തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത് 5:1-25
5 പ്രായമുള്ള ഒരു പുരുഷനെ നിശിതമായി വിമർശിക്കരുത്.+ പകരം, അപ്പനെപ്പോലെ കണക്കാക്കി അദ്ദേഹത്തോട് അഭ്യർഥിക്കുകയാണു വേണ്ടത്. പ്രായം കുറഞ്ഞ പുരുഷന്മാരെ അനിയന്മാരെപ്പോലെയും
2 പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂർണനിർമലതയോടെ പെങ്ങന്മാരെപ്പോലെയും കണക്കാക്കി അവരോട് അഭ്യർഥിക്കുക.
3 ശരിക്കും വിധവമാരായവരോടു* പരിഗണന* കാണിക്കുക.+
4 പക്ഷേ ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തകുടുംബത്തിൽ ദൈവഭക്തി കാണിക്കാൻ പഠിക്കട്ടെ.+ അവർ അവരുടെ മാതാപിതാക്കൾക്കും മുത്തശ്ശീമുത്തശ്ശന്മാർക്കും കടപ്പെട്ടിരിക്കുന്നതു ചെയ്യട്ടെ.+ അങ്ങനെ ചെയ്യുന്നതാണു ദൈവത്തിന്റെ നോട്ടത്തിൽ സ്വീകാര്യം.+
5 ആരുമില്ലാത്ത, ശരിക്കും വിധവയായ ഒരു സ്ത്രീ ദൈവത്തിൽ പ്രത്യാശ വെച്ച്+ രാപ്പകൽ ഉള്ളുരുകിയുള്ള അപേക്ഷയിലും പ്രാർഥനയിലും മുഴുകുന്നു.+
6 എന്നാൽ സ്വന്തം മോഹങ്ങൾ തൃപ്തിപ്പെടുത്താൻവേണ്ടി ജീവിക്കുന്ന സ്ത്രീ ജീവിച്ചിരിക്കെത്തന്നെ മരിച്ചവളാണ്.
7 അവർ ആക്ഷേപരഹിതരായിരിക്കേണ്ടതിനു നീ അവർക്ക് എപ്പോഴും ഈ നിർദേശങ്ങൾ കൊടുക്കണം.
8 തനിക്കുള്ളവർക്കുവേണ്ടി, പ്രത്യേകിച്ച് സ്വന്തകുടുംബത്തിനുവേണ്ടി, കരുതാത്തയാൾ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ മോശമായിരിക്കുന്നു.+
9 60-ൽ കുറയാതെ പ്രായമുള്ള, ഏകഭർത്താവിന്റെ ഭാര്യയായിരുന്ന വിധവയെ മാത്രമേ പട്ടികയിൽ ഉൾപ്പെടുത്താവൂ.
10 ആ സ്ത്രീ നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ പേര് കേട്ടവളായിരിക്കണം.+ അതായത്, മക്കളെ നന്നായി വളർത്തുകയും+ അതിഥികളെ സത്കരിക്കുകയും+ വിശുദ്ധരുടെ കാലുകൾ കഴുകുകയും+ ക്ലേശത്തിലായിരുന്നവരെ സഹായിക്കുകയും+ എല്ലാ വിധത്തിലും നന്മ ചെയ്യുന്നതിൽ തന്നെത്തന്നെ അർപ്പിക്കുകയും ചെയ്തവളായിരിക്കണം.
11 പ്രായം കുറഞ്ഞ വിധവമാരെ പക്ഷേ ആ പട്ടികയിൽ ചേർക്കരുത്. കാരണം അവരുടെ ലൈംഗികമോഹങ്ങൾ ക്രിസ്തുവിനും അവർക്കും ഇടയിൽ വരുമ്പോൾ അവർ വിവാഹം കഴിക്കാൻ ആഗ്രഹിക്കും.
12 അവർ അവരുടെ ആദ്യപ്രതിജ്ഞ ലംഘിച്ച് ശിക്ഷ വരുത്തിവെച്ചേക്കാം.
13 അവർ ഒരു പണിയുമില്ലാതെ വീടുതോറും കയറിയിറങ്ങി നടക്കുന്നതു ശീലമാക്കും. അതു മാത്രമല്ല, അവർ പരകാര്യങ്ങൾ പറഞ്ഞുപരത്തുകയും മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുകയും+ ചെയ്തുകൊണ്ട് വേണ്ടാത്ത കാര്യങ്ങൾ സംസാരിക്കാൻ ഇടയുണ്ട്.
