ 15:33, അടിക്കുറിപ്പ്.
അതിന്റെ അർഥം: നിങ്ങൾ ആരോടൊപ്പമാണോ കൂടുതൽ സമയം ചെലവഴിക്കുന്നത് അവർ നിങ്ങളെ ശരിക്കും സ്വാധീനിക്കും. അവർ നല്ലവരാണെങ്കിൽ നിങ്ങൾ അവരുടെ നല്ല ഗുണങ്ങൾ പഠിക്കും. അവർ മോശമാണെങ്കിൽ അവരുടെ മോശം ഗുണങ്ങളും. മനുഷ്യസ്വഭാവത്തെക്കുറിച്ച് പഠിക്കുന്ന ചിലർ പറയുന്നത് ഒരാളുടെ കൂട്ടുകാർ അയാളുടെ ജീവിതത്തിന്റെ പല മേഖലകളിലും സ്വാധീനം ചെലുത്തുമെന്നാണ്. ഉദാഹരണമായി അവർ പറയുന്നത്, നിങ്ങളുടെ കൂട്ടുകാർ പുകവലിക്കുന്നവരോ വിവാഹമോചനം നേടിയവരോ ആണെങ്കിൽ നിങ്ങളും പുകവലിക്കാനും വിവാഹമോചനം നേടാനും സാധ്യത കൂടുതലാണ് എന്നാണ്.
നിങ്ങൾക്കു ചെയ്യാനാകുന്നത്: നിങ്ങൾ അനുകരിക്കാൻ ആഗ്രഹിക്കുന്ന ഗുണങ്ങളോ മൂല്യങ്ങളോ ഉള്ള ആളുകളെ കൂട്ടുകാരാക്കുക. ഉദാഹരണത്തിന്, നയമുള്ളവരും ആദരവുള്ളവരും ഉദാരമനസ്കരും അതിഥിപ്രിയരും ആയ ആളുകളുമായി കൂട്ടുകൂടുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യും.
മറ്റു ബൈബിൾതത്ത്വങ്ങൾ
മറ്റുള്ളവരെ വേദനിപ്പിക്കുന്നതൊന്നും പറയാതിരിക്കുക.
“ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്.”—സുഭാഷിതങ്ങൾ 12:18.
ഉദാരമനസ്കരായിരിക്കുക.
“ഔദാര്യം കാണിക്കുന്നവനു സമൃദ്ധി ഉണ്ടാകും; ഉന്മേഷം പകരുന്നവന് ഉന്മേഷം ലഭിക്കും.”—സുഭാഷിതങ്ങൾ 11:25.
മറ്റുള്ളവരോടു നന്നായി പെരുമാറുക.
“മറ്റുള്ളവർ നിങ്ങൾക്കു ചെയ്തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്തുകൊടുക്കണം.”—മത്തായി 7:12.