സുഭാഷിതങ്ങൾ 6:1-35
6 മകനേ, നീ അയൽക്കാരനുവേണ്ടി ജാമ്യം നിന്നിട്ടുണ്ടെങ്കിൽ,+അപരിചിതനു കൈ കൊടുത്തിട്ടുണ്ടെങ്കിൽ,*+
2 നീ ആർക്കെങ്കിലും വാക്കു കൊടുത്ത് കെണിയിലായിപ്പോയെങ്കിൽ,നിന്റെ വായിൽനിന്ന് വന്ന വാക്കുകൾ നിന്നെ കുടുക്കിലാക്കിയെങ്കിൽ,+
3 ഇങ്ങനെ ചെയ്‌ത് അതിൽനിന്ന് രക്ഷപ്പെടുക:പെട്ടെന്ന് അയൽക്കാരന്റെ അടുത്ത് ചെന്ന് താണുകേണ് യാചിക്കുക;
നീ നിന്റെ അയൽക്കാരന്റെ കൈയിൽ അകപ്പെട്ടിരിക്കുന്നല്ലോ.+
4 നിന്റെ കണ്ണുകൾ ഉറക്കം തൂങ്ങരുത്;കൺപോളകൾ അടഞ്ഞുപോകരുത്.
5 വേട്ടക്കാരന്റെ പിടിയിൽപ്പെട്ട മാനിനെപ്പോലെയും*പക്ഷിപിടുത്തക്കാരന്റെ കൈയിൽപ്പെട്ട പക്ഷിയെപ്പോലെയും രക്ഷപ്പെടുക.
6 മടിയാ,+ ഉറുമ്പിന്റെ അടുത്തേക്കു ചെല്ലുക;അതു ചെയ്യുന്നതെല്ലാം നോക്കി ജ്ഞാനം നേടുക.
7 അതിനു സൈന്യാധിപനോ അധികാരിയോ ഭരണാധിപനോ ഇല്ല.
8 എന്നിട്ടും അതു വേനൽക്കാലത്ത് തീറ്റ ഒരുക്കുന്നു,+കൊയ്ത്തുകാലത്ത് ആഹാരം ശേഖരിച്ചുവെക്കുന്നു.
9 മടിയാ, എത്ര നേരം നീ ഇങ്ങനെ കിടക്കും?
നീ എപ്പോൾ ഉറക്കമുണരും?
10 അൽപ്പം ഉറക്കം, അൽപ്പം മയക്കം,കൈ കെട്ടിക്കിടന്ന് അൽപ്പം വിശ്രമം.+
11 അപ്പോൾ ദാരിദ്ര്യം കൊള്ളക്കാരനെപ്പോലെ വരും;ഇല്ലായ്‌മ ആയുധധാരിയെപ്പോലെ എത്തും.+
12 ഒന്നിനും കൊള്ളാത്ത ദുഷ്ടമനുഷ്യൻ വായിൽ വഞ്ചനയുമായി നടക്കുന്നു.+
13 അവൻ കണ്ണിറുക്കുന്നു,+ കാലുകൊണ്ട് സൂചന കൊടുക്കുന്നു, വിരലുകൾകൊണ്ട് ആംഗ്യം കാണിക്കുന്നു.
14 അവന്റെ ഹൃദയം വക്രതയുള്ളതാണ്;അവൻ എപ്പോഴും ദുഷ്ടമായ പദ്ധതികൾ+ ഉണ്ടാക്കുന്നു, ആളുകളെ തമ്മിൽ അടിപ്പിക്കുന്നു.+
15 അതുകൊണ്ട് അവനു പെട്ടെന്ന് ആപത്തു വരും;കരകയറാനാകാത്ത വിധം ഒരു നിമിഷംകൊണ്ട് അവൻ തകർന്നുപോകും.+
16 യഹോവ ആറു കാര്യങ്ങൾ വെറുക്കുന്നു;ദൈവത്തിന് ഏഴു കാര്യങ്ങൾ അറപ്പാണ്:
17 അഹങ്കാരം+ നിറഞ്ഞ കണ്ണുകൾ, നുണ പറയുന്ന നാവ്,+ നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ,+
18 ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്ന ഹൃദയം,+ ദ്രോഹം ചെയ്യാൻ ധൃതിയിൽ ഓടുന്ന കാൽ,
19 നാവെടുത്താൽ* നുണ പറയുന്ന കള്ളസാക്ഷി,+സഹോദരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്ന മനുഷ്യൻ.+
20 എന്റെ മകനേ, അപ്പന്റെ കല്‌പന അനുസരിക്കുക;അമ്മയുടെ ഉപദേശം* തള്ളിക്കളയരുത്.+
21 അവ എപ്പോഴും നിന്റെ ഹൃദയത്തിൽ കെട്ടിവെക്കുക;നിന്റെ കഴുത്തിൽ അണിയുക.