14 അതുകൊണ്ട് പ്രായം കുറഞ്ഞ വിധവമാർ വിവാഹം കഴിച്ച്+ മക്കളെ പെറ്റ് വളർത്തി+ കുടുംബകാര്യങ്ങൾ നോക്കി ജീവിക്കുന്നതാണു നല്ലതെന്ന് എനിക്കു തോന്നുന്നു. അങ്ങനെയാകുമ്പോൾ എതിരാളിക്കു കുറ്റപ്പെടുത്താൻ അവസരം കിട്ടില്ല.
15 വാസ്തവത്തിൽ ചിലർ ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിരിക്കുന്നു.
16 വിശ്വാസിയായ ഒരു സ്ത്രീക്കു വിധവമാരായ ബന്ധുക്കളുണ്ടെങ്കിൽ ആ സ്ത്രീയാണ് അവരെ സഹായിക്കേണ്ടത്. അങ്ങനെയാകുമ്പോൾ സഭയ്ക്ക് അതൊരു ഭാരമാകില്ല. ശരിക്കും വിധവമാരായവരെ*+ സഹായിക്കാൻ അപ്പോൾ സഭയ്ക്കു പറ്റുകയും ചെയ്യും.
17 നന്നായി നേതൃത്വമെടുക്കുന്ന മൂപ്പന്മാരെ,+ പ്രത്യേകിച്ച് ദൈവവചനം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിൽ അധ്വാനിക്കുന്നവരെ,+ ഇരട്ടി ബഹുമാനത്തിനു യോഗ്യരായി കണക്കാക്കണം.+
18 കാരണം, “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്”+ എന്നും “പണിക്കാരൻ തന്റെ കൂലിക്ക് അർഹനാണ്”+ എന്നും തിരുവെഴുത്തു പറയുന്നുണ്ടല്ലോ.
19 രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴി കൂടാതെ ഒരു മൂപ്പന് എതിരെയുള്ള ആരോപണം സ്വീകരിക്കരുത്.+
20 പാപത്തിൽ നടക്കുന്നവരെ+ എല്ലാവരുടെയും മുന്നിൽവെച്ച് ശാസിക്കുക.+ അപ്പോൾ, മറ്റുള്ളവർക്ക് അത് ഒരു പാഠമാകും.*
21 ഒട്ടും മുൻവിധിയോ പക്ഷപാതമോ+ കൂടാതെ ഈ നിർദേശങ്ങൾ അനുസരിക്കണമെന്നു ദൈവത്തെയും ക്രിസ്തുയേശുവിനെയും തിരഞ്ഞെടുക്കപ്പെട്ട ദൂതന്മാരെയും സാക്ഷിയാക്കി ഞാൻ നിന്നോടു കല്പിക്കുകയാണ്.
22 ആരുടെ മേലും തിടുക്കത്തിൽ കൈകൾ വെക്കരുത്.*+ മറ്റുള്ളവരുടെ പാപങ്ങളിൽ പങ്കാളിയാകുകയുമരുത്. നിന്നെത്തന്നെ നിർമലനായി സൂക്ഷിക്കുക.
23 നിന്റെ വയറിന്റെ അസ്വസ്ഥതകളും കൂടെക്കൂടെയുള്ള അസുഖങ്ങളും കാരണം ഇനി വെള്ളം കുടിക്കാതെ* അൽപ്പം വീഞ്ഞു കുടിച്ചുകൊള്ളുക.
24 ചിലരുടെ പാപങ്ങൾ എല്ലാവരും അറിയുന്നു. അവർക്കു തത്ക്ഷണം ശിക്ഷാവിധി കിട്ടുകയും ചെയ്യും. എന്നാൽ മറ്റു ചിലരുടെ പാപങ്ങൾ കുറച്ച് കഴിഞ്ഞായിരിക്കും വെളിപ്പെടുന്നത്.+
25 സത്പ്രവൃത്തികളുടെ കാര്യവും അങ്ങനെതന്നെയാണ്. അവ എല്ലാവരും അറിയുന്നു.+ പെട്ടെന്ന് അറിയാത്തവപോലും എന്നും മറഞ്ഞിരിക്കില്ല.+
അടിക്കുറിപ്പുകള്
^ അഥവാ “ശരിക്കും സഹായം ആവശ്യമുള്ള വിധവമാരോട്.” അതായത്, തുണയായി ആരുമില്ലാത്തവർ.
^ അക്ഷ. “ആദരവ്.”
^ അഥവാ “ശരിക്കും സഹായം ആവശ്യമുള്ള വിധവമാരെ.” അതായത്, തുണയായി ആരുമില്ലാത്തവർ.
^ അക്ഷ. “അങ്ങനെ മറ്റുള്ളവർക്കും പേടി തോന്നട്ടെ.”
^ അതായത്, ആരെയും നിയമിക്കാൻ തിടുക്കം കാട്ടരുത്.
^ അഥവാ “വെള്ളം മാത്രം കുടിക്കുന്നതു നിറുത്തി.”