22 നീ നടക്കുമ്പോൾ അതു നിന്നെ നയിക്കും;കിടക്കുമ്പോൾ നിനക്കു കാവൽ നിൽക്കും;ഉറക്കമുണരുമ്പോൾ നിന്നോടു സംസാരിക്കും.*
23 കല്‌പന ഒരു വിളക്കും+ നിയമം* ഒരു വെളിച്ചവും+ ആണ്.തിരുത്തലും ശാസനയും ജീവനിലേക്കുള്ള വഴിയാണ്.+
24 അവ നിന്നെ ചീത്ത സ്‌ത്രീയിൽനിന്നും+
അസാന്മാർഗിയായ സ്‌ത്രീയുടെ* പഞ്ചാരവാക്കുകളിൽനിന്നും രക്ഷിക്കും.+
25 നിന്റെ ഹൃദയം അവളുടെ സൗന്ദര്യം മോഹിക്കരുത്;+
വശ്യമായ കണ്ണുകൾകൊണ്ട് നിന്നെ കീഴടക്കാൻ അവളെ അനുവദിക്കരുത്.
26 വേശ്യ കാരണം ഒരു മനുഷ്യന് ഒരു കഷണം അപ്പം മാത്രം തിന്ന് ജീവിക്കേണ്ടിവരുന്നു;+എന്നാൽ അന്യന്റെ ഭാര്യ നിന്റെ വിലപ്പെട്ട ജീവൻ വേട്ടയാടുന്നു.
27 വസ്‌ത്രം കത്തിപ്പോകാതെ ഒരാൾക്കു നെഞ്ചിൽ തീക്കനൽ കൂട്ടിവെക്കാനാകുമോ?+
28 കാൽ പൊള്ളാതെ ഒരു മനുഷ്യനു കനലിലൂടെ നടക്കാനാകുമോ?
29 അയൽക്കാരന്റെ ഭാര്യയുമായി ബന്ധപ്പെടുന്നവന്റെ അവസ്ഥയും അങ്ങനെതന്നെയായിരിക്കും;
അവളെ തൊടുന്ന ആർക്കും ശിക്ഷ കിട്ടാതിരിക്കില്ല.+
30 ഒരാൾ വിശപ്പകറ്റാനായി മോഷ്ടിച്ചാൽആരും അവനെ കുറ്റപ്പെടുത്തില്ല.
31 എന്നിട്ടും, പിടിയിലാകുമ്പോൾ അവൻ ഏഴ് ഇരട്ടി പകരം കൊടുക്കും;അവന്റെ വീട്ടിലുള്ള വിലയേറിയ വസ്തുക്കളെല്ലാം അവൻ കൊടുക്കും.+
32 വ്യഭിചാരം ചെയ്യുന്നവൻ സാമാന്യബോധമില്ലാത്തവൻ.അങ്ങനെ ചെയ്യുന്നവൻ സ്വയം നാശം വിളിച്ചുവരുത്തുന്നു.+
33 മുറിവുകളും അപമാനവും മാത്രമേ അവനു ലഭിക്കൂ;+അവനു വന്ന മാനക്കേട് ഒരിക്കലും മാഞ്ഞുപോകില്ല.+
34 വിശ്വാസവഞ്ചന നിമിത്തം ഭർത്താവ് കോപാകുലനാകുന്നു;പ്രതികാരം ചെയ്യുമ്പോൾ അവൻ ഒരു ദയയും കാണിക്കില്ല.+
35 അവൻ നഷ്ടപരിഹാരം* സ്വീകരിക്കില്ല;എത്ര വലിയ സമ്മാനം കൊടുത്താലും നിനക്ക് അവനെ ശാന്തനാക്കാനാകില്ല.
അടിക്കുറിപ്പുകള്‍
^ അതായത്, അപരിചിതനുമായി കരാറിൽ ഏർപ്പെട്ട് കൈ കൊടുത്തിട്ടുണ്ടെങ്കിൽ.
^ അക്ഷ. “ഗസൽമാനിനെപ്പോലെയും.”
^ അഥവാ “ഓരോ ശ്വാസത്തിലും.”
^ അഥവാ “നിയമം.”
^ അഥവാ “നിനക്ക് ഉപദേശം തരും.”
^ അഥവാ “മോചനവില.”